ഹിന്ദു സമാജത്തിന്റെ പ്രാണശക്തി കുടികൊള്ളുന്ന പുണ്യസങ്കേതങ്ങളാണ് ക്ഷേത്രങ്ങള്‍. സമാജത്തിന്റെ വൃദ്ധിക്ഷയങ്ങളും ഉത്ഥാനപതനങ്ങളുമെല്ലാം ക്ഷേത്രസങ്കേതങ്ങളില്‍ പ്രതിഫലിച്ചു കാണാം. എക്കാലവും ഹിന്ദു സമാജത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ആദ്യം ഇരയാക്കപ്പെട്ടത് ക്ഷേത്രങ്ങളായിരുന്നു. അടുത്തിടെ, ക്ഷേത്രങ്ങളെ അശുദ്ധമാക്കാനും അപഹസിക്കാനും അന്യാധീനപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
മതേതരത്വത്തിന്റെ മഹിതവചനങ്ങള്‍ക്ക് മുടക്കമില്ലാത്ത ഭാരതത്തില്‍ സ്വന്തം ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ ആരാധനാലയങ്ങള്‍ ഭരിക്കാന്‍ അവകാശമില്ലാത്ത ഒരേയൊരു വിഭാഗമാണ് ഹിന്ദുക്കള്‍. കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകളാണ് ക്ഷേത്രഭരണം കയ്യാളുന്നത്. ഇതിലൂടെ ക്ഷേത്രാചാരങ്ങളോടോ ഹൈന്ദവ സമാജത്തോടോ തികച്ചും നിഷേധാത്മക നിലപാടുള്ള ആളുകള്‍ ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണം ഏറ്റെടുക്കുന്ന സ്ഥിതിയാണുള്ളത്. തത്ഫലമായി ക്ഷേത്രങ്ങള്‍ക്കെതിരായ അതിക്രമങ്ങളും കയ്യേറ്റങ്ങളും വര്‍ധിക്കുകയാണ്. മണ്ഡലകാലത്ത് ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനസൗകര്യം ഒരുക്കുകയെന്ന അടിസ്ഥാനകടമ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ദേവസ്വം ബോര്‍ഡുകള്‍ അധ:പതിച്ചിരിക്കുകയാണ്. ദേവഹിതവും സമാജഹിതവുമൊന്നും മാനിക്കാതെ ക്ഷേത്രപരിപാലനമെന്ന കര്‍ത്തവ്യം തന്നെ മറന്ന് ദേവസ്വം ബോര്‍ഡുകള്‍ മുന്നോട്ടു പോകുമ്പോള്‍ ബോധപൂര്‍വം ക്ഷേത്രസങ്കേതങ്ങളിലേക്ക് കടന്നുകയറി ക്ഷേത്രഭൂമികള്‍ പിടിച്ചെടുക്കാനും ക്ഷേത്രാന്തരീക്ഷം അശുദ്ധമാക്കാനും അതുവഴി അവിടങ്ങളിലെ ദേവതയ്ക്ക് ചൈതന്യലോപം വരുത്താനും സംഘടിതമായ ചില പരിശ്രമങ്ങള്‍ നടക്കുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, കണ്ണൂരിലെ കളരിവാതുക്കല്‍ ദേവീക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പൈതൃക യാത്രയ്ക്ക് സ്വീകരണമൊരുക്കിയ സംഭവം ക്ഷേത്രാചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണ്. വളപട്ടണം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയ്ക്കിടെ ആചാരഘംഘനമുണ്ടാവുകയും അതേത്തുടര്‍ന്ന് ക്ഷേത്രപുനരുദ്ധാരണസമിതി പിരിച്ചുവിടുകയും ചെയ്തു. ക്ഷേത്രാചാര സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ ദേവസ്വത്തിന്റെ ഭാഗത്ത് നിന്നു വലിയ വീഴ്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ‘ഹുക്കൂമത്തെ ഇലാഹി’ അഥവാ ദൈവത്തിന്റെ ഭരണം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുകയും, ആഗോള തലത്തില്‍ തന്നെ ഇസ്ലാമിക ഭീകരസംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. അടുത്തിടെ, ബംഗ്ലാദേശില്‍ നടന്ന ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയതും ജമാ അത്തെ ഇസ്ലാമിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ രക്തസാക്ഷിയായി അവതരിപ്പിച്ച് കേരളത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചതും അവരാണ്. ഇത്തരത്തില്‍ മതരാജ്യസ്ഥാപനത്തിനുവേണ്ടി ആശയവും ആയുധവുമൊരുക്കി കാത്തിരിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പരിപാടിക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് അരങ്ങൊരുക്കിയത് അക്ഷന്തവ്യമായ അപരാധമാണ്. കണ്ണൂര്‍ ജില്ലയില്‍ തന്നെ പെരളശ്ശേരിയിലും അണ്ടലൂരിലും ഉള്‍പ്പെടെ ക്ഷേത്രപരിസരത്ത് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നടത്താന്‍ അനുവാദം നല്‍കാതിരുന്ന ദേവസ്വം അധികൃതര്‍, ക്ഷേത്രധ്വംസനത്തെ മതപരമായ പുണ്യകര്‍മ്മമായി കണക്കാക്കുന്ന ജമാ അത്തെ ഇസ്ലാമിക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശനം നല്‍കിയതിനെതിരെ ക്ഷേത്രവിശ്വാസികള്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണം.
അടുത്തകാലത്തായി ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും നേരെ സംഘടിതമായ ആക്രോശങ്ങളും അതിക്രമങ്ങളും അരങ്ങേറുകയാണ്. വഖഫ് നിയമത്തിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍ ക്ഷേത്രസ്വത്തുക്കള്‍ക്കുമേല്‍ വഖഫ് ബോര്‍ഡ് ഉടമസ്ഥാവകാശം ഉന്നയിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ കേരളത്തിന്റെ ഭരണകൂടം തന്നെ ഒത്താശ ചെയ്തത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുപ്രീംകോടതിവിധിയുടെ പേരില്‍ ശബരിമലയില്‍ ആചാരലംഘനത്തിന് ആളും അര്‍ത്ഥവും ഒരുക്കിയതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയായിരുന്നു. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം ഉള്‍പ്പെടെ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ പിടിച്ചെടുത്തത് വിശ്വാസികള്‍ മറന്നിട്ടില്ല. ഒരുഭാഗത്ത് ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ഭരണകൂടം പ്രതിഷേധങ്ങളെ തുടര്‍ന്ന് വഖഫ് നിയമനങ്ങളില്‍ നിന്ന് നിരുപാധികം പിന്മാറുന്നതും കേരളം കണ്ടു.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ മണിപ്പൂര്‍ പ്രശ്‌നത്തിന്റെ മറവില്‍ കാഞ്ഞങ്ങാട് മുസ്ലീം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഹിന്ദുക്കളെ അമ്പലനടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും എന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നിരുന്നു. തിരുപ്പതിയില്‍ ലഡുനിര്‍മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന വാര്‍ത്ത വിവാദമാവുകയും ഇക്കാര്യം അന്വേഷിക്കാന്‍ സുപ്രീംകോടതി സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തത് അടുത്തിടെയാണ്. ശബരിമലയില്‍ പ്രസാദം തയ്യാറാക്കാന്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുവെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയാക്കി മാറ്റുന്ന ആറ്റുകാല്‍ പൊങ്കാലയെ അപഹസിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ പരിശ്രമം നടക്കുകയാണ്. വ്യോമനിരോധനമേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ സ്വകാര്യ ഹെലികോപ്റ്റര്‍ അഞ്ച് തവണ വട്ടമിട്ടു പറന്നുവെന്നത് അവഗണിക്കാവുന്ന വിഷയമല്ല. പലയിടത്തും കച്ചവടത്തിന്റെ പേരില്‍ ക്ഷേത്രപരിസരങ്ങള്‍ കയ്യടക്കാന്‍ മതഭീകരവാദികള്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപം ഇറച്ചിക്കടകളും ഹലാല്‍ ഹോട്ടലുകളും സ്ഥാപിച്ച് പവിത്രമായ ക്ഷേത്രാന്തരീക്ഷത്തെ കളങ്കപ്പെടുത്താനുള്ള നീക്കങ്ങളും വ്യാപകമാണ്. ക്ഷേത്രങ്ങള്‍ കയ്യടക്കാനും ക്ഷേത്രാചാരങ്ങളെ അട്ടിമറിക്കാനും ക്ഷേത്രധ്വംസകര്‍ നടത്തുന്ന ഗുഢശ്രമങ്ങളെ ഹൈന്ദവ സമൂഹം തിരിച്ചറിഞ്ഞു ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ക്ഷേത്രസംരക്ഷണത്തിന് വിശ്വാസിസമൂഹം ജാഗ്രതയോടെ രംഗത്ത് വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.