ലോകമിനി പതിനാറ് നാള്‍ പാരീസിലേക്ക് ചുരുങ്ങും. വരകളുടെ, വര്‍ണ്ണങ്ങളുടെ മായിക ചാരുത നിറഞ്ഞ് പൊലിയുന്ന, ചിത്രകാരന്റെ വാഗ്ദത്ത ഭൂമിയായ പാരീസ്, ഫാഷന്‍ വൈവിധ്യങ്ങളുടെ പറുദീസയായ പാരീസ്, സമത്വ-സ്വാതന്ത്ര്യവാഞ്ചകളുടെ ബീജാവാപത്താല്‍ ആധുനിക മാനവികതയുടെ ഭൂമികയായി മാറിയ പാരീസ്. ആ പാരീസ് മനുഷ്യ കായിക വിഭവശേഷിയുടെ വിസ്‌ഫോടനങ്ങള്‍ക്ക് സാക്ഷിയാകാനൊരുങ്ങിക്കഴിഞ്ഞു. കൃത്യം ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും നഗരത്തിലെത്തുന്ന ഒളിമ്പിക് ഗെയിംസിന്, ജൂലായ് 26ന് വര്‍ണ്ണാഭമായ ഉദ്ഘാടനച്ചടങ്ങോടെ പാരീസില്‍ തുടക്കമാകും.
ഒളിമ്പിക്‌സ് ഉദ്ഘാടനങ്ങളുടെ സാമ്പ്രദായിക രീതികള്‍ പാരീസില്‍ പഴങ്കഥയാകും. പ്രകാശപ്രളയത്താല്‍ ജ്വലനാഭമാകുന്ന സീന്‍ നദിയും പരിസരവും അലൗകികമായ സൗന്ദര്യത്തികവിനാല്‍ പ്രശോഭിതമാകും. വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന കായികതാരങ്ങളെ വഹിച്ചുകൊണ്ട് അണിഞ്ഞൊരുങ്ങി നീങ്ങുന്ന ബോട്ടുകളുടെ സീന്‍ നദിയിലൂടെയുള്ള മാര്‍ച്ച് പാസ്റ്റ്, ഒടുവില്‍ തീരം കടന്ന് ട്രൊക്കാഡറോ മൈതാനമണയുമ്പോള്‍, ലോകത്തിനത് പുതുകാഴ്ചയാകും. നഗരപ്രാന്തത്തിലെ ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തില്‍ നിന്നും തുടങ്ങി മൈതാനതീരം വരെ ആറു കിലോമീറ്ററാണ് ജലഘോഷയാത്രയുടെ സഞ്ചാരപഥം. അതിഗംഭീരതയുടെ സാക്ഷ്യമായ ഈഫല്‍ ഗോപുരത്തിന്റെ പശ്ചാത്തലത്തില്‍ ട്രൊക്കാഡറോ പുല്‍മൈതാനത്ത്, ജനസഹസ്രങ്ങളുടെ മുന്‍പാകെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കുമ്പോള്‍, മുപ്പത്തിമൂന്നാം ഒളിമ്പിക്‌സ് പാരീസില്‍ ആരംഭിക്കും.
ആധുനിക ഒളിമ്പിക്‌സ് ആതന്‍സില്‍ തുടങ്ങിയശേഷം 1900, 1924 വര്‍ഷങ്ങളില്‍ ആതിഥേയത്വം വഹിച്ച പാരീസിനിത് സംഘാടനത്തിന്റെ മൂന്നാമൂഴം. 1908, 1948, 2012 ഒളിമ്പിക്‌സുകള്‍ നടന്ന ലണ്ടനാണ്, ഇക്കാര്യത്തില്‍ പാരീസിനൊപ്പം. അമേരിക്ക നാലുതവണ ഒളിമ്പിക് സംഘാടകരായെങ്കിലും സെന്റ് ലൂയിസ് (1904) ലോസ് ആഞ്ചലസ് (1932, 1984) അറ്റ്‌ലാന്റാ എന്നീ വ്യത്യസ്ത നഗരങ്ങളാണ് വേദികളായത്. 2017 സപ്തംബര്‍ 13ന് പെറുവിലെ ലിമയില്‍ നടന്ന ഐഒസി സെഷനിലാണ് പാരീസിന് ഒളിമ്പിക് വേദി അനുവദിക്കുന്നത്. അന്ന് തുടങ്ങിയ കഠിന പ്രയത്‌നങ്ങളുടെ ഫലസിദ്ധിയാണ് ഇതിനകം സജ്ജമായിക്കഴിഞ്ഞ സംവിധാനങ്ങള്‍.
പാരീസ് ഗെയിംസിന് സവിശേഷതകളേറെയുണ്ട്. അതില്‍ പ്രധാനം ഒളിമ്പിക്‌സിനായി രൂപപ്പെടുന്ന പരിസ്ഥിതി സൗഹൃദാവസ്ഥയാണ്. പാരീസിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് മുന്‍ ഒളിമ്പിക്‌സുകളിലേതില്‍ നിന്നും പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. അതിനായി നിരവധി ക്രമീകരണങ്ങള്‍ സ്വീകരിച്ച് കഴിഞ്ഞു. അതിലൊന്ന്, ഒളിമ്പിക് വില്ലേജുകളില്‍ നിന്നും എയര്‍കണ്ടീഷണറുകളെ ഒഴിവാക്കലാണ്. പുനരുപയോഗസാധ്യതയുള്ള പരിസ്ഥിതിക്കിണങ്ങുന്ന വസ്തുക്കളാണ് വിവിധ സംവിധാനങ്ങളുടെ നിര്‍മ്മിതിക്കുപയോഗിച്ചിട്ടുള്ളത്.
ആദ്യമായി ബ്രേക്ക് ഡാന്‍സ് ഇ ത്തവണ പാരീസില്‍ മത്സര ഇനമാകും. ഭാവി ഗെയിംസുകളിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുകയാണ്, ഇതിലൂടെ ലക്ഷ്യമിടുന്നത്. അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുന്ന പതിവിനും പാരീസില്‍ തുടക്കമാകും. സ്വര്‍ണജേതാവിന് അമ്പതിനായിരം അമേരിക്കന്‍ ഡോളറാണ് സമ്മാനമായി ലഭിക്കുക. ലോക അത്‌ലറ്റിക് സംഘടനയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. 1992 മുതല്‍ നടപ്പാക്കിത്തുടങ്ങിയ, പ്രൊഫഷണലിസത്തിലേക്കുള്ള ഒളിമ്പിക് സഞ്ചാരത്തിന്റെ അടുത്ത ചുവടാകുമിത്.
ഒളിമ്പിക് ചരിത്രത്തിലാദ്യമായി, മത്സരത്തിനെത്തുന്ന പുരുഷ-വനിതാ താരങ്ങളുടെ എണ്ണം ഇക്കുറി, തുല്യനിലയിലാകും. പാരീസിലെത്തുന്ന 10500 മത്സരാര്‍ത്ഥികളില്‍ 5250 പേര്‍ വനിതകളാകും എന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ടോക്കിയോയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സ്‌കേറ്റ് ബോര്‍ഡിങ്ങ്, സ്‌പോട്ട് ക്ലൈംബിങ്, സര്‍ഫിങ്ങ് എന്നിവ ഇത്തവണയുമുണ്ടാകും. എന്നാല്‍ ബേസ്‌ബോളും സോഫ്റ്റ്‌ബോളും ഒഴിവാക്കും.
അന്‍പത്തിമൂന്ന് ഹെക്ടര്‍ സ്ഥലത്ത് വ്യാപിക്കുന്ന ഒളിമ്പിക് വില്ലേജിലെ ഏഴ് ഹെക്ടറും പൂന്തോട്ടവും പാര്‍ക്കുകളുമാണ്. പച്ചക്കറിക്ക് പ്രാമുഖ്യമുള്ള ഭക്ഷണമെനുവില്‍ ലഹരി പാനീയങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ്വിധമുള്ള നിരവധി കരുതലുകളിലൂടെയാണ് പാരീസ് ഒളിമ്പിക്‌സ് പ്രകൃതി സൗഹൃദമാകുന്നത്.
ഇനി മത്സരവിശേഷങ്ങളിലേക്ക്. 206 രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ പാരീസില്‍ മത്സരിക്കാനിറങ്ങും. റഷ്യയേയും ബലാറുസിനേയും രാജ്യങ്ങളെന്ന നിലയില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതിനാലാണ് റഷ്യയേയും സഖ്യരാജ്യമായ ബലാറുസിനേയും വിലക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ക്ക് സ്വതന്ത്ര നിലയില്‍ മത്സരിക്കാന്‍ അനുമതിയുണ്ട്. ടോക്കിയോയിലും റഷ്യക്ക് വിലക്കുണ്ടായിരുന്നു. അത് താരങ്ങളുടെ മരുന്നടിയുടെ പേരിലായിരുന്നു.
പാരീസിലും പരിസരങ്ങളിലുമുള്ള 35 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പാരീസ് നഗരനടുവിലെ നാഷണല്‍ സ്റ്റേഡിയമാണ് മുഖ്യവേദി. സര്‍ഫിങ്ങ് ഒഴികെയുള്ള മത്സരങ്ങളെല്ലാം ഈ വേദികളിലായാണ് നടക്കുക. ഫ്രാന്‍സില്‍ നിന്നും പതിനായിരത്തോളം മൈല്‍ അകലെ ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയിലാണ് സര്‍ഫിങ്ങ് ഗെയിം നിശ്ചയിച്ചിട്ടുള്ളത്. 32 സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലായി 329 മെഡല്‍ ഇനങ്ങളിലാണ് മത്സരങ്ങള്‍. 48 വീതം സ്വര്‍ണം, വെള്ളി, വെങ്കലങ്ങള്‍ നല്‍കുന്ന അത്‌ലറ്റിക്‌സിലും 35 ഇനങ്ങളില്‍ മത്സരമുള്ള നീന്തലിലുമാണ് കൂടുതല്‍ മെഡലുകള്‍.
പാരീസ് ഒളിമ്പിക് ഭാഗ്യചിഹ്നമായി നിശ്ചയിച്ചിരിക്കുന്നത് ‘ഫ്രീജെസ്’ ആണ്. അനുബന്ധമായി നടക്കുന്ന പാരാലിമ്പിക്‌സ് ചിഹ്നവും ഇതുതന്നെ. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഉപയോഗിച്ചിരുന്ന ഫ്രീജെസ് തൊപ്പിയുടെ ആകൃതിയിലാണ് ചിഹ്നത്തിന്റെ രൂപകല്‍പ്പന. ഫ്രഞ്ച് പതാകയിലെ നിറങ്ങളായ ചുവപ്പും നീലയും വെള്ളയും ചിഹ്നത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ‘ഒറ്റയ്ക്ക് ഏറെ വേഗം പോകാം. എന്നാല്‍ ഒരുമിച്ച് ഏറെ ദൂരം താണ്ടാം’ എന്നതാണ് ഇപ്രാവശ്യത്തെ ഒളിമ്പിക് സന്ദേശം; എല്ലാവരുടേയും ഗെയിംസ് ആപ്തവാക്യവും.
ഭാരതീയര്‍ക്ക് പാരീസില്‍ സന്തോഷത്തിനുള്ള മറ്റൊരു വകയുമൊരുങ്ങുന്നുണ്ട്. ചരിത്രത്തിലാദ്യമായി ഒളിമ്പിക് വേദിയില്‍ ‘ഇന്ത്യാ ഹൗസ്’ എന്ന പേരില്‍ ഭാരതത്തിന്റെ പ്രത്യേക പവിലിയന്‍ സ്ഥാപിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും, കായിക-സാംസ്‌കാരിക പാരമ്പര്യവും പവിലിയനില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും റിലയന്‍സ് ഫൗണ്ടേഷനും സംയുക്തമായാണ് സംവിധാനം രൂപപ്പെടുത്തിയത്. താരങ്ങള്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പവിലിയനില്‍ പ്രവേശനമുണ്ട്.
ടേബിള്‍ ടെന്നീസ് താരം അചാന്ത കമലാണ് പാരീസില്‍ ഭാരതപതാക വഹിക്കുന്നത്. നിലവിലുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ കമല്‍ നാലു തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുന്ന ഭാരത താരങ്ങളുടെ ത്രിവര്‍ണ മുദ്രിതമായ വേഷം ഏറെ ആകര്‍ഷകമാണ്. മുന്‍ ലോകചാമ്പ്യനും ഒളിമ്പിക്‌സ് ബോക്‌സിങ്ങ് മെഡല്‍ ജേതാവുമായ എം.സി. മേരികോമാണ് ഭാരത സംഘത്തെ നയിക്കുന്നത്.
ഒളിമ്പിക്‌സുകള്‍ ഓരോ തവണയും വമ്പന്‍ താരങ്ങളെ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍ 2016ല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വിരമിക്കലിന് ശേഷം അസാമാന്യ വൈഭവമുള്ള പ്രതിഭകളെ കാണാനായിട്ടില്ല. ടോക്കിയോ ഗെയിംസില്‍, കോവിഡ് കാരണമാകാം, പ്രകടന നിലവാരം ശരാശരിയായിരുന്നു. അത്‌ലറ്റിക്‌സില്‍ മൂന്നും നീന്തലില്‍ രണ്ടും ലോക റെക്കോര്‍ഡുകള്‍ മാത്രമാണ് പുതുക്കിയെഴുതിയത്. പാരീസില്‍ വിവിധ ഇനങ്ങളില്‍ പ്രകടനം ഉയരുമെന്നാണ് പ്രതീക്ഷ. സ്പ്രിന്റില്‍ അമേരിക്കയുടെ ഷക്കാരി റിച്ചാര്‍ഡ്‌സണും, ദക്ഷിണാഫ്രിക്കയുടെ നോവലൈല്‍സും പോള്‍വോള്‍ട്ടില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസും പാരീസില്‍ സൂപ്പര്‍താരങ്ങളായേക്കാം.
കായികരംഗത്ത് പുതിയ കുതിപ്പുകള്‍ക്കൊരുങ്ങുന്ന ഭാരതം വന്‍പ്രതീക്ഷകളുമായാണ് പാരീസിലെത്തുന്നത്. 2008 ബീജിങ്ങ് ഗെയിംസു മുതല്‍ ഭാരതത്തിന്റെ ഒളിമ്പിക് മുന്നേറ്റം ക്രമാനുഗതമായിരുന്നു. 2016 റിയോവില്‍ മാത്രമാണ് തിരിച്ചടിയുണ്ടായത്. എന്നാല്‍ ടോക്കിയോയില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം ഏഴ് മെഡലുകള്‍ നേടി ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഇക്കുറി മെഡല്‍ നില നിശ്ചയമായും രണ്ടക്കത്തിലെത്തുമെന്നാണ് മുന്നൊരുക്കങ്ങള്‍ നല്‍കുന്ന സൂചന.
ടോക്കിയോയില്‍ 124 പേരടങ്ങിയ സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ഇത്തവണ 114 പേര്‍ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്. വിവിധ ഇനങ്ങളിലെ ലോകറാങ്കിങ്ങ് കണക്കിലെടുത്ത് ചിലര്‍ കൂടി അന്തിമസംഘത്തിലിടം കണ്ടെത്തിയേക്കാം. അത്‌ലറ്റിക്‌സ് (28 പേര്‍) ഷൂട്ടിങ്ങ് (21) ഹോക്കി (16) ബാഡ്മിന്റണ്‍ (7) ബോക്‌സിങ്ങ് (6) ഗുസ്തി (6) ടേബിള്‍ടെന്നീസ് (6) ആര്‍ച്ചറി (6) ടെന്നീസ് (5) ഗോള്‍ഫ് (4) നീന്തല്‍ (2) സെയിലിംഗ് (2) റോവിങ് (2) വെയിറ്റ് ലിഫ്റ്റിങ്ങ് (1) ജൂഡോ (1) അശ്വാഭ്യാസം (1) എന്നിങ്ങനെയാണ് ഭാരതം പങ്കെടുക്കുന്ന പതിനാറിനങ്ങളിലെ കളിക്കാരുടെ പ്രാതിനിധ്യം. ടോക്കിയോയില്‍ പങ്കെടുത്ത ഫെന്‍സിങ്ങ്, ജിംനാസ്റ്റിക്‌സ് എന്നിവയില്‍ ഇത്തവണ മത്സരിക്കുന്നില്ല.
ഭാരതത്തിന്റെ മെഡല്‍ സാധ്യതകള്‍ ഇത്തവണയും നീരജ് ചോപ്രയില്‍ നിന്നുമാരംഭിക്കുന്നു. നിലവില്‍ ജര്‍മനിയില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന നീരജ് ഇപ്പോഴും ലോകത്തിലെ ഏറ്റവും പ്രകടന സ്ഥിരത പുലര്‍ത്തുന്ന ജാവലിന്‍ ഏറുകാരനാണ്. കഴിഞ്ഞ ഏഷ്യന്‍ ഗയിംസില്‍ 87 മീറ്ററിലധികം എറിഞ്ഞ് നീരജിന് പിന്നില്‍ വെള്ളി നേടിയ കിഷോര്‍ ജനയും മെഡല്‍ പ്രതീക്ഷയുമായി പാരീസിലുണ്ട്. എന്നാല്‍ ഭാരതം കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നത് ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്നാണ്. വ്യക്തിഗതവും മികസഡ് വിഭാഗങ്ങളിലുമായി 21 താരങ്ങള്‍ ഭാരതത്തിനായി 27 ഇനങ്ങളിലാണ് മത്സരിക്കുന്നത്. റൈഫിള്‍, പിസ്റ്റല്‍, ഷോട്ട്ഗണ്‍ ഇനങ്ങളില്‍ ചൈന കഴിഞ്ഞാല്‍ കൂടുതല്‍ താരങ്ങളെ അണിനിരത്തുന്നത് ഭാരതമാണ്. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലെ മെഡലില്ലാ നിരാശ, പാരീസില്‍ മറികടക്കുമെന്നാണ് പ്രതീക്ഷ. ടീമിലെ അഞ്ചുപേര്‍ നിലവിലെ ലോകറെക്കോഡ് ജേതാക്കളും മറ്റുള്ളവര്‍ അന്താരാഷ്ട്ര പരിചയം സിദ്ധിച്ചവരുമാണ്.
ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള സ്വസ്തിക് രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഉറച്ച മെഡല്‍ സാദ്ധ്യത തന്നെയാണ്. ലോകത്തിലെ മികച്ച ജോഡികളെയെല്ലാം തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭാരതസഖ്യം തോല്‍പ്പിച്ചത് ആത്മവിശ്വാസത്തിന് കാരണമാകുന്നുണ്ട്. ലോകസൂപ്പര്‍ സീരിസ് മത്സരങ്ങളില്‍ ഫോം കണ്ടെത്താതെ വിഷമിച്ച പി.വി.സിന്ധു ഒളിമ്പിക്‌സിലെത്തുമ്പോള്‍, പതിവുപോലെ ഉഷാറായാല്‍ ഒരു മെഡലുറപ്പാകും.
വനിതാ ബോക്‌സിങ്ങില്‍ നിഖാത് സരിനും (50കി) ലവ്‌ലിന ബര്‍ഗഹോയിനും (75 കി.) പുരുഷവിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പറായ അമിത് പങ്കലും (51 കി) പാരീസില്‍ മെഡല്‍ നേടാന്‍ കരുത്തുള്ളവരാണ്. ടോക്കിയോവിലെ വെയിറ്റ് ലിഫ്റ്റിങ്ങ് വെള്ളി ജേതാവ് മീരാബായി ചാനു, പിന്‍തുടര്‍ന്ന പരിക്കുകളെ പിന്നിലാക്കി മത്സരക്ഷമതയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. പഴയ നിലവാരത്തിലേക്കെത്താനായാല്‍ ഒരു മെഡലുറപ്പാകും.
ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഉദിച്ചുയരുന്ന യുവതാരം അമന്‍ ഷറാവത്തും (57 കി) വനിതാ ജൂനിയര്‍ ലോകചാമ്പ്യന്‍ അന്റിം വംഗലും (53 കി) മെഡല്‍ മേഖലയിലെത്തുമെന്നാണ് സമീപകാല പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ടോക്കിയോയില്‍ നേരിയ വ്യത്യാസത്തിന് വെങ്കലം നഷ്ടമായ അതിദി അശോക്, പാരീസില്‍ നിന്നും ഗോള്‍ഫില്‍ ഭാരതത്തിന് ആദ്യമെഡല്‍ നല്‍കുമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലും നിരാശപ്പെടുത്തിയ അമ്പെയ്ത്തുകാര്‍ക്ക് ഇപ്രാവശ്യം ഉന്നം പിഴക്കില്ലെന്നാണ് കരുതുന്നത്.
ഹര്‍മന്‍ പ്രീത്‌സിങ്ങിന്റെ നേതൃത്വത്തിലെത്തുന്ന ഹോക്കി ടീമിന്റെ സമീപകാല പ്രകടനം ഉദ്ദേശിച്ച വിധം ഉയര്‍ന്നതല്ല. നിലവിലുള്ള ചാമ്പ്യന്‍ ബല്‍ജിയം, ആസ്‌ത്രേലിയ, അര്‍ജന്റീന, അയര്‍ലാന്റ്, ന്യൂസിലന്റ് അടങ്ങിയ പ്രാഥമിക ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറിലേക്ക് കടക്കാനായാല്‍, പിന്നീട് എന്തും സംഭവിക്കാം. അവസാന എട്ടിലെത്തുന്ന ടീമുകള്‍ തമ്മില്‍ നിലവാരത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നതാണ് കാരണം. മെഡല്‍ റൗണ്ടിലേക്ക് കടക്കാനായാല്‍ ഭാരതത്തിന് വലിയ നേട്ടമാകും.
ചുരുക്കത്തില്‍, പാരസീല്‍ ഭാരതീയരുടെ ശ്രദ്ധ അത്രയും അത്‌ലറ്റിക്‌സ് വേദിയായ നാഷണല്‍ സ്റ്റേഡിയത്തിലും ചാറ്ററോ ഷൂട്ടിങ്ങ് റേഞ്ചിലും ഗുസ്തി നടക്കുന്ന ഷാമ്പ് ഡി മാര്‍സ് അറീനയിലും റൊളാബു ഗാരോയിലെ ബോക്‌സിങ്ങ് റിങ്ങിലുമൊക്കെയാകും. മെഡല്‍ ലഭ്യതയില്‍ ഭാരതം ടോക്കിയോ പ്രകടനത്തെ കടത്തിവെട്ടും എന്നതിന് രണ്ടുപക്ഷമുണ്ടാകില്ല. അവ്വിധമായിരുന്നു കഴിഞ്ഞ ഒരാണ്ടത്തെ തീവ്രമായ തയ്യാറെടുപ്പുകള്‍. കായിക മന്ത്രാലയവും പി.ടി. ഉഷയുടെ നേതൃത്വത്തില്‍ ഒളിമ്പിക് അസോസിയേഷനും നല്‍കിയ പിന്തുണയും പ്രചോദനവും പാരീസില്‍ നേട്ടമാകുമെന്നാണ് കരുതേണ്ടത്. 2036ലെ ഒളിമ്പിക് വേദിയാക്കി പരിശ്രമം തുടരുന്ന ഭാരതത്തിന് ആ സ്വപ്‌നം സഫലമാകാന്‍ പാരീസിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലം ആവശ്യമാകും. ഭാവാത്മകമായൊരു ഫലസിദ്ധിയാകും പാരീസ് ഭാരതത്തിന് നല്‍കുന്നതെന്ന് പ്രത്യാശിക്കാം.