മുപ്പത്തിമൂന്നാമത് ഒളിമ്പിക്‌സിന് പാരീസില്‍ കൊടിയിറങ്ങുമ്പോള്‍, അധികമായി ആഹ്ലാദിക്കാന്‍ വകയില്ലാതെയാണ് ഭാരതസംഘത്തിന്റെ മടക്കം. വിപുലമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നൂറ്റിപ്പതിനേഴംഗ ഭാരത ടീം പാരീസിലെത്തിയത്. മെഡല്‍ നിലയില്‍ വലിയ മുന്നേറ്റത്തിനുള്ള വിഭവശേഷി ഉണ്ടായിരുന്നില്ലെങ്കിലും മെഡല്‍ സംഖ്യ രണ്ടക്കം കടക്കുമെന്നും ഒന്നോ രണ്ടോ സുവര്‍ണപതക്കങ്ങളുണ്ടാകുമെന്നും കരുതിയിരുന്നു. അങ്ങനെതന്നെയായിരുന്നു, രാജ്യത്തെ ഒളിമ്പിക് അസോസിയേഷന്റെ കണക്കുകൂട്ടലും. കൂട്ടിവച്ച കണക്കുകള്‍ പലതുകൊണ്ടും പിഴച്ചു. നിനച്ചതിലേറെയും കൈവിട്ടുപോയി. മെഡല്‍ കണക്കിലൊരു സ്വര്‍ണസ്പര്‍ശമുണ്ടാകുമെന്ന് കിനാവ് കണ്ടതും വെറുതെയായി. രണ്ടായിരത്തി മുപ്പത്തിയാറിലെ ഒളിമ്പിക്‌സ് ആതിഥേയശ്രമം നടത്തുന്ന ഭാരതത്തിന്, പാരീസിലെ മികച്ചൊരു പ്രകടനം തുണയാകുമായിരുന്നു. ഇക്കാരണത്താല്‍ ഒളിമ്പിക് സംഘാടന സാധ്യത തടസ്സപ്പെട്ടില്ലെങ്കിലും കായികഭാരതം ഉണരുകയാണെന്ന് മാലോകരെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് പാരീസില്‍ പാഴായത്.
സ്വര്‍ണം കിട്ടുമെന്ന് പ്രതീക്ഷിച്ച അത്‌ലറ്റിക്‌സില്‍, ഒന്നാന്തരമായിരുന്നു നീരജ് ചോപ്രയുടെ ജാവലിന്‍ പ്രകടനം. നാളിതുവരെയുള്ള നീരജിന്റെ മികച്ച മൂന്ന് ഏറുകളില്‍ രണ്ടും പാരീസിലുണ്ടായി. എന്നിട്ടും വെള്ളിയിലേക്ക് വിനീതനാകേണ്ടി വന്നത് തികച്ചും അര്‍ഹനായൊരാള്‍ പാകിസ്ഥാന്‍കാരന്‍ അര്‍ഷദ് നദീം – തന്റെ കരിയറിലെ മികച്ച ദൂരം കണ്ടെത്തിയതുകൊണ്ടാണ്. നിരന്തരം തന്നോട് തോറ്റുകൊണ്ടിരുന്ന നദീമിന്റെ വിജയത്തില്‍ നീരജും കയ്യടിച്ചു. എന്നാല്‍ ഒരു കാര്യം കായികലോകത്തിന് വീണ്ടും ബോധ്യമായി. സ്വര്‍ണശോഭയില്‍ നിന്നും വെള്ളിത്തിളക്കത്തിലേക്ക് ഇറങ്ങേണ്ടി വന്നെങ്കിലും ലോകത്തിലെ ജാവലിന്‍ ഏറുകാര്‍ക്കിടയില്‍ ഇന്നും സ്ഥിരത നിലനിര്‍ത്തുന്ന ഒരേ ഒരാള്‍ നീരജ് ചോപ്ര തന്നെയാണ്. കാരണം 90 മീറ്ററിലധികം ദൂരം കണ്ടെത്തിയിട്ടുള്ള യാക്കൂബ് വാദ്‌ലച്ചും ജൂലിയന്‍ വെബറും ആന്‍ജേഴ്‌സന്‍ പീറ്റേഴ്‌സുമെല്ലാം പാരീസില്‍ നീരജിന് പിന്നിലായിരുന്നു. പാരീസ് നാഷണല്‍ സ്റ്റേഡിയത്തില്‍ നീരജ് പായിച്ചത് ക്രമപ്രകാരമുള്ള രണ്ടേറുകള്‍ മാത്രമാണ്. നദീം വിസ്മയമായി ഉയര്‍ന്നിരുന്നില്ലെങ്കില്‍ സ്വര്‍ണം തൊടാനുള്ള ശക്തി രണ്ടേറിനുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിരാശക്കിടയിലും, സുവര്‍ണകുമാരനായിതന്നെ നമുക്ക് നീരജിനെ വാഴ്ത്താം.
പാരീസില്‍ മെഡല്‍ നില രണ്ടക്കം കടക്കുമെന്ന് നിരൂപിച്ചത് ഷൂട്ടിങ്ങിലെ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ്. ഈ ഇനത്തില്‍ ഇരുപത്തിയൊന്ന് ഭാരതീയരാണ് ഒളിമ്പിക് യോഗ്യതനേടി മത്സരിക്കാനിറങ്ങിയത്; ഇരുപത്തിയേഴ് വിഭാഗങ്ങളായി. അവരില്‍ മനുഭക്കര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അതത് വിഭാഗങ്ങളില്‍ ലോകചാമ്പ്യന്മാരായിരുന്നു. പിസ്റ്റള്‍-റൈഫിള്‍ ഇനങ്ങളില്‍ മാത്രം ആറുപേര്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളായിരുന്നു. സ്‌കീറ്റിലും ട്രാപ്പിലും മെഡലുണ്ടാകുമെന്ന് കരുതിയിരുന്നു. പ്രതീക്ഷകളുടെ കനത്തഭാരം കൊണ്ടാകാം, പലര്‍ക്കും ഉന്നം പിഴച്ചു. 10 മീറ്റര്‍ എയര്‍ പിസ്റ്റലിലും മിക്‌സഡ് ഇനത്തിലും മനുഭക്കറും സരബ്‌ജോത്‌സിങ്ങും പ്രതീക്ഷിച്ച വിധം മെഡല്‍ മേഖലയിലെത്തി വെങ്കലം ഉറപ്പിച്ചു. റൈഫിള്‍ 50 മീറ്ററില്‍ സ്വപ്‌നില്‍ കുശാലെ അപ്രതീക്ഷിതമായി രാജ്യത്തിന് വെങ്കലം നല്‍കി. കിട്ടുമായിരുന്ന നാല് മെഡലെങ്കിലും കപ്പിനും ചുണ്ടിനുമിടയില്‍ ചോര്‍ന്നുപോയി. ഭാരതത്തിന്റെ മെഡല്‍ സമ്പാദ്യം രണ്ടക്കമെത്തുന്നതിന് തടസ്സമായതും ഈ നഷ്ടം കാരണമാണ്. എന്നാല്‍ ഒളിമ്പിക് ചരിത്രത്തിലാദ്യമായി ഏഴിനത്തില്‍ ഫൈനലിലെത്താന്‍ കഴിഞ്ഞുവെന്നത് ചെറിയ നേട്ടമല്ല.
ഹോക്കിയില്‍ ഭാരതത്തിന്റെ പ്രകടനം മികച്ചതായിരുന്നു. അമ്പത് വര്‍ഷത്തിന് ശേഷം ആസ്‌ത്രേലിയയെ വീഴ്ത്താന്‍ കഴിഞ്ഞത്, തുടര്‍ച്ചയായി രണ്ടാം തവണ സെമിയിലെത്താനായതും, വെങ്കലം കൈവരിച്ചതും, ഭാരതഹോക്കി പ്രതാപകാലത്തേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയായി. സെമിയില്‍ ജര്‍മ്മനിക്കെതിരായ തോല്‍വിയില്‍ നിര്‍ഭാഗ്യത്തിന്റെ സ്പര്‍ശമുണ്ടായിരുന്നു. പാരീസില്‍ ഭാരതത്തിന്റെ കളിനിലവാരം ഉയര്‍ത്താനും പ്രകടനസ്ഥിരത നിലനിര്‍ത്താനും കഴിഞ്ഞു.
അമന്‍ ഷരാവത്ത് എന്ന ചെറുപ്പക്കാരന്‍ ഗുസ്തിയില്‍ ഭാരതത്തിന്റെ താരമായി ഉയരുന്നത് പാരീസില്‍ കണ്ടു. സുശീല്‍കുമാറിന്റേയും ബജ്‌രംഗ് പൂനിയയുടേയും നല്ലകാലം ഓര്‍മ്മിപ്പിക്കുംവിധമായിരുന്നു അമന്റെ ഗോദയിലെ പ്രകടനം. 50 കിലോ വനിതാവിഭാഗത്തില്‍ വിനേഷ് ഫോഗട്ടിന്റെ മുന്നേറ്റം ഉജ്ജ്വലം തന്നെയായിരുന്നു. പ്രത്യേകിച്ചും ആദ്യറൗണ്ടില്‍ ഒളിമ്പിക് ചാമ്പ്യനായ ജപ്പാന്‍കാരിക്കെതിരെ സ്വര്‍ണമോ വെള്ളിയോ അവര്‍ അര്‍ഹിച്ചിരുന്നു. എന്നാല്‍ ശരിയായ ഭാരനില നിലനിര്‍ത്താനാകാതിരുന്നതിനാല്‍ മെഡല്‍ കൈവിട്ടു. മല്‍പ്പിടുത്തത്തിലെ മികവ് ഫലം ചെയ്തില്ല. ആ നഷ്ടം വിനേഷിന്റേത് മാത്രമല്ല, ഭാരതത്തിന്റേതുമായി.
വിനേഷിന്റെ മെഡല്‍ നഷ്ടത്തില്‍ വൈകാരിക പ്രതികരണങ്ങള്‍ പലതുമുണ്ടായി. എന്നാല്‍ ഇവിടെ പരിശോധിക്കേണ്ടത് വസ്തുതകളാണ്. പാരീസില്‍ വിനേഷ് ഫോഗട്ടിന്റെ മൂന്നാം ഒളിമ്പിക് ഉദ്യമമായിരുന്നു. മത്സരനിയമങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് സാരം. ഭക്ഷണം നല്‍കാന്‍ ചുമതലപ്പെട്ടവരും പരിശീലകനും താരവും ചേര്‍ന്ന സംയുക്തമാണ് അവശ്യം വേണ്ട കരുതല്‍ എടുക്കേണ്ടതും മത്സരകാലാംശത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടതും. അത് വേണ്ടവിധം ഉണ്ടായില്ല. അവിടെ പിഴച്ചപ്പോഴാണ് മെഡല്‍ വഴുതിയത്. അത്തരമൊരു പിശകിന് കാരണക്കാരെയാണ് വിചാരണകള്‍ക്ക് വിധേയമാക്കേണ്ടത്. മറിച്ച് കണ്ടുനിന്നവരേയും സൗകര്യം ഒരുക്കി നല്‍കിയവരേയുമല്ല. മെഡല്‍ കിട്ടാതെപോയത് വ്യക്തിക്കാണെങ്കിലും അന്തിമ നഷ്ടം ഭാരതത്തിന് തന്നെയായിരുന്നു. കാരണം, പാരീസിലെത്തിയ ഓരോ താരത്തിന് വേണ്ടിയും ജനങ്ങളുടെ നികുതിപ്പണമായ കോടികളാണ് ചെലവഴിച്ചത്. അമന്‍ ഷരാവത്തിന്റെ ഭാരത്തില്‍ അഞ്ചുകിലോയിലധികം വര്‍ദ്ധന കണ്ടപ്പോള്‍, ഒറ്റ രാത്രികൊണ്ട് എങ്ങനെയാണ് പരിഹരിച്ചതെന്നും, പിന്നീടയാള്‍ ഗോദയിലിറങ്ങി രാജ്യത്തിനായി മെഡല്‍ നേടിയതെന്നും ഒപ്പം ചേര്‍ത്ത് വായിക്കണം. പാരീസിലൊരു താരത്തിന് സാങ്കേതികതകളാല്‍ മെഡല്‍ നഷ്ടമായപ്പോള്‍, ഭാരതത്തിനുള്ളില്‍ അത് രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്താന്‍ ഒരു കൂട്ടര്‍ കാട്ടിയ വ്യഗ്രത താരത്തിനോ കായികരംഗത്തിനോ ഗുണം ചെയ്യില്ലെന്നതും കാണേണ്ടതുണ്ട്.
പാരീസില്‍ ഭാരതത്തിന്റെ പ്രതീക്ഷകള്‍ ആഗ്രഹിച്ചവിധം സഫലമായില്ലെന്നത് നേരാണ്. അതിന്റെ കാരണങ്ങള്‍ സമഗ്രമായി പരിശോധിക്കപ്പെടണം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഭാരതത്തിന്റെ കായികരംഗം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ തോതനുസരിച്ച് നോക്കിയാല്‍ ഫലം ഇതിലധികമുണ്ടാകേണ്ടതാണ്. പാരീസില്‍ മത്സരിച്ചവരില്‍ അധികം പേര്‍ക്കും അമ്പെയ്ത്തില്‍, അത്‌ലറ്റിക്‌സില്‍ ബോക്‌സിങ്ങില്‍, ബാഡ്മിന്റണില്‍ – തങ്ങളുടെ മികച്ച നിലവാരത്തിലെത്താനായില്ല. ഷോട്ട്പുട്ടില്‍ തേജീന്ദര്‍വാല്‍ സിങ്ങും ലോംഗ്ജമ്പില്‍ ജസ്വിന്‍ ആല്‍ഡ്രിനും തികഞ്ഞ പരാജയങ്ങളായി. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ഫോമിലായിരുന്നില്ല. എന്നിട്ടും പഴയ മികവിന്റെ പേരില്‍ ടീമിലുള്‍പ്പെടുത്തി. അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയും, വരുള്‍ ചൗധരിയും അവിനാശ് സാബ്‌ളെയും, പുരുഷ റിലേ ടീമും ഒഴികെയുള്ളവരെല്ലാം തന്നെ മുന്‍കാല പെരുമയുടെ പേരില്‍ സംഘത്തില്‍ കടന്നുകൂടിയവരാണ്.
2012 മുതല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന അമ്പെയത്ത് താരം ദീപിക കുമാരിയെപ്പോലുള്ളവര്‍ ഭാരതടീമിന് ഭാരമാകുകയാണ്. മത്സരവേദിയിലെ ലക്ഷ്യഭേദിയല്ലാത്ത അവരുടെ പരിശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടിട്ടും ടീമില്‍ തുടരുന്നതിന്റെ സാംഗത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരം തെല്ലുപോലുമില്ലാത്ത താരങ്ങളെ നീന്തലിലും ജൂഡോയിലുമൊക്കെ മത്സരിക്കാനയക്കുന്നത് വൃഥാവ്യായാമങ്ങളാണ്; അധികവ്യയങ്ങളാണ്. ഒളിമ്പിക്‌സ് പോലുള്ള വേദികളില്‍ അവരെ മത്സരിക്കാന്‍ പ്രാപ്തമാക്കുകയാണ് ആദ്യം വേണ്ടത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഭാരതത്തിന്റെ കായിക മന്ത്രാലയം ഭീമമായ തുകയാണ് കായികവികസനത്തിനായി ചെലവിട്ടത്; ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (TOP) പോലുള്ള പദ്ധതിക്കായി ചെലവിട്ട തുക വേറെ. താരങ്ങള്‍ക്കുള്ള വിദേശ പരിശീലനങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടില്ല. കാലാവസ്ഥാ ഭേദമനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശീലനം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വിവിധ ഫെഡറേഷനുകള്‍ക്കും അസോസിയേഷനുകള്‍ക്കും നല്‍കിയ പിന്തുണ ശ്ലാഘിക്കപ്പെട്ടതാണ്.
എല്ലാ പശ്ചാത്തലവും ഒരുക്കിയിട്ടും അവസാന അരങ്ങില്‍ താരങ്ങള്‍ ഇടറിയതെന്തുകൊണ്ടാണെന്ന് അവധാനതയോടെ പരിശോധിക്കണം. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉഴറുന്ന അയല്‍രാജ്യത്തിന്റെ അക്കൗണ്ടില്‍ ഒരു സ്വര്‍ണമെത്താമെങ്കില്‍ അഭ്യുന്നതിയിലേക്ക് കുതിക്കുന്ന ആത്മനിര്‍ഭര ഭാരതത്തിന് അതാകാഞ്ഞത് എന്തുകൊണ്ടെന്ന് അന്വേഷിക്കാനാകണം. ഉത്തരവാദികളാര്, കാരണമെന്ത്, എന്ത് തിരുത്തുകളാണുണ്ടാകേണ്ടത് എന്നീ കാര്യങ്ങളില്‍ കാലവിളംബമില്ലാതെ കായികനേതൃത്വത്തിന്റെ കണ്ണെത്തണം. സംവിധാനങ്ങളില്‍, വ്യവസ്ഥകളില്‍, സൗകര്യങ്ങളില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെന്തെന്ന് കണ്ടെത്തണം.
അടുത്ത ഒളിമ്പിക്‌സ് നാലുവര്‍ഷം അകലെയാണെങ്കിലും അതിനിടയില്‍ അനവധി അന്താരാഷ്ട്ര വേദികളില്‍ മത്സരങ്ങളൊരുങ്ങുന്നുണ്ട്. അതെല്ലാം 2028 ലോസാന്‍ഞ്ചലസിലേക്കുള്ള ചവിട്ടുപടികളാണ്. അതുകൊണ്ട് നിരാശവേണ്ട. പാരീസില്‍ നിലം പതിച്ചൊരു പരാജയമുണ്ടായിട്ടില്ല. ഭാരതത്തിന് അതിലധികം നേടാനുള്ള കെല്‍പ്പുണ്ട്, സംവിധാനങ്ങളുണ്ട്. പരിശ്രമവും സമര്‍പ്പണവും ഒത്തുചേര്‍ന്നാല്‍ അഭിമാന നേട്ടങ്ങള്‍ അകലെയാകില്ല.