ഉജ്ജ്വലമായിത്തുടങ്ങും, വീരോചിതമായിപ്പൊരുതും, ഒടുവില്‍ വിചിത്രമാംവണ്ണം പടിയ്ക്കല്‍ കലമുടയ്ക്കും – കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍, ക്രിക്കറ്റില്‍ ഭാരതം കളിച്ചുവന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശക്കളികളില്‍ കണ്ടുശീലമായ പതിവുകാഴ്ചയായിരുന്നു ഇത്. ഒടുവില്‍ കരീബിയയിലെ ബാര്‍ബഡോസില്‍ അസുഖകരമായ അനുഭവങ്ങള്‍ക്ക് വിരാമമായി. ടി-ട്വന്റി ലോകകപ്പ് മത്സരത്തില്‍, നഷ്ടപ്പെട്ട കിരീടം ഭാരതം വീണ്ടെടുത്തു. രാജോചിതമായി, ഒറ്റക്കളിയിലും തോല്‍ക്കാതെ ലോകമേധാവിത്വം ഉറപ്പിച്ചു. കഴിഞ്ഞ കാലയളവില്‍ ഭാരതം പിന്നിട്ട നിരാശയുടെ കരിമേഘ പടലങ്ങളെ വകഞ്ഞിതാ, വിജയസൂര്യന്‍ തിളങ്ങി. അമേരിക്കയും കരീബിയന്‍ ദ്വീപസമൂഹങ്ങളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച അതിഹ്രസ്വക്രിക്കറ്റിന്റെ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്ണിന് കീഴ്‌പ്പെടുത്തിയാണ് ഭാരതം രണ്ടാമതൊരിക്കല്‍ കൂടി ടി-ട്വന്റി ലോകകപ്പിനുടമകളായത്.
ലോകകപ്പ് ചരിത്രത്തില്‍ ആറ് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതിനകം വിജയകിരീടത്തിലെത്താനായത്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസുമാണ് ഭാരതത്തിന് പുറമെ രണ്ടുതവണ ജേതാക്കളായത്. ശ്രീലങ്കയും പാകിസ്ഥാനും ആസ്‌ത്രേലിയയും ഓരോ തവണ കപ്പ് നേടി. ഭാരതത്തിന്റെ വിജയം മധുരതരമാണ്. തുടര്‍ച്ചയായ മൂന്ന് ഫൈനല്‍ തോല്‍വികള്‍ക്കൊടുവിലാണ് ഒരു ലോക വിജയം രാജ്യത്തിന് സാദ്ധ്യമാകുന്നത്. 2014 (ടി-ട്വന്റി), 2021, 23 (ടെസ്റ്റ് ലോകകപ്പ്) വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പുകള്‍ ഭാരതത്തിന്, വി ളിപ്പാടകലെ വച്ചാണ് നഷ്ടമായത്. കെന്‍സിങ്ടണ്‍ മൈതാനത്ത് ഇത്തവണ ഉണ്ടായ ജയം എല്ലാ നിരാശകള്‍ക്കും അറുതി വരുത്തി. 1983ല്‍ കപില്‍ദേവിനും (ഏകദിനം) 2007ല്‍ മഹേന്ദ്രസിങ്ങ് ധോണിക്കും (ടി-ട്വന്റി) ശേഷം വീണ്ടുമൊരു വിശ്വവിജയം ഏറ്റുവാങ്ങാനുള്ള നിയോഗം നിര്‍വ്വഹിച്ച ശേഷം ഭാരതത്തിന്റെ നായകന്‍ രോഹിത് ശര്‍മ്മയുടെ, അന്താരാഷ്ട്ര ക്രിക്കറ്റിലെ ഹ്രസ്വ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനവും വിജയനിമിഷത്തിലുണ്ടായി. സാര്‍ത്ഥകമായൊരു കളി ജീവിതത്തിന് ശേഷമുള്ളൊരു ഉചിതമായ വിടവാങ്ങല്‍!
മത്സരത്തിന്റെ ആദ്യ-മധ്യഘട്ടങ്ങളില്‍ എല്ലാ കളികളിലും ജയിച്ചുകൊണ്ടാണ് ഭാരതം അന്തിമപോരാട്ടത്തിനെത്തിയത്. കളി വഴികളില്‍ കരുത്തരായ ഇംഗ്ലണ്ടും ആസ്‌ത്രേലിയയും ഭാരതത്തിന്റെ മുന്നില്‍ ഇടറി വീണു. ഫൈനലില്‍ എതിരാളിയായി വന്ന ദക്ഷിണാഫ്രിക്കയും ആദ്യ റൗണ്ട് മത്സരങ്ങളിലെല്ലാം വിജയിച്ചിരുന്നു. ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ നിലയുറപ്പിച്ച ഭാരതത്തെ തികഞ്ഞ പ്രൊഫഷണലിസത്തിന്റെ തീര്‍ച്ച മൂര്‍ച്ചകള്‍ കൊണ്ടാണ് ആഫ്രിക്കക്കാര്‍ നേരിട്ടത്.
കെന്‍സിങ്ടണ്‍ ഓവലിലെ ഫൈനല്‍ മത്സരത്തിന്റെ വിശേഷങ്ങളിലേക്ക് കണ്ണോടിച്ചാല്‍ കേളീമികവിന്റെ അടരുകളോരോന്നും തെളിഞ്ഞു കാണും. ആദ്യം ബാറ്റുമായിറങ്ങിയ ഭാരതം ദക്ഷിണാഫ്രിക്കക്കായി കരുതി വച്ചത് ലോകകപ്പ് ചരിത്രത്തിലെ മുന്തിയ ഫൈനല്‍ ലക്ഷ്യമായിരുന്നെങ്കിലും (177 റണ്‍സ്) എത്തിപ്പെടാന്‍ അസാദ്ധ്യമായിരുന്നില്ല. ഭാരതത്തെ എറിഞ്ഞിടാന്‍ വേഗവീരന്‍ റബാഡയും പൊരുതാന്‍ തികഞ്ഞ പോരാളികളുമുള്ള, നായകന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ സംഘാംഗങ്ങള്‍ ഒടുവിലത് നേടും എന്ന സ്വയമുറപ്പുമായാണ് മൈതാനത്തില്‍ പെരുമാറിയത്; അപ്രകാരമായിരുന്നു കളി ഗതിക്കിടയിലെ അവരുടെ ശരീരഭാഷ. ലോകകപ്പിന്റെ പിന്നിട്ട ചരിത്രത്തില്‍ ഒരിക്കല്‍പോലും സെമിക്കപ്പുറത്തേക്ക് കടക്കാനാകാതിരുന്ന ദക്ഷിണാഫ്രിക്കക്ക് ആദ്യ കപ്പ് വിജയം വന്‍ നേട്ടമാകുമായിരുന്നു.
ഇരുനൂറിനപ്പുറം സ്‌കോറുയര്‍ത്താമെന്ന ഭാരതത്തിന്റെ പ്രതീക്ഷയാണ് ഏറെക്കുറെ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ അവര്‍ കെടുത്തിയത്. തങ്ങളുടെ ബാറ്റിങ് ഊഴത്തില്‍ പതിനാറാം ഓവര്‍ വരെ അവര്‍ സ്ഥിരത പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ ആഞ്ഞുവീശാനുള്ള സമയമെത്തിയപ്പോള്‍ അവര്‍ക്ക് പിഴച്ചു. പതിനാറ് മുതല്‍ പത്തൊന്‍പത് വരെയുള്ള ഓവറുകളില്‍ ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കി, മിതപ്പെടുത്തി; കേവലം പതിനാല് റണ്‍മാത്രമാണ് അനുവദിച്ച് നല്‍കിയത്. പത്തൊന്‍പതാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ക്ക് പ്രഹരമേല്‍പ്പിച്ച്, ബുംറ വെറും രണ്ട് റണ്‍മാത്രം നല്‍കി വിക്കറ്റൊന്ന് തെറിപ്പിച്ചു. അതോടെ അവസാന ഓവറില്‍ പതിനാറ് റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ആഫ്രിക്കന്‍ സംഘമെത്തി. പോരാളിയായ ഡേവിഡ് മില്ലര്‍ അപ്പോഴും ഒരറ്റത്ത് 21 റണ്ണുമായി നിലയുറപ്പിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സര്‍ ലക്ഷ്യം വച്ച് ലോംഗ് ഓഫിലേക്ക് ആഞ്ഞടിച്ചപ്പോള്‍ ആ പന്ത് അതിര്‍ത്തികപ്പുറം കടക്കുമെന്ന് ഉറപ്പിച്ചതാണ്. അപ്പോഴാണ് സൂര്യകുമാര്‍ യാദവിന്റെ രൂപത്തില്‍ ഭാരതത്തിന്റെ രക്ഷകന്‍, ബൗണ്ടറി വരയില്‍ അവതരിച്ചത്. ക്രിക്കറ്റ് മൈതാനത്തെ, സമീപകാലത്തെ അഴകാര്‍ന്ന ഒരു മെയ്‌വഴക്കപ്രകടനത്തിലൂടെ പുറത്തേക്ക് പാഞ്ഞ മില്ലറിന്റെ പന്തില്‍ യാദവ് പിടുത്തമിട്ടപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക തീര്‍ന്നിരുന്നു. അവശേഷിച്ച അഞ്ചുബോളുകളില്‍ ആഫ്രിക്കന്മാരുടെ അന്ത്യകര്‍മ്മം നടത്തി ഭാരതം അന്തിമ വിജയത്തിലേക്ക് നടന്നു കയറി. കരീബിയയില്‍ നിന്നും കപ്പുമായി ഭാരതത്തിലേക്ക്!
ആനുകാലിക ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഭാരതത്തിന് സന്തുലിതമായ ടീമുകളാണുള്ളത്. പേസ് ബൗളിങ്ങില്‍ സമ്പൂര്‍ണ്ണനായി ക്രിക്കറ്റ് പണ്ഡിതന്മാര്‍ വാഴ്ത്തുന്ന ജസ്പ്രീത് ബുംറയുടെ ഏറിലെ മാരകശക്തിയാണ് ഭാരതത്തിന്റെ ഈടുവയ്പ്. നിലവില്‍ ബാറ്റര്‍മാര്‍ ഏറ്റവും ഭയപ്പെടുന്ന ഏറുകാരനും ബുംറ തന്നെയാണ്. ഇത്തവണ ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങളില്‍ തിളങ്ങാതിരുന്ന വിരാട് കോഹ്‌ലി തന്റെ പ്രതിഭാ സ്പര്‍ശം ഫൈനലില്‍ പുറത്തെടുത്ത് വിജയത്തിന് അടിത്തറയിട്ടു. നായകന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ച രോഹിത് ശര്‍മ്മ കപ്പ് വിജയത്തില്‍ സുപ്രാധന സംഭാവനകള്‍ നല്‍കി.
ശുഭോദര്‍ക്കമായ മറ്റൊന്ന് ടീമിലെ ആള്‍ റൗണ്ടര്‍മാരുടെ സാന്നിദ്ധ്യമാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും – ആദ്യ മത്സരങ്ങളിലെ വിജയങ്ങളിലെല്ലാം ഇവരുടെ പങ്കാളിത്തമുണ്ടായി. 1983ലെ ആദ്യ ഏകദിന ലോകകപ്പ് വിജയം സാദ്ധ്യമാക്കിയത് ആള്‍ റൗണ്ടര്‍മാരായിരുന്നു. കപില്‍ദേവും മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും റോജര്‍ ബിന്നിയും. ആ പാറ്റേണ്‍ ആവര്‍ത്തിക്കുന്നത് ഭാരതക്രിക്കറ്റിന് ശക്തി പകരും. അതോടൊപ്പം ബുംറക്ക് കൂട്ടായി അക്ഷര്‍ പട്ടേല്‍ ഉയര്‍ന്നുവരുന്നത് ഓപ്പണിങ്ങ് ബൗളിങ്ങിനും കരുത്താകും.
ഭാരതത്തിന്റെ കായിക രംഗത്ത് സമഗ്രമുന്നേറ്റത്തിന്റെ കാലമാണിത്. പാരീസ് ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ രൂപപ്പെട്ടുവരികയാണ്. പാരീസില്‍ ക്രിക്കറ്റ് മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഭാവി ഒളിമ്പിക്‌സുകളില്‍ അതിനുള്ള സാദ്ധ്യതയേറെയാണ്. ഈ ലോകകപ്പ് നേട്ടം ഭാരതത്തിനായി കഠിനപരിശ്രമം ചെയ്യുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നതില്‍ തര്‍ക്കമേതുമില്ല. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ മാത്രം കാര്യമായെടുത്തിരുന്ന ക്രിക്കറ്റ് ഇപ്പോള്‍ വിശ്വവ്യാപകമായി പ്രചാരം നേടുകയാണ്. യൂറോപ്പിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ക്രിക്കറ്റ് ചലനമുണ്ടാക്കിക്കഴിഞ്ഞു. പുതുതായി നാല്‍പ്പതോളം രാഷ്ട്രങ്ങളാണ് ക്രിക്കറ്റ് വേദിയിലെത്തിയിട്ടുള്ളത്. ക്രിക്കറ്റ് കൂടുതല്‍ മത്സരക്ഷമമാകാന്‍ ഈ വ്യാപനം ഉപകരിക്കും. പരമ്പരാഗത ശക്തിയെന്ന നിലയില്‍ ക്രിക്കറ്റിന്റെ ആഗോളമുന്നേറ്റങ്ങളുടെ സദ്ഫലങ്ങള്‍ ഭാരതത്തിനുമുണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാനാകും.