- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- മാര്‍ക്കോയ്ക്ക് ശിക്ഷ (കാത്തിരിപ്പ് 10)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
കുറേ നാള്‍ ചങ്ങലയില്‍ കിടന്നിട്ട് പെട്ടെന്നൊരു ദിവസം അതില്‍ നിന്നും രക്ഷപ്പെടുമ്പോഴുള്ള സുഖം അത് അനുഭവിച്ചു തന്നെ അറിയണം.
അരക്കൊമ്പനും പറഞ്ഞത് അതു തന്നെയാണല്ലോ?
മാര്‍ക്കോയ്ക്ക് എന്തു ശിക്ഷയാണ് കൊടുക്കേണ്ടതെന്ന ആലോചനയിലായിരുന്നു കുരങ്ങാട്ടി. ഏതായാലും ഉറക്കം പിടിക്കുന്നതിനു മുമ്പ് മാര്‍ക്കോയ്ക്കുള്ള ശിക്ഷ അയാള്‍ ഉറപ്പിച്ചിരുന്നു.
പിറ്റേന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് കുരങ്ങാട്ടി നല്‍കിയ ശിക്ഷ പരാജയപ്പെടുകയാണുണ്ടായത്.
അയാള്‍ മാര്‍ക്കോയെ ഒരു മരക്കൊമ്പില്‍ വാലില്‍ കെട്ടിത്തൂക്കി. തന്റെ വാല്‍ പറിഞ്ഞു പോകുന്നതുപോലെ തോന്നി മാര്‍ക്കോയ്ക്ക്. താഴെ ചെണ്ട ആഞ്ഞു കൊട്ടി കുരങ്ങാട്ടി ഉറക്കെ താളത്തില്‍ പാടി.
”ആടിക്കളിക്കടാ… കുഞ്ഞുമാര്‍ക്കോ… ചാടിക്കളിക്കടാ കുഞ്ഞുമാര്‍ക്കോ.
കാടുകയറണ കുഞ്ഞുമാര്‍ക്കോ.. ഇനി കാടുകേറണോ കുഞ്ഞുമാര്‍ക്കോ?”
വേദന സഹിക്കാന്‍ വയ്യാതെ മാര്‍ക്കോ മരക്കൊമ്പിലേക്കു മറിഞ്ഞു കയറി. അവന്‍ മരക്കൊമ്പില്‍ സുഖമായി ഇരുന്ന് താഴേക്കു നോക്കി കുരങ്ങാട്ടിയെ നോക്കി പല്ലിളിച്ചു.
അതു കണ്ട് കാഴ്ചക്കാരായി കൂടിയവര്‍ കുരങ്ങാട്ടിക്കു നേരെ കയര്‍ത്തു.
”ഇതൊന്തൊരു കുരങ്ങു കളിയാണ്? മരക്കൊമ്പില്‍ ഇരിക്കുന്ന ഒരു കുരങ്ങനെ കാണിച്ച് പൈസ ചോദിക്കുന്നോ?”
അയാള്‍ എല്ലാവരോടുമായി പറഞ്ഞു ”ആരും ഒരു നയാപ്പൈസാ പോലും കൊടുക്കരുത്… മേലനങ്ങാതെ ആരും ഒന്നും സമ്പാദിക്കരുത്… കുരങ്ങനാണെങ്കിലും…”
കുരങ്ങാട്ടി മുളങ്കമ്പു കൊണ്ട് മാര്‍ക്കോയെ കുത്തി താഴേക്കിട്ടു. അവന്‍ വീണ്ടും വാലില്‍ ആടി. പക്ഷേ വേദന സഹിക്കാന്‍ കഴിയാതെ അവന്‍ മരത്തിലേക്കു മറിഞ്ഞു കയറി.
”ഇതെന്തൊരു കുരങ്ങുകളി? എന്തൊരു കുരങ്ങന്‍..? പറഞ്ഞാല്‍ അനുസരിക്കാത്ത കുരങ്ങന്‍….”
മരക്കൊമ്പിലിരിക്കുന്ന കുരങ്ങനെ നോക്കി കുരങ്ങാട്ടി ചെണ്ടയില്‍ ആഞ്ഞടിച്ചു പറഞ്ഞു.
”മാര്‍ക്കോയുടെ പാതി അഭ്യാസമേ ആയുള്ളൂ. അടുത്ത പാതി ഇതാ തുടങ്ങുന്നു. കാത്തിരിക്കുക..”
മരക്കൊമ്പിലിരുന്ന മാര്‍ക്കോ ഞെട്ടി. അത് വളരെ ക്രൂരമായ എന്തെങ്കിലുമായിരിക്കുമെന്ന് മാര്‍ക്കോയ്ക്ക് അറിയാം. അവന്‍ താഴേയ്ക്കു നോക്കി. അപ്പോള്‍ തന്റെ ഭാണ്ഡത്തില്‍ ഒരു കല്ലുമായി കുരങ്ങാട്ടി മരം കയറാന്‍ തുടങ്ങുന്നത് അവന്‍ കണ്ടു. താഴെ നിന്ന് ആളുകള്‍ കൈയടിച്ചു.
മരക്കൊമ്പിലിരുന്ന് കുരങ്ങാട്ടി മാര്‍ക്കോയെ ചേര്‍ത്തു പിടിച്ച് ഭാണ്ഡം കല്ലോടു കൂടി അവന്റെ കൈകളില്‍ കെട്ടിവെച്ച് താഴേക്കിറങ്ങി.
അയാള്‍ ചെണ്ടയില്‍ ആഞ്ഞു വീക്കി.. അയാളുടെ കൊമ്പന്‍ മീശ വിറച്ചു. അയാള്‍ താളത്തില്‍ പറഞ്ഞു.
”താഴേക്ക് ചാടെന്റെ പൊന്നു മാര്‍ക്കോ…. എന്നിട്ട് പഠിച്ച പുത്തന്‍ പാഠങ്ങളെല്ലാം കാണിക്ക് മാര്‍ക്കോ….”
മാര്‍ക്കോ മരത്തില്‍ മുറുകെ പിടിച്ചിരിക്കാന്‍ ശ്രമം നടത്തി. ഇനി താഴേക്ക് ചാടിയാല്‍ എന്താണുണ്ടാകുന്നതെന്ന് അവനറിയാം. വാലില്‍ കെട്ടിത്തൂങ്ങി കൈകളില്‍ കെട്ടിയിട്ട ഭാരവുമായി കിടക്കണം.. വാലറ്റു പോകുമെന്നുറപ്പാണ്. വാലുമാത്രമല്ല ശരീരം മുഴുവന്‍ വലിഞ്ഞു മുറുകും… മരക്കൊമ്പിലേക്ക് കുതിച്ചു കയറാന്‍ പറ്റില്ലെന്നുറപ്പാണ്. ജീവന്‍ പിടയും… വാലറ്റ് താന്‍ താഴേക്കു പതിക്കും.
മരക്കൊമ്പിലിരുന്ന ഭാരത്തെ അവന്‍ നോക്കി. ചിലപ്പോള്‍ ഭാരം കൊണ്ട് കൈ പറിഞ്ഞു പോകാനും മതി.
വീണ്ടും ചെണ്ടയില്‍ ആഞ്ഞടിച്ച് കുരങ്ങാട്ടി അലറും പോലെ പറഞ്ഞു.
താഴോട്ടു ചാടടാ കുഞ്ഞു മാര്‍ക്കോ
മേലേക്കു ചാടടാ… മാര്‍ക്കോ കുഞ്ഞേ…
ആളുകള്‍ നിര്‍ത്താതെ കൈയടിച്ചു. പക്ഷെ മാര്‍ക്കോ അനങ്ങാതെ ശ്വാസം പിടിച്ചിരുന്നു.
മാര്‍ക്കോ താഴേക്കു ചാടുന്നില്ലെന്നു കണ്ട് കുരങ്ങാട്ടി ചെണ്ടയോടെ എഴുന്നേറ്റു. ഒരു കൈ കൊണ്ട് ചെണ്ടയടിച്ച് മറുകൈയില്‍ മുളങ്കമ്പ് ഉയര്‍ത്തി അയാള്‍ മാര്‍ക്കോയെ കുത്തി. ഒന്നു രണ്ടു കുത്തുകള്‍ സഹിക്കാനേ അവനു കഴിഞ്ഞൊള്ളു.
അടുത്ത കുത്തില്‍ അവന്‍ താഴേക്കു പതിച്ചു. മാര്‍ക്കോ വേദനസഹിക്കാനാവാതെ അലറി വിളിച്ചു. ഒരു ശബ്ദം പോലും പുറത്തേക്കു വന്നില്ല. അവന്റെ ശരീരം മുഴുവനും ഭാരത്താല്‍ വലിഞ്ഞു മുറുകി നിശ്ശബ്ദമായി പോയി. ഒന്നു പിടയാന്‍ പോലും കഴിഞ്ഞില്ല മാര്‍ക്കോയ്ക്ക്.
താഴെ നിന്നും കുരങ്ങാട്ടി കല്‍പ്പന പോലെ പറഞ്ഞു.
അനങ്ങാതെ ചത്തതു പോലെ കിടക്ക് മാര്‍ക്കോ… ശ്വാസം പിടിച്ചു കിടക്ക് മാര്‍ക്കോ..
മാര്‍ക്കോയിലെ ഒരു ചെറിയ ചലനം പോലും നിന്നു. അവന്‍ അനക്കമറ്റ് കിടന്നു. ആള്‍ക്കൂട്ടം കൈയടിച്ചു.
അതെല്ലാം അവന്റെ അനുസരണയായേ എല്ലാവരും കരുതിയുള്ളു.
കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും പെട്ടെന്ന് ഒരു വലിയ കരച്ചില്‍ കേട്ടു..
അതിനു മേലെ ചെണ്ടയുടെ ശബ്ദം ഉയര്‍ന്നു.
പെട്ടെന്ന് കുരങ്ങാട്ടിയുടെ കൈയില്‍ നിന്നു ചെണ്ട ദൂരേക്കു തെറിച്ചു പോയി. അയാളുടെ തലേക്കെട്ടഴിഞ്ഞു. അയാളുടെ ഭാണ്ഡത്തില്‍ നിന്നും ചൂരല്‍ വലിച്ചൂരി അയാളെ തല്ലി. കുരങ്ങാട്ടിയെ തല്ലിയ കുട്ടിയെ എല്ലാവരും കൂടി പിടിച്ചു മാറ്റി.
കുട്ടി കരഞ്ഞു കൊണ്ട് അവിടം വിട്ടു.
(തുടരും)