ഭാരതീയനാരിയുടെ ധൈര്യവും ദേശസ്‌നേഹവും ലോകത്തിനു ബോധ്യപ്പെടുത്തിയ നാലു വീരാംഗനകള്‍ – സുല്‍ത്താനാ റസിയ (1205 – 1240), റാണി രുദ്രമ്മാ ദേവി (1253-1289), കിട്ടൂര്‍ റാണി ചെന്നമ്മ (1778-1818), റാണി ലക്ഷ്മിബായ് (1828-1857). രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം ഇന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ‘ഫെമിനിസ’ത്തിന്റെ (സ്ത്രീ സമത്വവാദം) മൂര്‍ത്തിമദ് രൂപങ്ങളായിരുന്നു ഇവര്‍; നാലു വ്യത്യസ്ത കാലഘട്ടങ്ങളിലായി, വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍ സ്ത്രീ സങ്കല്‍പങ്ങളുടെ ആകെത്തുകയുമായിരുന്നു.
രാജ്യത്തിനുവേണ്ടി പോരാടി, വീരമൃത്യു വരിച്ച് ചരിത്രത്തില്‍ ഒരിടം കണ്ടെത്തിയ ഈ നാലുപേരും ക്ലാസിക് കലാരൂപങ്ങളായ കഥക്കിലൂടെയും ഭരതനാട്യത്തിലൂടെയും പുനര്‍ജനിക്കുകയാണ് – റസിയ കഥക്കിലൂടെയും മറ്റു മൂന്നുപേരും ഭരതനാട്യത്തിലൂടെയും.
പ്രശസ്ത കലാനിരൂപകയും സംഘാടകയുമായ ഉഷ ആര്‍.കെ. ആണ് നാലു രാജ്ഞിമാരുടെ കഥ പറയുന്ന നൃത്തരൂപങ്ങളുടെ ശില്‍പി.
***
ഭരതനാട്യം പഠിക്കാനായിരുന്നു ഉഷയ്ക്ക് ചെറുപ്പത്തില്‍ താല്‍പര്യം. മൂത്ത സഹോദരി അത് അഭ്യസിക്കുന്നതിനാല്‍ ഇളയവള്‍ ശാസ്ത്രീയ സംഗീതം പഠിച്ചാല്‍ മതിയെന്ന് മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. ഉഷ അതു രണ്ടും ആയില്ല.
ഉഷയ്ക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ കുടുംബം മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് താമസം മാറ്റി. അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. രുഗ്മിണി ദേവി അരുന്ധേല്‍ ചെന്നൈയില്‍ ആരംഭിച്ച ‘കലാക്ഷേത്ര’യുമായി കൂടുതല്‍ ബന്ധപ്പെടാന്‍ അവസരം ലഭിച്ചത് അപ്പോഴാണ്. അതിന്റെ ഫലമായി നാട്യശാസ്ത്രപഠനത്തോടായി ഉഷയുടെ ആഭിമുഖ്യം. മാതാപിതാക്കള്‍ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നൃത്തനിരൂപങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഉഷയെ സംഘാടകയുടെ ‘റോളി’ലേക്കു മാറ്റിയത് ഒരു സുഹൃത്താണ്. എഴുപതുകളിലായിരുന്നു അത്. ഒരു ഭരതനാട്യം പരിപാടി സംഘടിപ്പിച്ചുതരാന്‍ സുഹൃത്ത് ആവശ്യപ്പെടുകയായിരുന്നു. നാല്‍പതുകൊല്ലം മുമ്പാണ് അത്. ഇത്രയും കാലം കൊണ്ട്, പുരുഷാധിപത്യമുള്ള ഒരു ലോകത്തില്‍, മികച്ച സംഘാടക എന്ന പേരു നേടിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
***
സാങ്കേതികരംഗത്തുള്ള മുന്നേറ്റങ്ങളില്‍ സംതൃപ്തയാണെങ്കിലും, കാലപ്രവാഹത്തില്‍ കലാകാരന്മാരുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളില്‍ അസ്വസ്ഥയാണ് ഉഷ.
”പണ്ടുകാലത്ത് നര്‍ത്തകരും ഗായകരും എല്ലാം വിനയാന്വിതരും അദ്ധ്വാനശീലരും പ്രതിബദ്ധതയുള്ളവരും ആയിരുന്നു” ഉഷ ചൂണ്ടിക്കാട്ടുന്നു. ”കലാപരിപാടികളില്‍ വേണ്ടത്ര തയ്യാറെടുപ്പുകളോടുകൂടിയേ അവര്‍ പങ്കെടുത്തിരുന്നുള്ളു. ഈയിടെ തനിക്ക് ഇങ്ങിനെയൊരു അനുഭവമുണ്ടായി. നര്‍ത്തകരിലൊരാള്‍ ഒരു പരിപാടിക്ക് ഇടയ്ക്ക് പിന്നണിയിലേക്കു പോയിട്ട് ഏതാനും ഫോണ്‍കാളുകള്‍ ചെയ്ത് തിരിച്ചുവന്ന് ആ പരിപാടി തുടര്‍ന്നു… ഇന്ന് രംഗവേദിയെക്കാള്‍ അവര്‍ മുന്‍ഗണന നല്‍കുന്നത് വാട്ട്‌സ് ആപ്പുകള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കുമാണ്… മുമ്പുള്ളവര്‍ പാട്ടില്‍ അല്ലെങ്കില്‍ നൃത്തത്തില്‍ മാത്രമേ താല്‍പര്യമെടുത്തിരുന്നുള്ളു; നല്ല പോലെ പാടന്‍ കഴിയുന്നതുകൊണ്ടുമാത്രം അവര്‍ സംതൃപ്തരായിരുന്നു. ഇന്ന് അങ്ങിനെയല്ല!…”
***
‘വീരബാല’ എന്നു പേരു നല്‍കപ്പെട്ടിട്ടുള്ള ഈ നൃത്തവിരുന്നില്‍ അംഗീകരിക്കപ്പെട്ട നാലു നര്‍ത്തകികള്‍ പങ്കെടുക്കുന്നു. വിധാ ലാലിന്റേയാണ് കഥക് (റസിയ). റാണി ചെന്നമ്മയെ ശിവരഞ്ജിനി ഹരീഷ് അവതരിപ്പിക്കുന്നു. ‘പെരിനി ശിവതാണ്ഡവം’ എന്ന പേരുള്ള, ആന്ധ്രാപ്രദേശിലെ ഒരു പൗരാണിക നൃത്തരൂപത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിട്ടുള്ള രുദ്രമ്മാ ദേവിയായി ദക്ഷിണ വരുന്നു; ലക്ഷ്മിബായി ആയി പൂര്‍ണ ആചാര്യയും.
ഡോ. വാസുദേവന്‍ (വായ്പാട്ട്), സുമോദ് ശ്രീധരന്‍ (മൃദംഗം), രഘുനന്ദന്‍ (ഫ്‌ളൂട്ട്), രമ്യജാനകിരാം, ഗിമാന്‍ഷു ശ്രീവാസ്തവ (നട്ടുവംഗം) തുടങ്ങിയവര്‍ ഭരതനാട്യത്തിന്റെയും അഭിമന്യു ലാല്‍, പവിത്ര ചാരി (വായ്പ്പാട്ട്), നസീര്‍ ഖാന്‍ (സാരംഗി), സുഗേബ് (തബല) സല്‍മാന്‍ മാര്‍സി (പഖാവജ്) മുതലായവര്‍ കഥക്കിന്റെയും പിന്നണിയില്‍ വരുന്നു.