ലോകസമാധാനത്തിന് ഭീഷണിയാകുന്ന കാലഹരണപ്പെട്ട ചില മത വിശ്വാസങ്ങളാണ് പശ്ചിമേഷ്യയിലെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്ക് കാരണം. യഹൂദര്‍ കൊല്ലപ്പെടേണ്ടവരാണെന്ന പ്രാകൃത മത വിശ്വാസമാണ് ഇറാനെക്കൊണ്ട് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യിക്കുന്നത്. കാലങ്ങളായുള്ള മത അസഹിഷ്ണുതയ്ക്ക് ലോകം വില കൊടുക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. ഇസ്രായേലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതികള്‍ എന്നിങ്ങനെയുള്ള ഭീകര സംഘടനകളുടെയെല്ലാം പിന്നില്‍ ഇറാനടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളുടെ ജൂത വിരോധമാണുള്ളത്. പലവട്ടം തിരിച്ചടികള്‍ കിട്ടിയിട്ടും പാഠം പഠിക്കാത്ത ഇസ്ലാമിക മത സാമ്രാജ്യത്വമോഹികള്‍ ഇസ്രായേലിന്റെ കൈയില്‍ നിന്ന് പതിവുപോലെ അടി ഇരന്നു വാങ്ങുകയാണ്. യഹൂദരെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുക എന്ന നബിയുടെ മോഹമാണ് ഇന്നും ഇസ്ലാമിക ഭീകരവാദികളെക്കൊണ്ട് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യിക്കുന്നത്. നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം നിരവധിജീവന്‍ നഷ്ടപ്പെടുത്താമെന്നല്ലാതെ ഇസ്ലാമിക മത സാമ്രാജ്യത്വമോഹികള്‍ക്ക് യാതൊരു നേട്ടവുമുണ്ടാകാന്‍ പോകുന്നില്ല. ഇതിനോടകം ഗാസയില്‍ മാത്രം അരലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഏതാണ്ടെല്ലാ നേതാക്കളെയും തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യത്തിനു കഴിഞ്ഞിട്ടുണ്ട്. ബുദ്ധിയും തന്ത്രവും സാങ്കേതിക മേന്മയുമുള്ള ഇസ്രായേല്‍ സൈന്യത്തോട് പെട്രോ ഡോളറിന്റെ തിണ്ണമിടുക്കു കൊണ്ട് ജയിക്കാനാവില്ല എന്ന സത്യം ഇനിയെങ്കിലും അറബ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ലോക സമാധാനത്തിന് അത് മുതല്‍ക്കൂട്ടായേനെ. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിന്റെ അതിര്‍ത്തി ഭേദിച്ചെത്തി കടന്നു കയറി നടത്തിയ ഭീകരാക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
തങ്ങളുടെ ഭീകര സംഘടനാ നേതാക്കളെ ഒന്നൊന്നായി ഇസ്രായേല്‍ കൊന്നു തള്ളുകയും തങ്ങള്‍ക്കുവേണ്ടി നിഴല്‍ യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങളെ കടന്നാക്രമിച്ച് ഇസ്രായേല്‍ തിരിച്ചടി ശക്തിപ്പെടുത്തുകയും ചെയ്തതോടെ പിന്നണിയില്‍ നിന്ന് കളിച്ചിരുന്ന ഇറാന് മുന്നണിയിലേക്ക് വരാതെ വയ്യെന്നായിരിക്കുകയാണ്. അവര്‍ ഇസ്രായലിലേക്ക് ഇരുനൂറോളം ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതോടെ യുദ്ധം ഇസ്രായേലും ഇറാനും നേരിട്ടായിരിക്കുകയാണ്. ഇങ്ങനെ ഒരവസരത്തിനാണ് ഇസ്രായേല്‍ കാത്തിരുന്നതെന്നു വേണം അനുമാനിക്കാന്‍. അവര്‍ തിരിച്ചടി ആരംഭിച്ചാല്‍ ഇറാന് താങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇറാനെ സഹായിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ റഷ്യയ്ക്ക് പരിമിതികളുണ്ട്. മാത്രമല്ല അവര്‍ ഉക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങി കിടക്കുകയുമാണ്. ഇറാനെപ്പോലെ പെട്രോളിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരു രാഷ്ട്രത്തിന് എണ്ണക്കിണറുകളിലേക്ക് തീ പടര്‍ന്നാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അവരുടെ ആണവ നിലയങ്ങള്‍ ഇസ്രായേല്‍ ദൃഷ്ടിയില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്തുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. ഇറാനെ അപേക്ഷിച്ച് താരതമ്യേന ചെറിയ രാജ്യമാണ് ഇസ്രായേല്‍ എങ്കിലും അവരുടെ പ്രഹരശേഷി ഇറാനെക്കാള്‍ പതിന്‍മടങ്ങാണ്. പോരാത്തതിന് പശ്ചിമേഷ്യയില്‍ അമേരിക്കയുടെ കണ്ണിലെ കരടായി നില്‍ക്കുന്ന ഇറാനെ പാഠം പഠിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കുമെന്നും കരുതാന്‍ വയ്യ. സൈനികരുടെ എണ്ണം കൊണ്ടും ആയുധങ്ങളുടെ എണ്ണത്തിലും ഇസ്രായേലിനെക്കാള്‍ മുമ്പിലാണ് ഇറാനെങ്കിലും ഇസ്രായേലിന്റെ സാങ്കേതിക മികവുള്ള ആയുധങ്ങള്‍ക്കു മുന്നില്‍ ഇറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പൂര്‍ണ്ണതോതില്‍ ഒരു തുറന്ന യുദ്ധത്തിലേക്ക് പോയാല്‍ പശ്ചിമേഷ്യയില്‍ ഇറാനുണ്ടായിരുന്ന ഇപ്പോഴത്തെ സ്ഥാനം കൂടി നഷ്ടമാകാനാണ് സാധ്യത. ഇറാനയച്ച നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനം എങ്ങിനെയാണ് നേരിട്ടതെന്ന് ലോകം അടുത്തിടെ കണ്ടതാണ്. ഇറാന്റെ പ്രതിരോധ വിദഗ്ദ്ധരെയും ആണവ ശാസ്ത്രജ്ഞന്മാരെയുമൊക്കെ തിരഞ്ഞുപിടിച്ച് കൊല്ലുവാന്‍ പ്രാപ്തിയുള്ള മൊസാദ് എന്ന ചാരസംഘടന ഇറാന്റെ എല്ലാ വിന്യാസങ്ങളെയും ഇതിനോടകം ഇസ്രായേലിന്റെ വാര്‍ റൂമില്‍ എത്തിച്ചിട്ടുണ്ടാവും.
ഇസ്രായേലിനെതിരെ മുഴുവന്‍ മുസ്ലീം രാഷ്ട്രങ്ങളോടും അണിനിരക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ ഇറാന്റെ താത്പര്യം എന്ത് എന്ന് ആയത്തുള്ള ഖൊമേനി വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ മിക്ക മുസ്ലീം രാഷ്ട്രങ്ങളും ഇത് കേട്ടതായി പോലും നടിച്ചിട്ടില്ല. മുന്‍ അനുഭവങ്ങള്‍ അവര്‍ക്ക് നല്‍കുന്ന കയ്‌പേറിയ ഓര്‍മ്മകളാവണം ഇത്തരമൊരു നിലപാടിന് പിന്നില്‍. ഇസ്രായേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല എന്ന ആയത്തുള്ള ഖൊമേനിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ അന്തിമ സ്വപ്‌നമായി മാറാനാണ് സാധ്യത. സൗദി അറേബ്യ അടക്കമുള്ള പല മുസ്ലീം രാഷ്ട്രങ്ങളുമായും ഇസ്രായേല്‍ നല്ല ബന്ധം വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മതഭീകരവാദം വിറ്റ് ഉപജീവനം നടത്തുന്ന ഒരു പറ്റം ക്ഷുദ്രശക്തികള്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നില്ല. അവരാണ് വീണ്ടും ഇസ്രായേലുമായി പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത് ലോകസമാധാനത്തിന് ഭീഷണിയാകുന്ന യുദ്ധമായി വളരാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.