ഇസ്ലാമിക സമൂഹത്തെ ഇരകളായി ചിത്രീകരിച്ചും അവരില്‍ മതപരമായ അരക്ഷിതബോധം വളര്‍ത്തിയെടുത്തുമാണ് ഭാരതത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം അതിന്റെ വേരുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ഇരവാദത്തിന് പിന്തുണ നല്‍കി മുസ്‌ലിങ്ങളുടെ രക്ഷകരായി നടിച്ച് സമുദായ വോട്ടുകള്‍ പെട്ടിയിലാക്കുകയെന്ന രാഷ്ട്രീയ അടവുനയമാണ് ഇടതുപക്ഷപ്പാര്‍ട്ടികള്‍ ഏറെക്കാലമായി സ്വീകരിച്ചു വരുന്നത്. അതിനുവേണ്ടി അവര്‍ പാലൂട്ടി വളര്‍ത്തിയ പൊളിറ്റിക്കല്‍ ഇസ്ലാമെന്ന വിഷസര്‍പ്പം ഇപ്പോള്‍ ഇടതുപക്ഷത്തെ തന്നെ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിരിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടതുപക്ഷ എംഎല്‍എ പി.വി. അന്‍വര്‍ ആഭ്യന്തരവകുപ്പിനെതിരെയും അതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. കേരള പോലീസ് സമ്പൂര്‍ണ പരാജയമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും അഴിമതിക്കാരാണെന്നും ആവര്‍ത്തിച്ച് ആരോപിക്കുകവഴി മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടിയെയും അന്‍വര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി. അതോടൊപ്പം, ആര്‍എസ്എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും തൃശ്ശൂര്‍ പൂരം അലങ്കോലപ്പടുത്തിയതില്‍ എഡിജിപിക്ക് പങ്കുണ്ടെന്നുമൊക്കെ നിലമ്പൂര്‍ എംഎല്‍എ പ്രഖ്യാപിച്ചു. രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ഒടുവില്‍ അന്‍വര്‍ ഇടതുപക്ഷ ഇടത്താവളം വിട്ട് പുറത്തേക്ക് പോയിരിക്കുന്നു.
കേരള പോലീസ് ന്യൂനപക്ഷവേട്ട നടത്തുന്നുവെന്നത് നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ വളരെക്കാലമായുള്ള ആരോപണമാണ്. ഇതുതന്നെയാണ് അന്‍വറും പ്രധാനമായി ഉന്നയിച്ചിരിക്കുന്ന വാദം. സമൂഹത്തില്‍ ആര്‍എസ്എസ് വിരുദ്ധത പടര്‍ത്തുന്നതും ന്യൂനപക്ഷ സംരക്ഷണത്തിന്റെ മുദ്രാവാക്യം മുഴക്കുന്നതുമൊക്കെ ഇസ്ലാമിസ്റ്റുകളുടെ പൊതുരീതിയാണ്. അതിനപ്പുറം, സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസുകാരനാണെന്ന് പോലും ആരോപിച്ച അന്‍വര്‍, താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ താഴെ വീഴുമെന്നു വരെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയുണ്ടായി. താനൊരു മുസ്‌ലിം ആയതും അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്നു പറഞ്ഞതുമാണ് പ്രശ്‌നമെന്നും ചൂണ്ടിക്കാട്ടിയ അന്‍വര്‍ സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണമെന്നും കൂടി ആവശ്യപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നത് ഒഴിവാക്കണമെന്നതും പ്രാര്‍ത്ഥന ചൊല്ലാന്‍ പാടില്ലെന്നതുമൊക്കെ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിന്റെ രാഷ്ട്രീയ ഫത്വകളാണെന്ന് ആര്‍ക്കാണറിയാത്തത്. മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഒരു നിയമസഭാ സാമാജികന്‍ പരസ്യമായി പ്രഖ്യാപിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായേ കാണാന്‍ കഴിയൂ.
പതിറ്റാണ്ടുകളായി ഇസ്ലാമിസ്റ്റുകളെ ഇടതുപക്ഷത്തേക്ക് ആനയിക്കാന്‍ ആശയപരവും സംഘടനാപരവുമായ അരങ്ങൊരുക്കാനുള്ള പരിശ്രമത്തിലായിരുന്നു സിപിഎം. അറുപതുകളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ല രൂപീകരിക്കണമെന്ന മുസ്‌ലിം മതമൗലികവാദികളുടെ ആവശ്യത്തിന് സിപിഎം അംഗീകാരം നല്‍കി. സ്വത്വരാഷ്ട്രീയത്തിന്റെ ഒളിയജണ്ടകളുമായി കമ്മ്യൂണിസ്റ്റ് കൂടാരത്തിലേക്ക് വേഷപ്രച്ഛന്നരായെത്തിയ ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളെ പാര്‍ട്ടി പരവതാനി വിരിച്ചു സ്വീകരിച്ചു. അവര്‍ക്ക് വേദിയും വേതനവും ഒരുക്കിക്കൊടുത്തു. ഇടതുപക്ഷ ഇടത്താവളത്തിന്റെ മറവിലിരുന്നുകൊണ്ട് മുസ്‌ലിം മതഭീകരവാദികളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് അവര്‍ പ്രബന്ധങ്ങള്‍ ചമച്ചു. മുസ്‌ലിങ്ങളെ ഇരകളായി ചിത്രീകരിച്ചുകൊണ്ട് പുതിയ മതമാനിഫെസ്റ്റോകള്‍ രചിച്ചു. 1921 ല്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മതഭ്രാന്തനായ വാരിയംകുന്നനെ ‘തക്ബീര്‍ മുഴക്കിയ മലയാളി ചെഗുവേര’യായി വരെ വിശേഷിപ്പിച്ചു. മാപ്പിള കലാപത്തില്‍ കൊലചെയ്യപ്പെട്ട ഹിന്ദുക്കളുടെ കബന്ധങ്ങള്‍ക്കുമേല്‍ അവരുടെ കൊലയാളികളുടെ പേരില്‍ സ്വാതന്ത്ര്യസമര സ്മാരകങ്ങള്‍ പണിതുയര്‍ത്തി. ശരീയത്തിനെയും മുത്തലാഖിനെയും പാര്‍ട്ടി അനുകൂലിച്ചു. പൗരത്വഭേദഗതി ബില്ലിനെയും രാമക്ഷേത്ര നിര്‍മ്മാണത്തെയും എതിര്‍ത്തു. ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയെ മഹാത്മാഗാന്ധിയോട് ഉപമിക്കാന്‍ മാര്‍ക്‌സിസ്റ്റ് മൗലവിമാര്‍ പരസ്പരം മത്സരിച്ചു. ഹിന്ദുത്വവുമായി സമ്പൂര്‍ണ്ണ യുദ്ധമാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാം ഉന്നയിക്കുന്ന വിഷയങ്ങള്‍ ന്യായമാണെന്നും അവ നാം ഏറ്റെടുക്കേണ്ടതുണ്ടെന്നും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ വിളംബരഘോഷം മുഴക്കി. അങ്ങനെ ഇസ്ലാമിസ്റ്റുകളുടെ സുരക്ഷിതമായ അഭയകേന്ദ്രമായി ഇടതുപക്ഷം മാറി.
ഇപ്പോള്‍, സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പി.വി. അന്‍വറിനെതിരെ സിപിഎമ്മിന്റെ മുന്‍നിര നേതാക്കളെല്ലാം രംഗത്തു വന്നപ്പോഴും മുന്‍ ഇടതുപക്ഷ എംഎല്‍എ കൂടിയായ പഴയ സിമി നേതാവ്, നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്നോട്ടു വരികയാണ്. ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന പേരില്‍ പുസ്തകമെഴുതിയതും, മുന്‍പ് കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും പരാമര്‍ശിച്ചുകൊണ്ട് പാകിസ്ഥാന്‍ വാദങ്ങള്‍ക്ക് പിന്തുണ നല്‍കിയതും ഇതേ നേതാവായിരുന്നു. നിരോധത്തിന് തൊട്ടു മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയപ്പോള്‍ അതിനെ ‘ഏകപക്ഷീയം’ എന്ന് വിലയിരുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകലോകസഭാംഗമായിരുന്നു. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ പത്തനംതിട്ടയില്‍ മുന്‍ എസ്ഡിപിഐ നേതാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നു. ഇപ്പോള്‍ പോലീസിന്റെ പരാജയത്തെക്കുറിച്ച് വാചാലനാകുന്ന പി.വി. അന്‍വര്‍ എന്തുകൊണ്ടാണ് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ കാര്യം ആഭ്യന്തര വകുപ്പിന്റെ പരാജയമായി കണക്കിലെടുക്കാത്തത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്തും കള്ളക്കടത്തും വ്യാപകമായി നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ഒളിയജണ്ടകള്‍ വ്യക്തമാവുന്നുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിവാദങ്ങളെല്ലാം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിനുമേല്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. ഇടതുപക്ഷ കൂടാരം വിട്ടശേഷവും പാര്‍ട്ടി അണികളെ സ്വാധീനിക്കുന്ന തരത്തില്‍ പി.വി. അന്‍വര്‍ നിലപാട് പ്രഖ്യാപിക്കുന്നത് മലബാറില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന് പുതിയ വേരുകള്‍ സൃഷ്ടിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷം ഇസ്ലാമിസ്റ്റുകളുടെ കേവലമായ ഇടത്താവളം മാത്രമാണെന്ന വസ്തുത ഒരിക്കല്‍കൂടി തിരിച്ചറിയാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ലഭിച്ചിരിക്കുന്ന ഒരു അസുലഭ അവസരം കൂടിയാണിത്.