പെട്ടെന്നൊരു കുരങ്ങന്‍ മരമുകളിലേക്കു കയറി ഉച്ചത്തില്‍ ബഹളം വെച്ചു. അവന്‍ കൂടുതല്‍ കുരങ്ങന്മാരെ വിളിച്ചുകൂട്ടുകയാണെന്ന് മാര്‍ക്കോയ്ക്ക് മനസ്സിലായി. അകലെ മരങ്ങളിലെ ഇലച്ചാര്‍ത്തുകള്‍ ഉലയുന്നതു കണ്ടു.
കൂടുതല്‍ കുരങ്ങന്മാര്‍ എത്തുന്നത് അറിഞ്ഞു. വല്ലപാടും അവിടെ നിന്നും രക്ഷപ്പെടുന്നതാണ് നല്ലത്. മരത്തിലേക്ക് പാഞ്ഞു കയറി. അപ്പോഴേക്കും മാര്‍ക്കോയുടെ ചുറ്റും ഒരു സൈന്യം പോലെ കുരങ്ങിന്‍ കൂട്ടം വളഞ്ഞു.
പുറം തിരിഞ്ഞ് ഓടാനൊരുങ്ങിയ മാര്‍ക്കോ ഞടുങ്ങി.
തെല്ലു ദൂരെ തന്നെ നോക്കി നില്‍ക്കുന്ന മീശക്കാരന്‍ കുരങ്ങാട്ടിയെ അവന്‍ കണ്ടു.
”ആ മീശക്കാരനാണോ നീ പറഞ്ഞ കുരങ്ങാട്ടി?” പ്രായം കൂടിയ കുരങ്ങന്‍ ചോദിച്ചു.
കുരങ്ങിന്‍ കൂട്ടത്തിനിടയിലൂടെ ഓടി മരം കയറാന്‍ ശ്രമിച്ച മാര്‍ക്കോയെ മറ്റു കുരങ്ങന്മാര്‍ തടഞ്ഞു.
മാര്‍ക്കോ വീണ്ടും കമ്പു കൈയിലെടുത്തു. എണ്ണം കൂടിയപ്പോള്‍ അവര്‍ക്ക് ഭയം കുറഞ്ഞു.
പ്രായം കൂടിയ കുരങ്ങന്‍ പറഞ്ഞു. ഒരു കല്‍പ്പന പോലെ. ”അവനെ എങ്ങനേയും ഇവിടെ നിന്നും ഒഴിവാക്കണം. അവനെ പിടിക്കാന്‍ നമുക്ക് കുരങ്ങാട്ടിയെ സഹായിക്കാം..”
മാര്‍ക്കോ പറഞ്ഞു. ”ചിലപ്പോള്‍ അയാള്‍ എന്നെ ഉപേക്ഷിച്ചേക്കും. നിങ്ങളില്‍ ആരെയെങ്കിലും അയാള്‍ പിടിച്ചു കൊണ്ടുപോയെന്നുമിരിക്കും. ഏതെങ്കിലുമൊരു കുട്ടിക്കുരങ്ങനെ…”
മീശക്കാരന്‍ കുരങ്ങാട്ടി നടന്നടുക്കുന്നു.
”മാര്‍ക്കോ….” അയാള്‍ സ്‌നേഹത്തോടെ വിളിച്ചു. ”വാ മോനേ… ഇറങ്ങി വാടാ മോനേ..”
മാര്‍ക്കോ അവിടെ നിന്നും തൊട്ടടുത്ത മരത്തിലേക്ക് ചാടി. മരത്തിന്റെ ഉയരത്തിലേക്ക് പാഞ്ഞു കയറി. പുറകെ മറ്റു കുരങ്ങന്മാരും. മാര്‍ക്കോ മരക്കൊമ്പിലിരുന്ന് താഴെ നില്‍ക്കുന്ന കുരങ്ങാട്ടിക്കു നേരേ ചീറി. മരക്കൊമ്പ് പിടിച്ചുലച്ചു. കായ പറിച്ച് അയാള്‍ക്കു നേരെ എറിഞ്ഞു.
ആ നേരം മാര്‍ക്കോ ഒട്ടും പ്രതീക്ഷിക്കാതെ രണ്ടു കുരങ്ങന്മാര്‍ ചേര്‍ന്ന് മാര്‍ക്കോയെ താഴേക്കു തള്ളിയിട്ടു. വീഴ്ചക്കിടയില്‍ ഒരു ശിഖരത്തിലും പിടികിട്ടിയില്ല. മാര്‍ക്കോ തറയിലേക്കു വീഴേണ്ട താമസം കുരങ്ങാട്ടി തന്റെ കൈയിലിരുന്ന വല മാര്‍ക്കോയുടെ നേരേ വീശി എറിഞ്ഞു.
മാര്‍ക്കോ കുരങ്ങാട്ടിയുടെ വലയില്‍ കുരുങ്ങിയതാണ്. പക്ഷെ ഒരു തിരിമറിച്ചിലില്‍ അവന്‍ അയാളുടെ വലയില്‍ നിന്നു രക്ഷപ്പെട്ട് പെട്ടൊന്നൊരു മരത്തിലേക്ക് പാഞ്ഞു കയറി. പിന്നെ മരം മാറി മാറി അവന്‍ വേഗത്തില്‍ മറഞ്ഞു.
ഉലയുന്ന മരത്തലപ്പുകള്‍ നോക്കി കുരങ്ങാട്ടിയും ഓടാന്‍ തുടങ്ങി.
മാര്‍ക്കോ തന്റെ വലയില്‍ പെടുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ട്.
കാട്ടില്‍ നിന്നും നാട്ടിലെത്തുവോളം മാര്‍ക്കോയ്ക്ക് എന്തു ശിക്ഷകൊടുക്കണം എന്ന ചിന്തയിലായിരുന്നു കുരങ്ങാട്ടി. ഇനി ഒരിക്കലും അവന്‍ കാടുകയറരുത്. ശരീരത്തിനു വല്ലാതെ കോട്ടം വരുന്നതൊന്നും ചെയ്യാന്‍ പാടില്ല. വല്ല തകരാറും വന്നാല്‍ അവന് പിന്നെയൊന്നും ചെയ്യാന്‍ കഴിയാതാകും. താന്‍ പട്ടിണിയിലാകും. ഇനി കാടുകയറാന്‍ ഭയപ്പെടുന്നതു പോലൊരു ശിക്ഷ. അതാണു വേണ്ടത്.
ഒടുവില്‍ അയാളൊരു തീരുമാനമെടുത്തു. അവന്റെ വാല്‍ മുറിച്ചു കളയുക തന്നെ. പക്ഷേ അതയാള്‍ പെട്ടെന്നു തന്നെ വേണ്ടെന്നു വെച്ചു. ഒരുപക്ഷേ മാര്‍ക്കോയുടെ മുഴുവന്‍ ഭംഗിയും ശക്തിയും അവന്റെ വാലിലാണെന്നു തോന്നി. അവന്‍ വാലില്‍ ചുറ്റിയാടുമ്പോഴാണ് ഏറ്റവും കൂടുതല്‍ കൈയടി കിട്ടുന്നത്. അവന്റെ ഏറ്റവും മികച്ച ഐറ്റം അതാണ്. അതുകൊണ്ട് വാല്‍ മുറിച്ചുകളയേണ്ട.
തിരിച്ചെത്തിയപ്പോഴേക്കും നേരം സന്ധ്യയായി. അയാള്‍ വലയോടു കൂടി തന്നെ മാര്‍ക്കോയെ ഒരു മരക്കൊമ്പില്‍ കെട്ടിത്തൂക്കി അതിനു താഴെ കിടന്നുറങ്ങി. അയാള്‍ ഉറങ്ങിയിട്ട് കുറച്ചു ദിവസമായിരുന്നു. സുഖമായി ഒന്നുറങ്ങിക്കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കാം.
വലയില്‍ മാര്‍ക്കോ തളര്‍ന്നു കിടന്നു. അവന് നല്ല ക്ഷീണമുണ്ടായിരുന്നു. ഇനി വരുന്ന ഒന്നു രണ്ടു ദിവസങ്ങള്‍ കൊടിയ മര്‍ദ്ദനത്തിന്റേയും പട്ടിണിയുടേതുമായിരിക്കുമെന്ന് അവനറിയാം. ഒരാഴ്ച കൊണ്ട് ശരീരം നന്നായിട്ടുണ്ട്. കാട്ടിലെ പഴങ്ങളും കാട്ടുചോലയിലെ വെള്ളവും കുടിച്ചപ്പോള്‍ ശരീരം നന്നായി. ബുദ്ധിക്ക് കൂടുതല്‍ തെളിച്ചം കിട്ടിയതു പോലെ.
ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരും. പട്ടിണി കിടക്കേണ്ടി വരും. എന്നാലും കുരങ്ങാട്ടിയെ വിട്ടു പോകാനുള്ള ചിന്ത താന്‍ ഉപേക്ഷിക്കുകയില്ല. കാട്ടിലുള്ള കുരങ്ങന്മാര്‍ തന്നെ ആക്രമിക്കുമെന്നുറപ്പാണ്. എന്നാലും കാട്ടിലേക്കു തന്നെ താന്‍ മടങ്ങും.
തനിക്ക് കാട്ടില്‍ തനിച്ചു ജീവിക്കാന്‍ കഴിയും. ഇനി കാടുകയറുമ്പോള്‍ ചങ്ങല കൂടി കൊണ്ടുപോകണം. എപ്പോഴും അത് കൈയില്‍ കരുതണം. കുരങ്ങന്മാരുടെ ഇടയില്‍ അത് തനിക്ക് നല്ലൊരു ആയുധമാകും. കൈയിലൊരു ആയുധമുണ്ടെങ്കില്‍ മറ്റ് കുരങ്ങന്മാരുടെ ആക്രമണം കുറയും. ഇനിയും കാട്ടില്‍ എവിടെയെങ്കിലും ക്യാമറകള്‍ ഒളിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം തകര്‍ക്കണം.
മാര്‍ക്കോ ഉറങ്ങാന്‍ ശ്രമിച്ചു. ആഞ്ഞൊന്ന് ആടി നോക്കി. വല നല്ലതുപോലെ ആടാന്‍ തുടങ്ങി. മരക്കൊമ്പില്‍ വാലില്‍ കെട്ടിത്തൂങ്ങി ആടുന്നതിനേക്കാള്‍ രസമുണ്ടായിരുന്നു അതിന്.
ആ ഊഞ്ഞാലാട്ടത്തിനിടയില്‍ മാര്‍ക്കോ ഉറങ്ങി.
ഇടയ്‌ക്കൊന്ന് ഉറക്കമുണര്‍ന്ന് മുകളിലേക്കു നോക്കിയ കുരങ്ങാട്ടി സുഖമായി ഉറങ്ങുന്ന മാര്‍ക്കോയെ കണ്ട് ദേഷ്യം പിടിച്ചു. തന്നെ കുറേ ദിവസങ്ങള്‍ വിഷമിപ്പിച്ചിട്ട് സുഖമായി കിടന്നുറങ്ങുന്നോ?
അയാള്‍ ചൂരലെടുത്ത് മാര്‍ക്കോയെ ആഞ്ഞൊന്നടിച്ചു. ഉറക്കത്തിലേറ്റ ആ അടിയില്‍ മാര്‍ക്കോ വല്ലാതെ പുളഞ്ഞു. ആ പുളച്ചിലില്‍ ഊഞ്ഞാല്‍ ആടാന്‍ തുടങ്ങി.
കുരങ്ങാട്ടി പറഞ്ഞു. ”നീ മൂക്കേല്‍ നുള്ളിക്കോ കള്ളക്കുരങ്ങാ. ഇനി കാടിന്റെ നിഴല്‍ കണ്ടാല്‍ ഭയപ്പെടുന്നതു പോലുള്ള എന്തെങ്കിലും ഞാന്‍ ചെയ്യും. എന്റെ അടുത്ത് നിന്ന് നീ ഓടിപ്പോകാന്‍ ഭയപ്പെടുന്ന വിധത്തില്‍.”
അതെന്തായിരിക്കുമെന്നോര്‍ത്ത് മാര്‍ക്കോ ഭയപ്പെട്ടു. അവന്‍ അവനോടു തന്നെ പറഞ്ഞു.
”എന്നാലും ഞാന്‍ തരം കിട്ടിയാല്‍ കാടുകയറും… എത്ര തവണ പിടിച്ചാലും… അത് വളരെ രസമുള്ള കളിയാണ്… ഓര്‍ത്തോര്‍ത്ത് രസിക്കാന്‍ പോലും പറ്റുന്നൊരു കളി..”
(തുടരും)