പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ജാതിഭ്രാന്തുകളോട് പ്രതിഷേധിച്ചുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത്. എന്നാല്‍, കേരളത്തിലെ അന്നത്തെ ജാതീയമായ അയിത്താചരണം ഇന്ന് രാഷ്ട്രീയ മേഖലയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. സംവാദങ്ങളുടെയും സമ്പര്‍ക്കങ്ങളുടെയും ജനാധിപത്യ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതിനുപകരം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ തീണ്ടലും തൊടീലും തിരികെക്കൊണ്ടുവരാനുള്ള സങ്കുചിതരാഷ്ട്രീയ മേലാളന്മാരുടെ ആഹ്വാനങ്ങള്‍ ഇവിടെ അഭംഗുരം അരങ്ങേറുകയാണ്.
2023 മെയില്‍ തൃശ്ശൂരില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗിനിടയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുമായി സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തി എന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയ വിവാദമുണ്ടാക്കുന്നത് കേരളീയ സമൂഹത്തില്‍ നിന്ന് സംഘത്തെ അസ്പൃശ്യത കല്‍പ്പിച്ച് അകറ്റിനിര്‍ത്താനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണ്. ഈ കൂടിക്കാഴ്ചയെ ആര്‍എസ്എസ്- സിപിഎം സന്ധിയായി ചിത്രീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിരന്തരം പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനെ സംബന്ധിച്ച് ദുര്‍വ്യാഖ്യാനങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കാനാണ് മലയാളത്തിലെ ചില മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് വെച്ച് ആര്‍എസ്എസ് നേതാവ് രാം മാധവിനെ അജിത്കുമാര്‍ സന്ദര്‍ശിച്ചെന്ന ‘അന്വേഷണാത്മക’ വെളിപ്പെടുത്തലുകളും അവര്‍ പുറത്തുവിട്ടു. എഡിജിപി എം.ആര്‍. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് സര്‍കാര്യവാഹുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തു വന്നത്.
സംഘത്തിന്റെ പ്രാരംഭകാലം മുതല്‍ സമാജത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സംഘത്തിന്റെ പരിപാടികളിലേക്ക് അതിഥികളായി ക്ഷണിക്കുകയും ചെയ്യുന്ന രീതി സംഘസ്ഥാപകന്‍ തന്നെ സമാരംഭിച്ചിരുന്നു. മഹാത്മാഗാന്ധി മുതല്‍ ജയപ്രകാശ് നാരായണന്‍ വരെയുള്ള ജനനേതാക്കള്‍ സംഘത്തിന്റെ ശിബിരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. മുന്‍ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുല്‍ കലാമും കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയും സംഘത്തിന്റെ കേന്ദ്രകാര്യാലയം സന്ദര്‍ശിക്കുകയും സംഘസ്ഥാപകന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തത് സമീപകാലത്താണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ട് കേരളീയ സമൂഹത്തില്‍ ആര്‍എസ്എസിനെ അയിത്തം കല്പിച്ചു മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ജിഹാദി ഭീകരവാദികളുടെ വിഷമയമായ മതമസ്തിഷ്‌ക്കത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ്. രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രഗത്ഭവ്യക്തികളെ ആര്‍എസ്എസ് ബന്ധം ആരോപിച്ച് തേജോവധം ചെയ്യാനുള്ള ഒളിയുദ്ധങ്ങള്‍ കേരളത്തില്‍ നടമാടുകയാണ്. 2022-ലെ അന്താരാഷ്ട്ര യോഗാദിനത്തില്‍ കേസരിഭവന്റെ മുന്നില്‍ ‘സ്‌നേഹബോധി’ എന്ന ബുദ്ധപ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ.ഖാദര്‍ പങ്കാളിയായപ്പോള്‍ ‘ആര്‍എസ്എസ് വേദിയില്‍ കെ.എന്‍.എ ഖാദര്‍’ എന്ന തലക്കെട്ടില്‍ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിട്ട് വിവാദം സൃഷ്ടിച്ചു. കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഉദ്ഘാടകയായപ്പോഴും സമാനമായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടു. എന്നാല്‍, ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ അബ്ദുല്‍ നാസര്‍ മദനിയെ സ്വീകരിക്കാനും വേദി പങ്കിടാനും അവരുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനും മദനിയുടെ ജയില്‍മോചനത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി പ്രമേയം പാസ്സാക്കാനുമൊക്കെ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുകയാണ്.
കേരളീയ പൊതുസമൂഹം ആര്‍എസ്എസ്സുമായി അകലം പാലിക്കണമെന്നത് ഇവിടുത്തെ മാദ്ധ്യമ ജിഹാദികളുടെയും രാഷ്ട്രീയ ജിഹാദികളുടെയും അജണ്ടയാണ്. സംഘത്തെ തൊട്ടുകൂടാന്‍ പാടില്ലാത്ത തരത്തില്‍ അകറ്റിനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ- മാദ്ധ്യമ അച്ചുതണ്ട് ഭീകരവാദികള്‍ക്കും ഭീകരസംഘടനകള്‍ക്കും മാന്യതയുടെ മുഖംമൂടി അണിയിക്കാന്‍ മത്സരിക്കുകയാണ്. കേരളത്തില്‍ മതഭീകരവാദത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കാന്‍ അവര്‍ വിശ്രമമില്ലാതെ വിയര്‍പ്പൊഴുക്കുകയാണ്. സംസ്ഥാനത്ത് ഹമാസ് നേതാവിന് വേദിയൊരുക്കപ്പെട്ടപ്പോഴും, ഒരു കമ്മ്യൂണിസ്റ്റ് എം.പി മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് വാരികയുടെ പ്രചാരപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോഴും കേരളത്തില്‍ രാഷ്ട്രീയ വിവാദമോ ചര്‍ച്ചകളോ ഒന്നും തന്നെ ഉണ്ടായില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്‌നിശമനസേന പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയപ്പോഴും സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിന്റെ ഉദ്ഘാടകനായി പങ്കെടുക്കുന്നതിന്റെ നോട്ടീസ് പുറത്തുവന്നപ്പോഴും ഇവിടുത്തെ മതേതര മാധ്യമങ്ങളും രാഷ്ട്രീയക്കാരും മൗനം അവലംബിക്കുകയായിരുന്നു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കേണ്ട മുസ്‌ലിം വോട്ടുകളില്‍ കണ്ണുവെച്ചാണ് ആര്‍എസ്എസ് സര്‍കാര്യവാഹും എഡിജിപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയ വിവാദമുണ്ടാക്കുന്നത്. എന്നാല്‍ കാലത്തിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിയാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയ ജീവികള്‍ക്ക് കഴിയുന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ആര്‍എസ്എസ് വിരുദ്ധതയുടെ ഫത്വകള്‍ മതന്യൂനപക്ഷങ്ങള്‍ കൈയൊഴിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 2022-ല്‍ ആര്‍എസ്എസ് സര്‍സംഘചാലക് മുസ്‌ലിം മതനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശി, അലീഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ റിട്ട. ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ, രാഷ്ട്രീയ ലോക്ദള്‍ ദേശീയ വൈസ് പ്രസിഡന്റ് ശാഹിദ് സിദ്ദീഖി തുടങ്ങിയവരാണ് ആ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മാത്രമല്ല, അതിനുശേഷം ദല്‍ഹിയിലെ കസ്തൂര്‍ബാ മാര്‍ഗ് പള്ളിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സന്ദര്‍ശിക്കുകയും അവിടത്തെ ഇമാമും ഓള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ ഭാരവാഹിയുമായ ഉമര്‍ അഹമ്മദ് ഇല്യാസിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനോടെല്ലാം മുസ്ലിം സമൂഹം ഹൃദയപൂര്‍വ്വമാണ് പ്രതികരിച്ചത്. ആര്‍എസ്എസും ക്രൈസ്തവ നേതൃത്വവും തമ്മിലുള്ള ബന്ധവും കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ കെ.എസ്. സുദര്‍ശന്‍ജി സര്‍സംഘചാലകനായിരുന്നപ്പോള്‍ കേരളത്തില്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ നേതൃത്വവുമായി സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എഡിജിപി സര്‍കാര്യവാഹിനെ കണ്ടു എന്ന് പറഞ്ഞു കൊണ്ട് വിവാദം സൃഷ്ടിക്കുന്നവര്‍ 2022 ലെ കേരള സന്ദര്‍ശനത്തിനിടയില്‍ ആര്‍എസ്എസ് സര്‍സംഘചാലകനുമായി ഗവര്‍ണര്‍ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന കാര്യം കൂടി ഓര്‍ക്കണം. ഇത്തരം കൂടിക്കാഴ്ചകളില്‍ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല. സമ്പര്‍ക്കയജ്ഞങ്ങളും വിശേഷാല്‍ സമ്പര്‍ക്കങ്ങളുമൊക്കെ സംഘത്തിന്റെ പതിവുരീതി മാത്രമാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. അതിനെ രാഷ്ട്രീയ വിവാദമാക്കി ആര്‍എസ്എസ്സിനോട് അസ്പൃശ്യത കല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.