ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനകളുടെയെല്ലാം ആത്യന്തികമായ രാഷ്ട്രീയ പദ്ധതി ലോകമെമ്പാടും മതഭരണം സ്ഥാപിക്കുകയെന്നതാണ്. ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തെ പേരിനൊപ്പം ചേര്‍ത്തുകൊണ്ടാണ് ഐഎസ് എന്ന ഭീകരസംഘടന അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മതഭരണത്തിന്റെ മുന്നുപാധി സമൂഹത്തിന്റെ സമ്പൂര്‍ണമായ മതവല്‍ക്കരണമാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാനും പാലസ്തീനില്‍ ഹമാസും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുമൊക്കെ മതനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള മതഭരണമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മതരാജ്യസ്ഥാപനത്തിന്റെ മുന്നൊരുക്കമെന്ന നിലയ്ക്കുള്ള മതവല്‍ക്കരണശ്രമങ്ങള്‍ അടുത്ത കാലത്തായി കേരളീയ പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യക്ഷപ്പെടുകയാണ്. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്‌കാരമുറി തുറക്കണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്. അതിനുശേഷം കോതമംഗലം പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നു. സംഭവം ദുരൂഹമാണെന്നും വിദ്യാലയങ്ങളിലെ അച്ചടക്കം നശിപ്പിക്കുന്ന തരത്തിലുളള കടന്നുകയറ്റം അംഗീകരിക്കാനാകില്ലെന്നും കോതമംഗലം രൂപത ജാഗ്രത സമിതിയും കത്തോലിക്കാ കോണ്‍ഗ്രസും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ കേവലം വിശ്വാസപരമായ ആവശ്യമല്ല ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. മറിച്ച് ബഹുസ്വര സമൂഹത്തിനുമേല്‍ മതാധിപത്യം ഉറപ്പിച്ചെടുക്കാനുള്ള മതഭീകരവാദികളുടെ ബോധപൂര്‍വമായ ഒളിയജണ്ട ഇതിനുപിന്നിലുണ്ടെന്നു കരുതാന്‍ കാരണങ്ങളുണ്ട്.
കേരളത്തെ മതഭീകരവാദത്തിന്റെ പരീക്ഷണശാലയും പറുദീസയുമാക്കി മാറ്റാന്‍ പതിറ്റാണ്ടുകളായി സംഘടിതമായ പരിശ്രമങ്ങള്‍ നടക്കുകയാണ്. അതിനനുകൂലമായ ജനസംഖ്യാനുപാതവും രാഷ്ട്രീയ കാലാവസ്ഥയും മാധ്യമ പിന്തുണയും ഇവിടെയുണ്ടെന്നു മതഭീകരവാദികള്‍ കരുതുന്നു. നമ്മുടെ പൊതുസ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തെ തന്നെ തകിടം മറിക്കുന്ന തരത്തില്‍ മതബോധം പ്രകടമാക്കാനുള്ള അവകാശവാദങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. 1992 ല്‍ തൃശ്ശൂരിലെ പാവറട്ടി സ്‌കൂളില്‍ പതിവിനു വിപരീതമായി തൊപ്പി ധരിച്ചുവരാനുള്ള ഒരു വിഭാഗം മുസ്ലിം കുട്ടികളുടെ നിര്‍ബന്ധബുദ്ധി മാസങ്ങളോളം അവിടെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കുകയുണ്ടായി. അടുത്തിടെയുണ്ടായ ഹലാല്‍, ഹിജാബ് വിവാദങ്ങള്‍ സമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാക്കപ്പെട്ടു. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മതസങ്കുചിതവാദം കേരളത്തില്‍ അസാധാരണമാംവിധത്തില്‍ തലപൊക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയപ്പോള്‍ മുസ്ലിം സംഘടനകള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. അതിനുശേഷം കുടുംബശ്രീ പുറത്തിറക്കിയ പ്രതിജ്ഞാഗാനം അനിസ്ലാമികമാണെന്ന് അവര്‍ നിലപാടെടുത്തു. പതിനഞ്ചു വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടി പൊതുവേദിയില്‍ ഉപഹാരം വാങ്ങാന്‍ വന്നപ്പോള്‍ ഒരു മുസ്ലിം മതപണ്ഡിതന്‍ ആ കുട്ടിയെ ആക്രോശിച്ച് ഇറക്കിവിട്ട സംഭവമുണ്ടായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സസ്യാഹാരം വിളമ്പുന്നതിനെതിരെ ചരിത്രത്തിലാദ്യമായി, കലോത്സവ ഭക്ഷണം പ്രസാദമൂട്ടല്ലെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നു. അവിടുത്തെ പാചകക്കാരനെ ജാതീയമായി വേര്‍തിരിക്കുന്ന തരത്തില്‍ പോലും പ്രചാരണങ്ങള്‍ നടന്നു. സ്‌കൂള്‍ പ്രവേശനോത്സവങ്ങളില്‍ കേരളത്തിലെ പല സ്‌കൂളിലും അറബിക് വാചകങ്ങളടങ്ങിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരു നല്‍കപ്പെട്ടു.
കേരളത്തില്‍ മതഭീകരവാദത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ രാഷ്ട്രീയ-മാധ്യമ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ഇസ്ലാമിക മതഭീകരവാദികള്‍ ആസൂത്രിതമായി പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കുകയാണ്. ഹലാലിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത് വരുന്നതും മതത്തെ പേരിനൊപ്പം ചേര്‍ത്ത മുസ്‌ലിം ലീഗ് മതേതരകക്ഷിയാണെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും പരസ്പരം മത്സരിക്കുന്നതും നമ്മള്‍ കണ്ടു. നേരത്തെ മലപ്പുറത്ത് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഹമാസ് നേതാവ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടു. മുന്‍പ് കേരളത്തിലെ ഒരു സര്‍വകലാശാല തയ്യാറാക്കിയ ബിരുദ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ അല്‍-ഖ്വയ്ദ ഭീകരന്‍ അല്‍ റുബായിഷിന്റെ കവിത അച്ചടിച്ചു വന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയര്‍ഫോഴ്‌സ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിശീലനം നല്‍കിയ സംഭവമുണ്ടായി. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിസ്ഥാനത്തുള്ള അഭിമന്യു കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് അപ്രത്യക്ഷമാകുക പോലും ചെയ്തു. ഹിന്ദുവിരുദ്ധമായ പ്രസംഗങ്ങളും പ്രസ്താവനകളും വര്‍ദ്ധിച്ചു വരുന്നു. ഗണപതി മിത്താണെന്ന് നിയമസഭാ സ്പീക്കര്‍ നിലപാടെടുക്കുന്നതും മറ്റൊരു കൂട്ടര്‍ ഹിന്ദുക്കളെ അമ്പലനടയില്‍ പച്ചയ്ക്ക് ചുട്ടുകൊല്ലുമെന്ന് പ്രഖ്യാപിക്കുന്നതും കണ്ടു. മതഭീകരവാദികള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന നിര്‍ലോഭമായ രാഷ്ട്രീയ പിന്തുണയ്ക്ക് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അധികാരാരോഹണത്തെ വിസ്മയമെന്ന് വിശേഷിപ്പിക്കുന്ന ‘മാധ്യമ’സംസ്‌കാരം മുഖ്യധാരയിലേക്ക് പടര്‍ന്നു കഴിഞ്ഞു. ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ഹിന്ദു വംശഹത്യയെ ‘ജനാധിപത്യത്തിന്റെ വസന്തവിപ്ലവം’ എന്ന് വ്യാഖ്യാനിച്ച് മുഖപ്രസംഗമെഴുതിയത് സ്വാതന്ത്ര്യസമര പാരമ്പര്യത്തില്‍ അഭിമാനം കൊണ്ടിരുന്ന ഒരു മുത്തശ്ശിപ്പത്രമാണ്. മതഭീകരവാദികള്‍ക്ക് വേണ്ടി മഷിപടര്‍ത്തുന്ന മാധ്യമങ്ങളുടെ എണ്ണം മലയാളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. രാമായണ മാസക്കാലത്ത് തന്നെ രാമായണത്തെ അപഹസിക്കാനുള്ള മാധ്യമശ്രമങ്ങള്‍ നടന്നു. രാഷ്ട്രീയ ജിഹാദും മാധ്യമ ജിഹാദും കേരളത്തില്‍ സര്‍വ്വായുധസജ്ജമായി യുദ്ധകാഹളം മുഴക്കുകയാണ്. മതത്തെ മുന്‍നിര്‍ത്തിയുള്ള വിഘടനവാദമാണ് മുന്‍പ് ഭാരത വിഭജനത്തിന് വഴിവെച്ചതെന്നത് വിസ്മരിക്കാനാവില്ല. അതുകൊണ്ട് തന്നെ മതനിയമങ്ങള്‍ മറഭേദിച്ചു പുറത്തുവരുന്നത് മതരാജ്യവാദത്തിന്റെ മുന്നൊരുക്കമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും മരണമണിമുഴക്കത്തെ കാലേകൂട്ടി തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിയേണ്ടതുണ്ട്.