ഇന്ന് ഭാരതത്തിന്റെ കിഴക്കന്‍ അയല്‍രാജ്യവും ഒരുകാലത്ത് ഭാരതത്തിന്റെ ഭാഗവുമായിരുന്ന ബംഗ്ലാദേശ് ജിഹാദികലാപകാരികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. അപ്രതീക്ഷിതമാണ് ഇതെന്ന് പറയാന്‍ കഴിയില്ല. ആ രാജ്യത്തിന്റെ ചരിത്രമറിയുന്നവര്‍ക്ക് തെല്ലും അദ്ഭുതത്തിനിട നല്‍കാത്ത സംഭവവികാസങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. 1940കള്‍ക്കു ശേഷം മാത്രം അവിടെ അരങ്ങേറിയ ഹിന്ദുവിരുദ്ധ വര്‍ഗ്ഗീയ കലാപങ്ങളും വംശഹത്യകളും മാത്രമെടുത്താല്‍ ബംഗ്ലാദേശ് എങ്ങിനെയാണ് ജിഹാദിന്റെ പരീക്ഷണശാലയായി മാറിയതെന്ന് മനസ്സിലാക്കാന്‍ കഴിയും. ഭാരതത്തെ വെട്ടിമുറിച്ച് മുസ്ലിം രാഷ്ട്രമുണ്ടാക്കാനായി മുഹമ്മദാലി ജിന്ന പ്രത്യക്ഷ നടപടി (ഡയറക്ട് ആക്ഷന്‍) എന്ന പേരില്‍ നടത്തിയ ഹിന്ദുകൂട്ടക്കുരുതിയുടെ ബാക്കിപത്രമാണ് ഇന്നത്തെ ബംഗ്ലാദേശില്‍ നടക്കുന്നത്. ബംഗ്ലാദേശിലെ നവഖാലി തെരുവുകളില്‍ ഒഴുകിയ ഹിന്ദുവിന്റെ ചോരയുടെ മണം ചരിത്രബോധമുള്ള ആര്‍ക്കും മറക്കാന്‍ കഴിയില്ല.
1947 ല്‍ കിഴക്കന്‍ പാകിസ്ഥാനായിരുന്ന ഈ വംഗഭൂമി ആഭ്യന്തര കലാപങ്ങള്‍ക്കൊടുവില്‍ 1971 കളിലാണ് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്. ഏകാധിപതികളായ മുസ്ലിം മതമൗലികവാദി നേതാക്കന്മാരും പട്ടാളത്തലവന്മാരുമെല്ലാം മാറി മാറി ഭരിച്ച് ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായി മാറിയിരുന്നു ബംഗ്ലാദേശ്. ഏകാധിപത്യ പ്രവണതകള്‍ വച്ചുപുലര്‍ത്തിയിരുന്നെങ്കിലും ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായതിനു ശേഷം ബംഗ്ലാദേശിന് സാമ്പത്തികമായ ചില പുരോഗതികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. 2013-23 കാലത്ത് ഏഷ്യാ പസഫിക് മേഖലയിലെ ശരാശരി സാമ്പത്തിക വളര്‍ച്ച 4.3% ആയിരുന്നെങ്കില്‍ ബംഗ്ലാദേശില്‍ അത് 6.5% ആയിരുന്നു. ഷെയ്ഖ് ഹസീന ഭാരതത്തോട് നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു എങ്കിലും അവര്‍ ചൈനയുമായും റഷ്യയുമായും പുലര്‍ത്തിയ അമിത ഇടപാടുകള്‍ അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ചൈന തങ്ങളുടെ ആധിപത്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ വന്‍തോതില്‍ മുതല്‍മുടക്കി തുടങ്ങിയിരുന്നു. അതുപോലെ റഷ്യന്‍ സഹായത്തോടെ ബംഗ്ലാദേശ് നിര്‍മ്മിച്ചുകൊണ്ടിരുന്ന റൂപ്പൂര്‍ ആണവ നിലയം അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.ഐ.എ കരുതുന്നു. ഏഷ്യാ വന്‍കരയിലടക്കം ആഗോളതലത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഭാരതത്തിന്റെ സ്വാധീനവും അമേരിക്കയ്ക്ക് വെല്ലുവിളിയായി തോന്നിത്തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ അമേരിക്ക അടക്കമുള്ള പല വന്‍ശക്തി രാജ്യങ്ങളും പരമാവധി ശ്രമിച്ചിരുന്നു. അതില്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഭാരതത്തെ അതിന്റെ ചുറ്റിലുമുള്ള അസ്വസ്ഥ അയല്‍രാജ്യങ്ങളില്‍ തളച്ചിടുക എന്ന അമേരിക്കയുടെയും ചൈനയുടെയും നിഗൂഢപദ്ധതിയുടെ ഭാഗമായിട്ടു വേണം ബംഗ്ലാദേശില്‍ നടന്ന അട്ടിമറിയെ കാണാന്‍. ഇതിന് അമേരിക്ക പാകിസ്ഥാന്റെ സഹായവും തേടിയിട്ടുണ്ട് എന്നതാണ് സത്യം. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതഭീകര സംഘടനകളെ നിയന്ത്രിക്കുന്നത് പാകിസ്ഥാന്‍ ഐഎസ്‌ഐ ആണ്. പാകിസ്ഥാനെ സംബന്ധിച്ച് ബംഗ്ലാദേശില്‍ നടക്കുന്നത് ജിഹാദാണ്. പ്രാകൃത ഇസ്ലാം മതബോധത്താല്‍ നയിക്കപ്പെടുന്നവര്‍ നടത്തുന്ന ഇതരമതസ്ഥരുടെ വംശഹത്യയാണ് ബംഗ്ലാദേശിന്റെ തെരുവുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഹിന്ദു, ബുദ്ധ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ നൂറുകണക്കിന് ആരാധനാലയങ്ങള്‍ ഇതിനോടകം തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അനേകം സ്ത്രീകളും പിഞ്ചു പെണ്‍കുഞ്ഞുങ്ങളും ക്രൂരമായ മാനഭംഗത്തിനും കൂട്ടക്കൊലയ്ക്കും ഇരയായിക്കൊണ്ടിരിക്കുന്നു. ജിഹാദികളുടെ അച്ചാരം വാങ്ങി കാലക്ഷേപം കഴിക്കുന്ന ചില മലയാള മാധ്യമങ്ങള്‍ ബംഗ്ലാദേശില്‍ അരങ്ങേറുന്ന ഹിന്ദു വംശഹത്യയെ മഹത്തായ ജനാധിപത്യ വിപ്ലവം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രായേലിനെ ഹമാസ് ആക്രമിച്ച് യഹൂദ സ്ത്രീകളെ മാനഭംഗം ചെയ്തത് മഹത്തായ ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തനമായി കൊണ്ടാടിയ മലയാള മാധ്യമങ്ങള്‍ ഇസ്രായേലിന്റെ തിരിച്ചടിയില്‍ പാലസ്തീന്‍ മുസ്ലീങ്ങളും ഹമാസ് തീവ്രവാദികളും മരിച്ചു തുടങ്ങിയപ്പോള്‍ വിലാപകാവ്യങ്ങള്‍ എഴുതിയവരാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പാലസ്തീന്‍ കുഞ്ഞുങ്ങളുടെ ചിത്രവുമായി എന്നും പുറത്തിറങ്ങുന്ന മലയാള മുത്തശ്ശി പത്രങ്ങളൊന്നും ഇതുവരെ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന ഹിന്ദുവിന്റെയോ ബുദ്ധമതക്കാരുടെയോ പടമോ കണക്കോ പ്രസിദ്ധീകരിച്ച് കണ്ടിട്ടില്ല.
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി സമരത്തിന്റെ പ്രായോജകര്‍ അമേരിക്കയും പാകിസ്ഥാനുമാണെങ്കിലും അതിന്റെ നടത്തിപ്പുകാര്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിറുമാണ്. യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ട ഒരു കലാപമല്ല ബംഗ്ലാദേശിലേത്. കൃത്യമായ ഒരു തിരക്കഥ ഇതിന്റെ പിന്നിലുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കലായിരുന്നു സമരത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അവര്‍ രാജിവച്ച് നാടുവിട്ടതോടെ സമരം സമാപിക്കേണ്ടതായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ഹിന്ദു ദേവാലയങ്ങളും ബുദ്ധവിഹാരങ്ങളും തകര്‍ക്കുന്നതും ഹിന്ദു സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വീടും സ്ഥാപനങ്ങളും തകര്‍ത്ത് കൊള്ളയടിക്കുന്നതുമാണ്. ഇസ്ലാം ജിഹാദികള്‍ ലോകത്തെല്ലായിടത്തും അനുവര്‍ത്തിക്കുന്ന പ്രാകൃത നടപടികളുമായി അവര്‍ മുന്നേറുമ്പോള്‍ ആ നടപടികളെ വെള്ളപൂശുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ സ്വീകരിച്ച് പോരുന്നത്. 1951 ല്‍ ബംഗ്ലാദേശില്‍ നടത്തിയ കാനേഷുമാരിയില്‍ 22% ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ ഇപ്പോള്‍ 7.5% ആയി ചുരുങ്ങാനുണ്ടായ കാരണം തുടര്‍ച്ചയായി നടന്നു വരുന്ന ഇത്തരം വംശഹത്യകളാണ്. എന്നാല്‍ ഇസ്ലാം ഭീകരവാദികള്‍ നല്‍കുന്ന പെട്രോ ഡോളറില്‍ വിലക്കെടുക്കപ്പെടുന്ന ചില മാധ്യമങ്ങള്‍ ജിഹാദിനെ സ്വാതന്ത്ര്യസമരങ്ങളായും മഹത്തായ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളായും ചിത്രീകരിച്ചു പോരുന്നു. പ്രാകൃത മതഭീകരവാദികളായ താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം പത്രമായ മാധ്യമം ‘താലിബാന്‍ വിസ്മയം’ എന്നാണ് തലക്കെട്ട് നല്‍കിയത്. മലബാര്‍ കേന്ദ്രമാക്കിയിരിക്കുന്ന മറ്റൊരു മുഖ്യധാരാ മകാരപത്രം ഇപ്പോള്‍ മാധ്യമത്തോട് മത്സരിച്ച് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണ്. എന്നു മാത്രമല്ല ദില്ലിയെ ഇത്തരത്തില്‍ ജിഹാദികള്‍ പിടിച്ചടക്കുന്ന സുന്ദര നാളുകള്‍ ഇവര്‍ സ്വപ്‌നം കണ്ടുകൊണ്ട് അച്ചു നിരത്തി തുടങ്ങിയിരിക്കുന്നു.
1971 ല്‍ ഇസ്ലാം ഭീകരതയുടെ ഇരകളായി ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്നും ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു തുടങ്ങിയപ്പോഴാണ് ഭാരതത്തിന് അവിടെ സൈനികമായി ഇടപെടേണ്ടി വന്നത്. അത്തരമൊരു സാഹചര്യം ഇനി ഉണ്ടായാല്‍ ആ ഹിന്ദുക്കളെ ഭാരതം ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവരെ പുനരധിവസിപ്പിക്കാനുള്ള ഭൂമി ബംഗ്ലാദേശില്‍ നിന്നു തന്നെ കണ്ടെത്തുകയുമാണ് ചെയ്യേണ്ടത്. ഒരിക്കല്‍ ബംഗ്ലാദേശിന് ഭാരതം വിട്ടുകൊടുത്ത തീന്‍ബീഖ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചു കൊണ്ടാവണം ഇനി ജിഹാദികള്‍ക്ക് മറുപടി നല്‍കേണ്ടത്.