സാംസ്‌കാരികമായും ഭൂമിശാസ്ത്രപരമായും ഭാരതത്തിന്റെ ശിരോമകുടമായ ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെയും വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും തലസ്ഥാനമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തന്നെ ആരംഭിച്ചതാണ്. കാശ്മീരിനെ കലാപഭൂമിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പ്രത്യക്ഷത്തില്‍ തന്നെ പാകിസ്ഥാന്റെ പ്രേരണയും പിന്തുണയുമുണ്ട്. സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ അധികാരം കൈയ്യാളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളാവട്ടെ കാശ്മീരിലെ ഭീകരവാഴ്ച ഇല്ലാതാക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
കാശ്മീരിനെ എക്കാലവും സംഘര്‍ഷഭൂമിയാക്കി നിലനിര്‍ത്തുക എന്നത് പാകിസ്ഥാന്റെ താത്പര്യമാണ്. അതുകൊണ്ടാണ് സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അവിടെ തുടര്‍ക്കഥയാകുന്നത്. ഇക്കഴിഞ്ഞ ജൂലായ് എട്ടിന് ജമ്മു കാശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാനും മാസങ്ങളായി കാശ്മീരില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ തീവ്രവാദികള്‍ ശ്രമം നടത്തുകയാണ്. കത്വയിലെ ആക്രമണത്തിനു മുന്‍പ് രജൗരി, കുല്‍ഗാം മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ജൂണ്‍ ഒന്‍പതിന് ശിവ്‌ഖോരി ക്ഷേത്ര ദര്‍ശനത്തിന് ശേഷം വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാവുകയും പത്ത് പേര്‍ കൊല്ലപ്പെടുകയുമുണ്ടായി.
2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം അവിടുത്തെ ക്രമസമാധാനനില വളരെയധികം മെച്ചപ്പെട്ടിരുന്നു. മാത്രമല്ല, അതിര്‍ത്തി സുരക്ഷ അതിശക്തമാക്കാനും അവിടെ നിര്‍മ്മാണപ്രവൃത്തികള്‍ അതിവേഗത്തിലാക്കാനും സൈന്യത്തിന്റെ ആധുനീകരണം ഉറപ്പാക്കാനുമൊക്കെ കേന്ദ്രസര്‍ക്കാര്‍ ദ്രുതഗതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷമായി കാശ്മീരിന്റെ സുരക്ഷയ്ക്കും വികസനത്തിനും വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. അതിന്റെ ഫലമായി കാശ്മീര്‍ താഴ്‌വരയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. ഇപ്പോള്‍ കാശ്മീര്‍ താഴ്‌വര വിട്ട് ഭീകരര്‍ ജമ്മുവിലേക്ക് കൂടുമാറിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനകം കാശ്മീര്‍ താഴ്‌വരയില്‍ ഒരൊറ്റ ഭീകരാക്രമണമാണ് നടന്നത്. ജമ്മുവില്‍ അത് ആറെണ്ണമാണ്. പൊതുവേ ഭീകരഭീഷണി കുറവായ ജമ്മുവില്‍ സൈനികവിന്യാസം താരതമ്യേന കുറവാണ്. ഇതും ഭീകരര്‍ കാശ്മീര്‍ വിട്ട് ജമ്മു ലക്ഷ്യമാക്കാന്‍ ഒരു കാരണമാണ്. മാത്രമല്ല, ഗല്‍വാന്‍ സെക്ടറിലടക്കം ചൈനീസ് സൈന്യം ഭീഷണി ഉയര്‍ത്തിയതോടെ അവിടെ സൈനികവിന്യാസം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. ജമ്മുവില്‍ സൈനിക കാവല്‍ കുറയുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭീകരര്‍ അവിടം കേന്ദ്രീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ജമ്മു കാശ്മീരിന് നല്‍കുന്ന പരിഗണയും പ്രാധാന്യവും വിധ്വംസക ശക്തികളോടൊപ്പം ഭാരതത്തിലെ രാഷ്ട്രവിരുദ്ധ രാഷ്ട്രീയക്കാരെയും അസ്വസ്ഥമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാശ്മീരില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. കാശ്മീരില്‍ സംഘര്‍ഷം ഉണ്ടായാല്‍ രാജ്യസുരക്ഷ അപകടത്തിലാണെന്ന തരത്തില്‍ പ്രചാരണം നടത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ്. ജമ്മു കാശ്മീരിന് പ്രത്യേക പദവിയും പതാകയും അനുവദിച്ചുകൊണ്ട് അവിടെ വേറിടല്‍ മനോഭാവത്തിന് വിത്തുപാകിയത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഭാരതത്തിന്റെ ആഭ്യന്തരകാര്യമായ കാശ്മീര്‍ വിഷയത്തെ അനാവശ്യമായി അന്താരാഷ്ട്ര വേദികളില്‍ വരെ ചര്‍ച്ചാവിഷയമാക്കി അപരിഹാര്യമായ ഒരു പ്രശ്‌നമാക്കി വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്തവും കോണ്‍ഗ്രസിനു തന്നെ. കാശ്മീരിലെ വിഘടനവാദികളുടെ കയ്യില്‍ കല്ലും കൈത്തോക്കും വെച്ചു കൊടുത്തതും അവരാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദേശവിരുദ്ധ ശക്തികളോട് കൈകോര്‍ക്കാനും ഭീകരവാദികളെ പ്രീണിപ്പിക്കാനും അവര്‍ക്ക് യാതൊരു മടിയുമില്ല.
ദീര്‍ഘകാലം രാജ്യഭരണം നിര്‍വ്വഹിച്ച കോണ്‍ഗ്രസ് തികച്ചും നിരുത്തരവാദപരമായി ഭാരത സൈന്യത്തെ പോലും അവഹേളിക്കുകയും അവിശ്വസിക്കുകയുമാണ്. സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ മടികാണിച്ചില്ല. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ലഡാക്കില്‍ ഭാരതത്തിന് ഭൂമി നഷ്ടപ്പെട്ടു എന്ന വ്യാജപ്രചാരണങ്ങളുമായി അവര്‍ രംഗത്ത് വരികയാണ്. അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ പലതവണ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തി. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് പ്രഖ്യാപിക്കാനും പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് ആഹ്വാനം ചെയ്യാനും കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അഗ്‌നിവീര്‍ പദ്ധതിയെയും ഇപ്പോള്‍ അവര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
ജമ്മു കാശ്മീരിനെ ഭീകരവാദ വിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍ വിജയം വരിക്കുന്നതിന്റെ തെളിവാണ് കാശ്മീര്‍ താഴ്‌വര വിട്ട് ജമ്മുവിലേക്കുള്ള ഭീകരവാദികളുടെ ചുവടുമാറ്റം. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഉള്‍പ്പെടെ നടപ്പിലാക്കി രാജ്യത്ത് സൈനികക്ഷേമം യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്ര സര്‍ക്കാരിനെ തീവ്രവാദ ആക്രമണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ നീക്കം വിഫലമാകുകയേയുള്ളൂ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചുവപ്പന്‍ ഭീകരതയെ തുടച്ചു നീക്കിയതും പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമൊക്കെ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്കുവേണ്ടി സ്വീകരിച്ച ധീരമായ നടപടികളാണ്. പഞ്ചാബിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിഘടനവാദത്തിന് വിത്തുപാകിയ കോണ്‍ഗ്രസ് ഇപ്പോള്‍ മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. കാശ്മീരില്‍ ശാശ്വത സമാധാനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ വൈകാതെ തന്നെ ഫലപ്രാപ്തിയിലെത്തുമെന്നു പ്രത്യാശിക്കാം.