ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ തന്നെ ഹിന്ദുക്കളെ അക്രമകാരികളായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരവും പ്രതിഷേധാര്‍ഹവുമാണ്. ഏറെക്കാലമായി കോണ്‍ഗ്രസ് അനുവര്‍ത്തിച്ചു പോരുന്ന ഹിന്ദു വിരുദ്ധ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ഹിന്ദുക്കളെന്ന് പറയുന്നവര്‍ വെറുപ്പും ഭയവും മാത്രം ഉണ്ടാക്കുന്ന അക്രമികളാണെന്നാണ് ഒരു വ്യാഴവട്ടത്തോളമായി കോണ്‍ഗ്രസ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്ന രാഹുലിന്റെ ആക്ഷേപം. ബിജെപിക്കെതിരെ നടത്തുന്ന രാഷ്ട്രീയ വിമര്‍ശനത്തിന്റെ മറപിടിച്ച് ഹിന്ദുക്കളെ ഒന്നടങ്കം ആക്ഷേപിക്കാനും ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ബിജെപി ഭയപ്പെടുത്തുകയാണെന്ന് ആരോപിക്കാനും പുതിയ പ്രതിപക്ഷ നേതാവ് പാര്‍ലമെന്റ് പ്രസംഗത്തിലൂടെ പരിശ്രമിച്ചു. സനാതനധര്‍മ്മത്തിനെതിരെ രാഹുല്‍ ആക്രോശങ്ങള്‍ ഉയര്‍ത്തുന്നത് ആദ്യമായല്ല. സനാതനധര്‍മ്മത്തില്‍ ഒരു ശക്തിയുണ്ടെന്നും അതിനെ നശിപ്പിക്കണമെന്നും അടുത്ത കാലത്ത് രാഹുല്‍ പ്രസംഗിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധതയും രാഷ്ട്രവിരുദ്ധതയും പുതിയ കാര്യമല്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദുത്വത്തെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും ആസൂത്രിതമായ നീക്കങ്ങള്‍ നടന്നിരുന്നു. ഹിന്ദു തീവ്രവാദം, കാവി ഭീകരത തുടങ്ങിയ പുതിയ സംജ്ഞകള്‍ സൃഷ്ടിച്ച് ഹിന്ദുക്കളെ ഭീകരവാദവുമായി കൂട്ടിയിണക്കാനുള്ള കുത്സിത ശ്രമങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. അക്കാലത്ത് കുപ്രസിദ്ധമായ ‘കമ്മ്യൂണല്‍ വയലന്‍സ് ബില്‍’ കൊണ്ടുവന്ന് രാജ്യത്തെ വര്‍ഗീയ കലാപങ്ങളുടെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. രാമസേതുവിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും യുപിഎ സര്‍ക്കാരാണ്. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം ഉയരുന്നത് തടയാനും ശ്രീരാമന്‍ ജനിച്ചതിന് തെളിവില്ലെന്ന് വാദിക്കാനും കോണ്‍ഗ്രസിന് ഒരുകാലത്തും മടിയുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ഡിഎംകെ നേതാവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് അവര്‍ കൈക്കൊണ്ടത്.
ഭാരതത്തിലെ ദേശീയ ഉണര്‍വ്വിനെ അടിച്ചമര്‍ത്താനുള്ള ഒരു ‘സേഫ്റ്റി വാല്‍വ്’ എന്ന നിലയിലാണ് ബ്രിട്ടീഷ് കരങ്ങളാല്‍ 1885 ല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടത്. അതിന്റെ പ്രവര്‍ത്തന ലക്ഷ്യത്തെ രാഷ്ട്രാനുകൂലമായി പരിവര്‍ത്തനം ചെയ്‌തെടുക്കുകയാണ് മഹാത്മാഗാന്ധിയും ബാലഗംഗാധര തിലകനുമൊക്കെ ചെയ്തത്. എന്നാല്‍ അതില്‍നിന്നു മാറി കോണ്‍ഗ്രസിനെ പഴയ ബ്രിട്ടീഷ് ലക്ഷ്യത്തിലേക്ക് തിരിച്ചു നടത്തിക്കുവാനാണ് നെഹ്‌റു കുടുംബം ശ്രമിക്കുന്നത്. രാജ്യത്ത് വിഭജന രാഷ്ട്രീയത്തിന്റെ വിത്തു വിതയ്ക്കുന്ന പ്രസ്താവനകളും പ്രവൃത്തികളും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സോണിയ കുടുംബത്തിന്റെ ബുദ്ധി ഉപദേശകന്മാരിലൊരാളും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായിരുന്ന സാം പിത്രോദ ഭാരതീയരെ വംശീയമായി വേര്‍തിരിക്കുന്ന പ്രസ്താവന നടത്തി. അതു വിവാദമായപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ പിത്രോദയെ വീണ്ടും പഴയ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് കോണ്‍ഗ്രസ് അവരുടെ രാഷ്ട്രവിരുദ്ധനയം വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. അടുത്തിടെ, ചൈനീസ് അധിനിവേശമെന്നത് ആരോപണം മാത്രമാണെന്നും പാകിസ്ഥാനെ ബഹുമാനിക്കണമെന്നും പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യരാണ്. ഭാരതത്തില്‍ പാലസ്തീന് വേണ്ടി പ്രചാരണം നടത്താനും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കാനും പാകിസ്ഥാന്‍ വാദങ്ങളെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് മുന്നോട്ടു വരുകയാണ്. ഭാരതമെന്ന പേരിനെ പോലും തിരസ്‌കരിക്കാനും അതിര്‍ത്തി കടന്ന് ഭാരത സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അവിശ്വാസം രേഖപ്പെടുത്താനും കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ക്ക് പോലും മടിയുണ്ടായിരുന്നില്ല.
ഹിന്ദു വിരുദ്ധ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാനും മതഭീകരവാദികളെ പച്ചയായി പ്രീണിപ്പിക്കാനും കോണ്‍ഗ്രസ് എക്കാലവും മുന്നിലുണ്ടായിരുന്നു. അഭയാര്‍ത്ഥികളായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ കണ്ണടയ്ക്കാനും പൊതുമദ്ധ്യത്തില്‍ വെച്ച് പശുവിനെ അറുക്കാനും കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കാനും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. സ്വതന്ത്ര്യാനന്തരം രാജ്യത്ത് എണ്ണമറ്റ വര്‍ഗീയ കലാപങ്ങളിലൂടെ ഹിന്ദു വേട്ടയ്ക്ക് അവസരം ഒരുക്കിക്കൊടുത്തതും അവരാണ്. മലബാറില്‍ ഉള്‍പ്പെടെ ഹിന്ദു വംശഹത്യയ്ക്കും ക്ഷേത്രധ്വംസനങ്ങള്‍ക്കും നേതൃത്വം വഹിച്ച ടിപ്പു സുല്‍ത്താന് പ്രതിമ നിര്‍മിക്കാനും ടിപ്പു അനുസ്മരണം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് മുന്നില്‍ നിന്നു. യുപിഎ ഭരണകാലത്ത് രാജ്യഭരണത്തിന്റെ സമുന്നത പദവിയിലേക്ക് കോണ്‍ഗ്രസ് അവരോധിച്ച വ്യക്തി പിന്നീട്, ഹിന്ദുക്കളെ ഉന്മൂലനം ചെയ്യണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത നിരോധിത ഭീകരസംഘടനയുടെ വേദിയില്‍ മുഖ്യാതിഥിയുടെ വേഷമണിഞ്ഞു പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ യുഡിഎഫ് ഭരണകാലത്ത് ഒരു മുസ്ലിം ലീഗ് മന്ത്രി തന്റെ ഔദ്യോഗിക വസതിയുടെ പേര് ‘ഗംഗ’ എന്നതിനുപകരം ‘ഗ്രേസ്’ എന്നു പുനര്‍നാമകരണം ചെയ്തപ്പോഴും, നിലവിളക്ക് കൊളുത്തില്ലെന്ന് ലീഗ് മന്ത്രിമാര്‍ തുടര്‍ച്ചയായി നിലപാടെടുത്തപ്പോഴും കോണ്‍ഗ്രസ് മൂകസാക്ഷികളായി മാറിനില്‍ക്കുകയായിരുന്നു. കേരളത്തില്‍ സാമുദായിക സന്തുലനത്തെ തകിടം മറിക്കുന്ന തരത്തില്‍ അഞ്ചാംമന്ത്രി പ്രശ്‌നം ഉയര്‍ന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. യുഡിഎഫ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് മാറാട് ഹിന്ദു വംശഹത്യ അരങ്ങേറിയത്. മതഭീകരവാദത്തോട് കോണ്‍ഗ്രസ് പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും സന്ധിചെയ്യുകയുണ്ടായി. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായി അബ്ദുള്‍ നാസര്‍ മദനി ജയിലിലടയ്ക്കപ്പെട്ട കാലത്ത് പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പി.ഡി.പിയുമായി കൂട്ടുചേര്‍ന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന പി.ഡി.പി പ്രവര്‍ത്തകരുടെ ചിത്രം അന്ന് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
രാജ്യത്തെ മതപരമായി വിഭജിക്കുക വഴി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനും അവരെ അഭയാര്‍ത്ഥികളാക്കി മാറ്റാനും അവസരമൊരുക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് ഭാരതത്തില്‍ ആദ്യമായി അധികാരത്തിലേറിയത്. ഇപ്പോള്‍ അവര്‍ ഹിന്ദുസമാജത്തെ ജാതീയമായി വിഭജിക്കാന്‍ ‘ജാതി സെന്‍സസ്’ എന്ന ആവശ്യമുയര്‍ത്തുന്നു. മുന്‍പ് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി താനൊരു ഹിന്ദുവാണെന്നും കാശ്മീരി ബ്രാഹ്‌മണനാണെന്നുമൊക്കെ അവകാശപ്പെട്ട രാഹുലിന്റെ ഹൈന്ദവ സ്‌നേഹം കപടമാണെന്ന് പാര്‍ലമെന്റ് പ്രസംഗത്തിലൂടെ ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. ബിജെപി മുസ്ലിങ്ങളെ ഭയപ്പെടുത്തുകയാണെന്നാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റ് പ്രസംഗത്തില്‍ ആരോപിച്ചത്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് മുസ്ലിങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി വേട്ടയാടിയത് ആരായിരുന്നുവെന്ന ചരിത്രം രാഹുല്‍ വിസ്മരിക്കരുത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഹിന്ദുക്കള്‍ക്ക് നേരെ കയ്യോങ്ങുന്നവരെ ഹിന്ദു സമൂഹം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്.