Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home യാത്രാവിവരണം

ദലൈലാമയുടെആശ്രമത്തില്‍(ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-9)

രതി നാരായണൻ

Print Edition: 6 December 2019

ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഒരു നിമിഷമുണ്ട്, അതായിരുന്നു പാരാഗ്ലൈഡിംഗ് നല്‍കിയ അതീന്ദ്രിയതുല്യമായ അനുഭവം. പിന്നീട് ആലോചിച്ചപ്പോള്‍ ആ പറക്കലിനും മരണത്തിനും തമ്മില്‍ എന്തോ ബന്ധമുള്ളതുപോലെ തോന്നി. മരണം എന്നത് ദേഹമുപേക്ഷിച്ചുള്ള ദേഹിയുടെ യാത്രയാണെന്നാണല്ലോ വിശ്വാസം. ദേഹം വിട്ടിറങ്ങുന്ന ദേഹി അനുഭവിക്കുന്നതും ഇതേ ഭാരമില്ലായ്മയും സ്വാതന്ത്ര്യവുമായിരിക്കും. സന്തോഷത്തോടെ മരിക്കാന്‍ ഒരു കാരണമാകുമെങ്കില്‍ ഇത്തരം ചില സങ്കല്‍പ്പങ്ങള്‍ അങ്ങനെ തന്നെ വിശ്വസിക്കാം. എന്തായാലും അഞ്ചോ ആറോ നിമിഷം കൊണ്ട് ആ ആനന്ദപ്പറക്കല്‍ കഴിഞ്ഞു. ഇനിയൊരിക്കല്‍ കൂടി ഹിമാചലിലെത്തിയാല്‍ ബിര്‍ ബില്ലിംഗിലെ ഉയരങ്ങളിലെ പറക്കലിന് തയ്യാറാകുമോ എന്നാരെങ്കിലും ചോദിച്ചാല്‍ രണ്ടുപേര്‍ക്കും ഒറ്റ ഉത്തരം മാത്രം, കയറും.

കുളു മണാലിയില്‍ നിന്ന് മണികരണയിലെ ചൂടുനീരുറവ കാണാനാണ് ഇനി യാത്ര. ഉത്തരാഖണ്ഡിലേതുപോലെ തിളച്ചുമറിയുന്ന ചെറു നീരുറവകള്‍ ഹിമാചലിന്റെയും വിവിധ ഭാഗങ്ങളിലുണ്ട്. മണാലിയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മണികരണയിലേക്കുള്ള യാത്രയും ഒരു അനുഭവമായിരുന്നു. ഹിമാചല്‍ പ്രദേശിന്റെ ഭൂമിശാസ്ത്രം കൃത്യമായി മനസ്സിലാക്കാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കും. കുന്നിന്‍മുകളിലെയും താഴ്‌വാരങ്ങളിലെയും ഒറ്റപ്പെട്ട ഗ്രാമങ്ങളായിരുന്നു ഏറ്റവും ചേതോഹരം. നൂറില്‍താഴെ വരുന്ന കുടുംബങ്ങള്‍ മാത്രമാണ് ഓരോ ഗ്രാമത്തിലും. വായു മലിനീകരണത്തിന്റെയും ശുദ്ധജല അപര്യാപ്തതയുടെയും പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഹിമാചല്‍ എത്രമാത്രം സ്വര്‍ഗീയമായ ഭൂപ്രദേശമാണെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഇങ്ങനെയൊരു നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയുന്ന കുറ്റകൃത്യങ്ങള്‍ക്കൊരു പരിധിയുണ്ടാകുമെന്ന തത്വചിന്ത പങ്കിട്ടപ്പോള്‍ ഇവര്‍ക്ക് അധികം ജനിച്ചുകഷ്ടപ്പെടേണ്ടി വരില്ലെന്ന കര്‍മസിദ്ധാന്തം അദ്ദേഹം തിരിച്ചുചൂണ്ടിക്കാട്ടി. കര്‍മബന്ധങ്ങളുടെ കടുംകെട്ടുകളില്‍ നിന്ന് ഒരല്‍പ്പം മോചനം കിട്ടി ഒരുപാട് ആഗ്രഹിക്കാനും വെട്ടിപ്പിടിക്കാനുമില്ലാതെ ഇങ്ങനെയൊരു ഭൂപ്രദേശത്ത് ജനിക്കാനും ജീവിക്കാനും ഇനി എത്ര ജന്‍മങ്ങള്‍ വേണ്ടിവരുമെന്നോര്‍ത്ത് ആ പ്രകൃതിയെ ഉള്ളിലേക്കാവാഹിക്കാന്‍ ശ്രമിച്ചു.

ബിയാസ് നദിയുടെ പോഷകനദിയായ പാര്‍വതീനദീതീരത്താണ് പ്രശസ്തമായ മണികരണ്‍ ക്ഷേത്രവും ചൂടുനീരുറവയും. ശിവനും പാര്‍വതിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് മണികരണയിലെ തിളച്ചുമറിയുന്ന ചെറു തടാകത്തിന്റേത്. പാര്‍വതിദേവിയുടെ കര്‍ണാഭരണം നദിയില്‍ വീണുപോയെന്നും അത് പാതാളത്തിലെത്തി ശേഷന്‍ സ്വന്തമാക്കുകയും ചെയ്തത്രെ. എത്ര തെരഞ്ഞിട്ടും ആഭരണം ലഭിക്കാതെ വന്നപ്പോള്‍ മഹേശ്വരന്‍ കുപിതനായപ്പോള്‍ ഭയന്നുപോയ ശേഷന്‍ കര്‍ണാഭരണം മുകളിലേക്ക് തുപ്പിയെന്നും തിളച്ചുമറിയുന്ന നീരുറവ അങ്ങനെയാണ് ഉണ്ടായതെന്നുമാണ് കഥ. ഈ ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു ഗുരുദ്വാരയുമുണ്ട്. ഹിന്ദുക്കളുടെയും സിക്കുകാരുടെയും തീര്‍ത്ഥാടനകേന്ദ്രമാണിത്. മഞ്ഞുവീഴ്ച്ച തുടങ്ങിയാല്‍ പുറത്ത് തണുത്തുവിറച്ചെത്തുന്നവര്‍ മണികര്‍ണയിലെ സ്‌നാനഘട്ടത്തിലെത്തിയാല്‍ ചൂടുകൊണ്ട് വിയര്‍ത്തുപോകും. ഏത് കൊടും തണുപ്പിലും ഇവിടെയുള്ള സ്‌നാനഘട്ടത്തിലേക്ക് നീരുറവയിലെ തിളച്ച വെള്ളമെത്തുന്നതിനാല്‍ ചൂടുനിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷമാണ് എപ്പോഴും. ഇവിടെയെത്തുന്ന ഭക്തര്‍ അരി തുണിയില്‍ കെട്ടി നീരുറവയിലെ വെള്ളത്തിലിട്ട് വേവിച്ച് പ്രസാദമായി സേവിക്കാറുണ്ട്.

ഓടുന്ന കാറില്‍ നിന്ന് രക്ഷപ്പെട്ട് വഴിയോരത്തൊരു ഷീറ്റ് വിരിച്ച് നടുനിവര്‍ത്തി ആകാശം കണ്ട് കിടക്കാന്‍ അതിയായി ആഗ്രഹിച്ച യാത്രയായിരുന്നു മണികരണയില്‍ നിന്ന് ഷിംലയിലേക്ക് നടത്തിയത്. ഹിമാചലില്‍ എത്തി യാത്ര മടുത്തുപോയ ദിവസം. ഇപ്പോഴെത്തും എന്ന പ്രതീക്ഷയില്‍ മണിക്കൂറുകള്‍ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഇടയ്ക്ക് ചെറിയ റെസ്‌റ്റോറന്റുകള്‍ക്ക് മുന്നില്‍ നിര്‍ത്തി ചായ കുടിച്ച് വിശ്രമിച്ച് യാത്ര അന്തമില്ലാതെ നീളുകയായിരുന്നു. രാത്രിയിലേക്ക് കുറച്ചു പഴങ്ങള്‍ വാങ്ങിക്കരുതി. അത്രമേല്‍ രുചികരമെന്ന് തോന്നിക്കുന്ന ഹിമാചല്‍ സ്‌പെഷ്യല്‍ ആഹാരസാധനങ്ങളൊന്നും ഒരു ഹോട്ടലില്‍ നിന്നും ലഭിച്ചിരുന്നില്ല. കട്ടപിടിച്ച ഇരുട്ടില്‍ പുറംലോകം മറഞ്ഞുപോയി. യാത്രയുടെ തുടക്കം മുതല്‍ ഒച്ചതാഴ്ത്തി ഡ്രൈവര്‍ കേട്ടുകൊണ്ടിരുന്ന ഹിന്ദിപ്പാട്ടുകളുടെ താളം ശ്രദ്ധിച്ച് സീറ്റില്‍ ചുരുണ്ടുകൂടിയിരുന്ന് ഉറങ്ങി. വെളുപ്പിന് രണ്ടരയോടടുത്താണ് ഷിംലയിലെത്തിയത്. നഗരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ ഉണര്‍ന്നതിനാല്‍ ചെറിയ തണുപ്പില്‍ ഷാള്‍ പുതച്ച് ആ വെളുപ്പാന്‍ കാലത്തും കൂട്ടമായി നടന്ന് യുവത്വം ആഘോഷിക്കുന്നവരെ പലയിടത്തും കണ്ടു. ഹോട്ടലില്‍ മുറിയെടുത്ത് ഏഴ് മണിവരെ കിടന്നുറങ്ങി ക്ഷീണം തീര്‍ത്തതിന് ശേഷം കുളിച്ച് ഫ്രഷായി ഷിംല കാണാനിറങ്ങി.
ദേവദാരുവനത്തിലെ പൊടിപാറുന്ന മണ്‍വഴിയിലൂടെ അരമണിക്കൂര്‍ നീളുന്ന ഒരു കുതിരസവാരി, ബൈനോക്കുലര്‍ വഴി പെട്ടെന്ന് ചെന്നെത്താനാകാത്ത ചില സ്ഥലങ്ങളുടെ ദൂരക്കാഴ്ച്ച, ഷിംലയുടെ അടയാളമായ മാള്‍ റോഡിലൂടെ ഒരു പ്രദക്ഷിണം.
അതിനൊക്കെയുള്ള സമയമേ അവശേഷിച്ചിരുന്നുള്ളു. അല്ലെങ്കില്‍ അത്രയും താത്പര്യമേ ഷിംല സമ്മാനിച്ചുള്ളു. എത്രയും പെട്ടെന്ന് തിരികെ ബിനുവിന്റെ ക്വാര്‍ട്ടേഴ്‌സിലെത്തി സുബി ഉണ്ടാക്കിത്തരുന്ന ചോറും കറിയുമൊക്കെ വയറുനിറയെ കഴിച്ച് ഒരു ദിവസം മുഴുവന്‍ എവിടെയും പോകാതെ വെറുതെയിരിക്കാനായിരുന്നു രണ്ടാള്‍ക്കും അപ്പോള്‍ തിടുക്കം. ദിവസങ്ങളായി നടത്തുന്ന യാത്ര അത്രയും ക്ഷീണിപ്പിച്ചിരുന്നു. വാസ്തവത്തില്‍ ഷിംലയിലേക്ക് സഞ്ചാരികള്‍ക്കായി ട്രെയിന്‍ സൗകര്യമുണ്ടായിരുന്നു. വിശാലമായ ഭൂപ്രദേശങ്ങള്‍ കണ്ട് യാത്ര ചെയ്യാന്‍ അത് മതിയായിരുന്നു. പക്ഷേ ഡ്രൈവര്‍ നിര്‍ബന്ധപൂര്‍വ്വം ഷിംലയിലേക്ക് ഇരട്ടിസമയം ചെലവഴിച്ച് എത്തിക്കുകയായിരുന്നെന്ന് പിന്നീട് മനസ്സിലായി. ട്രെയിന്‍ സൗകര്യം പറഞ്ഞിരുന്നെങ്കില്‍ കാറില്‍ ഷിംലയിലേക്കുള്ള യാത്ര ഒഴിവാക്കാമായിരുന്നല്ലോ എന്ന് ഡ്രൈവറോട് ദേഷ്യം തോന്നിയപ്പോള്‍ കിലോമീറ്റര്‍ കണക്കില്‍ വണ്ടിയോടിച്ച് കാശുവാങ്ങി ജീവിക്കുന്ന ഒരു ഡ്രൈവറും അങ്ങനെ ചെയ്യില്ലെന്ന ലോകതത്വം ഭര്‍ത്താവ് പറഞ്ഞുതന്നു.

ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി പതിനൊന്ന് മണിയായി. പിറ്റേന്ന് എവിടെയും പോകാതെ വിശ്രമിച്ച് ക്ഷീണം തീര്‍ക്കുകയും ചെയ്തു. ധര്‍മശാലയില്‍ തന്നെ ഇനിയും കാണാന്‍ സ്ഥലങ്ങള്‍ ബാക്കിയുണ്ട്. ഏറ്റവും പ്രധാനം ദലൈലാമയുടെ ആസ്ഥാനം സന്ദര്‍ശിക്കുക എന്നതുതന്നെയാണ്. പുറപ്പെടുന്നതിന് മുമ്പ് ലാമയെ കാണാന്‍ അനുമതി തേടി ഇ- മെയില്‍ ചെയ്തിരുന്നു. പക്ഷേ അനാരോഗ്യത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയതേയുളളു എന്നും സന്ദര്‍ശകരെ കാണാന്‍ തുടങ്ങിയിട്ടില്ലെന്നുമായിരുന്നു മറുപടി. ബിനുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ സീനിയര്‍ ആര്‍മി ഓഫീസര്‍ വഴി ഒന്നുകൂടി ശ്രമിക്കാം എന്നുറപ്പ് നല്‍കി. എന്തായാലും മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ഡല്‍ഹൗസി കൂടി സന്ദര്‍ശിച്ചതിന് ശേഷം അവസാനമാകാം ദലൈലാമയുടെ ആശ്രമത്തിലേക്കുള്ള യാത്രയെന്ന് തീരുമാനിച്ചു. ദലൈലാമയുടെ ജീവിതം അതിശയത്തോടെ മാത്രം വായിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ കണ്‍മുന്നില്‍ കാണണമെന്നും സംസാരിക്കണമെന്നും ഒരു അതിമോഹം മനസ്സില്‍ ഉറച്ചിരുന്നു.

ഡല്‍ഹൗസിയിലേക്ക് മനസ്സില്ലാമനസോടെയാണ് പുറപ്പെട്ടത്. ഉയരങ്ങളിലേക്കുള്ള കറങ്ങിത്തിരിഞ്ഞുള്ള യാത്ര ഉണ്ടാക്കുന്ന ശാരീരിക അസ്വസ്ഥതയോര്‍ത്തായിരുന്നു ആ മടി. ഇക്കുറി ഡ്രൈവറായെത്തിയത് ഒരു ചെറിയ പയ്യനായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് സഞ്ചാരികളുമായുള്ള യാത്ര തുടങ്ങിയതാണവന്‍. ഹിമാചലില്‍ ആര്‍ക്കും പട്ടിണിയില്ല. കൃഷിയും, ടൂറിസവുമായി ബന്ധപ്പെട്ട ജോലികളും അധികം സാമ്പത്തികബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പഠിത്തമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാണെന്നും അവന്‍ പറഞ്ഞു. മഞ്ഞുകാലം കഴിച്ചുകൂട്ടുന്ന കഷ്ടപ്പാടോര്‍ത്ത് പുറത്തുനിന്നാരും തങ്ങളുടെ നാട്ടില്‍ കുടിയേറാന്‍ വരില്ലെന്നും അവന്‍ പറഞ്ഞുതന്നു. മഞ്ഞുകാലത്തെക്കുറിച്ചുള്ള അവന്റെ വര്‍ണന കേള്‍ക്കുമ്പോള്‍ തന്നെ തണുക്കുന്നതുപോലെ തോന്നും. നിരന്ന് പരന്നുകിടന്ന് അതിശയിപ്പിച്ച കുന്നുകളും മലകളും മഞ്ഞുപുതച്ച് നിര്‍വികാരമായി കിടക്കുന്ന കാഴ്ച കാണാന്‍ ഒരിക്കല്‍കൂടി വരണമെന്ന ആഗ്രഹവും അപ്പോള്‍ തോന്നി. ഉയരങ്ങളിലേക്കാണ് ഇക്കുറിയും യാത്ര. പക്ഷേ കൂടുതല്‍ അപകടം പിടിച്ച റോഡിലൂടെയാണ് സഞ്ചാരം. അധികം വീതിയില്ലാത്ത റോഡില്‍ വളവുകളില്‍ പെട്ടെന്നാണ് എതിര്‍ഭാഗത്ത് നിന്ന് വാഹനമെത്തുന്നത്. അല്‍പ്പം അശ്രദ്ധയോ അബദ്ധമോ സംഭവിച്ചാല്‍ അഗാധമായ താഴ്ചയിലേക്ക് വണ്ടിയും യാത്രക്കാരും പതിക്കുമെന്നുറപ്പ്. പോകുന്ന വഴിയില്‍തന്നെ പലയിടത്തും അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ കാണുകകൂടി ചെയ്തതോടെ പേടി ഇരട്ടിയായി.

ഡല്‍ഹൗസിയില്‍ അതിശയിപ്പിക്കുന്ന അനുഭവം സമ്മാനിച്ചത് ഒരു കാടായിരുന്നു. പടര്‍ന്നുപന്തലിക്കുന്നതല്ല പറ്റുന്നിടത്തോളം തലയുയര്‍ത്തി ആകാശത്തേക്ക് വളരാന്‍ ശ്രമിക്കുന്ന മരമാണ് ദേവദാരു. ആരുടെ മുന്നിലും തലകുനിക്കാതെ കൂസലില്ലാതെ നില്‍ക്കുന്ന ഒരു ധീരയോദ്ധാവിനെപ്പോലെയാണ് ഈ മരം. കാണുന്നവര്‍ക്ക് വല്ലാത്തൊരു ഇഷ്ടവും ആരാധനയും തോന്നിപ്പോകും. രണ്ടാള്‍ പിടിച്ചാല്‍ കിട്ടാത്ത തടിയുമായി ആകാശം മറച്ച് നിബിഡമായി വളരുന്ന ദേവദാരുക്കള്‍ക്കിടയിലെ വഴിയിലൂടെ നടന്നും കാറിലുമായി വനയാത്ര ആസ്വദിക്കാം. തീരെ തിരക്കില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ ഭാഗ്യമുണ്ടെങ്കില്‍ കാട്ടുജീവികളെ യഥേഷ്ടം കാണാം. സമയക്കുറവ് കാരണം കാറിലാക്കി യാത്ര. (ആ വഴിത്താരയിലൂടെ പ്രിയമുള്ളവര്‍ക്കൊപ്പം ചിരിച്ചും കളിച്ചും വഴക്കിട്ടും കാടുകണ്ട് നടക്കാന്‍ കഴിയാതെ പോയതാണ് കൗമാരത്തിന്റെ വലിയ നഷ്ടങ്ങളിലൊന്ന് എന്ന് അതുവഴി കടന്നുപോകുന്ന ചെറുപ്പക്കാര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു). കാറിന്റെ ഗ്ലാസ് താഴ്ത്തി വച്ച് എ.സിയെ തോല്‍പ്പിക്കുന്ന തണുപ്പും ചെറുകാറ്റും ആസ്വദിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെ റോഡിലേക്ക് മഞ്ഞുകഷ്ണങ്ങള്‍ തെറിച്ചുവീഴാന്‍ തുടങ്ങി. അതിശയം കൊണ്ട് മനസ്സ് തിങ്ങിനിറഞ്ഞു. എത്രയോ വായിച്ച് കൊതിച്ചതാണ് ഈ മഞ്ഞുപൊഴിയല്‍. വണ്ടിനിര്‍ത്തിയിറങ്ങിയപ്പോഴേക്കും മഞ്ഞുവീഴുന്നതും നിന്നു. നിബിഡമായ ഒരു കാടും വിറപ്പിക്കുന്ന കുളിരും കാറ്റും മഞ്ഞുകഷ്ണങ്ങളും നിറഞ്ഞുനിന്ന ആ നേരനുഭവത്തെ ഒരു തുള്ളിപോലും ചോര്‍ന്നുപോകാതെ മനസ്സ് ആവാഹിച്ചെടുത്തു. ഏത് കൊടുംവേനലിലും ആ ഒറ്റ ഓര്‍മ മാത്രം മതി മനസ്സിന് ആര്‍ദ്രവും സ്‌നേഹലോലവുമാകാന്‍. അതുപോലെ തന്നെ മനസ്സ് നിശബ്ദമായിപോയ അനുഭവമായിരുന്നു ധര്‍മശാലയിലെ ദലൈലാമയുടെ ആശ്രമവും സമ്മാനിച്ചത്.
(തുടരും)

 

Tags: ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അനുഭൂതിദായകമായ തീര്‍ത്ഥയാത്ര

ശ്രീ മാതാ വൈഷ്‌ണോദേവി ദര്‍ശനം- അനുഭൂതിദായകം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

മധുരിക്കും ഓര്‍മ്മകളുടെ പാരീസ്

കൊറോണയിലേക്ക് ഒരു തീര്‍ത്ഥയാത്ര…

കൊയപ്പള്ളി തറവാട്ടിലെ കേളപ്പജി പ്രതിമയ്ക്ക് മുന്നില്‍

കേളപ്പജിയെ അറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies