കേരളത്തില്‍ ഒരു കാലത്ത് സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സഹകരണ സംഘങ്ങളെയും സ്ഥാപനങ്ങളെയും കൊള്ളസംഘങ്ങളാക്കി മാറ്റിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവര്‍ നിയോഗിച്ച സാമൂഹ്യവിരുദ്ധരും ചേര്‍ന്നാണ്. ലോകം മുഴുവന്‍ സാധാരണക്കാരന്റെ പ്രതീക്ഷയും പ്രത്യാശയുമായി മാറിയ സഹകരണ പ്രസ്ഥാനത്തെ സഹകരണ കൊള്ളസംഘങ്ങളാക്കി മാറ്റിയതില്‍ പ്രമുഖ പങ്ക് വഹിച്ചവര്‍ ആയിരക്കണക്കിന് പാവപ്പെട്ട സഹകാരികളുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടിരിക്കുകയാണ്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായതു തന്നെ ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അവര്‍ നടത്തിയിട്ടുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചരിത്രം നിരത്തിയാല്‍ മതമൗലികവാദികളും ഭാരതവിരുദ്ധ ഭീകരവാദികളുമൊക്കെ നാണിച്ചു പോകും. ഭാരതത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുവാന്‍ കാലങ്ങളായി ശ്രമിക്കുന്ന കള്ളപ്പണ ശക്തികള്‍ക്ക് കടിഞ്ഞാണിടുവാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ച ഉടന്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള കേരളത്തിലെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രങ്ങളായി മാറി. ഇതില്‍ അന്വേഷണവും നടപടികളും വരാന്‍ ഇടയുണ്ടെന്നു മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം തിരക്കിട്ട് കേരള ബാങ്ക് രൂപീകരിക്കാന്‍ തയ്യാറായി. കേരളത്തിലെ സഹകരണ മേഖലയുടെ മറവില്‍ രാജ്യവിരുദ്ധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കാലങ്ങളായി നടന്നു വരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതുകൊണ്ട് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും കേന്ദ്ര ഏജന്‍സികളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. കേരള ബാങ്കിന്റെ ഭരണ സമിതികളില്‍ ഇതര സഹകരണ ബാങ്കുകളില്‍ ചെയ്യുന്നതു പോലെ വിദഗ്ദ്ധരെക്കാള്‍ വിധേയരായവരെ നിയോഗിച്ചുകൊണ്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടരാനായിരുന്നു കമ്മ്യൂണിസ്റ്റ് സഖാക്കളുടെ പദ്ധതി.
ഗുജറാത്തിലെ കര്‍ണ്ണാവതി പോലൊരു മഹാനഗരത്തിലെ പടുകൂറ്റന്‍ സഹകരണ സ്ഥാപനങ്ങളെ ഭരിച്ചും നിയന്ത്രിച്ചും വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ള അമിത്ഷായും നരേന്ദ്ര മോദിയുമൊക്കെയാണ് ഇന്ന് ഭാരതം ഭരിക്കുന്നതെന്ന കാര്യം മറന്നുപോയ സഖാക്കന്മാര്‍ പുലരുവോളം കക്കാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി വിധേയരെ കുത്തിനിറച്ച കേരള ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി നിശ്ചിത പരിധിയായ ഏഴ് ശതമാനവും കടന്ന് പതിനൊന്ന് ശതമാനമായതോടെയാണ് ആര്‍ബിഐയില്‍ നിന്നും നടപടി ഉണ്ടായിരിക്കുന്നത്. ബി ഗ്രേഡ് ഉണ്ടായിരുന്ന കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതോടെ ഇടപാടുകള്‍ക്ക് കടുത്ത നിയന്ത്രണം വരും. ഇനി മുതല്‍ ഇരുപത്തഞ്ച് ലക്ഷത്തിനു മേല്‍ വ്യക്തിഗത വായ്പ നല്‍കാനുമാവില്ല. എന്നു മാത്രമല്ല കൊടുത്ത വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കാനും ഉത്തരവായിരിക്കുന്നു. എന്നാല്‍ വായ്പകള്‍ തിരിച്ചുപിടിക്കുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല. കാരണം ഈ വായ്പകളില്‍ നല്ലൊരു പങ്കും വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയ വ്യാജ വായ്പകളാണ്. യഥാര്‍ത്ഥ അക്കൗണ്ട് ഉടമ അറിയാതെ നല്‍കിയിരിക്കുന്ന വ്യാജ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുവന്നൂരില്‍ സംഭവിച്ചതുപോലുള്ള വന്‍ പൊട്ടിത്തെറികള്‍ തന്നെ ഉണ്ടായേക്കാം. ചുരുക്കിപ്പറഞ്ഞാല്‍ കേരള ബാങ്കിനെ കേന്ദ്രം അടപടലം പൂട്ടിയിരിക്കുകയാണ്.
കേരളത്തില്‍ ഏതാണ്ട് അയ്യായിരം കോടിയുടെ അഴിമതിയാണ് സഹകരണ മേഖലയില്‍ നടന്നിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സഹകാരികളെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊള്ളയടിച്ചതു പോലെയുള്ള നിരവധി സംഭവങ്ങള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎമ്മിനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി പ്രതിചേര്‍ത്തിരിക്കുന്നു എന്നു മാത്രമല്ല ഇലക്ഷന്‍ കമ്മീഷനെ വിവരം അറിയിക്കുകയും ചെയ്തിരിക്കുന്നു. എന്നു പറഞ്ഞാല്‍ ഇത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അംഗീകാരത്തെപ്പോലും ബാധിച്ചു കൂടായ്കയില്ല. ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കള്ളപ്പണക്കേസില്‍ പ്രതി ചേര്‍ക്കുന്നത് അത്യപൂര്‍വ്വമായ സംഭവമാണ്. ദില്ലിയിലെ മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പ്രതിസ്ഥാനത്തു വന്നതാണ് ഇതിനു മുമ്പുണ്ടായ സമാനമായ സംഭവം. അതില്‍ പ്രതിചേര്‍ക്കപ്പെട്ട അരവിന്ദ് കേജ്രിവാളിന് ഇതുവരെ ജയിലിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ആയിട്ടില്ലെന്നത് കേരളത്തിലെ പല കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെയും ഭയപ്പെടുത്തുന്നുണ്ട്. നരേന്ദ്ര മോദിയും സംഘവും ബോധപൂര്‍വ്വം കേരളത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് എന്നതുപോലുള്ള വാദങ്ങളൊന്നും ഇനി വിലപ്പോവില്ല. കാരണം എല്ലാ തെളിവുകളും ശേഖരിച്ച കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സാമ്പത്തിക അധോലോക സംഘങ്ങളെ തകര്‍ക്കാന്‍ ഉറച്ചുതന്നെയാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലുള്ള എട്ട് അക്കൗണ്ടുകളടക്കം 73 ലക്ഷത്തിന്റെ സ്വത്തുകള്‍ ഇഡി ഇതിനോടകം കണ്ടുകെട്ടിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ അവിഹിത മാര്‍ഗ്ഗത്തില്‍ സമ്പാദിച്ച പാര്‍ട്ടി ഓഫീസിനുള്ള സ്ഥലം വരെ കണ്ടുകെട്ടിയിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും തട്ടിയെടുത്ത കോടികളുടെ വിഹിതം സിപിഎം അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി ഇഡിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. മൂന്നു ഘട്ടങ്ങളിലായി ഇതിനോടകം 115 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വ്യക്തികളും സ്ഥാപനങ്ങളുമടക്കം 52 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പാര്‍ട്ടിക്കു പുറമെ നേതാക്കളും പ്രതിപ്പട്ടികയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. പതിനായിരത്തിലേറെ പാവപ്പെട്ട നിക്ഷേപകര്‍ക്ക് പണം നഷ്ടമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവാകാന്‍ പോകുകയാണ്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ പൊന്നാപുരം കോട്ടകളുടെ അടിക്കല്ലിളക്കുന്ന നടപടികളാവും ഇനി വരാന്‍ പോകുന്നത്. മാര്‍ക്‌സിസ്റ്റ് കൊള്ളസംഘങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ സൂചനകളാണ് കേരള ബാങ്കിനെതിരെയടക്കം ആരംഭിച്ചിരിക്കുന്ന നടപടികള്‍.