മതേതരത്വ നാട്യക്കാരുടെ പെരുന്നാള്‍ പറമ്പായി കേരളം മാറിയിട്ട് കാലങ്ങളായി. മതേതരത്വം, മനുഷ്യാവകാശം എന്നീ പേരുകളിലൊക്കെ ഇസ്ലാമിക മതമൗലികവാദികളെയും ഭീകര സംഘടനകളെയും വെള്ളപൂശി അതില്‍ നിന്നു കിട്ടുന്ന കാഴ്ചദ്രവ്യങ്ങളും പുരസ്‌ക്കാരങ്ങളും കൊണ്ട് കാലം കഴിക്കുന്നവരെ സാംസ്‌ക്കാരിക നായകരും ആക്ടിവിസ്റ്റുകളുമായി തമ്പേറടിച്ച് കൊണ്ടാടുവാന്‍ കേരളത്തില്‍ ആളുണ്ട് എന്നതാണ് സത്യം. ഇക്കഴിഞ്ഞ ദിവസം ‘കാന്‍ ഫിലിം ഫെസ്റ്റിവലി’ല്‍ പാലസ്തീന്‍ ഭീകരവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കാന്‍ ഹമാസിന്റെ കൊടി നിറമുള്ള വത്തയ്ക്കാ ബാഗുമായി പോയ മലയാളനടിയെ ഇന്നാട്ടിലെ മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ ആഘോഷിച്ചു. വത്തയ്ക്കയുടെ മൂല്യം താന്‍ പ്രതീക്ഷിച്ചതിലും വലുതാണെന്ന് മനസ്സിലാക്കിയ നടി തനിക്ക് നല്ല നടിക്കുള്ള പുരസ്‌ക്കാരം നേടിത്തന്ന ബിരിയാണി എന്ന മലയാള സിനിമയെ തള്ളിപ്പറയുക കൂടി ചെയ്തതോടെ കുറഞ്ഞത് പത്തു വര്‍ഷത്തേക്കെങ്കിലും മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ പ്രിയപ്പെട്ട നടിയായി അവര്‍ മാറിക്കഴിഞ്ഞു. ‘ബിരിയാണി’ എന്ന സിനിമയുടെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും പണത്തിനു വേണ്ടി മാത്രമാണ് താനതില്‍ അഭിനയിച്ചതെന്നുമാണ് അല്‍പ്പം കുറ്റബോധത്തോടെ നടി ഏറ്റുപറഞ്ഞിരിക്കുന്നത്. ഈ ഏറ്റുപറച്ചില്‍ പോലും മറ്റു ചില ലാഭക്കണക്കില്‍ കണ്ണുവച്ചുകൊണ്ട് നടത്തുന്ന കളിയാണ്. ഇനി ‘ബിരിയാണി’ എന്ന സിനിമയുടെ രാഷ്ട്രീയം എന്താണ് എന്ന് പരിശോധിച്ചാല്‍ മുന്‍ പ്രസ്താവിച്ച നടിയുടെ കുമ്പസാരരഹസ്യം പിടികിട്ടും. ഇസ്ലാമിലെ പുരുഷാധിപത്യത്തിനും അനാചാരങ്ങള്‍ക്കും എതിരെയുള്ള ചെറിയൊരു പ്രതിരോധ ശ്രമമായിരുന്നു ബിരിയാണി എന്ന മലയാളസിനിമയുടെ പ്രമേയം. ഇത് മതമൗലികവാദികളെ അന്നേ ചൊടിപ്പിച്ചതാണ്. മതമൗലികവാദികളുമായി ഐക്യപ്പെടാന്‍ ഈ സിനിമയുടെ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതാവും നല്ലതെന്നു മനസ്സിലാക്കിയ നടിയാണ് വത്തയ്ക്കാബാഗുമായി ഇസ്രായേലിന്റെ പാലസ്തീന്‍ വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ ‘കാന്‍ ഫിലിം ഫെസ്റ്റിവലി’ല്‍ ഷോ നടത്തിയത്. ഇസ്രായേലിന്റെ അതിര്‍ത്തി വേലികള്‍ പൊളിച്ച് കയറി നിരവധി പേരെ വധിക്കുകയും ബന്ദികളാക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത ഹമാസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടിയാണ് ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത്. യഹൂദര്‍ക്കുള്ള മനുഷ്യാവകാശം തന്നെയാണ് ഈ ലോകത്ത് മുസ്ലീങ്ങള്‍ക്കും ഉള്ളത്. മുസ്ലീം ഭീകരവാദികള്‍ ഇസ്രായേലിന്റെ മണ്ണില്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ പ്രതികരിക്കാതിരുന്ന കേരളത്തിലെ സാംസ്‌കാരിക സൃഗാലന്മാര്‍ ഇസ്രായേല്‍ തിരിച്ചടിച്ച് തുടങ്ങിയപ്പോള്‍ കൂട്ടമായി ഓരിയിടുന്നതിന്റെ പിന്നിലെ ചേതോവികാരം ഇടയ്ക്ക് ഈന്തപ്പഴത്തിനുള്ളില്‍ വച്ച് കിട്ടുന്ന സ്വര്‍ണ്ണക്കുരുവും ഗള്‍ഫ് യാത്രകളും പിന്നെ അല്ലറ ചില്ലറ പുരസ്‌ക്കാരങ്ങളുമൊക്കെയാണ്. ഹമാസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളും യഹൂദരും ഇല്ലാത്ത ലോകമാണെന്ന് അവര്‍ പരസ്യ പ്രഖ്യാപനം നടത്തിയിട്ടും ഇന്നാട്ടിലെ ചില കുബുദ്ധിജീവികള്‍ക്കും മതേതര മേലങ്കിയണിഞ്ഞ മാധ്യമങ്ങള്‍ക്കും അവര്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ അല്ല എന്നതാണ് രസകരമായ കാര്യം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ഹിന്ദു പണ്ഡിറ്റുകളെ കാശ്മീരില്‍ വംശഹത്യ ചെയ്തപ്പോള്‍ ഇത്തരം ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും തകര്‍ന്നു വീഴുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് ലോക വേദികളില്‍ പോയിട്ട് ഏതെങ്കിലും നാട്ടിടവഴിയില്‍ പോലും ചര്‍ച്ച ചെയ്തില്ല. അയോദ്ധ്യയില്‍ രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത് പണിഞ്ഞ ബാബര്‍ സ്മാരകത്തിനു വേണ്ടി നിലകൊണ്ടവര്‍ ഒരിക്കല്‍ പോലും ഹിന്ദു വികാരങ്ങളെ മാനിച്ചിട്ടില്ല. പരമോന്നത കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അയോദ്ധ്യയില്‍ രാംമന്ദിര്‍ പണിഞ്ഞപ്പോള്‍ അത് പള്ളിപ്പറമ്പിലെ രാമനാണെന്നു പാടി നടന്നവരാണ് കേരളത്തിലെ പ്രബുദ്ധ മതേതര നാട്യക്കാര്‍. 1528 ല്‍ ബാബര്‍ ശ്രീരാമക്ഷേത്രം തകര്‍ത്തിട്ടില്ലെന്നു വരെ വാദിച്ചവര്‍ ഇന്നാട്ടില്‍ ഉണ്ടായിരുന്നു. ദക്ഷിണ ഭാരതത്തിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളി പണിഞ്ഞ ടിപ്പു സുല്‍ത്താനെ ക്ഷേത്ര സംരക്ഷകനായി ആഖ്യാനം ചമച്ചവരെയും ഇന്നാട്ടില്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്നാല്‍ 2001 മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക താലിബാന്‍ ഭരണകൂടം 125 ഉം, 180 ഉം അടി ഉയരമുള്ള ബാമിയാന്‍ ബുദ്ധപ്രതിമകളെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഏതെങ്കിലും ഒരു ഇസ്ലാമിക രാഷ്ട്രമോ, ഇസ്ലാമിക പണ്ഡിത ലോകമോ അതിനെതിരെ പ്രതികരിച്ചു കണ്ടില്ല. മതേതര മലയാളി ബുദ്ധിജീവികളും ഇങ്ങനെ ഒരു സംഭവം നടന്നതായറിഞ്ഞില്ല. എന്നാല്‍ അയോദ്ധ്യയിലെ ബാബറിക്കെട്ടിടത്തെക്കുറിച്ച് ഇവര്‍ ഇപ്പോഴും വാചാലരാണ്.
തുര്‍ക്കിയിലെ ഇസ്ലാമിക മതമൗലികവാദ ഭരണകൂടം പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്രിസ്ത്യന്‍ പള്ളികള്‍ വരെ ബലമായി പിടിച്ചടക്കി മോസ്‌ക്കുകളാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. മുസ്ലീം ഭരണാധികാരിമാരുടെ ഉദാരമനസ്‌ക്കതയെക്കുറിച്ചും പരമത ബഹുമാനത്തെക്കുറിച്ചുമൊക്കെ നിരവധി കെട്ടുകഥകള്‍ പാടി നടക്കുന്ന മതേതര നാട്യക്കാര്‍ ഉള്ള കേരളത്തില്‍ തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി മോസ്‌ക്കാക്കി മാറ്റിയതിനെതിരെ ഒരാളും ശബ്ദിച്ചു കേട്ടില്ല. ഹാഗിയ സോഫിയ വര്‍ത്തമാനകാലത്തെ തുര്‍ക്കിയിലെ അയോദ്ധ്യയാണ് എന്നതാണ് സത്യം. ലോകത്തെ ഏറ്റവും വലിയ കത്തീഡ്രലായി ക്രിസ്ത്യന്‍ സമൂഹം കണക്കാക്കുന്ന ഹാഗിയ സോഫിയ പള്ളിയെ എര്‍ദോഗാന്‍ ഭരണകൂടം ബലം പ്രയോഗിച്ച് മോസ്‌ക്കാക്കി മാറ്റിയത് 2020 ജൂലൈയിലാണ്. ഹാഗിയ സോഫിയയില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ മാത്രം ദൂരെയുള്ള മറ്റൊരു ചരിത്രപ്രസിദ്ധ ക്രിസ്തീയ ദേവാലയം കൂടി ഇക്കഴിഞ്ഞ ദിവസം മോസ്‌ക്കാക്കി മാറ്റിയിരിക്കുകയാണ്. ബൈസന്റൈന്‍ വാസ്തുവിദ്യയില്‍ നിര്‍മ്മിതമായ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഹോളി സേവ്യര്‍ പള്ളി എന്ന ഖോറ പള്ളിയാണ് മോസ്‌ക്കാക്കി മാറ്റി മുസ്ലിങ്ങള്‍ വാങ്കുവിളിയും നിസ്‌ക്കാരവും ആരംഭിച്ചിരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് ആരാധിക്കാന്‍ പള്ളികള്‍ ഇല്ലാത്തതുകൊണ്ടല്ല ഇവര്‍ അന്യമതസ്ഥരുടെ ദേവാലയങ്ങള്‍ കൈയേറുന്നത്. അവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ അനുശാസിക്കുന്നതിന്‍ പ്രകാരമുള്ള പുണ്യ പ്രവൃത്തി മാത്രമാണ് ഈ കയ്യേറ്റം. അയോദ്ധ്യയിലും കാശിയിലും മഥുരയിലും തുടങ്ങി ഭാരതത്തിലെ പതിനായിരക്കണക്കിന് ഹിന്ദു- ബുദ്ധ-ജൈന ആരാധനാലയങ്ങളോട് മുസ്ലീം അധിനിവേശ ശക്തികള്‍ ചെയ്തതു തന്നെയാണ് ഇപ്പോള്‍ അവര്‍ ഖോറ പള്ളിയിലും നടത്തിയിരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയൊന്നും കേരളക്കരയില്‍ നിന്നൊരു വത്തയ്ക്കാ പ്രതിഷേധവും ആരും പ്രതീക്ഷിക്കേണ്ട. കേരളത്തിലെ ക്രിസ്ത്യന്‍ സഭകളില്‍ ചിലതിനെങ്കിലും ഇപ്പോഴും നേരം വെളുത്തിട്ടില്ലെങ്കിലും ക്രൈസ്തവ സമൂഹത്തിലെ ചിന്തിക്കുന്ന ചില കൂട്ടരെങ്കിലും അപകടത്തിന്റെ ആഴം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ‘സെലക്ടീവ് സെക്യുലറിസ’ക്കാരില്‍ വിശ്വാസമര്‍പ്പിക്കാനാണ് നമ്മുടെ ഭാവമെങ്കില്‍ ഭാവിയില്‍ അതിന് നാം വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.