കരുത്തന്റെ വാക്കുകള്‍ക്ക് കാലം ചെവികൊടുക്കുമ്പോള്‍ ദുര്‍ബലന്റെ രോദനങ്ങള്‍ക്ക് പുല്ലുവില പോലും ഉണ്ടാവില്ല എന്ന് പറയാറുണ്ട്. രാഷ്ട്രമീമാംസയുടെ പ്രഥമ പാഠം തന്നെ ഇതാണ്. ദുര്‍ബലനായി തുടരുക എന്നത് ശത്രുവിന് അതിക്രമം ചെയ്യാനുള്ള പ്രേരണയാകുമെന്നാണ് ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. വര്‍ത്തമാനകാല ഭാരതത്തിന്റെ രാഷ്ട്രമീമാംസയും നയതന്ത്രവും കരുത്തിന്റെ പ്രയോഗത്തിലാണ് വിശ്വസിക്കുന്നത്. വിലാപത്തിന്റെയും യാചനയുടെയും സ്വരം കൈവെടിഞ്ഞപ്പോള്‍ ഭാരതത്തിന്റെ ശബ്ദം ശ്രവിക്കാനും ശ്രദ്ധിക്കാനും ലോകം തയ്യാറായിരിക്കുകയാണ്. അഖണ്ഡ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന കാശ്മീര്‍ ഭാരത യൂണിയനില്‍ നിരുപാധികം ലയിച്ചു ചേര്‍ന്ന ഒരു ഭൂപ്രദേശമായിരുന്നു. എന്നാല്‍ പ്രഥമകോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രം കാശ്മീരത്തിന്റെ വലിയൊരു ഭൂപ്രദേശം പാകിസ്ഥാന്റെ പിടിയിലായിപ്പോയി. എന്നു മാത്രമല്ല പാക്കധീന കാശ്മീരിനെ താവളമാക്കി കൊണ്ട് പാകിസ്ഥാന്‍ ദീര്‍ഘകാലമായി ഭാരതവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിപ്പോരുന്നു. പാക്കധീന കാശ്മീരിനെ മോചിപ്പിക്കണമെന്നത് ദേശീയവാദികളുടെ ദീര്‍ഘകാലമായുള്ള സ്വപ്‌നമായിരുന്നു. ഭാരതത്തിന്റെ ഭാഗമായ കാശ്മീരിനെപ്പോലും അന്യവല്‍ക്കരിക്കുന്ന 370-ാം വകുപ്പ് എടുത്തു മാറ്റണമെന്ന ദേശീയവാദികളുടെ ചിരകാല അഭിലാഷം നരേന്ദ്രമോദി സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കി കഴിഞ്ഞു. എന്നു മാത്രമല്ല കാശ്മീര്‍ ഇന്ന് അതിന്റെ പഴയ പ്രൗഢിയിലേക്കു മടങ്ങുന്ന കാഴ്ചകളാണ് ലോകം കാണുന്നത്. കല്ലേറും കലാപവും അവസാനിച്ച് ശാന്തമായ കാശ്മീരിലേക്ക് രണ്ടുകോടി വിനോദ സഞ്ചാരികളാണ് ഇതിനോടകം എത്തിച്ചേര്‍ന്നത്. സ്വാതന്ത്ര്യാനന്തരം വികസനമെന്തെന്നറിയാതിരുന്ന കാശ്മീര്‍ ജനത വികസനത്തിന്റെ അതിവേഗ പാതയില്‍ സഞ്ചരിച്ചു തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പാക്കധീന കാശ്മീര്‍ പട്ടിണിയിലും പരിവട്ടത്തിലുംപെട്ട് നട്ടംതിരിയുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭക്ഷ്യക്ഷാമം, വൈദ്യുതി കിട്ടാത്ത അവസ്ഥ എന്നിവയൊക്കെക്കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍,കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രക്ഷോഭത്തിലാണ്. തങ്ങളെ ഭാരതവുമായി ലയിക്കാന്‍ അനുവദിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പലരും ത്രിവര്‍ണ്ണപതാക ഏന്തിയാണ് സമരമുഖത്ത് നില്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സൈനിക നടപടി കൂടാതെ പാക് അധീന കാശ്മീര്‍ ഭാരതത്തിന്റേതായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. എന്നാല്‍ കാശ്മീരിനെ അന്യാധീനപ്പെടുത്തിയ കോണ്‍ഗ്രസ്സുകാരില്‍ ഈ പ്രസ്താവന വല്ലാതെ അലോസരമുണ്ടാക്കിയതായാണ് കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനയില്‍ നിന്നു മനസ്സിലാകുന്നത്. പാക്കധീന കാശ്മീരിനെ നരേന്ദ്ര മോദി പിടിച്ചെടുക്കാന്‍ പോകുന്നെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പാകിസ്ഥാന്‍ അണുവായുധം പ്രയോഗിക്കുമെന്നും മറ്റും പറഞ്ഞ് ആശങ്ക പരത്തുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്നത്. പാക്കധീന കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് ഭാരത പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയത് ഒരു നേരമ്പോക്കിനല്ലെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് മനസ്സിലാക്കിയാല്‍ നല്ലത്. പാക്കധീന കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഭാഗമാണെന്നും സ്വാതന്ത്ര്യാനന്തരം പാകിസ്ഥാന്റെ പിന്‍മാറ്റം ഉറപ്പുവരുത്താതിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് പി.ഒ.കെയുടെ ഇന്നത്തെ ദുഃസ്ഥിതിക്ക് കാരണക്കാരെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രസ്താവിച്ചിരിക്കുകയാണ്.
പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളെ ഭാരതം കൈവെടിയരുതെന്നാണ് പാക്കധീന കാശ്മീരിലെ സമരനായകന്‍ അഹമ്മദ് അയൂബ് മിര്‍സ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്‍ജിത് ബാര്‍ട്ടിസ്ഥാന്‍ മേഖലയെക്കൂടി പാക് പിടിയില്‍ നിന്നും മോചിപ്പിക്കണമെന്നാണ് ഇവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മൂത്തുപഴുത്ത ഒരു ഫലം പോലെ പാക്കധീന കാശ്മീര്‍ ഭാരതത്തോട് ചേരാന്‍ കാലമായിരിക്കുന്നു എന്ന് സാരം. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പാക്കധീന കാശ്മീരിനെ ഭാരതം തിരിച്ചുപിടിക്കുമെന്ന് അമിത്ഷാ പറഞ്ഞത് ഒരു പൊയ്‌വെടിയായിരുന്നില്ല എന്ന് ഉടന്‍ ലോകം തിരിച്ചറിയുക തന്നെചെയ്യും. പണ്ട് ആസാദി മുദ്രാവാക്യം മുഴങ്ങിയ കാശ്മീര്‍ താഴ്‌വര ഇന്ന് ശാന്തമായി വികസനത്തിന്റെയും പുരോഗതിയുടെയും ഗുണഭോക്താക്കളായി മാറുമ്പോള്‍ പാക്കധീന കാശ്മീരില്‍ കല്ലേറും ആസാദി മുദ്രാവാക്യവും മുഴങ്ങുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ഭാരതത്തെ ദുര്‍ബലപ്പെടുത്താനുള്ള തീവ്ര ശ്രമത്തില്‍ 237 ബില്യണ്‍ ഡോളറിന്റെ കടക്കാരനായി മാറിയ പാകിസ്ഥാന് ഐ.എം.എഫ് കടം നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു കിലോ ആട്ടക്ക് 150 രൂപയിലധികം നല്‍കേണ്ടിവരുന്ന പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് വൈദ്യുതി കിട്ടാക്കനിയായിട്ട് കാലങ്ങളായി. ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ പ്രവിശ്യകള്‍ സ്വാതന്ത്ര്യവാദം ഉയര്‍ത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. സിന്ധിലും ബലൂചിസ്ഥാനിലും എല്ലാം വേറിടല്‍ വാദം ഉയരുമ്പോള്‍ ഭാരതം ലോകശക്തിയായി മാറുന്നത് പാക് ജനത തിരിച്ചറിയുന്നുണ്ട്. ബലൂചിസ്ഥാനിലെ പ്രക്ഷോഭകരും ത്രിവര്‍ണ്ണ പതാക ഏന്തി സമരം ചെയ്യുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഇതിനിടയിലാണ് ഇരുപത്തൊന്നു കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് 13ന് ഛബഹാര്‍ തുറമുഖം പത്തു വര്‍ഷത്തേയ്ക്ക് ഉപയോഗിക്കാന്‍ ഭാരതത്തിന് അനുമതി നല്‍കുന്ന കരാര്‍ ഇറാനുമായി ഒപ്പിടുന്നത്. ഇറാന്റെ തെക്കന്‍ തീരത്ത് പാകിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന ബലൂചിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഈ തുറമുഖം ഭാരതത്തിന്റെ നിയന്ത്രണത്തിലാകുന്നതോടെ തന്ത്രപ്രധാനമായ മേല്‍ക്കൈയാണ് നമുക്കുണ്ടാകുന്നത്. ഇത് പാകിസ്ഥാനെ മാത്രമല്ല ചൈനയേയും വലിയ സമ്മര്‍ദ്ദത്തിലാക്കുന്ന ഒരു നയതന്ത്ര നീക്കമായാണ് ലോകം വിലയിരുത്തുന്നത്. ഛബഹാര്‍ തുറമുഖത്തിലൂടെ ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതിലൂടെ ഇന്റര്‍നാഷണല്‍ നോര്‍ത്ത് – സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിലേക്ക് ഭാരതത്തിന്റെ വാതില്‍ തുറക്കപ്പെടുകയാണ്. പാകിസ്ഥാനെ ആശ്രയിക്കാതെയും ചൈനയെ കൂസാതെയും സുഗമമായ ചരക്കുനീക്കം നടത്താന്‍ കഴിയുന്ന ഭാരതത്തിന് ശാക്തികമായി പാകിസ്ഥാന്റെ ശിഥിലീകരണ വേഗം കൂട്ടുവാന്‍ വേണമെങ്കില്‍ നിഷ്പ്രയാസം കഴിയും. കരുത്തന്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ആഗോള രാഷ്ട്രീയത്തില്‍ കരുത്തനാവുക എന്നതു മാത്രമാണ് കരണീയം. അത് നന്നായറിയുന്നവര്‍ ഇന്ന് ഭാരതത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നതുകൊണ്ട് പാകിസ്ഥാനുമാത്രമല്ല, ലോകത്തിനു തന്നെ ഭാരതത്തിന്റെ വഴിയെ വന്നേ മതിയാകു… അപ്പോള്‍ പാക്കധീന കാശ്മീര്‍ എന്നത് ചരിത്രമായി മാറാന്‍ പോകുന്നുവെന്ന് സാരം.