കവിതയ്ക്ക് ഛന്ദസ്സ് ഉണ്ടായതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ഛന്ദസ്സല്ല കവിത. ഛന്ദസ്സ് ഒരു കാലഘട്ടത്തിന്റെ സ്‌കൂളാണ്. ആളുകള്‍ കൂട്ടമായി ചിന്തിച്ചതിന്റെ പൊതുസമ്മതിയാണത്. വൈയക്തികമായ കവിതയും ഛന്ദസ്സിന്റെ കവിതയും ഒരുപോലെയല്ല. അതായത് രചനയെക്കുറിച്ച് പണ്ഡിതരും വിദഗ്ദ്ധരും കണ്ടെത്തുന്ന അളവുകോലുകള്‍ പില്‍ക്കാല കവികള്‍ അനുസരിക്കണമെന്ന തത്ത്വം അതിലുണ്ട്. എന്തിനാണ് ഈ സ്‌കൂള്‍? കവികളെ വെറുതെ വിട്ടുകൂടേ? പള്ളിക്കൂടവുമായി അവരുടെ പിന്നാലെ നടക്കേണ്ടതുണ്ടോ? അവര്‍ സ്വപ്‌നദര്‍ശികളാണെന്ന കാര്യം മറക്കരുത്. അവര്‍ക്ക് സ്വപ്‌നം കാണാനുള്ള അവകാശമുണ്ട്. സ്വന്തം അന്തഃക്ഷോഭങ്ങളെ തങ്ങളുടെ ആന്തരിക താളത്തിനൊത്ത് കയറൂരിവിടാനുള്ള സൗന്ദര്യാത്മക ലൈസന്‍സാണ് കവിത.
ഫ്യൂഡല്‍ കാലഘട്ടത്തിലും നിയോ ക്ലാസിസത്തിന്റെ കാലത്തും കവിത ഒരു ലൗകികന്റെ അസ്തിത്വസമസ്യയോ ആത്മീയ പ്രതിസന്ധിയോ ആയിരുന്നില്ല. അത് സമയമുള്ളവരുടെ യുക്തിയും അതിന്റെ ലാവണ്യവുമായിരുന്നു. കവിതയില്‍ പറഞ്ഞിരിക്കുന്നതെന്താണോ അത് മറ്റൊരാള്‍ക്ക് വിശദീകരിച്ചു കൊടുക്കാവുന്നതായിരുന്നു. അതായത് ഒരു ഗദ്യാനുഭവത്തിന്റെ പരാവര്‍ത്തനം കവിതയായി പിറക്കുന്നു എന്നേയുള്ളൂ.
എന്നാല്‍ ഛന്ദസ്സ് അനന്തരകാലത്ത് കവിത വ്യക്തികളുടെ പ്രഹേളികയായി. സ്വയം കണ്ടെത്തുന്നതിനു നിഷേധാത്മക ഭാവനകള്‍ ആവശ്യമായിവന്നു. സ്വന്തം മനസ്സ് വെന്ത്‌നീറുന്ന അവസ്ഥയെ ഈണത്തില്‍ പാടി മറ്റൊരാളോട് സംവേദനം ചെയ്യാന്‍ കഴിയില്ല എന്ന് സത്യസന്ധമായി പറയാന്‍ കവികള്‍ക്ക് അവകാശമുണ്ട്. പദ്യം മന്ദതാളമോ, ലാഘവത്തോടെയുള്ള ഒരു സമീപനമോ, പാരമ്പര്യത്തിലേക്കുള്ള ഒരു വിഷാദാത്മകമായ തിരിച്ചുപോക്കോ, പരിചിതമായ ഈണത്തിന്മേലുള്ള അഹന്തയോ, വംശീയമായ ഉത്കൃഷ്ടതയെക്കുറിച്ചുള്ള ഓര്‍മ്മയോ, നേരത്തേ തന്നെ ആത്മസാരത്തെ ഗ്രഹിച്ചു എന്ന അര്‍ത്ഥത്തിലുള്ള നിര്‍വ്വികാരതയോ ആയി മാറുമ്പോള്‍ പുതിയ കവി അതുപേക്ഷിക്കുകയാണ്. ഇത് കവിയുടെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്.
കവിത ഛന്ദസ്സിലല്ല നിലനില്‍ക്കുന്നത്; അത് വേര്‍പെടുത്താവുന്നതാണ്. കവിത ഒരു ശില്പത്തിലും വാസ്തുശില്പത്തിലും നടത്തത്തിലും ചിരിയിലും നോട്ടത്തിലും സംഭാഷണത്തിലും പ്രകൃതിയിലും ചന്ദ്രബിംബത്തിലും കുട്ടികളിലും ഉണ്ട്. അത് ഗദ്യത്തിലുമുണ്ട്. അമേരിക്കന്‍ സാഹിത്യവിമര്‍ശകനായ ജോര്‍ജ് സ്റ്റീനര്‍ ഗദ്യം മറ്റൊരു രാഗമാണെന്ന് പറഞ്ഞു. ഗദ്യത്തിന്റെ ഘടനയില്‍ സംഗീതം ഒളിച്ചുകഴിയുന്നുണ്ട്. നേരായവിധം വാക്കുകള്‍ അടുക്കിവച്ചാല്‍ ഗദ്യം അസാധാരണവും അപാരവുമായ സംഗീതത്തിന്റെ അനുഭവം തരും. പദ്യത്തില്‍ സ്വാഭാവികവും പരിചിതവുമായ സംഗീതമാണുള്ളത്.
ഗദ്യത്തിന്റെ സംഗീതം എവിടെ നിന്നും കിട്ടുന്നതല്ല. അത് ഗദ്യമെഴുതുന്നവന്‍ കണ്ടുപിടിക്കേണ്ടതാണ്. കവിക്ക് ഈണം കിട്ടുന്നത് പരമ്പരാഗതമായാണ്. അത് മിക്കപ്പോഴും നേരത്തേ നിശ്ചയിക്കപ്പെട്ടതാണ്. എന്നാല്‍ ഗദ്യത്തില്‍ നാം പുതിയ രാഗം കണ്ടുപിടിക്കണം.
ഭാഷയ്ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ഒരു വശം മാത്രമേ അര്‍ത്ഥപൂര്‍ണമായി സംവേദനം ചെയ്യാനാവൂ എന്നും ബാക്കി മുഖ്യമായ പങ്ക് നിശ്ശബ്ദതയിലാണ് കിടക്കുന്നതെന്നും സ്റ്റീനര്‍ പറഞ്ഞത് ഗദ്യത്തിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ നിശ്ശബ്ദതയെ ധ്വനിപ്പിക്കുന്നതാവണം ഗദ്യം. കണ്ടതില്‍ നിന്ന് കാണാത്തതിലേക്ക് നയിക്കണം.
ഛന്ദസ്സിന്റെ കാലം വേഗത്തിന്റേതല്ലായിരുന്നു. പത്രങ്ങള്‍ പോലും അന്ന് ഇല്ലായിരുന്നു. വാര്‍ത്തകള്‍ എപ്പോഴെങ്കിലും അറിഞ്ഞാല്‍ മതിയായിരുന്നു. പിന്നീട് പത്രങ്ങള്‍ വന്നപ്പോഴും ഇരുപത്തിനാല് മണിക്കൂര്‍ കൂടുമ്പോള്‍ വാര്‍ത്തയിലേക്ക് തിരിഞ്ഞാല്‍ മതി. ജീവിതത്തിന് ധൃതിയില്ല. രാവിലെ പത്രം വായിച്ചാല്‍ അതോടെ അന്നത്തെ ലോകം അവസാനിച്ചു. പിറ്റേദിവസം രാവിലെയാണ് ലോകം വളര്‍ന്നതായി അറിയുന്നത്. എന്നാല്‍ ചാനലുകള്‍ വന്നപ്പോള്‍ തത്സമയം എന്ന ആശയം കടന്നുവന്നു. ജീവിതത്തിന്റെ വേഗം കൂടി. ഓരോ നിമിഷവും നാം ജീവിക്കുകയാണെന്ന അറിവുണ്ടായി. ഈ അമിതവേഗതയില്‍ ഓര്‍മ്മകള്‍ പെട്ടെന്ന് മറയും. കാരണം പുതിയതാണ് നാം തിരയുന്നത്. അതിവേഗത്തിന്റെ കാലത്ത് ഛന്ദസ്സിന്റെ സാവാകശമോ സ്വച്ഛതയോ ഇല്ല. ഗദ്യത്തിന്റെ മേധാവിത്വം അങ്ങനെയുണ്ടായതാണ്. പീഡനത്തിനിരയായി കഴിഞ്ഞ ഒരു കുട്ടി പിന്നീട് കവിത എഴുതുമ്പോള്‍ അവന് കാകളിയില്‍ പാടാന്‍ തോന്നണമെന്നില്ല. അവന്റെ ജീവിതമാണ് സംഗീതത്തെ നിശ്ചയിക്കുന്നത്.
ജൂലിയന്‍ ബാണ്‍സ്
The sense of an ending എന്ന കൃതിയിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റാണ് ജൂലിയന്‍ ബാണ്‍സ്. ടോണി വെബ്സ്റ്റര്‍ എന്ന കഥാപാത്രമാണ് ഇതില്‍ കഥ വിവരിക്കുന്നത്. ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഈ കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ നഷ്ടങ്ങളുമായി പൊരുത്തപ്പെടുകയാണ് ജീവിതത്തിന്റെ ഉദ്ദേശ്യമത്രേ. കാരണം ജീവിതം നഷ്ടങ്ങളുടേതാണ്. കാലവും ഓര്‍മ്മയും എല്ലാം നഷ്ടപ്പെടുന്നു. എന്നാല്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നത് ശിക്ഷയാവുന്നു.കാമിലോ ഹോസെ തേല
പ്രമുഖ സ്പാനിഷ് നോവലിസ്റ്റും കവിയും കഥാകൃത്തുമായ കാമിലോ ഹോസെ തേല രചനയുടെ സകല മേഖലകളിലും സമൃദ്ധമായി സൃഷ്ടി പ്രക്രിയയില്‍ ഏര്‍പ്പെട്ട വ്യക്തിത്വമാണ്. 1989ല്‍ നോബല്‍ സമ്മാനം ലഭിച്ചു. നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗത്തിലെ ചില ചിന്തകള്‍ ഇവിടെ കുറിക്കുകയാണ്. (Mazurka for two dead men, The Family of pascual duarte, christ versus Arizona തുടങ്ങിയ കൃതികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.)
- ഞാന്‍ ഏകാന്തതയില്‍ നിന്നാണ് എഴുതുന്നത്. സ്പാനിഷ് ചിത്രകാരനായ പിക്കാസോ പറഞ്ഞതുപോലെ വലിയ ഏകാന്തതയില്ലെങ്കില്‍ കാലങ്ങളോളം ശേഷിക്കുന്ന ഒരു കലാസൃഷ്ടി നടത്താനാകില്ല.
- സാഹിത്യരചന രണ്ട് സ്തൂപങ്ങളിലാണ് നില്‍ക്കുന്നത്. ഒന്നാമത്തേത് സൗന്ദര്യമാണ്. രണ്ടാമത് ധാര്‍മ്മികതയും.
- എഴുതുന്നത് എന്തുമാകട്ടെ, ലേഖനമോ കവിതയോ കഥയോ നോവലോ ആകട്ടെ, അതില്‍ ഒരു മിനിമം സൗന്ദര്യാത്മകതയുണ്ടാവണം. അല്ലെങ്കില്‍ അത് പാഴ്‌വസ്തുവാണ്.
- സൗന്ദര്യബോധം ജനിപ്പിക്കാത്ത ഏത് പരീക്ഷണവും സാഹിത്യത്തില്‍ നിഷ്പ്രയോജനമാണ്.
- ഒരു മഹത്തായ കല സൃഷ്ടിക്കുന്നതിന്, സാഹിത്യം മൂല്യമുള്ളതാകുന്നതിന് ധാര്‍മ്മികത അത്യാവശ്യമാണ്.
- ഒരെഴുത്തുകാരന് തന്റെ സ്വാതന്ത്ര്യബോധത്തോട് പ്രതിജ്ഞാബദ്ധത കാണിക്കേണ്ടതുണ്ട്. അതിന് ധാര്‍മ്മികത പ്രധാന ഘടകമാണ്.
- ഏത് മഹാനായ സാഹിത്യകാരനായാലും മാനവരാശിയെ മറികടക്കാനാവില്ല.
- സ്വാതന്ത്ര്യം ആലങ്കാരികമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. അതിന്റെ പേരില്‍ അന്ധമായി തെറ്റുകള്‍ ചെയ്യാനുമാവും.
- ഒരു പുസ്തകത്തില്‍ നിന്ന് സൗന്ദര്യബോധം നേടാനാവില്ല.
- സാഹിത്യത്തിന്റെ പരിമിതി എന്ന് പറയുന്നത് മനുഷ്യപ്രകൃതിയുടേതാണ്.
വായന
ധര്‍മ്മരാജ് മടപ്പള്ളിയുടെ ‘ഇച്ചീച്ചി’ (കേസരി) ഉള്ള് പൊള്ളിക്കുന്ന അനുഭവമായി. രണ്ട് ദളിത് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ട സംഭവം ഓര്‍മ്മിപ്പിച്ചു. നമ്മുടെ കാലത്തെ ചരിത്രാതീതമായ അധമത്വത്തിലേക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നാണ് ഈ രചന ആഹ്വാനം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ പ്രതിജ്ഞയെടുക്കണം, നശിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന്.
മഹാശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീനിന്റെ ജീവചരിത്രം – ‘ഐന്‍സ്റ്റീന്‍; സഹസ്രാബ്ദപുരുഷന്‍’ എന്ന പുസ്തകം വായിച്ചു. പ്രൊഫ. കെ.ആര്‍. ജനാര്‍ദ്ദനനാണ് ഗ്രന്ഥകാരന്‍. ദൈവത്തെക്കുറിച്ച് വേറിട്ട കാഴ്ചപ്പാടാണ് അദ്ദേഹം പുലര്‍ത്തിയത്. കാര്യകാരണബന്ധങ്ങളുടെ പരിവര്‍ത്തനവിധേയമല്ലാത്ത നിയമങ്ങളാണ് എല്ലാറ്റിന്റെയും ആധാരമെന്ന് അദ്ദേഹം വാദിച്ചു. വ്യക്തിജീവിതത്തില്‍ ദൈവത്തിനു പങ്കില്ലെന്നും ശിക്ഷിക്കുകയോ രക്ഷിക്കുകയോ ചെയ്യുന്ന ദൈവമില്ലെന്നും പറഞ്ഞ അദ്ദേഹം, പക്ഷേ, വേദാന്തത്തില്‍ ആകൃഷ്ടനായിരുന്നു.
ശിവകുമാര്‍ അമ്പലപ്പുഴയുടെ ‘മൊട്ട’ (എതിര്‍ദിശ) എന്ന കവിത നര്‍മ്മത്തില്‍ പൊതിഞ്ഞ കൂരമ്പായി. ഒന്ന് ചൂളമടിച്ച് കറങ്ങുന്നത് നഷ്ടപ്പെടാനൊന്നുമില്ലാത്തവന്റെ സന്തോഷം.
എഴുത്തുകാരന്‍ ഒരു ശൈലിയുടെ തടവുകാരനാവരുതെന്ന് വി.ജെ. ജയിംസ് അഭിപ്രായപ്പെടുന്നതില്‍ (സാഹിത്യ ചക്രവാളം) കഴമ്പുണ്ട്. എഴുത്തുകാരന്‍ ഒരു ദര്‍ശനത്തിന്റെയോ കാലത്തിന്റെയോ അടിമയാകേണ്ടതില്ല.
സുഗതകുമാരിയുടെ ‘ഒരു പിടി കവിതകള്‍’ (മാതൃഭൂമി) കാവ്യരഹസ്യത്തിലേക്ക് പിന്നെയും നടത്തിച്ചു. വെറുതേ എന്ന കവിത ഒഎന്‍വിയുടെ കവിതയെ ഓര്‍മ്മിപ്പിച്ചു. വെറുതെ മോഹിക്കുവാന്‍ മോഹിച്ച ഒഎന്‍വിയെപ്പോലെ സുഗതകുമാരിയും പാടുന്നു: ”വെറും വെറുതെയൊരു പ്രേമം.”
* * * *
‘പച്ചക്കുതിര’ യില്‍ ‘പെരുന്തച്ചന്‍’ സിനിമയുടെ സെറ്റില്‍ തിലകന്‍, എം.ടി, സംവിധായകന്‍ അജയന്‍, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എന്നിവര്‍ ഒരുമിച്ചിരിക്കുന്ന ചിത്രമുണ്ട്. എംടിയുടെ ചെറുപ്പം അതിലുണ്ട്. എന്നാല്‍ ഞാന്‍ വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എം.ടി. പ്രായമേറിയ സാഹിത്യകാരനാണ്. നേരില്‍ കണ്ടപ്പോഴും അങ്ങനെ തന്നെ. ഇപ്പോഴും പ്രായമേറിത്തന്നെ നില്‍ക്കുന്നു. എം.ടിയെ നാല്പതുവയസ്സിലോ, അമ്പതു വയസ്സിലോ എനിക്കു സങ്കല്പിക്കാനാവുന്നില്ല.
* * * *
വാര്‍ത്താവതാരകനായ വേണു ബാലകൃഷ്ണനെ ഒരു വലിയ കഥാകൃത്താക്കി അവതരിപ്പിക്കാനാണ് ‘മലയാളം’ പത്രാധിപര്‍ സജി ജയിംസിന്റെ ശ്രമം! വേണുവിന്റെ കഥ വരുന്നേ എന്ന് വിളിച്ചു പറയുന്ന ഒരു ഫുള്‍പേജ് പരസ്യം കൊടുത്തിരിക്കുന്നു. ഇനി മുഖചിത്രം എന്ന് ഭീഷണിയുണ്ടാവും. ആകെ രണ്ടോ മൂന്നോ കഥകള്‍ എഴുതിയ ഇദ്ദേഹത്തിനു ഈ വലിയ പരസ്യം അധികപ്പറ്റല്ലേ? വേണുവിന് എവിടെയാണ് വായനക്കാര്‍? പത്രാധിപന്മാര്‍ മുമ്പൊക്കെ വായിക്കുന്നവരായിരുന്നു. വി.എം. കൊറാത്ത്, ഗോപി പഴയന്നൂര്‍, പ്രിയദാസ് മംഗലത്ത്, കെ.എം. തരകന്‍ തുടങ്ങിയവരെ ഓര്‍ക്കുകയാണ്. സജി ജയിംസിന്റെ കാലമായപ്പോള്‍ കഥയോ കവിതയോ നോക്കില്ല; എഴുതിയ ആളിനെയാണ് നോക്കുന്നത്. വായിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത പത്രാധിപരുടെ കയ്യില്‍ വാരിക കിട്ടിയപ്പോള്‍ ഇതിലപ്പുറവും സംഭവിക്കും.
പി: ചില ചിത്രങ്ങള്‍
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ശരിക്കും ഒരു മലയാളി കവിയാണ്. മലയാളം ആ കവിതകളില്‍ ജീവിക്കുന്നു. ഒരു ഇലപോലും പിയുടെ രചനകളില്‍ മലയാണ്മയെ അനുഭവിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില വരികള്‍ ഇവിടെ കുറിക്കുകയാണ്.
1. വീണ്ടും ദാഹം, പ്രേമദാഹം, അന്തര്‍ദാഹം, നിശേ വരൂ!
2. ബ്രഹ്മാണ്ഡഭാണ്ഡങ്ങള്‍ തോളിലേറ്റി നില്‍ക്കുന്ന വാനമേ. (ആത്മസംഘര്‍ഷം)
3. പൂവിരിമെത്തയല്ലൂഴിപ്പരപ്പിതു കേവലം ദീനര്‍ ശയിക്കുന്ന ശയ്യയാം. (പ്രണയവ്യഥ)
4. മേടത്തിന്‍ കുങ്കുമം; വര്‍ഷച്ചാന്ത്; ചിങ്ങമരച്ചതാം കളഭം (പ്രകൃതി)
5. എത്രയ്ക്ക് മോഹിപ്പിതു ശൂന്യമാകാനത്രയ്ക്ക് പൂര്‍ണത്വമിയന്നിടുന്നു; (സമാധാനം).
6. ഇഴഞ്ഞിഴഞ്ഞുപോകുന്നു
വാനില്‍ ചുറ്റിയ പന്നഗം!
(പ്രഭാതം പ്രഭാതം)
7. വീണയില്‍ നാദമായി മയങ്ങി; ചോ-
റൂണിനായ് വന്ന പാലപ്പുതുമണം.
(ഗോപുരം കാവല്‍ക്കാര്‍)
8. കാക്കതന്‍ കൊക്കിന്‍തുമ്പില്‍-
ക്കണ്ടു, ഞാന്‍ സോഷ്യലിസം!
(കാക്കകള്‍)
9. നിഷ്‌കാമധര്‍മ്മവ്രതദീക്ഷയേറ്റവര്‍
നില്പാണകിടു ചുരത്തി വയലുകള്‍,
(നിളാതടത്തിലെ രാത്രി.)
10. ആകാശനീലിമ ചേര്‍ന്നലിയു-
മാത്മാവിന്‍ സംഗീത ഭാഷപോയി.
-(ആകാശം കൈമോശം വന്നപ്പോള്‍)
നുറുങ്ങുകള്‍
- വിപ്ലവ കവിത എന്ന ഗണം ഇല്ലാതായി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കവികളിലെ വിപ്ലവബോധത്തെ ചോര്‍ത്തിക്കളഞ്ഞു.
- കൂടുതല്‍ കോപ്പി വിറ്റു എന്ന് ഘോഷിക്കുന്ന ‘ആടുജീവിതം’ ഇപ്പോള്‍ വിമര്‍ശകരുടെയോ നല്ല വായനക്കാരുടെയോ ഗൗരവചര്‍ച്ചകളില്‍ ഇടം പിടിക്കുന്നില്ല.
- സ്വന്തം വിശ്വാസങ്ങള്‍ നഷ്ടപ്പെട്ടാല്‍ എം.സുകുമാരനെപ്പോലെ എഴുത്ത് ഉപേക്ഷിക്കേണ്ടിവരും. ഇത് മുന്‍കൂട്ടി കണ്ടാണ് ചിലര്‍ ക്ലിക്കുകളില്‍ അംഗമാകുന്നത്. ക്ലിക്കുകള്‍ ചിന്തിക്കുന്ന ജോലി ഏറ്റെടുത്തുകൊള്ളും.
- ഡി.വിനയചന്ദ്രന്‍ മലയാളകവിതയുടെ ഒരു പ്രഭാവമായിരുന്നു. ഗോത്രവര്‍ഗസംസ്‌കൃതി മുതല്‍ സമകാലീനതവരെ അദ്ദേഹം ഉള്‍ക്കൊണ്ടു.
ഒഴിഞ്ഞ ചുമരില്‍
കവികള്‍ എഴുതുന്ന വാക്കുകള്‍ അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ലെന്ന് ലോകകവി ഷെല്ലി പറഞ്ഞു. വാക്കുകള്‍ അവരിലൂടെ വരുകയാണ്. അത് അബോധത്തില്‍ രൂപപ്പെട്ടതാകാം. ഭാഷ സമൂഹത്തിന്റേതാണല്ലോ. അത് സമകാല സമൂഹത്തിന്റേതല്ല; പുരാതനത്വത്തിന്റേതാണ്. കവിയിലൂടെ പൂര്‍വ്വകാലജീവിതങ്ങള്‍ പ്രവഹിക്കുന്നുണ്ട്. അതുകൊണ്ട് കവി സ്വന്തം ചുമര് കണ്ടെത്തുകയാണ് വേണ്ടത്. മറ്റുള്ളവരുടെ ചുവര്‍ വേണ്ട. ഒഴിഞ്ഞ ചുമരില്‍, എഴുതുന്നയാളിനു മാത്രമേ സ്ഥാനമുള്ളൂ. മുമ്പ് എഴുതിയ കവിതകള്‍ മായ്ച്ചു കളയുമ്പോഴാണ് പുതിയൊരു കവിത ഉണ്ടാവുന്നത്. കവിതയ്ക്ക് പുതിയ വസ്തുക്കള്‍ വേണ്ട; പാഴ് വസ്തുക്കള്‍ തന്നെ ധാരാളം. പഴയതുകൊണ്ട് പുതിയത് ഉണ്ടാക്കുന്നവനാണ് കവി. ആകാശം, സൂര്യന്‍, സമുദ്രം എന്നിവയൊന്നും പുതിയതല്ല; എന്നാല്‍ അതില്‍ നിന്നാണ് പുതിയ കവിത ഉണ്ടാകുന്നത്.