‘നല്ല പ്രതിഭാസമ്പന്നരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്തിയിട്ടുണ്ട് ഇനി ജയിപ്പിക്കേണ്ടത് ജനങ്ങളുടെ കടമ’
നമ്പ്യാരങ്കിള്‍ ചാരുകസേരയില്‍ ഒന്ന് ഇളകിയിരുന്ന് പറഞ്ഞു.
‘നേരത്തെയും പ്രതിഭയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഇ.ശ്രീധരന്‍, ജേക്കബ് തോമസ്, കെ.എസ്.രാധാകൃഷ്ണന്‍ പക്ഷെ കേരളത്തിലെ പ്രബുദ്ധര്‍ കാട്ടിയെതെന്താ?’ ഞാന്‍ ചോദിച്ചു.
‘നമ്മള്‍ കരുതുന്ന ആ പ്രബുദ്ധത കേരളത്തിന് എന്നേ നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ ശുഷ്‌കമാനസരായ രാഷ്ട്രീയക്കാരും അല്പപ്രഭാവന്മാരായ മാധ്യമ നങ്കൂരന്മാരും നയിക്കുന്ന പ്രബുദ്ധതയേ കേരളത്തിനുള്ളൂ. സാംസ്‌കാരിക നായകര്‍ എന്ന് വിളിക്കപ്പെടുന്ന അവസരത്തിനൊത്ത് മാത്രം ഒച്ചയിടുന്ന ഒരു കൂട്ടം ഏറാന്മൂളികളുടെയും. അവരെയിപ്പോള്‍ കാണാനില്ല.’
‘മാധ്യമങ്ങളുടെ കാര്യം പറഞ്ഞത് ശരിയാണ്. ഓരോ ചാനലും അവരവരുടെ രാഷ്ട്രീയ ലൈനില്‍ തന്നെ. ഒരു കാര്യവിവരവും പഠനവും ഇല്ലാതെ കണക്കുകള്‍ പരിശോധിക്കാതെ തങ്ങളുടെ ഇഷ്ടഭാജനമായ രാഷ്ട്രീയക്കാരന്‍ പറയുന്ന എന്ത് വങ്കത്തരവും ശരിയാണ് എന്ന വിധത്തില്‍ സമ്മതിച്ചുകൊണ്ട് എതിര്‍ പാര്‍ട്ടിക്കാരനോട് മറ്റേതെങ്കിലും വിഷയത്തില്‍ വിശദീകരണം ചോദിക്കുക. അതിനിടയില്‍ കാണികള്‍ ആ വങ്കത്തരങ്ങള്‍ വിശ്വസിച്ചുകൊള്ളും എന്നു കരുതുക. അങ്ങനെ മുന്നോട്ട് പോവുക.’
‘ഹ..ഹ.. അതിലും വലിയ അക്രമമാണ് വഴിയോര ചര്‍ച്ചകള്‍.. ചോദ്യം ചോദിക്കുന്നവര്‍ അവരുടെ വിജ്ഞാനം വിളമ്പുന്നതു കേട്ടാല്‍ കഷ്ടം.! ഇത്രയും പ്രശസ്തമായ മാധ്യമ ചാനലുകള്‍ ഇങ്ങനെ തരം താഴരുത്.’ നമ്പ്യാരങ്കിള്‍ ഒന്ന് മുരടനക്കി. ചുമച്ചു.
‘ഞാനിപ്പോള്‍ അത്തരം പരിപാടികള്‍ കാണാറേ ഇല്ല. സെന്‍സേഷന്‍ ഉണ്ടാക്കുക, ആളുകളെ ഭയപ്പെടുത്തുക, തെറ്റിദ്ധാരണ പരത്തുക ഇതൊക്കെ പതിവ് പരിപാടികളാണ്. ലൈവ് പരിപാടി, ലക്ഷക്കണക്കിന് ആളുകള്‍ കേള്‍ക്കുന്നു എന്നൊന്നും ചിന്തിക്കേണ്ട കാര്യം അവര്‍ക്കില്ല.’
‘പക്ഷെ ചിന്തിക്കുന്നില്ല എന്ന് പറയാനൊക്കില്ല. ഒരു സാമ്പിള്‍ ഇതാ. മനുസ്മൃതി ക്രിസ്തുവിനു എത്രയോ വര്‍ഷം മുന്‍പ് എഴുതിയതാണ് എന്നൊന്നും നോക്കാതെ ഒരുത്തന്‍ ചോദ്യം ചോദിക്കുകയാണ്. ‘നിങ്ങളുടെ മനുസ്മൃതിയില്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും കൊന്നൊടുക്കുന്ന കാര്യങ്ങള്‍ ഒരുപാടുള്ളത് വിചാരധാരയില്‍ വീണ്ടും എഴുതി ചേര്‍ത്തല്ലേ നിങ്ങള്‍ രാജ്യം ഭരിക്കുന്നത്?’ഇതൊക്കെ ചോദിക്കുമ്പോള്‍ ചാനല്‍ നങ്കുരന്‍ അതില്‍ തെറ്റൊന്നും കാണുന്നില്ല എന്ന് മാത്രമല്ല അതിനു മൂര്‍ച്ച കൂട്ടി അടുത്ത ചോദ്യം ചോദിക്കാനുള്ള തയ്യാറെടുപ്പിലാവും. അതേസമയം ആരെങ്കിലും അതിനു ബദലായി യഥാര്‍ത്ഥ ഖുര്‍ആന്‍ വചനങ്ങള്‍ കൃത്യമായി ക്വോട്ട് ചെയ്താല്‍ ചാനലുകാര്‍ പെട്ടിയും കിടക്കയും എടുത്ത് ഓടും. അതുകൊണ്ടു ചിന്തിക്കുന്നില്ല എന്ന് പറയാന്‍ പറ്റില്ല.’
‘എന്തായാലും വയനാട്ടുകാരില്‍ വലിയൊരു വിഭാഗം ഒരു അന്യസംസ്ഥാനക്കാരന് വോട്ട് ചെയ്യുന്നത് തങ്ങളുടെ വര്‍ഗ്ഗീയ വിദ്വേഷം പ്രകടമാക്കാന്‍ വേണ്ടി മാത്രമാണ്. സ്ഥാനാര്‍ത്ഥിയുടെ ബുദ്ധിശൂന്യതയോ പ്രതിഭയോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. പ്രദേശത്ത് എന്തെങ്കിലും വികസനം നടക്കണമെന്നും ആഗ്രഹമില്ല. ഇത്തവണ അതില്‍ നിന്നൊക്കെ ഒരു മാറ്റം ആഗ്രഹിച്ച് ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു വോട്ട് ചെയ്യുമായിരിക്കാം.’
‘ഇപ്പോള്‍ തീവ്രവാദികളുടെ വോട്ടും സ്വീകാര്യം എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ആരോ പറഞ്ഞു അവരുടെ ചിഹ്‌നം ‘വെട്ടിയിട്ട കൈപ്പത്തി’യാണ് എന്ന്.’
‘ഹ..ഹ..ഹ.. ശരിയാണ്. വെട്ടിയിട്ട കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവുക? കൊള്ളാം.’
‘മലയാളി ഹിന്ദുക്കളുടെ ഏകപക്ഷീയ മതേതരത്വവും ദേശീയ ചിന്താധാരയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കലും പ്രശസ്തമാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്ത് കേരളത്തിനെ നാണം കെടുത്തി. ഹിന്ദുവിനെ എല്ലാതരത്തിലും ബുദ്ധിമുട്ടിക്കുന്ന, നമ്മുടെ സംസ്‌കാരത്തിന് ഹാനി ഉളവാക്കുന്ന മതേതരവുമായി നടക്കുകയാണ് ഹിന്ദുക്കള്‍. സദാ തേറ്റയുള്ള ഒരു വലിയ കാട്ടുപന്നിയെ പുറകില്‍ വരിഞ്ഞുകെട്ടി നടക്കുന്ന ഒരു ആളുടെ ചിത്രം കണ്ടത് ഓര്‍മ്മ വരുന്നു. അത് പോലെ.’ ‘ഹ.ഹ.ഹ. ശരിയാണ് ഏതാണ്ട് അത് പോലെയാണ്. ചിലര്‍ ഏതോ പ്രിവിലേജ് പോലെയാണ് മതേതരത്വം കൊണ്ട് നടക്കുന്നത്. മതേതരത്വം എന്നത് ഹിന്ദുവിന് മാത്രമുള്ള ഒരു സംവരണം പോലെ. മറ്റാര്‍ക്കും കൊടുക്കില്ല. മറ്റാര് ചോദിച്ചാലും തരില്ല. ങേ..ങേ..’
‘ഹ.ഹ… വാസ്തവത്തില്‍ ഓരോ എം.പി.യും അതാത് പ്രദേശത്തെ കാര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മേപ്പടി സെക്കുലറിസത്തിന്റെ സംരക്ഷണമാണ് ഏറ്റവും വലിയ ജോലി എന്ന് തോന്നും. എം.പി.യ്ക്ക് ഓഫീസ് ഉണ്ടെങ്കിലും പ്രദേശത്തെ പ്രശ്‌നങ്ങളോ കാര്യങ്ങളോ അല്ല അവര്‍ നോക്കുന്നത്. ക്രിയാത്മകമായ പ്രൊജക്ടുകള്‍ ഒന്നും കയ്യിലില്ല. ഒരു എം.പി.യ്ക്ക് അഞ്ചു വര്‍ഷത്തില്‍ 10 കോടി രൂപ ചെലവഴിക്കാനുള്ള വകുപ്പുണ്ട്. എന്നാല്‍ കേരളത്തിലെ എം.പി.മാര്‍ ഏഴ് കോടിയ്ക്കപ്പുറം ആരും തന്നെ ചിലവഴിച്ചിട്ടില്ല എന്ന് ഒരു റിപ്പോര്‍ട്ട് കണ്ടു. ആ ചിലവഴിച്ചതോ പോയി കാണേണ്ടത് തന്നെ. ഒരു ആത്മാര്‍ത്ഥതയുമില്ലാതെ നമ്മള്‍ എന്തിതിങ്ങനെ?’
‘എന്നിട്ട് വാചകക്കസര്‍ത്തുക്കളോ? പറയുന്നതൊന്നും പ്രവൃത്തി മറ്റൊന്നും. ഒരു കഥ ഓര്‍മ്മ വരികയാണ്. നായാട്ടുകാരെ പേടിച്ച് ഓടുന്ന കുറുക്കന്‍ വഴിയില്‍ ഒരു മരംവെട്ടുകാരനെ കണ്ടു തനിക്ക് ഒളിച്ചിരിക്കാന്‍ ഒരിടം തരണേ എന്നപേക്ഷിച്ചു. മരംവെട്ടുകാരന്‍ തന്റെ വീട് ചൂണ്ടിക്കാട്ടി. കുറുക്കന്‍ അതില്‍ കേറി ഒരു മൂലയ്ക്ക് ഒളിച്ചിരിപ്പായി. കുറച്ചു കഴിഞ്ഞു നായാട്ടുകാര്‍ ആ വഴി എത്തി ‘ഇത് വഴി ഒരു കുറുക്കന്‍ ഓടിയത് കണ്ടുവോ?’ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന് പറഞ്ഞ മരംവെട്ടുകാരന്‍ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് തന്റെ വീടിനു നേരെ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. നായാട്ടുകാര്‍ക്ക് ആ സൂചന മനസ്സിലായില്ല. എന്തുകൊണ്ടോ അവര്‍ അത് ശ്രദ്ധിച്ചില്ല. അവര്‍ വേറെ വഴിക്ക് പോയി. അങ്ങനെ രക്ഷ പെട്ട കുറുക്കന്‍ പതുക്കെ പുറത്ത് വന്നു. എന്നിട്ടു ഒന്നും മിണ്ടാതെ ഒരു നന്ദി പോലും പറയാതെ തന്റെ പാട്ടിനു പോകുകയായിരുന്നു. അപ്പോള്‍ മരംവെട്ടുകാരന്‍ പറഞ്ഞു ‘ഇത്ര നന്ദി കെട്ടവനായല്ലോ നീ. ഒരു നന്ദി വാക്കു പോലും പറയാതെ? ‘ കുറുക്കന്‍ തിരിഞ്ഞു നിന്ന് പറഞ്ഞു ‘നിങ്ങളുടെ വാക്കും പ്രവൃത്തിയും ഒരു പോലെയാണെങ്കില്‍ ഞാന്‍ വളരെ ഉപചാരപൂര്‍വ്വമുള്ള നന്ദി പറഞ്ഞിട്ട് പോകുമായിരുന്നു.’ വീടിനുള്ളിലിരുന്ന് കുറുക്കന്‍ മരംവെട്ടുകാരനെ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബഹു ഭൂരിപക്ഷം രാഷ്ട്രീയക്കാരും മരംവെട്ടുകാരനെപ്പോലെയാണ്. നിരവധി ഉദാഹരണം ഉണ്ട്.’
‘ഉണ്ടല്ലോ..തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ആ ആഗോളപൗരന്‍ രണ്ടു തവണ മന്ത്രിയായിരുന്നു. എന്നിട്ടും ഹൈക്കോടതി ബെഞ്ച് അവിടേയ്ക്ക് കൊണ്ടുവരാന്‍ പറ്റിയില്ല. ആ ആള് ഇപ്പൊ ഒരു എം.പി. ആയാല്‍ അതും പ്രതിപക്ഷ എം.പി. ആയാല്‍ എങ്ങനെ വാക്കു പാലിക്കും?’
‘ഹ.ഹ. അത് ശരിയാണ് അദ്ദേഹം ഒരു ബെഞ്ച് തട്ടിക്കൂട്ടുന്ന കാര്‍ട്ടൂണ്‍ കണ്ടു. പ്രതിഭയും ഉണ്ട്. പ്രത്യാശയും ഉണ്ട്. രണ്ടും കൂട്ടിമുട്ടുന്നില്ല അല്ലെ?’
‘ഭയങ്കര പ്രതിഭാശാലിയായിരുന്നു മുന്‍ കേരള ധനമന്ത്രി, താടിക്കാരന്‍. ആര്‍.ബി.ഐ.യോട് പറഞ്ഞു നോട്ടടിപ്പിക്കും. അദ്ദേഹം ഈയിടെയായി പത്തനംതിട്ടയില്‍ ‘എല്ലാവര്‍ക്കും ജോലി’ എന്ന പുതിയ പ്രത്യാശാ വാഗ്ദാനം നല്‍കുന്നുണ്ട്. ലോണ്‍ എടുത്ത് ആപ്പിലായ പോലെ പാവങ്ങളെ കുടുക്കും.’
‘ഇടതുപക്ഷ മാനിഫെസ്റ്റോ മുഴുവന്‍ പ്രത്യാശ നല്‍കലും നുണപ്രചാരണവുമാണ്. ‘എല്ലാം ശരിയാകും’എന്ന നിതാന്ത വാഗ്ദാനം കേട്ട് വിശ്വസിച്ച് വോട്ട് ചെയ്തവരെ പറഞ്ഞാല്‍ മതിയല്ലോ. തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 370, പൗരത്വബില്‍, യു.എ.പി.എ. പിന്‍വലിക്കല്‍ തുടങ്ങി മുഴുവന്‍ അതിലുണ്ട്. മാത്രമല്ല ഒരു പ്രത്യേക സമുദായത്തിന് ആവോളം വഴിവിട്ടുള്ള പ്രത്യാശ നല്‍കലും അതിലുണ്ട്. ചുരുക്കത്തില്‍ മുഴുവന്‍ മനസ്സിരുത്തി വായിച്ചാല്‍ ശരാശരി മലയാളി ഒരിക്കലും ഒരു വോട്ടു പോലും കൊടുക്കാന്‍ സാധ്യതയില്ല, ഭ്രാന്തരായ അണികളൊഴിച്ച്. നോക്കൂ ആ മാനിഫെസ്റ്റോയില്‍ പറയുന്നു ഹിന്ദു ധര്‍മ്മ സംസദുകളില്‍ മുസ്ലിം കൂട്ടക്കൊലയ്ക്കുള്ള ആഹ്വാനമുണ്ടെന്ന്. എന്തൊരു നികൃഷ്ടത!’
‘അവരെ ഭാവിയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസ്സാകട്ടെ കഴിഞ്ഞ 10 വര്‍ഷത്തെ സകല കാര്യങ്ങളും മടക്കും പോലും. പിന്നാക്കം പോകും. ഒരു പ്രത്യാശയും ഇല്ല. അഗ്‌നിപഥ് വേണ്ട എന്ന് വെക്കും. ചൈനയുമായി ഉണ്ടാക്കിയ കരാറനുസരിച്ച് പ്രവര്‍ത്തിക്കും.ഇന്ത്യ വിട്ട ഉപഗ്രഹങ്ങള്‍ വരെ പിന്‍വലിക്കും’.
‘ഹ.ഹ.ഹ.’ നമ്പ്യാരങ്കിള്‍ കുലുങ്ങി ചിരിച്ചു. പിന്നെ സ്വല്‍പ്പം മൗനം പാലിച്ചു പറഞ്ഞു ‘രാഷ്ട്രദ്രോഹികള്‍!’
ഞാന്‍ യാത്ര പറഞ്ഞു പോരവേ ഉള്ളൂരിന്റെ വരികള്‍ ഓര്‍ത്തു:
‘മാനത്ത് തുപ്പിയാലല്പമുയരെപ്പോയ്
നൂനമാത്തുപ്പല്‍ തന്‍ മാറില്‍ വീഴും
കാറ്റിന്നെതിരെയെറിയും മണല്‍ത്തരി-
യേറ്റു കിടക്കും തന്‍ കണ്ണില്‍ത്തന്നെ
നന്മയ്‌ക്കേ തിന്മതന്‍ നാമ്പടപ്പിക്കാവൂ
വെണ്മയ്‌ക്കേ കൂരിരുള്‍ വെന്നിടാവൂ’.