കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളുടെയും കുംഭകോണങ്ങളുടെയും പരമ്പരകള്‍ തന്നെയാണ് അടുത്ത കാലത്ത് പുറത്തുവന്നിട്ടുള്ളത്. അധികാരത്തെ അവസരമാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ കള്ളപ്പണ ഇടപാടുകളെ സ്ഥാപനവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവം ഇതിന്റെ തുടര്‍ച്ച മാത്രമാണ്.
തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്പണ ഇടപാടുകളുടെ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ബാങ്ക് ഓഫ് ഇന്ത്യയില്‍ സിപിഎമ്മിന്റെ പേരിലുണ്ടായിരുന്നത് കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ അക്കൗണ്ട് നേരത്തെ തന്നെ അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു. ഇതേ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന ഒരുകോടി രൂപയാണ് ബാങ്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ഈ പണത്തിന്റെ ഉറവിടമെന്താണെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്. നേരത്തെ, സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നിലധികം തവണ എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു.
സഹകരണ ബാങ്കുകളില്‍ സിപിഎം കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെന്ന രാഷ്ട്രീയ ആരോപണം വളരെക്കാലമായി നിലവിലുള്ളതാണ്. കരുവന്നൂരും കണ്ടലയും ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപകരുടെ പേരില്‍ സിപിഎം നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇതിനോടകം തന്നെ തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും അറിയിക്കുകയും ചെയ്തിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ പാര്‍ട്ടി അക്കൗണ്ടിലുള്ള അഞ്ച് കോടി രൂപയില്‍ നിന്ന് ഒരു കോടി രൂപ നേരത്തെ പിന്‍വലിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഈ പണം പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതാവാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്ന് പിടിച്ചെടുത്ത സംഭവം.
നോട്ട് നിരോധനത്തെ തുടര്‍ന്ന് കരുവന്നൂര്‍ ഉള്‍പ്പെടെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ അങ്ങേയറ്റം ദുരൂഹമായിരുന്നു. 2014-15 വര്‍ഷം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം 354 കോടിയായിരുന്നത് തൊട്ടടുത്ത വര്‍ഷം 51 കോടി വര്‍ദ്ധിച്ചു. നോട്ട് നിരോധിച്ച വര്‍ഷം ഇത് 96 കോടിയിലേക്കെത്തി. അതേസമയം, 2017-18 ല്‍ ബാങ്കിന്റെ നിക്ഷേപം 405 കോടിയായി ഇടിയുകയും ചെയ്തു. രേഖകള്‍ പ്രകാരം നോട്ട് നിരോധിക്കപ്പെട്ടപ്പോള്‍ നിക്ഷേപിച്ച മുഴുവന്‍ പണവും അതേവര്‍ഷംതന്നെ പിന്‍വലിക്കപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്കിലേക്ക് വ്യാപകമായി നിക്ഷേപമെത്തുകയും ഒട്ടും വൈകാതെ തന്നെ അതെല്ലാം പിന്‍വലിക്കപ്പെടുകയും ചെയ്തത് ദുരൂഹമാണ്.
സിപിഎമ്മിന്റെ ആസ്തിയും സാമ്പത്തിക വിനിമയങ്ങളും അവര്‍ക്ക് ലഭിക്കുന്ന സംഭാവനകളുമൊന്നും ഒട്ടും സുതാര്യമല്ലെന്ന സംശയം ഏറെക്കാലമായി പൊതുമണ്ഡലത്തിലുണ്ട്. ഇരുപത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എഡിറ്ററായിരുന്ന പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു പ്രധാന വാര്‍ത്ത സിപിഎമ്മിന്റെ സ്വത്ത് പണമായി, 20,000 കോടിയുണ്ടെന്നായിരുന്നു. ഈ വാര്‍ത്ത അന്ന് സിപിഎം നിഷേധിച്ചതുമില്ല. ‘പാവങ്ങളുടെ പാര്‍ട്ടി’ എന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഇത്ര വലിയ സാമ്പത്തിക ശേഖരം എവിടെ നിന്ന് വന്നുവെന്നോ അത് എങ്ങനെയൊക്കെ ചെലവാക്കിയെന്നോ എവിടെയൊക്കെ നിക്ഷേപിച്ചുവെന്നോ ഇന്നും വ്യക്തമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടിനെ നഖശിഖാന്തം എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏതാനും വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി മുന്നണി സഹകരണം ഉറപ്പാക്കിയത് 25 കോടി കൈപ്പറ്റിക്കൊണ്ടാണെന്നതാണ് വിരോധാഭാസം. മാത്രമല്ല, ലോട്ടറി വില്‍പ്പനക്കാരനായ ഒരു വിവാദ വ്യവസായി ആദ്യമായി ഇലക്ട്രല്‍ ബോണ്ട് പരീക്ഷണം നടത്തിയത് 2008ല്‍ സിപിഎം മുഖപത്രത്തിന് 2 കോടി രൂപ സംഭാവന നല്‍കിക്കൊണ്ടായിരുന്നു. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിന് പ്രതിഫലമായി ലഭിച്ച പണംകൊണ്ട് പ്രസിദ്ധീകരണങ്ങളും സ്ഥാപനങ്ങളും പണിതുയര്‍ത്തിയ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകളുടേത്. കേരളത്തില്‍ പാര്‍ട്ടി പണിതുയര്‍ത്തിയ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും റിസോര്‍ട്ടുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ സിപിഎമ്മിന്റെ കള്ളപ്പണ സാമ്രാജ്യത്തിന്റെ ദന്തഗോപുര ദൃഷ്ടാന്തങ്ങള്‍ തന്നെയാണ്. എന്തിനേറെ, ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്ന ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്കു നേരെ കോടികളുടെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പിനായി സിപിഎം പുറത്തിറക്കിയ പ്രകടനപത്രികയില്‍ കള്ളപ്പണ നിരോധന നിയമം റദ്ദാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരത പാര്‍ലമെന്റില്‍ ആകെ ഒരു ശതമാനം സീറ്റോ പത്ത് ശതമാനം വോട്ടോ പോലുമില്ലാത്ത, പാര്‍ട്ടി ചിഹ്നം നിലനിര്‍ത്താന്‍ വേണ്ടി മാത്രം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പോലും അവസരമില്ലാത്ത ദേശീയ ജനറല്‍ സെക്രട്ടറിയുള്ള ഒരു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയ്ക്ക് ദേശീയ-രാഷ്ട്രീയ പ്രാധാന്യമൊട്ടും തന്നെയില്ല. എങ്കിലും കള്ളപ്പണത്തോടും കള്ളപ്പണക്കാരോടുമുള്ള ആ പാര്‍ട്ടിയുടെ സമീപനം എന്താണെന്ന് മനസ്സിലാക്കാന്‍ ഈ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ മതിയായ തെളിവാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡി മുന്നണിയിലെ പ്രധാന പാര്‍ട്ടികളും നേതാക്കളുമെല്ലാം അഴിമതിക്കേസുകളിലോ കള്ളപ്പണ ഇടപാടുകളിലോ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ കള്ളപ്പണ ഇടപാടുകള്‍ വ്യാപിപ്പിക്കുകവഴി സിപിഎം ‘മുന്നണി മര്യാദകള്‍’ പാലിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാറ്റിവെച്ച് കള്ളപ്പണത്തിന്റെ മാനിഫെസ്റ്റോയുമായാണ് സിപിഎം ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.