Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഛത്രപതി ശിവജി-ഹിന്ദുസാമ്രാജ്യ സ്ഥാപകന്‍

പി. പ്രേമകുമാര്‍ അമ്പലപ്പുഴപി. പ്രേമകുമാര്‍ അമ്പലപ്പുഴ
26 April 2024

ഒരു രാഷ്ട്രത്തിന്റെയോ ഒരു സംസ്‌കാരത്തിന്റെയോ ഒക്കെ ദീര്‍ഘകാലചരിത്രം പരിശോധിക്കുമ്പോള്‍ കാലാകാലങ്ങളില്‍ അവയെ നയിച്ചിട്ടുള്ളവരുടെയും പോഷിപ്പിച്ചിട്ടുള്ളവരുടെയും ഒരു നീണ്ടനിര നമുക്ക് കാണാന്‍ കഴിയും. ഒരു പ്രത്യേക കാലഘട്ടത്തില്‍ പ്രസ്ഥാനത്തെ നയിച്ചുകൊണ്ട്, രാജ്യം ഭരിച്ചുകൊണ്ട് ജനങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ട് അവര്‍ പുതിയ ചരിത്രം രചിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുന്നു. തീര്‍ച്ചയായും അവരെയെല്ലാം വരുംതലമുറകള്‍ ആദരിക്കുകയും അനുകരിക്കുകയും ചെയ്യും. എന്നാല്‍ അവരില്‍ത്തന്നെ ചില വ്യക്തികള്‍ യുഗപുരുഷന്മാരായി അറിയപ്പെടുന്നു. ഒരു യുഗത്തിന്റെ കാലഘട്ടം ആയിരമോ രണ്ടായിരമോ വര്‍ഷം എന്ന് കണക്കുകൂട്ടിയാല്‍ ആ യുഗത്തിന്റെ ഏറ്റവും വലിയ സംഭാവനകള്‍ എന്ന് നാം കണ്ടെത്തുന്ന മഹാത്മാക്കളാണ് യുഗപുരുഷന്മാര്‍. അതേപോലെതന്നെ അടുത്ത ഒന്നോ രണ്ടോ യുഗത്തിലേക്കുള്ള രാജ്യത്തിന്റെയോ സംസ്‌കാരത്തിന്റെയോ വളര്‍ച്ചയ്ക്ക് അടിത്തറ സൃഷ്ടിക്കുന്നവരും കൂടിയാണ് യുഗപുരുഷന്മാര്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയുടെ ചരിത്രം മാറ്റിവെച്ചുകൊണ്ട് ഒരു ജനതയുടെയോ ഒരു സംസ്‌കാരത്തിന്റെയോ രാഷ്ട്രത്തിന്റെയോ ചരിത്രം വായിക്കുമ്പോള്‍ ആ ചരിത്രം തീരെ അപ്രസക്തമാകുന്നുവെങ്കില്‍ ആ വ്യക്തിയെ യുഗപുരുഷന്‍ അഥവാ യുഗപ്രഭാവന്‍ എന്ന നിലയില്‍ നാം കണക്കാക്കുന്നു. ഛത്രപതി ശിവജിയും ഗുരുനാനാക്കും റാണാ പ്രതാപ്‌സിംഗും സ്വാമി ദയാനന്ദ സരസ്വതിയും ശ്രീനാരായണഗുരുസ്വാമിയും സ്വാമി വിവേകാനന്ദനും ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറും ഒക്കെ ആ അര്‍ത്ഥത്തിലാണ് യുഗപുരുഷന്മാരായി ഗണിക്കപ്പെടുന്നത്. കാരണം ഈ വ്യക്തികള്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം, ഹൈന്ദവസംസ്‌കാരത്തെ സംബന്ധിച്ചിടത്തോളം ഇരുളടഞ്ഞതാകുമായിരുന്നു. അഥവാ ഇനിയുളള നൂറ്റാണ്ടുകളിലെല്ലാം ഇവര്‍ മുന്നോട്ടുവെച്ച ആശയഗതികളും ആദര്‍ശങ്ങളുമാവും സമാജത്തെയും രാഷ്ട്രത്തേയും നിയന്ത്രിക്കുന്നതെന്ന് സാരം.

Google NewsAdd Kesari Weekly as a preferred source on Google

ബീജാപ്പൂര്‍ സുല്‍ത്താന്റെ സൈനികനായിരുന്ന ഷഹാജിറാവു ഭോണ്‍ സ്‌ലേയുടെയും ജീജാഭായിയുടെയും പുത്രന്‍ സ്വപരിശ്രമം കൊണ്ട് മാത്രം മഹത്തായ ഒരു സാമ്രാജ്യം സ്ഥാപിച്ച കഥ. ഒരു മാതാവിന് പുത്രന്റെ സ്വഭാവ രൂപീകരണത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ കഴിയും എന്നുള്ളതിന് മാതൃക എന്നിങ്ങനെ ശിവജിയുടെ ജീവിതത്തിലുണ്ടായിട്ടുളള നിരവധി സംഭവങ്ങള്‍ മറാത്താ ചരിത്രത്തില്‍ നാമെല്ലാം വായിച്ചിട്ടുണ്ട്. കൗശലംകൊണ്ടും ആത്മവിശ്വാസംകൊണ്ടും ധൈര്യംകൊണ്ടും പ്രതിയോഗികളെ നിഷ്പ്രഭമാക്കിയ ധാരാളം യുദ്ധഗാഥകളും നാം കേട്ടിട്ടുണ്ട്. ശത്രുപാളയങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവങ്ങളും, ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ ശത്രുപാളയങ്ങളിലെത്തി സമ്പത്തും ആയുധങ്ങളും കൊളളയടിക്കുകയും കനത്ത ആള്‍നാശം വരുത്തുകയും ചെയ്തിട്ടുളള സംഭവങ്ങളും കേട്ടിട്ടുളളവര്‍ക്ക് വീരപരിവേഷത്തോടെ മാത്രമേ ഛത്രപതി ശിവജിയെ കാണുവാന്‍ കഴിയൂ. അതില്‍നിന്നൊക്കെ വ്യത്യസ്തങ്ങളായ ചില ജീവിതസാഹചര്യങ്ങളെയും ആത്മീയ സമ്മര്‍ദ്ദങ്ങളെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അവയെക്കുറിച്ചൊരു പരാമര്‍ശം നടത്തുകയാണ് ഈ ലേഖനത്തിലൂടെ.

ഡസന്‍ കണക്കിന് യുദ്ധവിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പ്രജാക്ഷേമകരമായ അനേകം ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും ആനന്ദം കാണാനാകാതെ ഭൗതിക സുഖങ്ങളെല്ലാം ഉപേക്ഷിച്ചുകൊണ്ട് ആത്മീയമായ ജീവിതം നയിക്കുവാനായിരുന്നു ശിവജിക്ക് താല്‍പര്യം. അതിനുളള അടിസ്ഥാന കാരണം ഹൈന്ദവീ സ്വരാജ് എന്ന തന്റെ ലക്ഷ്യം പൂര്‍ണ്ണമായും ഈശ്വരനിയോഗമായി കണ്ടുകൊണ്ട് നേട്ടങ്ങളെല്ലാം രായരേശ്വര്‍ മഹാദേവന്റെയും തുള്‍ജാഭവാനിയുടേയും കാല്‍ക്കല്‍ സമര്‍പ്പിക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇത് മനസ്സിലാക്കിയ ശത്രുക്കള്‍ ശിവജിയോടുളള പക തീര്‍ത്തത് ക്ഷേത്രങ്ങള്‍ കൊളളയടിച്ചും വിഗ്രഹങ്ങള്‍ തച്ചുടച്ചും ഹിന്ദുക്കളായ സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരമായി പീഢിപ്പിച്ചുകൊണ്ടുമാണ്. മറാത്താ സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍ ശിവജിക്ക് വെല്ലുവിളിയായി മാറിയത് ഇത്തരം പീഢനങ്ങള്‍ക്ക് പകരം വീട്ടുക എന്നതായിരുന്നു. ഭാരതത്തെപ്പോലെയുളള ഒരു രാജ്യത്ത് ഭരണാധികാരികള്‍ക്ക് ഉണ്ടാവേണ്ട കാഴ്ചപ്പാടെന്തായിരിക്കണം എന്നതിനൊരു സൂചനയാണിതൊക്കെ.

ADVERTISEMENT

ഘോരമായ പ്രാര്‍ത്ഥനയിലൂടെയും തപസ്സിലൂടെയും ശ്രീരാമന്റെ ദര്‍ശനവും ജ്ഞാനോദയവും നേടിയ സമര്‍ത്ഥരാമദാസിനെ ശിവജി ഗുരുവായി സ്വീകരിച്ചു. 24-ാമത്തെ വയസ്സില്‍ കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനമായ മഹാബലേശ്വറില്‍ സമര്‍ത്ഥരാമദാസ് ഒരു ഹനുമാന്‍ ക്ഷേത്രം പ്രതിഷ്ഠിച്ചു. പിന്നീട് മറ്റൊരു പന്ത്രണ്ട് വര്‍ഷക്കാലം പരിവ്രാജകനായി പശ്ചിമേന്ത്യയിലും ഹിമാലയപ്രാന്തത്തിലുമുള്ള നാടും നഗരവുമെല്ലാം ചുറ്റിക്കറങ്ങി. ഒരു അമ്പും വില്ലും അദ്ദേഹം എപ്പോഴും കൈയ്യില്‍ കൊണ്ടുനടക്കുമായിരുന്നു. വടക്കേ ഇന്ത്യ ഭരിച്ചിരുന്ന മുഗളന്മാരും തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരും ഹിന്ദുജനതയെ ഭയവിഹ്വലരാക്കിക്കൊണ്ട് ഭരിക്കുന്നത് അദ്ദേഹം മനോവേദനയോടെ നോക്കിക്കണ്ടു. അതിനാല്‍ യാത്രാവേളകളിലെല്ലാം ഹൈന്ദവജനങ്ങളുടെ പൗരുഷമുണര്‍ത്തുന്നതിനും അവരെ കര്‍മ്മോന്മുഖരാക്കുന്നതിനും വേണ്ട പ്രചോദനങ്ങള്‍ നല്‍കി. കാശ്മീരില്‍ വച്ച് ആറാമത്തെ സിഖ് ഗുരു ഹര്‍ഗോവിന്ദും രാമദാസ് സ്വാമികളും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒരു സന്യാസി വേണ്ടിവന്നാല്‍ സാധുജന സംരക്ഷണത്തിനും സ്വേച്ഛാധിപതികളെ ഉന്മൂലനം ചെയ്യുന്നതിനുമായി ആയുധമെടുക്കുന്നതും രാജാക്കന്മാരെപ്പോലെ പ്രവര്‍ത്തിക്കുന്നതും തെറ്റല്ല എന്ന ഗുരു ഹര്‍ഗോവിന്ദിന്റെ നിലപാടുകള്‍ സമര്‍ത്ഥ രാമദാസിനെ സ്വാധീനിച്ചു. അന്നത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ച ദാരിദ്ര്യത്തിന്റേയും നേരിട്ട പ്രകൃതി ദുരന്തങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തെ ദു:ഖിപ്പിച്ചു. മുഗള്‍ ഭരണാധികാരികള്‍ സാധാരണ ജനങ്ങളോട് ചെയ്തിരുന്ന ക്രൂരതകള്‍ നേരിട്ട് കണ്ടു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഹൈന്ദവ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും അവരെ മുഗളര്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടിയായിരുന്നു. ഇതിനായി വിവിധ സ്ഥലങ്ങളിലായി പന്ത്രണ്ട് പ്രധാന മഠങ്ങളും ആയിരത്തോളം ചെറിയ മഠങ്ങളും പതിനൊന്ന് ഹനുമല്‍ പ്രതിമകളും ഏതാനും ക്ഷേത്രങ്ങളും സ്ഥാപിച്ചു. സത്താറയ്ക്കടുത്ത് കൃഷ്ണാ നദീ തീരത്തുള്ള മസൂരിയില്‍ വച്ച് സമര്‍ത്ഥരാമദാസാണ് ഇന്ന് കാണുന്ന രീതിയിലുള്ള രാമനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് മഹാരാഷ്ട്രയിലേയും ഉത്തരേന്ത്യയിലേയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കും ഊടുംപാവും നല്‍കിയത് രാമനവമി ആഘോഷങ്ങളാണെന്നത് നാം കണ്ട് കഴിഞ്ഞ കാര്യമാണല്ലോ.

സന്ന്യാസിമാര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കേണ്ടവരല്ലെന്നും പകരം സാമൂഹ്യവും ധാര്‍മ്മികവുമായ സമാജപരിവര്‍ത്തനത്തിലേക്ക് സജീവമായി ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ വിദേശ അധിനിവേശം കാരണം നിരവധി നൂറ്റാണ്ടുകളായി ഹിന്ദുസംസ്‌കാരത്തിനേറ്റ ക്ഷതങ്ങളെപ്പറ്റി ഹൈന്ദവ ജനതയെ ബോദ്ധ്യപ്പെടുത്താനും ശക്തമായി പ്രതികരിക്കാനായി ജനങ്ങളെ സജ്ജരാക്കുവാനും അദ്ദേഹം ഉദ്‌ബോധനം ചെയ്തു. അതില്‍ ആകൃഷ്ടനായാണ് ഛത്രപതി ശിവജി രാജാധിപത്യമെല്ലാമുപേക്ഷിച്ചുകൊണ്ട് തന്റെ ശ്രദ്ധ ആത്മീയതയിലേക്ക് തിരിക്കുവാന്‍ തയ്യാറായത്. അതിന് മുന്നോടിയായി മറാത്താസാമ്രാജ്യം മുഴുവന്‍ ഗുരുവിന്റെ കാല്‍ക്കല്‍ തൃപ്പടിദാനമായി സമര്‍പ്പിക്കുകയും ചെയ്തു. സ്ത്രീകളുടേയും സമാജത്തിന്റേയും രക്ഷയ്ക്ക് ധീരമായ രാഷ്ട്രീയ-ഭരണനേതൃത്വമാണ് നാടിന് വേണ്ടതെന്നും അതിന് ശിവജി ഭരണത്തില്‍ തുടരണമെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് സമര്‍ത്ഥരാമദാസ് ശിവജിയെ വീണ്ടും കര്‍ത്തവ്യനിരതനാക്കിയത്.

സന്ത് തുക്കാറാമാണ് ശിവജിയോട് സമര്‍ത്ഥരാമദാസന്റെ ശിഷ്യത്വം തേടാന്‍ ആവശ്യപ്പെട്ടത്. മറാത്താസാമ്രാജ്യത്തിലെ ഭക്തകോടികളുടെ ആരാധനാമൂര്‍ത്തിയായ പണ്ടര്‍പൂര്‍ വിഠള്‍ ശിവജിയുടെ രക്ഷക്കെത്തിയ കഥയും ‘മഹാഭക്തവിജയ’ത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിന് ശേഷം രാജ്യഭരണം തുടങ്ങിയ ഛത്രപതി ശിവജി തുക്കാറാമിനെക്കുറിച്ച് കേള്‍ക്കുകയും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഈശ്വരവിശ്വാസിയും ധാര്‍മ്മിക കാര്യങ്ങളില്‍ തല്‍പരനുമായിരുന്ന ശിവജി സ്വാമികളെ പ്രീതിപ്പെടുത്താനായി ഒരു സ്വര്‍ണ്ണത്തട്ടത്തില്‍ ധാരാളം പണക്കിഴികളുമായി വേഷപ്രച്ഛന്നനായി തുക്കാറാമിന്റെ ആശ്രമത്തിലെത്തുകയും സ്വാമിക്ക് കാഴ്ചയായി സമ്മാനിക്കുകയും ചെയ്തു. തന്റെ മുമ്പില്‍ എത്തിയിരിക്കുന്നത് ആരാണെന്ന് മനസ്സിലാക്കിയ സന്ത് തുക്കാറാം ശിവാജിയോട് പറഞ്ഞു.
‘ചക്രവര്‍ത്തി, താങ്കള്‍ കാഴ്ചവച്ചിരിക്കുന്ന ഈ സ്വര്‍ണ്ണനാണയങ്ങളുടെ പ്രയോജനം എന്താണ്? മനുഷ്യരെ നരകക്കുഴിയില്‍ തള്ളാന്‍ ആശയാകുന്ന പിശാച് ബന്ധിച്ചുകൊണ്ടുപോകുന്ന മൂന്ന് പാശങ്ങളില്‍ ഒന്നല്ലേ പണം? ഒരുവിധത്തില്‍ അതില്‍ നിന്നും മോചനം നേടണം എന്ന് ആഗ്രഹിച്ചിരിക്കുന്ന എന്റെ മുന്‍പില്‍ ഇത് നിക്ഷേപിച്ചതിന്റെ അര്‍ത്ഥം താങ്കള്‍ ഈ പാശത്താല്‍ ബദ്ധനായിരിക്കുന്നു എന്നുള്ള വസ്തുത അറിയിക്കാന്‍ ആയിരിക്കാം അല്ലേ? അഥവാ ആശകളൊന്നുമില്ലാത്ത എനിക്കായി ഈ ദ്രവ്യത്തെ സമര്‍പ്പിക്കുകയാണ് ചെയ്തതെങ്കില്‍ അതില്‍പരം മൂഢത്വം ഇല്ലതന്നെ. ദ്രവ്യത്തിലെന്നല്ല ഏതെങ്കിലും ആശാപാപംകൊണ്ട് മനസ്സിനെ ബന്ധിച്ചാല്‍ ആത്മധ്യാനത്തിനായി അതിനെ നിയന്ത്രിക്കുന്നതെങ്ങനെയാണ്? അതിനാല്‍ താങ്കള്‍ എന്നെ ദു:ഖിപ്പിക്കാനായിട്ടാണ് ഈ ദ്രവ്യത്തെ കൊണ്ടുവന്നത് എന്ന് സ്പഷ്ടമാകുന്നു. വേഗം അതിനെ കയ്യിലെടുത്തുകൊണ്ട് എന്റെ കണ്‍മുന്നില്‍നിന്നും പൊയ്‌ക്കൊള്ളുക. അഥവാ അതിനെ ആഗ്രഹിക്കുന്ന സംസാരികളില്‍ ദരിദ്രന്മാര്‍ക്കാര്‍ക്കെങ്കിലും ദാനം ചെയ്യുക.’

ഇതുകേട്ട് ശിവജി പശ്ചാത്താപത്തോടെ പറഞ്ഞു.

‘സ്വാമിന്‍! എന്റെ അജ്ഞത ക്ഷമിക്കണം. നിന്തിരുവടിയെ സന്തുഷ്ടനാക്കി അനുഗ്രഹം വാങ്ങണം എന്നുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ വന്നത്. ഈ ദ്രവ്യത്തെ കൊണ്ടുപോന്നതും അതിലേക്ക് ഉപകരിക്കുന്ന ഒരു കാഴ്ചവസ്തുവെന്ന് കരുതിയാണ്. ഇപ്പോള്‍ അതിന്റെ ദോഷം എനിക്ക് മനസ്സിലായിരിക്കുന്നു. ഞാന്‍ അതെടുത്ത് പുറത്തേക്ക് കൊണ്ട് പോയി ദരിദ്രന്മാര്‍ക്ക് ദാനം ചെയ്ത് മടങ്ങി വരാം.’

അപ്രകാരം ചെയ്താല്‍ ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകുമെന്ന് അനുഗ്രഹിച്ചുകൊണ്ട് സന്ത് തുക്കാറാം ശിവജി കൊണ്ടുവന്ന ധനം ദരിദ്രര്‍ക്കായി ദാനം ചെയ്തു കൊടുത്തശേഷം തന്നോടൊപ്പമിരുന്ന് ഭഗവത് ഭജനം നടത്തുവാനും നിര്‍ദ്ദേശിച്ചു. ശിവജി പുറത്തുപോയി ദ്രവ്യങ്ങള്‍ മുഴുവന്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്തതിനുശേഷം സദസ്സില്‍ വന്നിരുന്നുകൊണ്ട് ഭജന പാടിത്തുടങ്ങി. ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ എല്ലാം മറന്ന് ഭക്തന്മാരോടൊപ്പമിരുന്ന് ഈശ്വരഭജനം നടത്തിയ ശിവജി അഭൂതപൂര്‍വ്വമായ ആനന്ദം അനുഭവിച്ചു. പിറ്റേദിവസം ഏകാദശി ആയിരുന്നതിനാല്‍ സ്വാമികള്‍ വിശേഷാലുളള വിഷ്ണുഭജനകീര്‍ത്തനാലാപനം ആരംഭിച്ചു. അതിലെല്ലാം ശ്രദ്ധയോടെ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ വ്യക്തിപരമായ കാര്യങ്ങളും താനൊരു രാജാവാണെന്ന കഥയും മറന്നുപോയി. രണ്ടുമാസക്കാലം ശിവജി പണ്ഡരീപുരത്ത് തന്നെ കഴിഞ്ഞുകൂടി. ഇതിനിടയ്ക്ക് ശിവജിയുടെ രാജധാനി ശത്രുസൈന്യത്താല്‍ വളയപ്പെട്ടു. അറംഗസീബിന്റെ സേനാനായകന്‍ ശിവജി എവിടെയുണ്ടെങ്കിലും കണ്ടെത്തി ബന്ധിച്ചുകൊണ്ടുവരുവാന്‍ കല്‍പ്പന കൊടുത്തു. രാജധാനി മുഴുവന്‍ അന്വേഷിച്ചിട്ടും ശിവജിയെ കാണായ്കയാല്‍ രാജ്യത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ചാരന്മാരെ ഏര്‍പ്പാടുചെയ്തു. പണ്ഡരീപുരത്തിനടുത്തും ചില ചാരന്മാര്‍ എത്തുകയും ശിവജിയുടെ സാന്നിദ്ധ്യം മണത്തറിയുകയും ചെയ്തു. ചാരന്‍മാര്‍ നല്‍കിയ വിവരമനുസരിച്ച് 2000-ത്തോളം കുതിരപ്പടയാളികളുമായി മുഗളര്‍ പണ്ഡരീപുരം ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും വളഞ്ഞു. ശിവജിയെ പിടിച്ച് കൊണ്ട് ചെല്ലുന്നതിനായി ആയുധപാണികളായ നാലുഭടന്മാര്‍ ഉള്ളിലേക്ക് കയറിച്ചെല്ലുകയും ചെയ്തു. അപ്പോഴാണ് ശിവജിക്ക് സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലായത്. താന്‍ ഇരിക്കുന്ന ക്ഷേത്രസങ്കേതം ശത്രുസൈന്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അകത്തേക്ക് വന്നവര്‍ തന്നെ ബന്ധിക്കാന്‍ വന്നിരിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തന്റെ സാന്നിദ്ധ്യംമൂലം സന്യാസിയായ തുക്കാറാമിന് വല്ല ആപത്തും സംഭവിക്കുമോ എന്ന ആശങ്കയാണ് ശിവജിയെ കൂടുതല്‍ അലട്ടിയത്. അതിനാല്‍ ആ സമയത്ത് എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കുവാന്‍ പോലും ശിവജിക്ക് കഴിഞ്ഞില്ല. ശിവജിയുടെ മനോഗതം മനസ്സിലാക്കിയ തുക്കാറാം അശേഷം ഭയപ്പെടാതെ ശിഷ്യന്മാരെ നോക്കി ഭഗവത് സ്‌തോത്രങ്ങള്‍ ഉച്ചത്തില്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടു. സ്വാമിജി അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തില്‍ ശിവജിക്ക് ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു.

‘രാജന്‍ അങ്ങ് അല്‍പംപോലും ഭയപ്പെടരുത്. ഈ കപടന്മാര്‍ താങ്കളെ ഹിംസിക്കാന്‍ ശക്തരായിട്ടില്ല. വിഷ്ണുനാമങ്ങള്‍ ഉറക്കെ ചൊല്ലുക. ഇവര്‍ ആയുധങ്ങളാല്‍ നിഗ്രഹിച്ചാല്‍ തന്നെയും ശരീരവുമായി ആത്മാവിന്റെ ബന്ധം അതുമൂലം വേര്‍പെടും എന്നല്ലാതെ ഭയത്തിന് അവകാശം എന്തുള്ളൂ? അനിത്യമായ ശരീരത്തിന്റെ പീഢയെ ഭയപ്പെട്ട് നിത്യാനന്ദപ്രദമായ ഭഗവത് ഭജനയെ മുടക്കരുത്’ എന്നരുളിച്ചെയ്തു.

പക്ഷെ തുക്കാറാം ഈ പ്രതിസന്ധിയില്‍ നിന്ന് ശിവാജിയെ രക്ഷിക്കാന്‍ വേണ്ടത് ഉടന്‍ ചെയ്യണമെന്ന് പാണ്ഡുരംഗനോട് പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്നവരെല്ലാം കൂടുതല്‍ ഉച്ചത്തില്‍ ഭജന ചൊല്ലുവാന്‍ തുടങ്ങി. പാണ്ഡുരംഗവിഠളന് ഈ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതിരിക്കാനായില്ല. ശിവജിയെപ്പോലൊരു ഭക്തന്റെ ചോര ചിന്താന്‍ തന്റെ ക്ഷേത്രസങ്കേതം വേദിയാവരുത് എന്ന് ആപല്‍ബാന്ധവനായ വിഠളന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് തോന്നിപ്പിക്കുമാറ് നിമിഷങ്ങള്‍ക്കുള്ളില്‍ സവാരിക്കാര്‍ക്ക് സുരക്ഷിതമായിരിക്കാനുള്ള ജീനിക്കോപ്പുകള്‍ അണിഞ്ഞ ഒരു വെള്ളക്കുതിര അതിവേഗത്തില്‍ ഓടി ശിവജിയിരിക്കുന്നിടത്തേക്ക് കടന്നുവരുന്നത് ശത്രുഭടന്മാര്‍ കണ്ടു. തങ്ങളുടെ തന്നെ കുതിരപ്പടയില്‍ നിന്നും കൂട്ടംതെറ്റിയ ഏതോ കുതിരയാണെന്ന് ധരിച്ച് ശത്രുഭടന്മാര്‍ കുതിരയെ പിടിക്കാനായി ഭാവിച്ചു. അതേ ക്ഷണത്തില്‍ ഉടവാളുമായി ശിവജി കുതിരപ്പുറത്ത് കയറി അതിവേഗം കുതിരയെപ്പായിച്ച് പുറത്തേക്ക് പോകുന്നതായി അവര്‍ക്ക് തോന്നി. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കുതിരപ്പടയാളികള്‍ മുഴുവന്‍ ശിവജിയെ പിന്തുടര്‍ന്നെങ്കിലും കുതിരയേയും ശിവജിയേയും പിടികൂടാനായില്ല. ശിവജിയും കുതിരയും കാട്ടിനുള്ളിലേക്ക് ഓടി മറയുന്നതായിട്ടാണ് ശത്രുക്കള്‍ക്ക് തോന്നിയത്. അതേത്തുടര്‍ന്ന് ശിവജിയേയും കുതിരയേയും അന്വേഷിച്ച് വനത്തിലേക്ക്‌പോയ ശത്രുപക്ഷത്തിലെ പടയാളികള്‍ രാത്രിമുഴുവന്‍ കാട്ടിനുള്ളില്‍ അകപ്പെടുകയും പല പടയാളികള്‍ക്കും ജീവാപായം സംഭവിക്കുകയും സൈന്യം ഛിന്നഭിന്നമാകുകയും ചെയ്തു. ശിവജി ശത്രുസൈന്യത്താല്‍ വളയപ്പെട്ടുവെന്ന് അറിഞ്ഞ് പണ്ഡരീപുരത്ത് എത്തിയ മറാത്താ സൈന്യം ഒറ്റപ്പെട്ട് പോയ ശത്രുക്കളെ വളഞ്ഞിട്ട് വധിക്കുകയും ചെയ്തു. ഭക്തരുടെ പ്രാര്‍ത്ഥനമൂലം സാക്ഷാല്‍ പാണ്ഡുരംഗന്‍ തന്നെയാണ് ശിവജിയുടെ രൂപം ധരിച്ച് അവിടെ നിന്നും രക്ഷപ്പെടുന്നതായി അഭിനയിച്ചത്. ഈ സമയമെല്ലാം ശിവജി തുക്കാറാം സ്വാമിയുടെ സവിധത്തില്‍ മറ്റ് ഭക്തരോടൊപ്പം വിഠളനെ ഭജിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്നെ ബന്ധിക്കാന്‍ വന്ന ശത്രുക്കള്‍ സ്ഥലം വിട്ട കഥ അറിഞ്ഞപ്പോള്‍ ശിവജിക്ക് ഉണ്ടായ ആനന്ദം എത്രമാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. അദ്ദേഹം ഉടന്‍തന്നെ തുക്കാറാം സ്വാമിയുടെ കാല്‍ക്കല്‍വീണ് വന്ദിച്ചുകൊണ്ട് തന്റെ രാജ്യത്ത് പുരോഗതി കൈവരിക്കുന്നതിനും ശത്രുക്കളെ ഉന്മൂലനാശം ചെയ്യുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. അതിനുമറുപടിയായി സ്വാമിജി പറഞ്ഞു:

‘രാജന്‍ യാതൊരുവിധ ഭയത്തിന്റെയും ആവശ്യമില്ല. അങ്ങയുടെ സൈന്യങ്ങള്‍ ശത്രുക്കളെ എതിര്‍ത്ത് പോരാടി നശിപ്പിച്ചിരിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യം മാത്രമാണ് ഇപ്പോള്‍ അവിടെ അത്യാവശ്യം. അങ്ങ് എത്രയും പെട്ടെന്ന് രാജധാനിയിലേക്ക് മടങ്ങുകയാണ് വേണ്ടത്. മന്ത്രിമാര്‍ രാജാവായ അങ്ങയെ അന്വേഷിച്ച് നാടെങ്ങും നടക്കുകയാണ്.’

സ്വാമിയുടെ ആജ്ഞയനുസരിച്ച് ശിവജി രാജധാനിയിലേക്ക് പുറപ്പെട്ടു. പിന്നീടും പല പ്രാവശ്യം ശിവജി തുക്കാറാമിനെക്കാണാനും ഭഗവാനെ തൊഴാനുമായി പണ്ഡരീപുരത്തില്‍ പോയിട്ടുണ്ട്. സര്‍വ്വവും ഉപേക്ഷിച്ചുകൊണ്ട് തുക്കാറാമിന്റെ ശിഷ്യനായി ജീവിക്കുവാന്‍ ശിവജി ആഗ്രഹിച്ചുവെങ്കിലും അക്രമകാരികളായ മുഗളന്മാരെ കൊന്നൊടുക്കി ശക്തമായ സ്വരാഷ്ട്രം സൃഷ്ടിക്കുകയാണ് കരണീയമെന്ന് ഉപദേശിക്കുകയും കര്‍മ്മയോഗത്തിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥരാമദാസിനെ കണ്ട് അതിനുവേണ്ട ഉപദേശങ്ങള്‍ സ്വീകരിക്കാനും തുക്കാറാം നിര്‍ദ്ദേശിക്കുകയാണുണ്ടായത്. ശിവജിയെ ഭാരതചരിത്രത്തിലെ അദ്വിതീയനായ ഭരണാധികാരിയാക്കിത്തീര്‍ത്തത് സമര്‍ത്ഥരാമദാസിന്റെയും സന്ത് തുക്കാറാമിന്റെയും സ്വാധീനങ്ങളും ഇഷ്ടദേവതകളായ മഹാദേവനും ഭവാനീദേവിയും വിഠളനും ചൊരിഞ്ഞ അനുഗ്രഹങ്ങളുമാണ് എന്ന് കണ്ടെത്താന്‍ സാമാന്യമായ ചരിത്രാവബോധം മതിയാകും. 51 വയസ്സുപോലും തികയുന്നതിനുമുന്‍പ് നിരന്തരവും വിശ്രമമില്ലാത്തതുമായ ജീവിതം ശിവജിയെ തീര്‍ത്തും അവശനാക്കി. 1680 ഏപ്രില്‍ മൂന്നാം തീയതി ഹനുമല്‍ ജയന്തി ദിവസം വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചുവരുത്തി യാത്രപറഞ്ഞുകൊണ്ട് പൂര്‍ണ്ണപ്രജ്ഞനായിത്തന്നെ ശിവജി സമാധിയിലമര്‍ന്നു.

റായ്ഗഡ് കോട്ടാ സന്ദര്‍ശനം: അവാച്യമായ അനുഭൂതി

മനുഷ്യസാധ്യമല്ലാത്ത നിരവധി ലക്ഷ്യങ്ങള്‍ കൈവരിച്ച് അവതാരതുല്യനായ ശിവജി ഹിന്ദുസാമ്രാജ്യ സ്ഥാപനം പ്രഖ്യാപിച്ചുകൊണ്ട് 1674 ജൂണ്‍ 5-ന് സിംഹാസനാരോഹണം നടത്തിയ മഹാരാഷ്ട്രയിലെ റായ്ഗഡ് കോട്ട ഒന്ന് കാണണമെന്ന് കരുതി ഉദ്ദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലേഖകനും വി.എന്‍. ഗോപിനാഥും കൂടി മഹാഡ് നഗരത്തില്‍ നിന്നും റായ്ഗഡിലേക്കുപോയി. ഒരു കാലഘട്ടത്തില്‍ പര്‍വ്വതങ്ങളില്‍ രാജാക്കന്മാര്‍ കോട്ടകള്‍ സ്ഥാപിച്ചുകൊണ്ടും കീഴടക്കിക്കൊണ്ടും യുദ്ധവും ഭരണനിര്‍വ്വഹണങ്ങളും നടത്തിയിരുന്നതിനെക്കുറിച്ച് ഏകദേശരൂപം വെളിപ്പെടുത്തുന്നതിന്് ആ യാത്രയെക്കുറിച്ചും ഒരു സൂചന ആവശ്യമാണ്. രാവിലെ ആറരയോടെ ഞങ്ങള്‍ കോട്ടവാതില്‍ക്കലെത്തി. ഛത്രപതി ശിവജിയുടെ ഏറ്റവും പ്രധാന കോട്ട. മറാത്താസാമ്രാജ്യത്തിന്റെ ആദ്യത്തെ രാജധാനി. മഹാരാജാവിന്റെ ഭൗതികശരീരം സംസ്‌കരിക്കപ്പെട്ട സ്മാരകം. ബസില്‍ ഞങ്ങള്‍ രണ്ട് പേരും രണ്ട് തദ്ദേശീയരും മാത്രമേ ഉണ്ടായിരുന്നുളളൂ. തറനിരപ്പില്‍ നിന്നും നൂറുകണക്കിന് അടി ഉയരമുള്ള ചെങ്കുത്തായ മലനിരകള്‍ക്ക് മീതെ കൂടി രണ്ട് വശത്തും അഗാധമായ കൊക്കകള്‍ ഉള്ള ഒറ്റയടിപ്പാതകള്‍ ഏറെ നടന്ന് കഴിയുമ്പോള്‍ പ്രകൃതിദത്തമായ കോട്ടയ്ക്കുള്ളില്‍ എത്തും. മലഞ്ചെരിവുകളില്‍ കെട്ടി ഉയര്‍ത്തിയുള്ള കൃഷിനിലങ്ങളുടെ നാശാവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും കാണാം. കോട്ടയ്ക്ക് അകത്ത് താമസിക്കുന്നവര്‍ക്ക് മാസങ്ങളോളം പുറത്ത് പോകാന്‍ കഴിയാതെ വന്നാലും ധാന്യങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുവാനും ശേഖരിച്ചുവെക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ കോട്ടയ്ക്കകത്ത് ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. ഇപ്പോള്‍ അവിടെയൊന്നും കൃഷിയോ ജനവാസമോ ഒന്നും തന്നെയില്ല. അതിരാവിലെ കയറ്റം തുടങ്ങിയ ഞങ്ങള്‍ എട്ടര മണിയോടെ രാജധാനിയിലെത്തി. മണ്‍സൂണ്‍ കാലമായിരുന്നതിനാല്‍ മഴ പെയ്തുകൊണ്ടേയിരുന്നു. സന്ദര്‍ശകര്‍ തീരെ ഇല്ലാതിരുന്നതും അതുകൊണ്ടാണ.് ഞങ്ങള്‍ നനഞ്ഞുകൊണ്ടുതന്നെ കയറ്റം തുടര്‍ന്നു. ഒരു സഭാഗൃഹമല്ലാതെ മറ്റ് കെട്ടിടങ്ങളൊന്നും മലമുകളില്‍ അവശേഷിക്കുന്നില്ല. ചുറ്റിനും ധാരാളം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാനുണ്ട്.

സഭാഗൃഹത്തിന്റെ വേദിയില്‍ ശിവജി മഹാരാജാവിന്റെ പ്രതിമ കാണാം. അതിന് നേരെ എതിരായി പ്രവേശനകവാടത്തിനടുത്ത് വേദിയിലേക്ക് നോക്കിയിരിക്കുന്ന വൈത്തി എന്ന നായയുടെ പ്രതിമയും കാണാം. ഛത്രപതിക്ക് ഏറ്റവും പ്രിയപ്പെട്ടതും അദ്ദേഹത്തെ അനേകം അപകടങ്ങളില്‍ നിന്ന് രക്ഷിച്ചതുമായ വിശ്വസ്തനായ ആയിരുന്നു ‘വൈത്തി’. വൈത്തിയെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയാത്ത ഒരു ചരിത്രമുണ്ട്. ഛത്രപതി ശിവജിയുടെ ദേഹാന്ത്യത്തിന് ശേഷം അന്തിമസംസ്‌കാരം നടത്തുന്ന ചിതയുടെ അടുത്ത് ആ നായ ദുഃഖിതനായി ഏറെ നേരം ഇരുന്നുവെന്നും കുറെ കഴിഞ്ഞപ്പോള്‍ വൈത്തിയും ചിതയിലേക്ക് ചാടി ജീവത്യാഗം ചെയ്യുകയാണ് ഉണ്ടായതെന്നും പറഞ്ഞുവരുന്നുണ്ട്. ലോകചരിത്രത്തില്‍ തന്നെ ഒരു നായ സതി അനുഷ്ഠിച്ചതുപോലെയുള്ള ഒരു സംഭവം അപൂര്‍വ്വമായിട്ടായിരിക്കും നടന്നിട്ടുള്ളത്. മഹാറാണാ പ്രതാപന് ചേതക് എന്ന കുതിര പോലെയായിരുന്നു ഛത്രപതിക്ക് വൈത്തി എന്ന നായ. ശിവജിയേയും വൈത്തിയേയും ആദരിച്ചശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി. ഇന്ന് റായ്ഗഢ് കോട്ടയിലെത്താന്‍ റോപ്പ് വേയും മറ്റും ഉണ്ട് എന്ന് മാത്രമല്ല സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുമുണ്ട്. റായ്ഗഡ് കോട്ടയും ശിവജിയുടെ പരദേവതയായ തുള്‍ജാപ്പൂരിലെ ഭവാനിക്ഷേത്രവും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞത് എന്നെന്നും അഭിമാനസ്മരണകള്‍ ഉണര്‍ത്തുന്ന അനുഭവങ്ങളാണ്.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies