രണ്ട് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവും അതിനോട് മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിച്ച നിലപാടുമാണ് ഇത്തവണ’നേര്‍പക്ഷ’ത്തില്‍ ചിന്താവിഷയമാകുന്നത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തുടങ്ങിയ കാലം മുതല്‍ തന്നെ ദേശവിരുദ്ധ ഇടതു തീവ്രവാദികളുടെ പ്രജനനകേന്ദ്രമായിരുന്നു. ഇന്ത്യാവിരുദ്ധ സാഹിത്യവും ലേഖനങ്ങളും മാത്രമല്ല, ചരിത്രത്തിന്റെ വളച്ചൊടിക്കലും ഹിന്ദുത്വത്തിന്റെ അപനിര്‍മ്മാണവുമടക്കം എല്ലാ ഇന്ത്യാവിരുദ്ധ കാര്യങ്ങളിലും മുഖ്യപങ്ക് വഹിച്ചിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഒരു സര്‍വ്വകലാശാല ലൈംഗിക അരാജകത്വത്തിന്റെയും ഹിന്ദു വിരുദ്ധതയുടെയും കേന്ദ്രമാകുന്നതില്‍ അത്ഭുതപ്പെടാനില്ല.
സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കെ രാത്രി രണ്ടുമണിക്ക് പുറപ്പെടുന്ന ലണ്ടന്‍ വിമാനത്തില്‍ കൊടുത്തയക്കാന്‍ പ്രിയ കാമുകി എഡ്വിന മൗണ്ട് ബാറ്റണ് പ്രണയലേഖനം എഴുതിയിരുന്നു വൃദ്ധ കാമുകനായിരുന്ന നെഹ്‌റുവെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതവിഭജനം അടക്കമുള്ള കാര്യങ്ങളില്‍ എഡ്വിനയ്ക്കുണ്ടായിരുന്ന സ്വാധീനവും അക്കാലം മുതല്‍ തന്നെ ചര്‍ച്ചാവിഷയമാണ്. യാദൃച്ഛികമായി മാത്രം ഒരു ഹിന്ദുവായി എന്ന് വിലപിച്ചിരുന്ന നെഹ്‌റു ഭാരതത്തിലെ ഇന്ത്യാവിരുദ്ധ കപട മതേതരവാദികളുടെ ആത്മീയാചാര്യനാണ്. ഗാന്ധിജിയുടെ സ്വപ്‌നങ്ങളെ തിരസ്‌കരിച്ച് ഗ്രാമസ്വരാജിന് മരണമണി മുഴക്കിയ നെഹ്‌റു പ്രധാനമന്ത്രി ആയിരുന്നില്ലെങ്കില്‍ ഇന്ന് ഭാരതത്തെ ജഗദ്ഗുരു സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ നരേന്ദ്രമോദിക്ക് ഇത്രയും പണിപ്പെടേണ്ടി വരില്ലായിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും ചാരിത്ര്യം പാലിക്കാത്ത, വ്യക്തിതാല്പര്യങ്ങള്‍ക്കു വേണ്ടി ഭാരതത്തെ, അധികാരസ്ഥാനങ്ങളെ ദുരുപയോഗം ചെയ്ത നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനം ഇന്ത്യാവിരുദ്ധമായെങ്കില്‍ അതിനെ കുറ്റം പറയാനാകില്ല.
എന്താണ് ജെ എന്‍ യുവിലെ പ്രശ്‌നം? ഹോസ്റ്റല്‍ ഫീസ് 300 ഇരട്ടി കൂട്ടി എന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. ശരിയാണ്. എത്രയായിരുന്നു ഹോസ്റ്റല്‍ ഫീസ്? സിംഗിള്‍ റൂമിന് ഒരു മാസത്തേക്ക് 10 രൂപയും ഡബിള്‍ റൂമിന് ഒരു മാസത്തേക്ക് 20 രൂപയും. എന്നാണ് ഈ ഫീസ് നിശ്ചയിച്ചത്? അക്കാര്യം സമരക്കാരും അവരെ പിന്തുണയ്ക്കുന്ന ഇടതുപക്ഷ ബുജികളും മിണ്ടുന്നില്ല. 1973 ല്‍, അതായത് 46 വര്‍ഷം മുന്‍പ് നിശ്ചയിച്ചതാണ് ഈ ഫീസ്. പിന്നീട് ഇതുവരെ ഫീസ് പുതുക്കിയിട്ടില്ല. ഇപ്പോള്‍ സിംഗിള്‍ റൂമിന് ഒരു വര്‍ഷത്തേക്ക് 3000 വും ഡബിള്‍ റൂമിന് 6000 ആയി ഫീസ് മാറ്റംവരുത്തി. അപ്പോള്‍ പോലും ഒരുമാസത്തെ ഫീസ് 300 രൂപ വരുന്നില്ല എന്നകാര്യം സമരക്കാര്‍ അറിയുന്നില്ല. ഇതില്‍ എന്താണ് തെറ്റ്? ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഏതെങ്കിലും കോളേജില്‍ ഒരുവര്‍ഷത്തേക്ക് 300 രൂപ ഫീസില്‍ കോളേജ് ഹോസ്റ്റല്‍ കിട്ടുന്നുണ്ടോ? വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവും ആകണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഈ സൗജന്യം ജെ എന്‍ യുവില്‍ മാത്രം മതിയോ? ജെ എന്‍ യു ഒരു വിശുദ്ധപശുവാണോ? എന്തുകൊണ്ടാണ് ഇന്ത്യയില്‍ മറ്റൊരു സര്‍വ്വകലാശാലയിലും ഇല്ലാത്ത ആനുകൂല്യം ഇവിടെ വേണമെന്ന് ആവശ്യപ്പെടുന്നത്?
ഇവിടത്തെ ഫീസ് ഘടന കൂടി പരിശോധിക്കുമ്പോഴാണ് ജെ എന്‍ യു എന്ന ദുര്‍ഭൂതത്തിന്റെ സത്യം മനസ്സിലാവുക. പി എച്ച് ഡി കോഴ്‌സിന് ഒരുവര്‍ഷത്തെ ഫീസ് 240 രൂപയാണ്. എം എ, എം എസ് സി, എം സി എ, ബി എ കോഴ്‌സുകള്‍ക്ക് ഫീസ് ഒരുവര്‍ഷം 216 രൂപയാണ്. ഏതാണ്ട് 9000 വിദ്യാര്‍ത്ഥികളാണ് ജെ എന്‍ യുവില്‍ പഠിക്കുന്നത്. 650 അദ്ധ്യാപകരാണ് ഉള്ളത്. 1000 ഏക്കറാണ് നഗരഹൃദയത്തിലെ സര്‍വ്വകലാശാല കാമ്പസ്. ഒരുവര്‍ഷം 250 കോടി രൂപയിലേറെയാണ് ജെ എന്‍ യുവിന് മാത്രം കേന്ദ്രസര്‍ക്കാര്‍ ചെലവിടുന്നത്. അതായത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടി ഒരു വര്‍ഷം രണ്ടരലക്ഷം രൂപ വീതം ചെലവഴിക്കുന്നു. അതേസമയം, ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 1000 രൂപയില്‍ താഴെയാണ് ചെലവഴിക്കപ്പെടുന്നത്.
1969 ല്‍ ഇടത് സൈദ്ധാന്തികനായ മോണിസ് റാസയാണ് ജെ എന്‍ യു ആരംഭിച്ചത്. 1972 ല്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി എത്തിയ നൂറുല്‍ ഹസ്സനാണ് ജെ എന്‍ യുവിലെ കമ്യൂണിസ്റ്റ് ധ്രുവീകരണം പൂര്‍ത്തിയാക്കിയതെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ പ്രഭു ചൗള പറയുന്നു. ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും ഡല്‍ഹിക്ക് പുറത്തു നിന്നുള്ളവരാണ്. ഇവിടെ പഠിക്കുന്നവരില്‍ 43 ശതമാനം പേരുടെ രക്ഷിതാക്കള്‍ക്ക് പ്രതിവര്‍ഷം നാലുലക്ഷം രൂപയില്‍ താഴെ വരുമാനമേയുള്ളൂ. പക്ഷേ, ബാക്കിയുള്ളവരില്‍ ഏറെ പേര്‍ക്കും വര്‍ഷം ലക്ഷങ്ങളുടെ വരുമാനം ഉള്ള വ്യവസായ പ്രമുഖരുടെയും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ മക്കളാണ്. ഇവരൊക്കെ ഈ സര്‍ക്കാര്‍ ചെലവില്‍ ഉണ്ടും ഉറങ്ങിയും അരാജകത്വ ജീവിതം നയിക്കുന്നു എന്നതാണ് പ്രശ്‌നം.
40-45 വയസ്സായവര്‍ ഒരുകൊല്ലം 10 രൂപ നിരക്കിലുള്ള വാടകയും മറ്റുമായി സൈ്വരജീവിതം നയിച്ച് അര്‍മാദിക്കുമ്പോള്‍ അത് മേല്‍ക്കൂരയില്ലാതെ ദിവസവും ആകാശം കണ്ട് ഉറങ്ങുന്ന പാവപ്പെട്ടവന്റെ, ഫീസ് കൊടുക്കാന്‍ പണമില്ലാതെ പഠിത്തം നിര്‍ത്തുക മാത്രമല്ല, ജീവിതം തന്നെ വേണ്ടെന്ന് വച്ച രജനി.എസ് ആനന്ദിനെ പോലുള്ള ഒരു നല്ല ജീവതം സ്വപ്‌നം കണ്ട സാധാരണക്കാരായ കുഞ്ഞുങ്ങളുടെ അവസരം ഇല്ലാതാക്കുന്നതു കൂടിയാണെന്ന് ജെ എന്‍ യു വിപ്ലവകാരികള്‍ അറിയണം. ഇവരുടെ രക്ഷിതാക്കളുടെ നികുതിപ്പണംകൊണ്ടാണ് ജെ എന്‍ യുവിലെ സഖാക്കള്‍ അര്‍മാദിക്കുന്നത്.
ജെ എന്‍ യുവില്‍ സര്‍വ്വകലാശാല അധികൃതര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്നാണ് സമരക്കാരുടെ വാദം. എന്തൊക്കെയാണ് അധികൃതര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍? രാത്രി പന്ത്രണ്ടരയോടെ ലൈബ്രറി റീഡിംഗ് റൂം അടയ്ക്കും. രാത്രി 12 മണിക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്തണം. രാത്രി വൈകി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഇല്ല. കോളേജ് കാന്റീനില്‍ മാന്യമായി വസ്ത്രം ധരിക്കണം. ഇതില്‍ ഏതാണ് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്?
1969 ല്‍ ആരംഭിച്ച ജെ എന്‍ യുവില്‍ നിന്ന് ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് പ്രയോജനം ഉണ്ടാകുന്ന എന്തെങ്കിലും ഒരു ഗവേഷണഫലം ഉണ്ടായിട്ടുണ്ടോ? അവിടെ നിന്ന് ഉണ്ടായിട്ടുള്ളത് ദേശവിരുദ്ധ ശക്തികള്‍ക്കുള്ള പിന്തുണയും അവര്‍ക്ക് താവളം ഒരുക്കാനുള്ള സമരങ്ങളും മാത്രമല്ലേ? അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി വാഴ്ത്തുകയും കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുകയും അയോദ്ധ്യയില്‍ രാമക്ഷേത്രമല്ല പള്ളിയാണ് വേണ്ടതെന്ന് വാദിക്കുകയും സുപ്രീം കോടതിയെ ഭര്‍ത്സിക്കുകയും ചെയ്യുന്ന ജെ എന്‍ യുവിലെ കിരാത നേതൃത്വം ആരുടെ താല്പര്യങ്ങളെയാണ് താലോലിക്കുന്നതും കാത്തുസൂക്ഷിക്കുന്നതും?
കാമാത്തിപ്പുരയിലെ പാവം സഹോദരിമാര്‍ ഒരുനേരത്തെ വിശപ്പടക്കാന്‍ ചപ്പാത്തിക്കും ദാലിനുമാണ് ശരീരം വില്‍ക്കുന്നത്. അവരെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ ലൈംഗിക അരാജകത്വം പരിലസിക്കുന്ന കാമ്പസ് രാത്രികളിലെ ഉന്മാദനൃത്തങ്ങള്‍ എത്തിനില്‍ക്കുന്നത് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളിലാണ്. ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു കലാലയം?
ഇതിനിടെയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഒരു സമരം കൂടി ശ്രദ്ധയില്‍ വന്നത്. അവിടെ സംസ്‌കൃതവിദ്യാ ധര്‍മ്മ വിജ്ഞാന്‍ വിഭാഗത്തില്‍ വേദവും സംസ്‌കാരവും പഠിപ്പിക്കാന്‍ നിയമിതനായ അദ്ധ്യാപകന്‍ ഡോ. ഫിറോസ്ഖാന് എതിരെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. ഡോ. ഖാന്‍ ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ്. അഭിമുഖത്തില്‍ വിജയിച്ച അദ്ദേഹത്തിന് എതിരെ നടത്തുന്ന സമരം ആര്‍ എസ് എസ്സും പരിവാര്‍ പ്രസ്ഥാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് വരുത്താനായിരുന്നു ഒരുപറ്റം മാധ്യമങ്ങളുടെ ശ്രമം. ഒരു തെളിവും ഒരു പ്രസ്താവനയും ഉണ്ടായില്ലെങ്കിലും അസി. പ്രൊഫസര്‍ മുസ്ലീം ആയതുകൊണ്ട് സമരം പരിവാര്‍ പ്രസ്ഥാനങ്ങളായിരിക്കും എന്നായിരുന്നു ഈ മാധ്യമങ്ങളുടെ നിഗമനം.
സമരം അസംബന്ധമാണെന്നും ഡോ. ഖാന് പഠിപ്പിക്കാനുള്ള അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ആര്‍ എസ് എസ് പ്രചരകനും സംസ്‌കൃതഭാരതി ദേശീയ സംഘടനാ കാര്യദര്‍ശിയുമായ ദേവ് പൂജാരി രംഗത്തു വന്നതോടെ ഈ പ്രചാരണം നടത്തിയവരുടെ വായടഞ്ഞു. ഒരു ഭാഷ പഠിക്കുന്നതില്‍ മതം കാണുന്നത് ശരിയല്ലെന്നും സംസ്‌കൃതം പഠിപ്പിക്കുന്നത് സംസ്‌കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതത്തില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് വിശ്വസിക്കുന്നു എന്നതുകൊണ്ടു തന്നെ ഈ പ്രക്ഷോഭത്തെ അസംബന്ധം എന്നുപറഞ്ഞ് സമരം പിന്‍വലിച്ച് പോകാനാണ് സംസ്‌കൃതഭാരതി നിര്‍ദ്ദേശിച്ചത്. പക്ഷേ, ഈ വാര്‍ത്തയ്ക്കും നമ്മുടെ മാധ്യമങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കിയല്ല. അതേസമയം, ജെ എന്‍ യുവിലെ ഫീസ് 300 ഇരട്ടി കൂട്ടിയെന്നാണ് പ്രചരിപ്പിക്കുന്നത്. പത്രധര്‍മ്മത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തകര്‍ത്തെറിയുന്നത് മൂല്യങ്ങളെ മാത്രമല്ല, സത്യത്തെയും കൂടിയാണ്.