ഈ സര്‍ക്കാരിനും കോടതിയ്ക്കുമൊക്കെ എന്തിന്റെ ചൊരുക്കാ… തൊണ്ണൂറ്റാറു മുതല്‍ നാമിവിടെ താമസിക്കുന്നു; എന്നിട്ടിപ്പോള്‍-
മാത്രമിതെന്ത് പറ്റി?
അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ് എന്ന ശതകോടീശ്വരനായ ഫ്‌ളാറ്റുടമ ഗര്‍ജി്ക്കയാണ്. ”നാല്പത് നില കെട്ടിടം; എണ്‍പത് അപ്പാര്‍ട്ട്‌മെന്റ്‌സ്; നൂറ്റി ഇരുപതു കുടുംബങ്ങളിലായി, അഞ്ഞൂറോളം ആള്‍ക്കാര്‍; ആരും നിസ്സാരക്കാരല്ല. വി.വി.ഐ.പി. പട്ടികയിലുള്‍പ്പെട്ടവര്‍: ഒന്നിറക്കി നോക്കട്ടേ; അപ്പോള്‍ കാണാം പൂരം!”
അലക്‌സാണ്ടറുടെ ധാര്‍മ്മിക രോഷം തിളയ്ക്കുകയാണ്; ഇത്രയും കേട്ടപ്പോള്‍ ഗള്‍ഫില്‍ ഒരു ഡസനിലധികം ബ്യൂട്ടി പാര്‍ലറുകള്‍ നടത്തുന്ന ഭാര്യ – ലിപ്സ്റ്റിക് കൊച്ചമ്മ – ആലീസ് വര്‍ഗ്ഗീസ് പാഞ്ഞടുത്തു.
”അതേന്നേയ്… ഒന്നരക്കോടി രൂപ ചക്കച്ചുള പോലെ എണ്ണിക്കൊടുത്തിട്ടാ ഫ്‌ളാറ്റ് വാങ്ങിച്ചത്. അല്ലാതെ ഓശാരത്തിനല്ല: പിന്നെ, നാട്ടുനടപ്പനുസരിച്ച് അറുപതു ലക്ഷമേ പത്രത്തില്‍ കാണിച്ചുള്ളൂ. ബാക്കി തൊണ്ണൂറു ലക്ഷവും ബില്‍ഡര്‍ക്ക് റെഡി ക്യാഷായി കൊടുത്തു; എന്നിട്ടാ ഈ തീക്കളി!”
ചാനലുകാരോട് ഭര്‍ത്താവും ഭാര്യയും ഇങ്ങനെ കയര്‍ക്കുന്നതിനിടെ, മറ്റൊരു ഫ്‌ളാറ്റ് നിവാസിയായ കോയ ഹാജി കടന്നു വന്നു. ”നമുക്കെല്ലാവര്‍ക്കും ഈ കൊച്ചിയില്‍ മൂന്നും നാലും ഫ്‌ളാറ്റുകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം: പിന്നെ, നമ്മുടെ സൗകര്യത്തിന് കായലിനോട് ചേര്‍ന്നുള്ള ഈ ഫ്‌ളാറ്റില്‍ താമസിയ്ക്കുന്നെന്നേയുള്ളു!”
തനിക്ക് ധാര്‍മ്മിക പിന്തുണ നല്‍കിയ കോയ ഹാജിയെ, അലക്‌സാണ്ടര്‍ വര്‍ഗ്ഗീസ് നന്ദിപൂര്‍വ്വമൊന്നു നോക്കി – എന്നിട്ട് ചോദിച്ചു:
”താങ്കള്‍ ഏത് നിലയിലാ…”
”മുപ്പത്തൊമ്പതാമത്തെ നിലയില്‍. നിങ്ങള്‍?”
”ഞങ്ങളും അവിടെ തന്നെ….!”
”39 അ”
”ആണോ…. ”39 ആ” യില്‍ ഞാന്‍…..”
മൈഗോഡ് – അപ്പൊ തമ്മിലൊന്നു കാണാനും പരിചയപ്പെടാനും, നീണ്ട ഇരുപത്തിമൂന്ന് വര്‍ഷം വേണ്ടി വന്നു; കഷ്ടം! അതും ഫ്‌ളാറ്റ് പൊളിയ്ക്കുന്നയീ ശുഭ മുഹൂര്‍ത്തത്തില്‍….!