കുട്ടിത്തങ്കയെ ശകുനം കണ്ടാല്‍ അന്നത്തെ കാര്യം പോക്കാണ്.
ഇങ്ങനെ ഒരു വിശ്വാസം നാട്ടില്‍ പലര്‍ക്കുണ്ടായിരുന്നു. ആളുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, പ്രത്യേകിച്ച് പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ കുട്ടിത്തങ്ക എതിരെ വരുന്നില്ലെന്ന് ഉറപ്പാക്കിയിട്ടേ പടിയിറങ്ങുകയുള്ളു.
കുട്ടിത്തങ്ക അല്പം ബുദ്ധിമാന്ദ്യമുള്ള, പ്രായം ചെന്ന അവിവാഹിതയാണ്. ആരെ കണ്ടാലും ചിരിക്കും. തല ചൊറിയും. ഔചിത്യമില്ലാതെ അതുമിതും പറയും. പലര്‍ക്കും അവളോട് സഹതാപമാണ്. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം, അവള്‍ ഒരു ശകുനപ്പിഴയാണ്!
അവളെ ശകുനം കണ്ടുകൊണ്ട് പടിയിറങ്ങിയ അയല്‍പക്കത്തെ ചെത്തുകാരന്‍ പരമന്‍ പനയില്‍ നിന്നു വീണു മരിച്ചുവത്രെ.
മരം വെട്ടുകാരന്‍ കുമാരന്റെ തലയില്‍ മരക്കൊമ്പ് വീണ് മരിച്ചതിനു പിന്നിലും കുട്ടിത്തങ്കയാണ് കാരണമെന്നു പറയുന്നു. അയാള്‍ അന്ന് അവളെ ശകുനം കണ്ടതിന് സാക്ഷികളുണ്ടുപോലും.
ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ നാട്ടുകാര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. എന്നെ, സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ കുട്ടിത്തങ്ക ശകുനം വരില്ലെന്ന് ഉറപ്പാക്കാന്‍ അമ്മ ഒരു ഉപായം കണ്ടെത്തി. കുട്ടിത്തങ്കയെ വീട്ടില്‍ വിളിച്ച് ഭക്ഷണം കൊടുത്തു. ആ നേരം നോക്കി അച്ഛന്‍ എന്നെയും കൂട്ടി പടിയിറങ്ങി. അന്ന് എന്തിനെയാണ് ശകുനം കണ്ടതെന്ന് എനിക്ക് ഓര്‍മയില്ല. കയറിട്ട പശു, പച്ചയിറച്ചി, മൃതശരീരം, ചെമ്പോത്ത് (ഉപ്പന്‍), നിറകുടം, പാല്‍ തുടങ്ങിയവയെല്ലാം ഉത്തമ ശകുനങ്ങളാണെന്ന് മുത്തശ്ശി പറയുന്നതു കേട്ടിട്ടുണ്ട്.
അതെന്തായാലും അന്നൊരു ബുധനാഴ്ചയായിരുന്നു എന്നാണ് ഓര്‍മ. ബുധന്‍ വിദ്യാകാരകനാണ്. അന്നും, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് കൂടുതല്‍ കുട്ടികളും പ്രവേശനത്തിനെത്തുക. ചിലര്‍ നാളും തിഥിയും കൂടി നോക്കും.
മിക്കവരും കുട്ടിത്തങ്കയെ കണ്ടാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്ക്കും. ചുരുക്കം ചിലര്‍ വീട്ടിലേയ്ക്കു തിരിച്ചു വന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് അല്പനേരം ഇരുന്ന ശേഷം യാത്ര തുടരും.
പക്ഷേ, ഒരിക്കല്‍ ഇതിനെല്ലാം ഒരു മാറ്റമുണ്ടായി. കുട്ടിത്തങ്കയെ ശകുനം കണ്ട ഗോപാലേട്ടന് അന്ന് പതിവു ബസ്സ് കിട്ടിയില്ല. കുട്ടിത്തങ്കയെ ശപിച്ചു കൊണ്ട് അയാള്‍ വീട്ടില്‍ തിരിച്ചെത്തി.
അരമണിക്കൂര്‍ കഴിഞ്ഞില്ല. ഒമ്പതരയ്ക്കുള്ള കണ്ടാത്ത് ബസ്സ് പാലം കടന്നുള്ള വളവില്‍ നിയന്ത്രണം വിട്ട് കണ്ടത്തില്‍ മറിഞ്ഞ വാര്‍ത്ത ഗോപാലേട്ടന്റെ ചെവിയിലെത്തി. ബസ്സിലുള്ളവര്‍ക്കെല്ലാം പരുക്കുണ്ട്. ചിലരുടെ നില അല്പം ഗുരുതരമാണ്. ദൈവം സഹായിച്ചു. ബസ്സുകിട്ടാതിരുന്നത് ഭാഗ്യം.
ഗോപാലേട്ടന്‍ ഇഷ്ടദൈവങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞു. അപ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു വന്നു. കുട്ടിത്തങ്കയെയല്ലേ ശകുനം കണ്ടത്?
ഈ സംഭവത്തോടെ കുട്ടിത്തങ്കയുടെ ശകുനപ്പിഴധാരണയ്ക്ക് മാറ്റംവന്നു.
പിന്നീടൊരിക്കല്‍ അവളെ ശകുനം കണ്ട് യാത്ര പോയ കിട്ടുണ്ണിക്ക് യാത്രാമധ്യേ എടുത്ത ഭാഗ്യക്കുറി ടിക്കറ്റില്‍ പതിനായിരം രൂപ സമ്മാനം കിട്ടി!
അപ്പോഴതാ, മറ്റൊരു വെളിപ്പെടുത്തല്‍. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയെഴുതാന്‍ പോകുമ്പോള്‍ വിശ്വനാഥന്‍ പോലും!
(അന്നത്തെ പരീക്ഷയില്‍ ഒന്നാം റാങ്ക് വിശ്വനാഥനായിരുന്നു)
നാലു വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ അഞ്ചാം ക്ലാസ്സിലേയ്ക്കു ടി. സി വാങ്ങിച്ച് ചേര്‍ത്താന്‍ പോകുമ്പോള്‍ അമ്മ കുട്ടിത്തങ്കയോട് ശകുനം വരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പടിയിറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ട് കുട്ടിത്തങ്ക ശകുനം വന്നു.
‘കണ്ണങ്കുട്ടിയേ, അഞ്ചിക്ക് ജയിച്ചൂല്ലേ…’
അവള്‍ നിഷ്‌കളങ്കമായി ചോദിച്ചു.
ശകുനം വന്നതിനു പ്രതിഫലമായി അമ്മ അവള്‍ക്ക് അന്ന് വയറുനിറച്ചും ആഹാരം നല്‍കി.