Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കൃഷ്ണനാട്ടത്തിലെ ആദ്ധ്യാത്മികത

ഡോ.രാധാകൃഷ്ണന്‍ ചെമ്പ്രഡോ.രാധാകൃഷ്ണന്‍ ചെമ്പ്ര
5 April 2024

കേരളത്തിന് ഒരു സമ്പന്നമായ കലാസംസ്‌കാരമുണ്ട്. അതിന്റെ ഓരോ ഘടകവും സമൂഹജീവിതത്തില്‍ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നവയുമാണ്. മാത്രമല്ല അത്തരം ഘടകങ്ങള്‍ ക്കോരോന്നിനും നിയതമായ ധര്‍മ്മമുണ്ട്. പാരമ്പര്യ വിശ്വാസമനുസരിച്ച് നിഷ്ഠയോടെ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍. ആരാധനാക്രമങ്ങള്‍ ഏറെയും കേരളീയരുടെ സാംസ്‌കാരിക ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളവയുമാണ്. അവയില്‍ വൈദികവും അവൈദികവുമായ പദ്ധതികള്‍ കാണാം. ആരാധനയുടെ ഭാഗമായുള്ള കലാരൂപങ്ങള്‍ കേരള സംസ്‌കാരത്തില്‍ നിരവധിയാണ്. മനുഷ്യനില്‍ ആദ്ധ്യാത്മിക മഹത്വം ഊട്ടിയുറപ്പിക്കുന്നതില്‍ അത്തരം കലകള്‍ക്കുള്ള പങ്ക് ചെറുതല്ല.

Google NewsAdd Kesari Weekly as a preferred source on Google

കേരളത്തിലെ എണ്ണമറ്റ കലാരൂപങ്ങളില്‍ കലാമേന്മയിലും മനോഹാരിതയിലും മികച്ചു നില്‍ക്കുന്ന ഒരു കലാരൂപമാണ് കൃഷ്ണനാട്ടം. ഇതിന്റെ കലാസൗന്ദര്യസങ്കല്പം അത്യന്തം സമ്പന്നവും വികസ്വരവും തനതുമായ നമ്മുടെ സൗന്ദര്യാസ്വാദന പാരമ്പര്യത്തെയാണ് വിളിച്ചോതുന്നത്. ഭക്തിയുടെ പരിവേഷം ചാര്‍ത്തിക്കൊണ്ട് കല അവതരിപ്പിച്ച് ആസ്വാദകരെ ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുകയെന്നത് ഈ കലയുടെ സവിശേഷതയാണ്.

കലാസ്വാദകരില്‍ ഭക്തിയും ആദ്ധ്യാത്മികതയും സ്ഫുരിപ്പിക്കുകയെന്നതാണ് കൃഷ്ണനാട്ടം കലയുടെ ഉദ്ദേശ്യം. ഈ കലയുടെ ആവിര്‍ഭാവത്തിന് നിദാനമായി പറയുന്ന ഐതിഹ്യം തന്നെ അതിന് തെളിവാണ്. ഗുരുവായൂരപ്പന്റെ പരമഭക്തനായ വില്വമംഗലം സ്വാമിയാര്‍, കൃഷ്ണനാട്ടത്തിന്റെ രചയിതാവായ മാനവേദരാജാവിനോടൊപ്പം താമസിക്കുന്ന കാലം. തനിക്കും ശ്രീകൃഷ്ണ ഭഗവാനെ പ്രത്യക്ഷമാക്കിത്തരണമെന്ന രാജാവിന്റെ ചിരകാലമായുള്ള ആഗ്രഹം സ്വാമിയാരോടു പറഞ്ഞുവത്രെ. പ്രത്യുത്തരമായി ”അത് ഭഗവാനോട് ചോദിച്ചിട്ട് പറയാ”മെന്ന് മറുപടിയും നല്‍കി.

ADVERTISEMENT

അടുത്ത ദിവസം സ്വാമിയാര്‍ രാജാവിന് ഇത്തരത്തില്‍ മറുപടി നല്‍കി. ”ഭഗവാന്‍ അങ്ങേക്ക് ദര്‍ശനം നല്‍കാന്‍ അനുവദിച്ചിരിക്കുന്നു. ഇലഞ്ഞിത്തറയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിക്കണ്ണനെ അങ്ങേക്ക് കാണാം.” അതുപ്രകാരം രാജാവിന് ഭഗവത് സാക്ഷാത്കാരമുണ്ടായിയത്രെ! ഭഗവാന്റെ മനോഹരമായ ശരീരം കണ്ട രാജാവ് ആനന്ദാതിരേകത്താല്‍ കൃഷ്ണനെ ആലിംഗനം ചെയ്യാന്‍ ഭാവിച്ചു. അപ്പോള്‍ ”അതു വില്വമംഗലം പറഞ്ഞിട്ടില്ല” എന്നരുളിച്ചെയ്ത് കൃഷ്ണന്‍ തിരോധാനം ചെയ്യുകയാണുണ്ടായത്. ആ ഉദ്യമത്തിനിടയില്‍ ശ്രീകൃഷ്ണന്റെ ശിരസ്സില്‍ നിന്ന് ഊര്‍ന്ന് വീണ ഒരു മയില്‍പ്പീലി രാജാവിന് കിട്ടി. തനിക്ക് കിട്ടിയ മയില്‍പ്പീലികൊണ്ട് ഒരു കിരീടം ഉണ്ടാക്കുകയും ആ കിരീടം ഉപയോഗിച്ച് അഭിനയിക്കത്തക്കവിധം ശ്രീകൃഷ്ണചരിതം കലയെ ആസ്പദമാക്കി കൃഷ്ണനാട്ടം അഥവാ കൃഷ്ണഗീതി രചിക്കുകയും ചെയ്തുവെന്നാണ് കഥ.

ഭാഗവതം ദശമസ്‌കന്ധത്തിലെ കൃഷ്ണാവതാരകഥയാണ് കൃഷ്ണനാട്ടത്തിന്റെ ഇതിവൃത്തം. ഒന്നിലധികം അനുഷ്ഠാനകര്‍മ്മങ്ങള്‍ ഒന്നിച്ചു ചേരുന്ന ഒരു കലാ ചക്രമാണ് കൃഷ്ണനാട്ടം. ഭക്തരില്‍ ആദ്ധ്യാത്മികതയുടെ പരിവേഷം ചാര്‍ത്തുകയെന്നത് ഇത്തരം കലകളുടെയെല്ലാം സവിശേഷതയാണ്. കേവലം മൃഗതുല്യനായ മനുഷ്യനെ മനുഷ്യത്വത്തിന്റെ പരിവേഷത്തിലേക്കെത്തിക്കാന്‍ ആദ്ധ്യാത്മികതയ്ക്കാകുമെന്ന് നമ്മുടെ പൂര്‍വ്വികര്‍ പ്രാചീനകാലം തൊട്ടുതന്നെ അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. അതിനുള്ള ഒരു ഉപാധിയായി കലകള്‍ ഉപയോഗിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നു.
ഈശ്വരനെക്കുറിച്ചുള്ള സത്യം കണ്ടെത്താനുള്ള പ്രാചീന തത്വശാസ്ത്രജ്ഞന്മാരുടെ ശ്രമത്തില്‍ കലകളും ഒരു ഉപാധിയായി അവര്‍ സ്വീകരിച്ചു. മനുഷ്യന്റെ അനുഭവ പരിധിയില്‍ വരുന്നതിനെയെല്ലാം മനസ്സിലാക്കാനാണല്ലോ തത്ത്വചിന്ത ശ്രമിക്കുന്നത്. സാഹിത്യത്തിലും നാട്യത്തിലും ആട്ടക്കഥ തുടങ്ങിയവയിലും മിക്കപ്പോഴും മിത്തുകളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങള്‍ കാണാറുണ്ടല്ലോ? കൂടിയാട്ടത്തിലും കഥകളിയിലും കൃഷ്ണനാട്ടത്തിലുമെല്ലാം ഇതിവൃത്തത്തിനല്ല മറിച്ച് അതിന്റെ പ്രകടനത്തിലാണ് സവിശേഷത. അത് ജീവിതത്തിന്റെ അവസ്ഥയാണ് പറയുന്നത്. ഇത് ഒരുതരം അനുകരണമാണ്. അനുകരിച്ചതിശയിക്കുന്നതാണ് നാട്യം. കഥാപാത്രത്തിന്റ അനുകരണം കഥാപാത്രത്തിനേക്കാള്‍ ഉയര്‍ന്നതായിരിക്കണം. അതിനിര്‍വ്വഹണം അഥവാ അമിതാഭിനയം ഉണ്ടാകരുത്. അതുദോഷമാണ്. മിത്തില്‍ നിന്ന് ഒരു കഥാപാത്രത്തെ കവി എടുക്കുമ്പോള്‍ ആ മിത്തല്ല അവിടെ നില്‍ക്കുന്നത്. കവിയുടെ സര്‍ഗ്ഗസൃഷ്ടിയില്‍ അതു മറ്റൊന്നായി മാറും. മിത്തുകള്‍ക്ക് സൗന്ദര്യത്തിന്റെ ഒരു അംശമുണ്ട്.

നാടന്‍ കലയുടെ വിഷയത്തിലാകട്ടെ മിത്തുകള്‍ മതപരമായ വസ്തുതയാണ്. മതപരത ഒരു തോന്നലാണ്. മിത്തിന്റെ പ്രൗഢമായ അംശമാണ് അവിടെ കാണുന്നത്. അവിടെ സൗന്ദര്യാസ്വാദനമല്ല നടക്കുന്നത്. മറിച്ച് ദേവതയെയാണ് സങ്കല്പിക്കുന്നത്. അപ്പോള്‍ അതില്‍ മതത്തിന്റെ സവിശേഷതയാകും ഉണ്ടാവുക. നാടന്‍ കലകളധികവും അനുഷ്ഠാനപ്രധാനമാണ്. അനുഷ്ഠാനമാകുമ്പോള്‍ സങ്കല്പത്തിന് മാറ്റമുണ്ടാകും. നാടന്‍ കലകളധികവും മതപരമായ ചടങ്ങാണ്. അതുകൊണ്ടതില്‍ സൗന്ദര്യ ദര്‍ശനത്തിന് സ്ഥാനമില്ല. വിശ്വാസത്തിന്റെ അംശമാണ് അതിലുള്ളത്.

കൃഷ്ണനാട്ടത്തിന്റെ താത്വികമാനം
മനുഷ്യമനസ്സിനെ സംസ്‌കരിച്ച് ഒരു ഉത്തമ മനുഷ്യനാക്കി മാറ്റുകയാണ് കലകളുടെ എല്ലാം ലക്ഷ്യം. അതിനുതകുന്ന തരത്തിലാണ് അവ അവതരിപ്പിക്കുന്നതും മനുഷ്യ മനസ്സിലേക്കു സന്നിവേശിപ്പിക്കുന്നതും. കല ആസ്വദിക്കുന്ന ഭക്തന് അഥവാ ആസ്വാദകന് അവന്റെ മനസ്സിനെ സംസ്‌കരിക്കുന്ന ഒരു സാധാരണീകരണ പ്രക്രിയയാണ് നടക്കുന്നത്. മനുഷ്യമനസ്സിലെ താമസ സ്വഭാവത്തെയും രാജസ സ്വഭാവത്തെയും സംസ്‌കരിച്ച് സാത്വികമായ സ്വഭാവത്തിലേക്ക് ഉയര്‍ത്തുകയാണ് കലകളുടെ മുഖ്യ ഉദ്ദേശ്യം. ക്ലാസിക് കലകളായാലും നാടന്‍ കലകളായാലും ഈ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതല്ല. കലാരൂപങ്ങളിലുള്ള മതപരതയാണ് നാടന്‍ കലകളെ വ്യത്യസ്തമാക്കുന്നത്.

കലകളുടെ അവതരണം യഥാര്‍ത്ഥത്തില്‍ മനുഷ്യ മനസ്സിനെയാണ് സ്വാധീനിക്കുന്നത്. മനുഷ്യന്റെ മാനസികമായ മാറ്റത്തിലൂടെയാണ് അവനെ സത്യാന്വേഷിയായും വിജ്ഞാനദാഹിയായുമെല്ലാം പരിണമിപ്പിക്കുന്നത്. മനുഷ്യ ശരീരത്തിന് സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം, ആത്മാവ് എന്നിങ്ങനെ നാല് ഘടകങ്ങളുണ്ടല്ലോ? ശരീരാവയവങ്ങളടങ്ങിയ ബാഹ്യശരീരത്തെയാണ് സ്ഥൂല ശരീരം എന്ന് വിളിക്കുന്നത്. സൂക്ഷ്മശരീരത്തിന് മനസ്സ്, ബുദ്ധി എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. എല്ലാ ഭൗതിക പ്രേരണകള്‍ക്കും പ്രേരണ നല്‍കുന്നത് മനസ്സാണ്. വികാരങ്ങള്‍ക്ക് കാരണമാകുന്നതും മനസ്സുതന്നെ. മനസ്സ് മനുഷ്യനെ നിയന്ത്രിക്കുന്നത് ആപത്താണ്. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ അറിവാണ് ബുദ്ധി. ബുദ്ധി വിവേകപൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ആപല്‍ക്കരമല്ല. മനസ്സിനെ കീഴടക്കി ബുദ്ധികൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നതിനാണ് മനുഷ്യന് വിജ്ഞാനം ഉപകരിക്കുന്നത്. ചിത്തം ത്രിഗുണാത്മകമാണ്. സത്വരജസ്തമോഗുണങ്ങളെയാണ് ത്രിഗുണം എന്ന് വിളിക്കുന്നത്. ഇതിന്റെ ഏറ്റക്കുറച്ചിലാണ് മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുന്നത്.

ത്രിഗുണങ്ങളെക്കുറിച്ച് ഭഗവദ്ഗീതയിലെ പരാമര്‍ശം ഒന്നു പരിശോധിക്കാം. സത്വം, രജസ്സ്, തമസ്സ് എന്നിങ്ങനെ മൂന്നു ഗുണങ്ങള്‍. ഈ മൂന്ന് ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതീയകലകളില്‍ കഥാപാത്ര വിന്യാസം നടത്തുന്നത് എന്നത്രെ അവയെക്കുറിച്ചുള്ള സൂക്ഷ്മ പരിശോധനയില്‍ അറിയുന്നത്. കലകളെ ഭാരതീയര്‍ പഠിച്ചിട്ടുള്ളത് മനുഷ്യന്‍ അവന്റെ ജീവിത സാഹചര്യങ്ങളോട് പ്രകൃതിയാകുന്ന മനോഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ്.

”സത്ത്വം രജസ്തമ ഇതി ഗുണഃ പ്രകൃതി സംഭവഃ
നിബധ്‌നന്തി മഹാ ബാഹോ ദേഹേ ദേഹിനം അവ്യയം” (ഭഗവദ്ഗീത 14-5)
പ്രകൃതിയില്‍ നിന്നുള്ളവയായ സത്വരജസ്തമോഗുണങ്ങളാണ് യാതൊരു മാറ്റവുമില്ലാത്ത ദേഹിയെ ദേഹത്തില്‍ തളിച്ചിടുന്നത്.

”ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ
സാത്വികീ രാജസി ചൈവ താമസി ചേതി താം ശൃണു” (ഭഗവദ്ഗീത 17-2)

ജീവികളുടെയെല്ലാം (മനുഷ്യന്റെ) സ്വാഭാവികമായ ശ്രദ്ധ സത്വഗുണത്തിന്റേയും രജോഗുണത്തിന്റേയും തമോഗുണത്തിന്റേയും അടിസ്ഥാനത്തില്‍ മൂന്നുതരത്തിലായിരിക്കുമെന്ന് ഗീതയില്‍ പറയുന്നു. അതുകൊണ്ട് ഇതിനെ ആസ്പദമാക്കി പറയുമ്പോള്‍ ജീവികളുടെയെല്ലാം അന്തഃകരണത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകും എന്ന് അറിയുന്നു. പ്രാചീന ഭാരതീയ ചിന്തകര്‍ ”തമസോ മാ ജ്യോതിര്‍ഗമയ” എന്നിങ്ങനെയുള്ള വിജ്ഞാനം മനസ്സിന്റെ അന്ധകാരം അകറ്റുമെന്ന് പറയുന്നു. ഭാരതീയരുടെ ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള ജീവിത പഠനം കലകളുമായി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. വിദ്യയിലൂടെ തമസ്സിനെ അകറ്റി നിര്‍ത്താനാകുമെന്ന് പ്രാചീന ഭാരതീയ തത്വശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.

”തമസ്ത്വജ്ഞാനജം വിദ്ധി മോഹനം സര്‍വദേഹിനാം
പ്രമാദാലസ്യനിദ്രാഭിസ്തന്നിബധ്‌നാതി ഭാരത” (ഭഗവദ്ഗീത 14-8)

അജ്ഞത നിറഞ്ഞ അവസ്ഥയാണ് തമോഗുണം. ദൈവത്തെ മറക്കുന്ന അവസ്ഥയാണിത്. അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതും ദേഹികളെ മോഹിപ്പിക്കുന്നതും വലിയ വലിയ തെറ്റുകളിലേക്ക് നയിക്കുന്നതും അലസത, ഉറക്കം എന്നിവകൊണ്ട് ദേഹികളെ കെട്ടിയിടുന്നതും തമോഗുണത്തിന്റെ സവിശേഷതയാണ്. തമോഗുണം നമ്മില്‍ നിന്ന് സത്യത്തെ അകറ്റി നിര്‍ത്തുന്നു. ഇത് മനുഷ്യരില്‍ മരണഭയം ഉണ്ടാകുന്നതിനും ഇടയാക്കും. മനുഷ്യന്റെ ശാരീരികാവശ്യങ്ങളായ ഭക്ഷണം, മൈഥുനം, നിദ്ര എന്നിവയല്ലാതെ തമോഗുണത്തിന് വേറെ താല്പര്യങ്ങളൊന്നുമുണ്ടാകില്ല. അത് ഒരാളെ നിയന്ത്രിക്കുന്ന വികാരം ഭയമായിരിക്കും. താന്‍ മരിക്കുമെന്ന ധാരണയില്‍ എപ്പോഴും ഭയത്തോടെ സ്വാര്‍ത്ഥരായി ക്രൂരതകള്‍ പ്രവര്‍ത്തിച്ചും അയാള്‍ ജീവിച്ചുപോരും. കംസന്റേയും കുംഭകര്‍ണ്ണന്റേയും മറ്റും സ്വഭാവം ഇതിനുദാഹരണമായി പറയാം. തമോഗുണസംബന്ധിയായ മനുഷ്യന്റെ രീതിയെക്കുറിച്ച് ഗീതയില്‍ വിവരിക്കുന്നതിപ്രകാരമാണ്.

”രജോ രാഗാത്മകം വിദ്ധി തൃഷ്ണാസങ്ഗസമുദ്ഭവം
തന്നിബധ്‌നാതി കൗന്തേയ കര്‍മ്മസങ്‌ഗേന്‍ ദേഹിനം” (ഭഗവദ്ഗീത 14-7)

ഭൗതികാസക്തിയില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികള്‍ ശരീരവുമായി നിബന്ധിക്കപ്പെടുന്നതാണ് രജോഗുണം. അതായത് രാഗരൂപമായതും തൃഷ്ണയെയും (കിട്ടാത്ത വസ്തുവിലുള്ള ആഗ്രഹം) സംഗത്തെയും ജനിപ്പിക്കുന്നതുമാണ് രജോഗുണം എന്നു സാരം. അരണ്ട വെളിച്ചത്തില്‍ ഒരു വസ്തു വ്യക്തമായി കാണാതിരിക്കുകയും മറ്റൊരു വസ്തുവാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണ് രജോഗുണത്തിന്റെ പ്രത്യേകത. ഉദാഹരണമായി നിലാവില്‍ നിലത്തു കിടക്കുന്ന കയറിനെ പാമ്പായി തോന്നുന്നതുപോലെ തന്റെ പ്രവൃത്തികള്‍ ഉചിതവും യുക്തിക്ക് നിരക്കുന്നതുമാണെന്ന് തോന്നിപ്പിക്കാന്‍ രജോഗുണനിഷ്ഠന് കഴിയുന്നു. വിദ്യാജ്ഞാനവും കലാസ്വാദനശേഷിയുമെല്ലാം അയാള്‍ക്കുണ്ടായിരിക്കാം. അവര്‍ മനസ്സിന്റെ പ്രേരണകൊണ്ടു പ്രവര്‍ത്തിക്കുന്നവരാകയാല്‍ വിവേകശാലികളാകില്ല. അതേസമയം വികാരമായിരിക്കും അവരെ നയിക്കുന്നത്. രാവണനെ ഈ സ്വഭാവത്തിന് ഉദാഹരണമായി പറയാം.

”തത്ര സത്ത്വം നിര്‍മലത്വാത് പ്രകാശകം അനാമയം
സുഖസംഗേന ബധ്‌നാതി ജ്ഞാന സങ്‌ഗേന ചാനഘ” (ഭഗവദ്ഗീത 14-6)
ഈശ്വരവിചാരമുള്ളവനാണ് സത്വഗുണനിഷ്ഠന്‍. അവന്‍ പാപമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു. യാഥാര്‍ത്ഥ്യത്തെ അഥവാ സത്യത്തെ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ അവനു കഴിയും. കാരണ ശരീരത്തെ സാത്വിക ഗുണത്രയമാക്കിയാലെ ശരിയായ ജീവിത ലക്ഷ്യത്തോടെ മോക്ഷ പ്രാപ്തി നേടാനാകൂ. സാത്വികഗുണം സ്വാര്‍ത്ഥതയില്ലാത്തതും മറ്റുള്ളവരുടെ സുഖത്തിനായി പ്രേരിപ്പിക്കുന്നതും സത്യത്തെ പ്രകാശിപ്പിക്കുന്നതുമാണ്. ഹിംസയെ ഉപേക്ഷിച്ച് സര്‍വ്വചരാചരങ്ങളിലും സഞ്ചരിക്കുന്ന സത്യത്തെ കണ്ടെത്തുകയും അതില്‍ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നതാണ് സത്വഗുണത്തിന്റെ മുഖ്യ സവിശേഷത. ദുഃഖത്തില്‍ അതിയായ വിഷമം തോന്നാതിരിക്കുകയും സുഖത്തില്‍ അമിതമായി സന്തോഷിക്കാത്തതുമായ അവസ്ഥയാണ് ആനന്ദം. അതായത് ആനന്ദം എന്നത് സര്‍വ്വചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഭഗവാനെ സാക്ഷാത്കരിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയാണ്. സത്വഗുണം കൈവരിക്കുകയെന്നതാണ് ഭാരതീയ ആത്മീയ ചിന്തക്ക് നിദാനമായി പറയുന്നത്. കലകളിലൂടെ നാം നേടേണ്ടതും അത്തരമൊരവസ്ഥയിലേക്കുള്ള എത്തിച്ചേരലാണ് (ഫോക്‌ലോറും സാഹിത്യ നിരൂപണവും തത്വവും പ്രയോഗവും, ഡോ.എന്‍.അജിത്കുമാര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം). അന്യരുടെ ഉയര്‍ച്ച ഉദ്ദേശിച്ചുള്ള വിളിച്ചപേക്ഷകളും അനുഷ്ഠാനഗാനങ്ങളും പുകഴ്ത്തിക്കൊണ്ടുള്ള പാട്ടുകളും സാത്വികകര്‍മ്മമായി കരുതാവുന്നതാണ്.

കലകളും ആദ്ധ്യാത്മികതയും
ഒരു കല ഉടലെടുക്കുന്നത് രാജസഗുണത്തിന്റെ അവസ്ഥയില്‍ നിന്നാണല്ലോ? യഥാര്‍ത്ഥമായ ഒന്നല്ല കല. സംഭവ്യമാണെന്ന് തോന്നിപ്പിക്കല്‍ മാത്രമാണത്. പ്രതീതി ജനിപ്പിക്കുന്നത് രാജസഗുണത്തിന്റെ സ്വഭാവമാണ്. ഇല്ലാത്ത ദൈവ സാന്നിധ്യം ഉണ്ട് എന്ന് സങ്കല്പിക്കുകയാണതില്‍ ചെയ്യുന്നത്. അതുകൊണ്ട് അതിനെ മായ എന്നും വിളിക്കാറുണ്ട്. ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നീ ചതുര്‍വിധാഭിനയങ്ങളില്‍ സാത്വികാഭിനയത്തിന്റെ അഭാവമാണ് അരങ്ങിനെ വേര്‍തിരിച്ചു കാണിക്കുന്നത്. കാണികളുടേയും അഭിനേതാവിന്റേയും കഥാപാത്രത്തിന്റേയും രസാനുഭവം ഒരേ നേര്‍രേഖയില്‍ വരുന്ന സാധാരണീകരണം സാത്വികാഭിനയത്തില്‍ ഫലവത്താകണം (ഫോക്‌ലോറും, സാഹിത്യ നിരൂപണവും തത്വവും പ്രയോഗവും, ഡോ.എന്‍.അജിത്കുമാര്‍). ഈ അവസ്ഥ ചില നാടന്‍ കലകളില്‍ കാണുന്നില്ല. അവിടെ ദേവതയും ഭക്തനും ദാതാവ് സ്വീകര്‍ത്താവ് (നല്‍കുന്നവനും സ്വീകരിക്കുന്നവനും) എന്ന രണ്ടു ഭാവങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്. സാത്വികാനുഷ്ഠാന പ്രധാനമായ നാട്യങ്ങള്‍ സാത്വികാരാധന നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ രംഗവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ സാത്വിക പ്രധാനമായ കലകള്‍ സാത്വികക്ഷേത്രങ്ങളിലെ അനുഷ്ഠാനത്തിലും ഉള്‍പ്പെടുത്താറുണ്ട്. അതുപോലെ മുടിയേറ്റ്, പടയണി, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ കലകള്‍ രാജസ-താമസാരാധന നിലനില്‍ക്കുന്ന ദേവീക്ഷേത്രങ്ങളുടെ അനുഷ്ഠാനത്തിന്റെ ഭാഗമായി നടത്താറുണ്ട്. രംഗവേദിയുടെ സംരക്ഷകന്‍ അഗ്നിയാണെന്ന ഭരതവിധി ഉള്ളതിനാലാണത്രെ കേരളീയ നാട്യങ്ങളില്‍ അരങ്ങത്ത് നിലവിളക്ക് പ്രത്യക്ഷപ്പെടുന്നത്. നാടോടി അനുഷ്ഠാനകലകളില്‍ പലതിലും കുരുതിതര്‍പ്പണം പതിവുണ്ട്. എന്നാല്‍ സാത്വികകലകളില്‍ ഇത് പതിവില്ല.

വ്യക്തികളിലെ ത്രിഗുണങ്ങള്‍ വേര്‍തിരിക്കുക അപ്രായോഗികമാണ്. മൂന്നുഗുണങ്ങളും ഏറ്റക്കുറച്ചിലോടെ വ്യക്തികളിലുണ്ടാകാം. ജീവിതസാഹചര്യങ്ങള്‍ ഒരാളില്‍ വരുത്തുന്ന സാംസ്‌കാരിക പരിവര്‍ത്തനത്തിന് കലോപാസന ഒരു പരിധിവരെ ഉപകരിക്കുമെന്ന് മാത്രമെ പറയാനാകൂ. മെച്ചപ്പെട്ട ജീവിതാചരണത്തിനായി ആസ്വാദകരെ സംസ്‌കരിച്ചെടുക്കുക മാത്രമെ ഇതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.

കേരളീയ കലകളില്‍ കലാമേന്മകൊണ്ട് ശ്രദ്ധേയമായ ഒരു കലയാണ് കൃഷ്ണനാട്ടം. ഇതില്‍ സംഗീത സാഹിത്യാദികളോടൊപ്പം അഭിനയം, ചിത്രകല, ശില്പകല എന്നീ ലളിതകലകളും സമഞ്ജസമായി സമന്വയിച്ചിരിക്കുന്നു. പ്രത്യേകമായ രംഗസംവിധാനമൊന്നുമില്ലാതെ അഭിനയത്തിലൂടെ രംഗസൃഷ്ടിചെയ്യുകയാണ് കൃഷ്ണനാട്ടത്തില്‍ ചെയ്യുന്നത്. ഒരു നിലവിളക്കിനു മുന്നില്‍ നിമിഷങ്ങള്‍ക്കകം ഭൂസ്വര്‍ഗ്ഗപാതാളങ്ങല്‍ സൃഷ്ടിക്കുന്ന നടനെ ഈ കലയില്‍ നമുക്കു കാണാനാകും. ആചാരാനുഷ്ഠാനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുന്ന കലയാണിത്. ദേവതാപ്രീണനം, ഉദ്ദിഷ്ടകാര്യസിദ്ധി, ബാധോച്ചാടനം എന്നിവക്ക് ഈ കല സാധ്യമാകുന്നുണ്ട്. ആത്മീയതയും ആനന്ദവും ഒരേസമയം നല്‍കാനുള്ള അത്ഭുതകരമായ ശേഷി ഈ കലയ്ക്കുണ്ട്. മോക്ഷമാര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ഒരുതരം അനുഭൂതി ഇതില്‍ നിന്ന് ലഭിക്കുന്നു. നൃത്തപ്രധാനമായ ഒരു കലയാണ് കൃഷ്ണനാട്ടം. നൃത്തം വിനോദപ്രദമാകുന്നുവെന്നതും മംഗളകരമാകുന്നുവെന്നതും കലയുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു. കൃഷ്ണനാട്ടത്തില്‍ അംഗിയായ ഭക്തിഭാവത്തിന്റേയും അംഗങ്ങളായ മറ്റ് രസഭാവങ്ങളുടേയും ആസ്വാദനം പ്രേക്ഷകര്‍ക്കുണ്ടാകുന്നുവെന്നതില്‍ തര്‍ക്കത്തിനിടയില്ല.

കലാവതരണത്തിന്റെ മുഖ്യ ഉദ്ദേശ്യം മനുഷ്യമനസ്സിനെ സംസ്‌കരിച്ച് സാത്വിക ഭാവത്തിലെത്തിക്കുകയെന്നതാണ്. കൃഷ്ണനാട്ടമാകട്ടെ ഭക്തി പ്രധാനമായ ഒരു കലയാണ്. ത്രിഗുണങ്ങളുടെ പഠനത്തില്‍ അവ മനുഷ്യന്റെ ഏതൊരവസ്ഥയിലും മാറി മാറി വരുന്ന സന്ദര്‍ഭമാണല്ലോ കാണുന്നത്. അവന്റെ സാഹചര്യങ്ങളും അവന്റെ പ്രതികരണ സ്വഭാവവുമാണ് വിവിധ ഗുണങ്ങളെ നിശ്ചയിക്കുന്നത്. ഗുണാത്മകപഠനത്തില്‍ സാത്വികഗുണത്തിനാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതിന് ശേഷിയുള്ളതെന്നും സൂചിപ്പിക്കുകയുണ്ടായി. അത്തരമൊരവസ്ഥയിലേക്ക് മനുഷ്യമനസ്സിനെ കൊണ്ടെത്തിക്കാന്‍ കഴിയുമെന്നാണ് കൃഷ്ണനാട്ടം പോലുള്ള കലകളുടെ അവതരണത്തിന്റെ സവിശേഷത. ഭക്തിയില്‍ ലീനമായിരുന്ന തന്മയീഭാവമാണ് കൃഷ്ണനാട്ട കാഴ്ചക്കാരനിലുള്ളത്. ഭക്തി തനിക്കതീതമായതിനെ മുഴുവന്‍ വിസ്മയിപ്പിക്കാനും അനുസരിക്കാനുമുള്ള വിധേയത്വമാണ് നല്‍കുന്നത്. ഭാരതീയരുടെ ആത്മീയത മനുഷ്യ മനസ്സുകളെ കേന്ദ്രീകരിക്കുന്ന സങ്കീര്‍ണമായ നിരീക്ഷണമാണ്.

Share32TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies