അമൃതകാലത്തിന്റെ ആത്മനിര്‍ഭരതയില്‍ പുതിയ കായിക കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ഭാരതത്തിന് അഭിമാനിക്കാവുന്ന അപൂര്‍വ്വമായൊരു വിജയമാണ് അടുത്തിടെ സമാപിച്ച ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശത്തിലെ വനിതകള്‍ നേടിയെടുത്തത്. മലേഷ്യയിലെ ഷാ ആലം ബാഡ്മിന്റണ്‍ മത്സരവേദിയില്‍ വന്‍കരയിലെ പരമ്പരാഗത ശക്തികളെ ഒന്നൊന്നായി തോല്‍പ്പിച്ചാണ് ഭാരതം പി.വി.സിന്ധുവിന്റെ നേതൃത്വത്തില്‍ ആദ്യമായി ഏഷ്യന്‍ ആധിപത്യം കൈവരിച്ചത്. ഭാരതത്തിന്റെ പുരുഷ ടീം തോമസ് കപ്പ് നേടിയതിന് ശേഷമുള്ള മികച്ച അന്താരാഷ്ട്രതല പ്രകടനമാണിത്.
വനിതകള്‍ രാജ്യത്തിനായി നേടിയ ഈ വിജയം പല കാരണങ്ങളാല്‍ സവിശേഷതയുള്ളതാണ്. സൈന നേവാളും പി.വി.സിന്ധുവും ലോകബാഡ്മിന്റണില്‍ നിറഞ്ഞുനിന്നിരുന്ന നാളുകളില്‍പ്പോലും ഏഷ്യാതലത്തില്‍ വനിതാടീമിന് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിരുന്നില്ല. യുവനിരയുടെ മികവിലാണ് ഇത്തവണ കിരീടവിജയം സാധ്യമായത്. വിജയം കൈവരിച്ച സംഘത്തില്‍ സിന്ധുവും അശ്വനി പൊന്നപ്പയും ഒഴികെയുള്ളവര്‍ക്ക് മത്സര പരിചയം കുറവായിരുന്നു. സമീപകാലത്ത് അന്താരാഷ്ട്ര സര്‍ക്യൂട്ടുകളില്‍ സിന്ധുവിന് തിളങ്ങാനായിരുന്നില്ല. അതുകൊണ്ട് തന്നെ പുതുതാരങ്ങള്‍ ഉള്‍പ്പെട്ട ടീമില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നുമില്ല. മാത്രമല്ല, ആദ്യമത്സരം കളിക്കേണ്ടിയിരുന്നത് മുന്‍ചാമ്പ്യന്മാരായിരുന്ന ചൈനയോടുമായിരുന്നു.
ബാഡ്മിന്റണിലെ കരുത്തരായ ജപ്പാനും, തായ്‌പേയും, തായ്‌ലാന്റും, തെക്കന്‍കൊറിയയും, ഇന്തോനേഷ്യയുമെല്ലാം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയിരുന്നു. ലോക റാങ്കിലെ മുന്‍നിരക്കാരില്‍ മിക്കവരും വിവിധ രാജ്യങ്ങളിലായി അണിനിരന്നു. സിംഗിള്‍സില്‍ സിന്ധുവിന് പതിനൊന്നാം റാങ്കുണ്ടായിരുന്നെങ്കിലും, മറ്റുള്ളവര്‍ ഏറെ പിന്നിലായിരുന്നു.
ഈ പരിമിതികളുടെ പശ്ചാത്തലത്തിലായിരുന്നു ഭാരതം കളി തുടങ്ങിയത്. അധികം പ്രതീക്ഷികളില്ലാതെയാണ് ചൈനയെ നേരിട്ടത്. എന്നാല്‍ തുടക്ക സിംഗിള്‍സില്‍ സിന്ധുവും ആദ്യ ഡബിള്‍സില്‍ ട്രീസാ ജോളി – ഗായത്രീ ഗോപീചന്ദ് ജോഡിയും ചൈനീസ് താരങ്ങള്‍ക്കെതിരെ വിജയിച്ചപ്പോള്‍, ഭാരതം ഒരപ്രതീക്ഷിത ജയം അടുത്തു കണ്ടു. അവസാന സിംഗിള്‍സ് നിര്‍ണായകമായിരുന്നു. ഇതിനകം ഓരോ സിംഗിള്‍സിലും ഡബിള്‍സിലും ഇരുകൂട്ടരും വിജയം നേടി തുല്യതയിലായിരുന്നു. അന്തിമ മത്സരത്തില്‍ അനുമോള്‍ ഖാര്‍ബ് ചൈനീസ് മുന്‍നിരക്കാരിയായ വൂലുയുവിനെ അട്ടിമറിച്ച് കളി ഭാരതത്തിന്റെ പക്ഷത്താക്കി, ക്വാര്‍ട്ടര്‍ ഫൈനലുറപ്പാക്കി.
ഹോങ്കോങ്ങിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അധികം വിയര്‍പ്പൊഴുക്കാതെ ഭാരതം നേടി. സിംഗിള്‍സില്‍ സിന്ധുവും അശ്മിത ചാലിഹയും ഡബിള്‍സില്‍ ട്രീസ – ഗായത്രി സഖ്യവും ഹോങ്കോങ് വനിതകളെ തോല്‍പ്പിച്ച് സെമിയിലേക്കുള്ള വഴി സുഗമമാക്കി. സെമിയില്‍ നേരിടേണ്ടിയിരുന്നത് നവോമി ഒകുഹാരയും, അയാ ഒഹോരിയും അണിനിരന്ന കരുത്തരായ ജപ്പാനെയായിരുന്നു. തുടക്കമത്സരത്തില്‍ സിന്ധു ഒഹോരിയോട് തോറ്റപ്പോള്‍ പ്രതീക്ഷകള്‍ മങ്ങി. എന്നാല്‍ ലോകറാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള ഒകുഹാരയെ അശ്മിത വീഴ്ത്തിയപ്പോള്‍ ഭാരതത്തിന് ആശ്വാസവും കളിയില്‍ തുല്യതയുമായി.
പിന്നാലെ, ഡബിള്‍സില്‍ ലോക ആറാം നമ്പറായ മത്സുയാമ – ഹിഡ ജോഡിക്കെതിരെ ട്രീസയും ഗായത്രിയും കൈവരിച്ച അപ്രതീക്ഷിത വിജയം ഭാരതത്തെ മുന്നിലെത്തിച്ചു. രണ്ടാം സിംഗിള്‍സില്‍ തോല്‍വി പറ്റിയെങ്കിലും അവസാന അവസരത്തിനായി ഭാരതം കാത്തു. അന്‍മോള്‍ വാര്‍ബിന്‍ നേരിടേണ്ടിയിരുന്നത് തന്നേക്കാള്‍ ഏറെ മുന്നിലുള്ള നത്സുകി നിദൈറയെയായിരുന്നു. ഉജ്ജ്വലമായൊരു പ്രകടനത്തിലൂടെ നിദൈറയെ കടന്ന് അന്‍മോള്‍ ഭാരതത്തെ ഫൈനലിലെത്തിച്ചു. രണ്ടാം സിംഗിള്‍സില്‍ തോല്‍വി പറ്റിയെങ്കിലും അവസാന അവസരത്തിനായി ഭാരതം കാത്തു. അന്‍മോള്‍ ഖാര്‍ബിന് നേരിടേണ്ടിയിരുന്നത് തന്നേക്കാള്‍ ഏറെ മുന്നിലുള്ള നത്സുകി നിദൈറയെയായിരുന്നു. ഉജ്ജ്വലമായൊരു പ്രകടനത്തിലൂടെ നിദൈറയെ കടന്ന് അന്‍മോള്‍ ഭാരതത്തെ ഫൈനലിലെത്തിച്ചു.
ഏഷ്യാതലത്തില്‍ വന്‍മുന്നേറ്റം നടത്തിയ തായ്‌ലാന്റിനെയാണ് ഫൈനലില്‍ നേരിടേണ്ടിയിരുന്നത്. ഫൈനല്‍ കളിക്കാനിറങ്ങും മുന്‍പ് തോമസ് കപ്പില്‍ ഭാരതം നേടിയ അസാധ്യവിജയത്തിന്റെ ഓര്‍മകള്‍ സിന്ധുവിനേയും കൂട്ടരേയും പ്രചോദിപ്പിച്ചിട്ടുണ്ടാകണം. ആദ്യറൗണ്ടില്‍ പുറത്തുപോകുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നും അവസാനവട്ടത്തിലെത്തിയതിന്റെ ആത്മവിശ്വാസത്തികവുമുണ്ടായിരുന്നു, ടീമിന്. ആദ്യ സിംഗിള്‍സ് സിന്ധുവും തുടര്‍ന്നുള്ള ഡബിള്‍സ് ട്രീസ-ഗായത്രി സഖ്യവും നേടിയപ്പോള്‍ ഭാരതത്തിന്റെ കിരീടപ്രതീക്ഷ ഉണര്‍ന്നു. എന്നാല്‍ അടുത്ത രണ്ടു കളികളും ജയിച്ച ജപ്പാന്‍ ഒപ്പമെത്തി.
ചൈനയോടും ജപ്പാനോടും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ അവസ്ഥ ഫൈനലിലും സംജാതമായി. 2-2 എന്ന നിലയില്‍ തുല്യം നിന്ന കളിയുടെ അവസാന പോരാട്ടം വീണ്ടുമൊരിക്കല്‍ ക്കൂടി നിര്‍ണായകമായി. മുന്‍പ് രണ്ടു തവണയും താന്‍ നേരിട്ട അഗ്നിപരീക്ഷകളെ പോരാട്ട വീറുകൊണ്ട് മറികടന്ന അന്‍മോള്‍ അവസാന അങ്കത്തിന് തയ്യാറെടുത്ത് കോര്‍ട്ടിലിറങ്ങി. ഫൈനലില്‍ തായ് താരം പോണ്‍പിച്ച് പോയ്തങ്ങ് വോണ്ടിനെതിരെയുള്ള കളി തീപാറുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആത്മവിശ്വാസത്തിന്റെ പരകോടിയിലായിരുന്ന അന്‍മോള്‍ ഖര്‍ബ് പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഒരു നിശിത പ്രകടനത്തിലൂടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ നിഷ്പ്രഭമാക്കി ഭാരതത്തിനായി പുതുചരിത്രമെഴുതി.
ഇക്കാലത്തിനിടയില്‍ ഭാരതത്തിന്റെ പുരുഷന്മാര്‍ക്ക് കഴിയാതിരുന്ന ഏഷ്യന്‍ ബാഡ്മിന്റണ്‍ മേധാവിത്വം ദേശത്തിന്റെ വനിതകള്‍ ഭാരതത്തിലെത്തിച്ചു. ഈ വിജയം ടീമിന്റേതായിരുന്നെങ്കിലും അന്‍മോള്‍ ഖാര്‍ബ് എന്ന പതിനേഴുകാരിയുടെ പങ്കിനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. ഭാരതം കളിച്ച നാല് മത്സരങ്ങളില്‍, മുന്നെണ്ണത്തിലായിരുന്നു അന്‍മോള്‍ കളിക്കാനിറങ്ങിയത്. മൂന്നും നിര്‍ണായക ഘട്ടങ്ങളില്‍, ആരും പകച്ചുപോകുന്ന ആത്മസംഘര്‍ഷത്തിന്റെ സന്ദര്‍ഭങ്ങള്‍. അവിടെ പതറാതെ, പ്രായത്തിനപ്പുറമുള്ള പാകതയോടെ, പിഴവുകളില്ലാതെ എതിരാളികളെ തീര്‍ത്ത് വിട്ട് ഭാരതത്തിന്റെ അഭിമാനമാകുകയായിരുന്നു ഈ പെണ്‍കുട്ടി.
അനുപമമായ ഈ ഏഷ്യന്‍ വിജയം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. സൈന നേവാളിനും പി.വി.സിന്ധുവിനും ശേഷം, ആര് എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ഉണ്ടാകുകയാണ്. വരുംകാല പോരാട്ടങ്ങള്‍ക്ക് തങ്ങള്‍ തയ്യാറെന്ന് അന്‍മോള്‍ ഖാര്‍ബും, അശ്മിത ചാലിഹയും ട്രീസജോളിയും, ഗായത്രി ഗോപീചന്ദും ഉറപ്പാക്കുന്നുണ്ട്. ഇനി വേണ്ടത് ഭാരതത്തിലെ കായിക സംവിധാനങ്ങളുടെ പിന്തുണയാണ്. അതുണ്ടാകുമ്പോള്‍ ബാഡ്മിന്റണില്‍ വീണ്ടും ഒളിമ്പിക് മെഡലുകളും ലോക കിരീടങ്ങളും ഉണ്ടാകുമെന്നുതന്നെ പ്രത്യാശിക്കാം.