ശ്രീരാമജന്മഭൂമിയില്‍ ബാലകരാമന്റെ പ്രാണപ്രതിഷ്ഠയോടെ കോടിക്കണക്കിന് ഭാരതീയരുടെ അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് സഫലമായ പൂര്‍ത്തീകരണം സംഭവിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തില്‍പ്പരം രാമഭക്തരുടെ ജീവനുംചോരയും അനേക ലക്ഷം പേരുടെ പ്രയത്‌നവുമാണ് ഒടുക്കം വിജയത്തിലെത്തിയിരിക്കുന്നത്. അധിനിവേശ ശക്തികള്‍ ഭാരതീയരുടെ മേല്‍ മന:ശാസ്ത്രപരമായ മേല്‍ക്കൈ നേടുവാന്‍ വേണ്ടിയായിരുന്നു അവരുടെ ഏറ്റവും പവിത്രമായ ആരാധനാ കേന്ദ്രങ്ങള്‍ ആക്രമിച്ച് അവയ്ക്കു മേലെ മോസ്‌ക്കുകളും ശവകുടീരങ്ങളും പണിഞ്ഞത്. അയോദ്ധ്യയിലും കാശിയിലും മഥുരയിലും ക്ഷേത്ര ചുവരുകള്‍ ഭാഗികമായി നിലനിര്‍ത്തി അവയ്ക്കുമേല്‍ അധിനിവേശ ശക്തികളുടെ ആരാധനാലയങ്ങള്‍ പണിതു വച്ചത് ഭാവി തലമുറയ്ക്കു കൂടി അപമാനവും താക്കീതുമാകുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. എന്നാല്‍ ഭാരതത്തില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും തങ്ങളുടെ മാന ബിന്ദുക്കള്‍ വീണ്ടെടുക്കണമെന്ന വികാരം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറിപ്പോന്നു. കേരളത്തിലടക്കം ഭാരതത്തില്‍ ഇസ്ലാമിക അധിനിവേശ ശക്തികള്‍ തകര്‍ത്തു കളഞ്ഞ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും മൂന്നേ മൂന്ന് ക്ഷേത്രങ്ങള്‍ വിട്ടുതരണമെന്നായിരുന്നു ഹിന്ദു സമൂഹം ആവശ്യപ്പെട്ടിരുന്നത്. വസ്തുതകള്‍ അറിയുന്ന പല ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇതിനോട് യോജിക്കുന്നവരാണെങ്കിലും മതമൗലികവാദികളും ചില മാര്‍ക്‌സിസ്റ്റു-കോണ്‍ഗ്രസ് അവസരവാദികളും ചേര്‍ന്ന് ഇസ്ലാമിക സമൂഹത്തെ നാളിതുവരെ കബളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയോദ്ധ്യയിലെ ഐതിഹാസികമായ സമര പോരാട്ടങ്ങള്‍ പരമോന്നത കോടതിയുടെ വിധിയോടെ സമംഗളം പര്യവസാനിച്ചതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്നെ തന്നെ കാശിയിലും സമാനമായ കോടതി വിധി വന്നിരിക്കുകയാണ്. അയോദ്ധ്യയിലും മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലും ഉള്ളതിലും എത്രയോ സ്പഷ്ടമായ തെളിവുകള്‍ കാശിയിലുണ്ടായിരുന്നു എന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രം എ.ഡി 1528ലാണ് ബാബര്‍ തകര്‍ത്തത്. അതായത് 496 വര്‍ഷങ്ങള്‍ക്കു മുമ്പ്. കാശി വിശ്വനാഥ ക്ഷേത്രം അതിനും മുന്നെ ആക്രമിക്കപ്പെട്ടിരുന്നു എന്നതാണ് ചരിത്ര സത്യം. എ.ഡി.1494 ല്‍ കുത്ബുദ്ദീന്‍ ഐബക് കാശി വിശ്വനാഥ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാശി സമ്പൂര്‍ണ്ണമായും ആക്രമിച്ച് തകര്‍ത്ത് അതിന്മേലെ ജ്ഞാനവാപി മസ്ജിദ് നിര്‍മ്മിച്ചത് ഔറംഗസേബ് എന്ന മതഭ്രാന്തനായിരുന്നു. ക്ഷേത്രം പലവട്ടം ആക്രമിച്ച് തകര്‍ത്തെങ്കിലും ഹിന്ദുക്കള്‍ ഓരോ തവണയും അത് പുനര്‍നിര്‍മ്മിച്ചു കൊണ്ടിരുന്നു. ഒടുക്കം ക്ഷേത്രം മേലില്‍ പുനര്‍നിര്‍മ്മിക്കരുതെന്ന കല്‍പ്പന പുറപ്പെടുവിച്ച ഔറംഗസേബ് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിനും പുണ്യതീര്‍ത്ഥമായ ജ്ഞാനവാപിയ്ക്കും മേലെ മിനാരങ്ങള്‍ പണിതു. ക്ഷേത്രത്തൂണുകളിലെ ദേവീദേവന്മാരുടെ മുഖവും മാറിടവും മറ്റും അറുത്തുമാറ്റിയെങ്കിലും അവയൊക്കെ കാഫിറുകള്‍ക്കെതിരെയുള്ള തങ്ങളുടെ വിജയചിഹ്നമായി പരിപാലിച്ചു. ശിവലിംഗങ്ങള്‍ പിഴുത് പളളികളുടെ പടിക്കെട്ടുകള്‍ക്കടിയില്‍ നിക്ഷേപിച്ച് വിഗ്രഹഭഞ്ജകര്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ചീട്ടുറപ്പിച്ചു.
മുസ്ലിം അക്രമികള്‍ രണ്ട് ലക്ഷ്യത്തോടെ ആയിരുന്നു ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചിരുന്നത്. ഹിന്ദു ക്ഷേത്രങ്ങളിലുള്ള അളവറ്റ സമ്പത്ത് കൊള്ളയടിക്കുക എന്നതായിരുന്നു ഒരു ലക്ഷ്യം. മറ്റൊന്ന് വിഗ്രഹാരാധനയുടെ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ ആക്രമിച്ച് തകര്‍ക്കുന്നത് ഒരു വിശുദ്ധ കര്‍മ്മമായി അവര്‍ കരുതിയിരുന്നു. ഇന്നും ഇക്കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നതിന് ഈ അടുത്ത കാലത്തും തെളിവുകള്‍ ഉണ്ട്. ഇതര മതസ്ഥരുടെ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിന് അവര്‍ക്കു മുന്നിലുള്ള മാതൃക സാക്ഷാല്‍ മുഹമ്മദ് നബി തന്നെയാണ്. സൗദി അറേബ്യയിലെ ഗോത്ര സമൂഹമായിരുന്ന ഖുറൈഷികളുടെ ക്ഷേത്രത്തിലെ മുന്നൂറില്‍ പരം വിഗ്രഹങ്ങള്‍ മുഹമ്മദ് നബി നേരിട്ട് അടിച്ചുടച്ച് അതിന്റെ മേലെ പടുത്തുയര്‍ത്തിയതാണ് കഅ്ബ ദേവാലയം എന്ന ചരിത്ര സത്യം മനസ്സിലാക്കുമ്പോള്‍ എന്തുകൊണ്ടാണ് മുസ്ലീം അധിനിവേശ ശക്തികള്‍ ഇന്നും മറ്റുള്ള മത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ കൈയ്യേറുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അഫ്ഗാനിസ്ഥാനിലെ 53 മീറ്റര്‍ ഉയരമുണ്ടായിരുന്ന ബാമിയാന്‍ ബുദ്ധപ്രതിമകള്‍ 2001 ല്‍ താലിബാന്‍ തകര്‍ത്തപ്പോഴും, തുര്‍ക്കിയിലെ അതിപ്രാചീന ക്രിസ്ത്യന്‍ ദേവാലയമായ ഹാഗിയ സോഫിയ ഈയടുത്ത കാലത്ത് മോസ്‌ക്കാക്കി മാറ്റിയപ്പോഴും മതേതര മന്യന്മാരായ മുസ്ലിങ്ങള്‍ എന്തുകൊണ്ട് എതിര്‍ശബ്ദം ഉയര്‍ത്തിയില്ല എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്. വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതിലൂടെ സ്വര്‍ഗ്ഗത്തിലേക്കുള്ള താക്കോല്‍ കിട്ടുമെന്ന വിശ്വാസം മൗലികവാദികളായ മുസ്ലീം സഹോദരങ്ങളെ ഇപ്പോഴും ഭരിക്കുന്നുണ്ടെന്നതാണ് സത്യം.
ദില്ലിയിലെ കുത്തബ് മീനാര്‍ സ്ഥിതി ചെയ്യുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിനു മേലെ ആണെന്നത് അവിടെ എത്തി കണ്ണുതുറന്ന് നോക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഗുപ്ത കാലത്തു നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത വിഷ്ണു സ്തംബം അവിടെ നിലനിന്നിരുന്ന ക്ഷേത്രത്തെ അലങ്കരിച്ചിരുന്നതാണ്. ഗണപതി, ധ്യാന ബുദ്ധന്‍, സാലഭഞ്ജികകള്‍, പഞ്ചവര്‍ഗ്ഗ തറ തുടങ്ങി നിരവധി ശില്‍പ്പങ്ങള്‍ കുത്തബ് മീനാറിന്റെ ചോട്ടിലുള്ള ക്ഷേത്രാവശിഷ്ടങ്ങളില്‍ ഇപ്പോഴും കാണാം. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും കാണാന്‍ കഴിയും. ഇവയൊന്നും വിട്ടുകിട്ടുവാന്‍ വേണ്ടി ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അയോധ്യയിലും കാശിയിലും മഥുരയിലും വിട്ടുവീഴ്ച ചെയ്യാന്‍ ഹിന്ദു സമൂഹം ഒരിക്കലും തയ്യാറാകില്ല. അയോധ്യയില്‍ രമ്യമായ പരിഹാരം ഉണ്ടാ ക്കി രാജ്യത്തിനു മുഴുവന്‍ മാതൃക സൃഷ്ടിക്കാനുള്ള സുവര്‍ണ്ണാവസരങ്ങളെ അട്ടിമറിച്ച ശക്തികള്‍ ഇപ്പോഴും ശകുനി തന്ത്രങ്ങളുമായി കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. കാശിവിശ്വനാഥ ക്ഷേത്ര വിമോചനത്തിന് ഹിന്ദുക്കള്‍ നിയമപരമായ പരിഹാരത്തിന്റെ വഴിയാണ് ഇപ്പോള്‍ നോക്കുന്നത്. ജ്ഞാനവാപിയിലേക്ക് നോക്കിക്കിടക്കുന്ന നന്ദികേശ്വരന്റെ വിഗ്രഹം തന്നെ ഏറ്റവും വലിയ തെളിവും സാക്ഷ്യവുമാണ്. പുരാവസ്തു ഉദ്ഖനനത്തില്‍ ക്ഷേത്രത്തിനു മേലെയാണ് മസ്ജിദ് നിലനില്‍ക്കുന്നതെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളും വ്യവഹാരങ്ങളുമവസാനിപ്പിച്ച് സൗഹാര്‍ദ്ദപൂര്‍വ്വം ക്ഷേത്രം വിട്ടുകൊടുക്കാന്‍ മുസ്ലീം സമൂഹം തയ്യാറാവുകയാണ് വേണ്ടത്. നിലവിലുള്ളതിലും ഗംഭീരമായ മറ്റൊരു മസ്ജിദ് മുസ്ലീങ്ങള്‍ക്ക് സ്ഥാപിച്ചു നല്‍കുവാന്‍ ഹിന്ദു സമൂഹമോ, അധികൃതരോ തയ്യാറാവുക കൂടി ചെയ്താല്‍ അത് നല്‍കുന്ന സന്ദേശം മഹത്തരമായിരിക്കും. പകരം വസ്തുതകള്‍ അംഗീകരിക്കാതെ അയോധ്യയിലേതുപോലെ കടുംപിടുത്തത്തിന്റെ വഴിയിലേക്കു മുസ്ലീം സമൂഹത്തെ വഴിതെറ്റിക്കാതിരിക്കാന്‍ അതിന്റെ മതനേതാക്കള്‍ ശ്രദ്ധിക്കുക കൂടി ചെയ്യേണ്ടതാണ്. എന്തായാലും അയോധ്യയ്ക്കു വേണ്ടി 496 വര്‍ഷം കാത്തിരുന്ന ഹിന്ദു സമൂഹം കാശിക്കു വേണ്ടി 355 വര്‍ഷമായി കാത്തിരിക്കുന്നു. കാത്തിരിപ്പുകള്‍ സഫലമാകുന്ന കാലത്ത് ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയാണ് ഇന്നത്തേത്. സ്വത്വബോധത്തിലേക്ക് ഉണര്‍ന്ന ഒരു ജനതയുടെ മുന്നില്‍ ഇനി തട്ടി മാറ്റാനാകാത്ത തടസ്സങ്ങള്‍ ഇല്ല… ജയ് ശ്രീരാം ഘോഷത്തോടൊപ്പം ഇനി ഹര ഹര മഹാദേവ് എന്നുകൂടി ഉയരാന്‍ പോകുകയാണ്…!