രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വോട്ട് നേടാനുമായി യാത്രകള്‍ നടത്തുക പതിവാണ്. കേരളം തെക്കുവടക്ക് നീണ്ടു കിടക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ട് കാസര്‍കോട് നിന്നുമാരംഭിച്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് സമാപിക്കും വിധമാണ് മിക്ക യാത്രകളും നടന്നിട്ടുള്ളത്. ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വിജയന്‍ മുഖ്യമന്ത്രിയും നവകേരള സദസുകളുമായി ഒരു യാത്ര നടത്തി. ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി വിജയന്‍ നടത്തിയ യാത്ര തുടക്കം മുതല്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു മാടമ്പി യാത്രയായിരുന്നു. തമ്പ്രാന്‍ എഴുന്നള്ളുമ്പോള്‍ അധ:സ്ഥിതര്‍ വഴിയില്‍ കാണാന്‍ പാടില്ലെന്നതു പോലെ പ്രതിഷേധിച്ചവരെയെല്ലാം പോലീസും ഡിവൈഎഫ്‌ഐക്കാരും സിഐടിയുക്കാരും ചേര്‍ന്ന് അടിച്ചൊതുക്കി മുന്നേറി തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി വിജയനിലെ ഫാസിസ്റ്റ് മലയാളികളുടെ മുന്നില്‍ മറനീക്കി വെളിപ്പെട്ടിരിക്കുകയാണ്. പുരാണത്തില്‍ നഹുഷന്‍ എന്ന അഹങ്കാരിയായ അസുരന്‍ നടത്തിയ ഒരു യാത്രയെ ആണ് മുഖ്യമന്ത്രി വിജയന്റെ യാത്ര അനുസ്മരിപ്പിക്കുന്നത്.ദേവലോകം വരെ കീഴടക്കിയ നഹുഷന്‍ സപ്തര്‍ഷികളെക്കൊണ്ട് തന്റെ മഞ്ചലെടുപ്പിച്ചത്രെ. നഹുഷനെയും പേറിക്കൊണ്ട് നടക്കാന്‍ വിധിക്കപ്പെട്ട സപ്തര്‍ഷികളുടെ അവസ്ഥയാണ് ഇന്ന് മലയാളിക്കുള്ളത്. സപ്തര്‍ഷികളില്‍ ഉയരം കുറഞ്ഞ അഗസ്ത്യനെ മഞ്ചലിലിരുന്നു കൊണ്ട് വേഗത പോരെന്നു പറഞ്ഞ് നഹുഷന്‍ ചവിട്ടിയത്രെ. കോപിഷ്ഠനായ അഗസ്ത്യന്‍ നഹുഷനെ ശപിച്ച് പെരുമ്പാമ്പാക്കി കളഞ്ഞു. മലയാളിക്ക് അതിന് കരുത്തുണ്ടാകുന്ന കാലത്തെ ഈ നഹുഷന്‍ മലയാളിയുടെ തലയില്‍ നിന്നു പോകൂ. അഹങ്കാരത്തിന്റെ അസുരരൂപമായ നഹുഷനോടല്ലാതെ മുഖ്യമന്ത്രി വിജയനെ ഉപമിക്കാന്‍ മറ്റ് ഉദാഹരണങ്ങളില്ല.
ഒരു ജനാധിപത്യ ഭരണക്രമത്തില്‍ ആര്‍ക്കും പ്രചരണ യാത്രകള്‍ നടത്താന്‍ അവകാശമുണ്ട്. അതുപോലെ വിയോജിപ്പുള്ളവര്‍ക്ക് അത് രേഖപ്പെടുത്താനും അവകാശമുണ്ട്. സ്റ്റാലിന്റെയും മാവോയുടെയും പ്രേതമാവേശിച്ച മുഖ്യമന്ത്രിവിജയനും സംഘവും പാതയോരത്ത് കരിങ്കൊടി കാട്ടിയ പ്രതിപക്ഷ പ്രവര്‍ത്തകരെ കായികമായി നേരിടുന്ന കാഴ്ചയാണ് കേരളം കണ്ടത്. പ്രതിഷേധിച്ചവരെ വീട്ടില്‍ക്കയറി വരെ ആക്രമിച്ചു. മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ച് മാരകായുധങ്ങളുമായി അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാര്‍ട്ടി ഗുണ്ടകളെ ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സേവകന്‍മാരായി ചിത്രീകരിക്കാനും അദ്ദേഹം തയ്യാറായി. ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി പരസ്യമായി അക്രമാഹ്വാനം ചെയ്യുന്നത് ആദ്യമാണ്. അണ്ണാന്‍ മൂത്താലും മരങ്കേറ്റം മറക്കില്ലെന്നു പറഞ്ഞതുപോലെയാണ് കേരള മുഖ്യമന്ത്രിയുടെ വാക്കും ശരീരഭാഷയും. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടികളുടെ വസ്ത്രം വരെ വലിച്ചു കീറിയ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി കേരളം എത്തിപ്പെട്ട രാഷ്ട്രീയ ദുരന്തത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. അതേ സമയം ഉന്നതമായ ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണ്ണറെ തെരുവില്‍ തടയുന്നതും കരിങ്കൊടി കാട്ടുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും ജനാധിപത്യ പ്രവര്‍ത്തനമാണെന്നാണ് മുഖ്യമന്ത്രിയുടെ വ്യാഖ്യാനം. കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്ത തെറ്റെന്താണ്? സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തൊഴുത്താക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്തത് വിജയന്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുകയാണ്. രാജ്ഭവനില്‍ നിന്നും ദില്ലിയിലേക്ക് പോകാന്‍ ഇറങ്ങിയ ഗവര്‍ണ്ണറുടെ സഞ്ചാരപഥം എസ്എഫ്‌ഐ ഗുണ്ടകള്‍ക്ക് കേരള പോലീസ് ചോര്‍ത്തിക്കൊടുക്കുകയും അങ്ങനെ ഗവര്‍ണ്ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരിക്കുകയാണ്.
നവകേരള സദസിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ കേരളമങ്ങോളമിങ്ങോളം ക്രമസമാധാനം കൈയിലെടുത്തിരിക്കുന്നു. ചാലക്കുടി ഐടിഐയിലെ എസ്എഫ് ഐയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് പോലീസ് ജീപ്പ് തകര്‍ത്തു കൊണ്ടായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെനറ്റിലേക്ക് ഗവര്‍ണ്ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരെ സര്‍വ്വകലാശാലക്കുള്ളില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞുവയ്ക്കുകയുണ്ടായി. സര്‍വ്വകലാശാലകളുടെ പരമാധികാരിയായ ഗവര്‍ണ്ണറെ സര്‍വ്വകലാശാലയ്ക്കുള്ളില്‍ കാലുകുത്തിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതും മുഖ്യമന്ത്രിയുടെ ഗുണ്ടാപ്പടയായ എസ്എഫ്‌ഐയാണ്. പരീക്ഷ എഴുതാത്ത എസ്എഫ് ഐക്കാരെ ജയിപ്പിക്കുകയും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി മാര്‍ക്‌സിസ്റ്റുകാരെ അധ്യാപകരായി നിയമിക്കുകയും കോളേജ് തിരഞ്ഞെടുപ്പുകളെ അട്ടിമറിച്ച് സര്‍വ്വകലാശാലാ ഭരണം പിടിക്കുകയും ഒക്കെ ചെയ്യുന്നത് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ കാലങ്ങളായി കൊണ്ടു നടക്കുന്ന കലാപരിപാടിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രി വിജയന്റെ പ്രത്യേക താല്‍പ്പര്യവും സമ്മര്‍ദ്ദവും കൊണ്ട് നിയമിച്ച വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കിയത് ഈ അടുത്തിടെയാണ്. തകര്‍ന്ന് തരിപ്പണമായിക്കഴിഞ്ഞ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആരാഞ്ഞതാണ് ഗവര്‍ണ്ണര്‍ക്കെതിരെ പട കൂട്ടാനുള്ള മറ്റൊരു കാരണം. ഖജനാവില്‍ പെരുച്ചാഴി പെറ്റു കിടക്കുമ്പോഴും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ കടന്നു കൂടാന്‍ നടത്തിയ പൊറാട്ട് നാടകമായിരുന്നു നവകേരളാ സദസ്. ഇതാകട്ടെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് ശൈലികള്‍ കൂടുതല്‍ തുറന്നുകാട്ടാന്‍ നിമിത്തമായി എന്നതാണ് സത്യം. എന്തായാലും മുഖ്യമന്ത്രി വിജയന്റെ നവകേരള ബസ് യാത്ര നഹുഷ പുരാണത്തിലെ നഹുഷന്റെ യാത്ര പോലെ പരിഹാസ്യമായി തീര്‍ന്നിരിക്കുന്നു. അഗസ്ത്യ ശാപം പോലെ മലയാളികളുടെ പ്രാക്കില്‍ സര്‍വ്വരാലും വെറുക്കപ്പെടുന്ന ഒരു പെരുമ്പാമ്പ് ജീവിതം ഭാവിയില്‍ വിജയനെ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കേണ്ട.