‘എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാ,ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു’ എന്നെഴുതിയ കവി എന്‍.വി.കൃഷ്ണവാരിയരുടെ നാടാണ് നമ്മുടെ കേരളം. ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതയില്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ കുറിച്ച് ‘ലോകമേ തറവാട് തനിക്കീ പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ എന്നെഴുതിയ മഹാകവി വള്ളത്തോളിന്റെ നാടാണ് നമ്മുടെ കേരളം. ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ആദര്‍ശത്തെ നെഞ്ചേറ്റിയ നാടാണ് നമ്മുടെ കേരളം. ലോകത്തിന്റെ ഏതു കോണിലായാലും ആരെങ്കിലും എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരോട് സഹതാപം മാത്രമല്ല സഹാനുഭൂതിയും പ്രകടിപ്പിക്കുന്നവരാണ് നമ്മള്‍. അങ്ങനെയുള്ള കേരളത്തില്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ ബോധപൂര്‍വ്വം വിഭജിക്കാനും അവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പടര്‍ത്താനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മലബാറില്‍ നിരവധി മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഏതെങ്കിലുമൊരു മാപ്പിളക്ക് പെട്ടെന്നൊരു ദിവസം ഹാലിളക്കം ഉണ്ടാവുന്നു. അയാള്‍ വാളുമായി പുറത്തിറങ്ങി കണ്ണില്‍ കാണുന്ന ഹിന്ദുക്കളെ വെട്ടുകയും കൊല്ലുകയും ചെയ്യുന്നു. സമാന സ്വഭാവമുള്ളവര്‍ അയാളോടൊപ്പം കൂടുന്നു. അങ്ങനെ ലഹള വ്യാപിക്കുന്നു. അതിനിടയില്‍ ഭീഷണിപ്പെടുത്തിയുള്ള മതംമാറ്റങ്ങളും മാനഭംഗങ്ങളും നിര്‍ബാധം നടക്കുന്നു. ഇവയില്‍ ഏറ്റവും വലുതായിരുന്നു 1921 ല്‍ നടന്നത്. അന്ന് ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും മതംമാറ്റപ്പെടുകയും മാനഭംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്തു. സ്വാതന്ത്യാനന്തരവും ഇസ്ലാമിക തീവ്രവാദത്തിന്റെ വിവിധ രൂപങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുകയുണ്ടായി. മാറാട് കൂട്ടക്കൊലയും ജോസഫ് മാഷിന്റെ കൈവെട്ടിയ സംഭവവും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഉദാഹരണങ്ങളാണ്. ലോകത്തിന്റെ ഏതെങ്കിലുംഭാഗത്ത് മുസ്ലിങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ പ്രതിധ്വനികള്‍ കേരളത്തിലും സൃഷ്ടിക്കപ്പെടുന്നു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് ഉടനീളം നടന്നുവരുന്ന വിവിധതരം കോപ്രായങ്ങള്‍.
ഒക്ടോബര്‍ 7 ന് ഇസ്രായേലിനു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഇസ്രായേലിന്റെ പ്രത്യാക്രമണത്തിലേക്കു നയിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സംഭവങ്ങളെ സമഗ്രരൂപത്തില്‍ കണ്ട് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനു പകരം ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചുകൊണ്ട് സംസ്ഥാനത്തിനകത്തും മുസ്ലിം തീവ്രവാദം വളര്‍ത്താനും അവരില്‍ ചിലരുടെ ദേശീയ വിരുദ്ധ വികാരം ആളിക്കത്തിക്കാനുമാണ് മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നത്. മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം കോഴിക്കോട് കടപ്പുറത്ത് നടന്നപ്പോള്‍ അത് ഇത്തരത്തില്‍ ഭാരതത്തില്‍ നടന്ന ഏറ്റവും വലിയ സമ്മേളനമാണെന്ന് അവര്‍ അവകാശപ്പെടുകയുണ്ടായി. ഇതിനു ബദലായി സമസ്തയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാസഭകളും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശത്തിനു വേണ്ടിയാണ് ഇവരെല്ലാം മത്സരിക്കുന്നത്. വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ശക്തി കാണിക്കാനുള്ള ഒരവസരമായി ഇസ്രായേല്‍ -ഹമാസ് യുദ്ധത്തെ ഇക്കൂട്ടര്‍ കാണുന്നു. ഇസ്ലാമിക സംഘടനകള്‍ ഭീകര സംഘടനയായ ഹമാസിന് അനുകൂലമായി പ്രചരണം നടത്തുമ്പോള്‍ അവരെ വോട്ടു ബാങ്കുരാഷ്ട്രീയത്തിന്റെ ഭാഗമായി പ്രീണിപ്പിക്കുകയാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ചെയ്യുന്നത്. ഹമാസിനെതിരെ ഒരു വാക്കുപോലും പറയാന്‍ കഴിയാത്ത സവിശേഷമായ ഒരു സാഹചര്യവും ഇവര്‍ സൃഷ്ടിക്കുന്നു. ഹമാസിനെതിരെ പ്രതികരിച്ച ശൈലജ ടീച്ചര്‍ക്ക് സി.പി.എമ്മിന്റെ തിട്ടൂരത്തിന്റെ ഫലമായി സത്യസന്ധമായി പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങേണ്ടി വന്നു. ലീഗ് സമ്മേളനത്തില്‍ ഹമാസിന്റെ ഭീകരതയെ എതിര്‍ത്ത ശശി തരൂരിനെതിരെ വ്യാപകമായ പ്രതിഷേധമാണ് മേല്പറഞ്ഞ ഇസ്ലാമിക സംഘടനകളുടെയും അവരെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഇസ്ലാമിക തീവ്രവാദത്തിനു മുന്നില്‍ ഒരുപോലെ പത്തി താഴ്ത്തുകയാണ് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ചെയ്യുന്നത്. ഇതിനിടയില്‍ തീവ്രവാദത്തിന്റെ ബഹിര്‍സ്ഫുരണങ്ങളെ കാണാതെ പോകുന്നുവെന്നത് ഏറ്റവും ഖേദകരമായ വസ്തുതയാണ്. ഇസ്രായേലിനോടുള്ള അന്ധമായ വിദ്വേഷത്തെ ഭാരതത്തിന്റെ ദേശീയതയോടു കൂട്ടിച്ചേര്‍ത്ത് കേരളീയ സമൂഹത്തില്‍ അക്രമ പ്രവണതകളുടെ വിഷവിത്തുകള്‍ വിതയ്ക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമവും നടന്നു വരുന്നു. സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്തു നടന്ന ഹമാസ് ഐക്യദാര്‍ഢ്യ സമ്മേളനത്തിന്റെ ബാനര്‍ ‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക’ എന്നായിരുന്നു. അതുപോലെ ഈ സമ്മേളത്തില്‍ ഹമാസിന്റെ ഏതോ ഒരു നേതാവ് ഓണ്‍ലൈനായി പങ്കെടുത്ത് മുസ്ലിങ്ങളോട് ഹമാസിനു വേണ്ടി തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തതും ഗുരുതരമായ സംഭവമാണ്. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരുന്നില്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതിനകം കേരളത്തെ കുട്ടിച്ചോറാക്കുമായിരുന്നു എന്നു വേണം വിചാരിക്കാന്‍. സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രദേശമാണല്ലോ കേരളം.
ഹമാസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഭാരത സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ നിശിതമായി വിമര്‍ശിക്കുന്ന മുസ്ലിം സംഘടനകളുടെയും അവരെ പ്രീണിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് കക്ഷികളുടെയും നടപടികള്‍ക്കു പിന്നിലും ഹമാസിനോടുള്ള ഐക്യദാര്‍ഢ്യമാണുള്ളത്. ഈ വിഷയത്തില്‍ കൃത്യവും സ്പഷ്ടവുമായ സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലിനു നേരെ ഹമാസിന്റെ ഏറ്റവും വലിയ ഭീകരാക്രമണം നടക്കുകയും അവരുടെ ഇരുന്നൂറിലധികം പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഇസ്രായേലിനെ പിന്തുണക്കുകയാണ് ഭാരതം ചെയ്തത്. അതേസമയം ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ദുരിതമുണ്ടായപ്പോള്‍ അവരെ സഹായിക്കുന്ന കാര്യത്തിലും ഭാരതം മുന്‍പന്തിയിലുണ്ടായിരുന്നു. പ്രത്യേക എയര്‍ഫോഴ്‌സ് വിമാനത്തില്‍ ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളുമാണ് ഭാരത സര്‍ക്കാര്‍ യുദ്ധത്തിനിടയിലും അവിടെ എത്തിച്ചത്. ഇതൊന്നും കണ്ടില്ലെന്നു നടിച്ചാണ് വ്യക്തമായ നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലുമായും പലസ്തീനുമായുള്ള സുതാര്യമായ ഭാരതത്തിന്റെ സമീപനത്തെ ചിലര്‍ വിമര്‍ശിക്കുന്നത്. ഏതു പ്രശ്‌നത്തിനും യുദ്ധമല്ല, ചര്‍ച്ചയും സന്ധിസംഭാഷണവുമാണ് പരിഹാരം എന്ന നിലപാടാണ് അന്താരാഷ്ട്ര വേദികളില്‍ ഭാരതം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഗാസയില്‍ ജീവകാരുണ്യ സഹായമെത്തിക്കുന്നതിനു വേണ്ടി വെടിനിര്‍ത്തല്‍ ആവശ്യപ്പട്ടുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഭാരതം വിട്ടുനിന്നതിനെ പ്രതിപക്ഷകക്ഷികളും ചില മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. പ്രമേയം ഹമാസിന് അനുകൂലവും ഏകപക്ഷീയവുമായിരുന്നു. തെക്കന്‍ ഇസ്രായേലില്‍ ഈ മാസം 7-ന് ഹമാസ് നടത്തിയ കടന്നാക്രമണത്തെ പ്രമേയത്തില്‍ പരാമര്‍ശിക്കാതിരുന്നതിനാലാണ് ഭാരതം വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നത്. ഹമാസ് ആക്രമണത്തെ അപലപിക്കുന്നത് കൂട്ടിച്ചേര്‍ക്കാന്‍ യു.എസ്.പിന്തുണയോടെ കാനഡ കൊണ്ടുവന്ന ഭേദഗതിയെ ഭാരതം പിന്തുണച്ചിരുന്നു. ഈ ഭേദഗതിയെ വോട്ടിനിട്ട് തള്ളിയതോടെയാണ് പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റു 44 രാജ്യങ്ങളോടൊപ്പം ഭാരതം തയ്യാറായത്. അതിനിടെ ജി-20 യില്‍ വെച്ചു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട ഇന്ത്യ ഇസ്രായേല്‍-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ് ഹമാസിനെ ഭീകരാക്രമണത്തിനു പ്രേരിപ്പിച്ചതെന്ന യു.എസ്.പ്രസിഡന്റിന്റെ പ്രസ്താവനയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പ്രശ്‌നങ്ങള്‍ എന്തു തന്നെയായാലും പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പേരുപറഞ്ഞ് കേരളത്തില്‍ ഹമാസിന്റെ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കാനാണ് മുസ്ലിം സംഘടനകള്‍ തയ്യാറാകുന്നതെങ്കില്‍ അത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്നതില്‍ സംശയമില്ല.