സഹകരണ പ്രസ്ഥാനം ലോകത്തില്‍ രൂപപ്പെട്ടത് കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു. ആദ്യകാലത്ത് കേരളം ഈ രംഗത്ത് ഭാരതത്തിനു തന്നെ മാതൃകയായിരുന്നു. എന്നാല്‍ ഇന്ന് മറ്റ് പലതിലുമെന്നപോലെ കേരളം സഹകരണ രംഗത്തും സമ്പൂര്‍ണ്ണ നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ എല്ലാ മേഖലയിലും തകര്‍ത്ത് കുട്ടിച്ചോറാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് സഹകരണ മേഖലയുടെയും ഉദകക്രിയ ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് ഭരണത്തിനു കീഴിലുള്ള നിരവധി സഹകരണ പ്രസ്ഥാനങ്ങള്‍ അവരുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ കൊണ്ട് തകര്‍ച്ചയുടെ വക്കിലാണ്. നിരവധി സാധാരണക്കാരായ നിക്ഷേപകരെ വഴിയാധാരമാക്കിക്കൊണ്ട് സഹകരണ ബാങ്കുകളെ കൊള്ളയടിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കന്മാര്‍ വരെ ഉണ്ടായിരുന്നു എന്ന് വെറും വോട്ടുകുത്തികളായ മലയാളികള്‍ ഇന്ന് തിരിച്ചറിയുന്നു. എന്നു മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കുകള്‍ രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭീകര പ്രസ്ഥാനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കും വേണ്ടി കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു എന്ന വിവരം ഞെട്ടലോടെ കേരളം തിരിച്ചറിയുകയാണ്.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടന്ന കള്ളപ്പണ ഇടപാടും വായ്പാ തട്ടിപ്പും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കാരണമായത് 2021 ജൂലായ് 14ന് പുറത്തുവന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പാണ്. പതിനൊന്നായിരത്തോളം നിക്ഷേപകരുടെ ഏതാണ്ട് 312 കോടി നിക്ഷേപം സിപിഎം ജില്ലാ നേതാവായ ഒരു മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അപഹരിച്ചു എന്നതാണ് കേസ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് ഇന്നെല്ലാവര്‍ക്കുമറിയാം. കേരളത്തിലെ സഹകരണ വകുപ്പും അതിനു കീഴിലുള്ള സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചടക്കി വച്ചിരിക്കുന്നത് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കാന്‍ വേണ്ടി മാത്രമല്ല. സാധാരണക്കാരന്റെ വിയര്‍പ്പിന്റെ ഓഹരി സ്വരൂപിച്ചുണ്ടാക്കിയ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണാപഹരണം നടത്തി തടിച്ചുകൊഴുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്ന് സമാന്തര സമ്പദ് വ്യവസ്ഥ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. കുറച്ചു കാലം മുമ്പുവരെ കേരളത്തിലെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ വന്‍ വില കൊടുത്ത് വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. ഇക്കാലത്താണ് കണ്ടൈനറില്‍ വരെ കേരള തീരത്ത് കള്ളനോട്ട് വന്നിറങ്ങിയത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു കൊണ്ട് ഭാരത സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടത്തിക്കൊണ്ടിരുന്ന ഈ ശ്രമങ്ങള്‍ക്കെതിരെയാണ് 2016ല്‍ നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. നോട്ട് നിരോധനത്തെ ഭാരതത്തില്‍ ഏറ്റവും ശക്തമായി എതിര്‍ത്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. എന്തുകൊണ്ടാണ് അവര്‍ നോട്ട് നിരോധനത്തെ എതിര്‍ത്തത് എന്ന് ഇന്ന് വ്യക്തമായി വരുകയാണ്. നോട്ട് നിരോധന സമയത്ത് വന്‍തോതില്‍ പണമിടപാട് നടത്തിയ കേരളത്തിലെ 45 ല്‍ പരം സഹകരണ ബാങ്കുകള്‍ ഇന്ന് ഇ.ഡി നിരീക്ഷണത്തിലാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ കൊള്ളയടിച്ചതു കൂടാതെ നോട്ട് നിരോധന സമയത്ത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കുവാനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ നേതൃത്വം കൊടുത്തു എന്നാണ് ഇപ്പോള്‍ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രക്രിയ കരുവന്നൂര്‍ ബാങ്കില്‍ മാത്രമല്ല നടന്നിട്ടുള്ളത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ കമ്യൂണിസ്റ്റ് ഭരണത്തിലുള്ള പല സഹകരണ ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളായിരുന്നു എന്ന നിഗമനത്തിലാണ് ഇഡി എത്തിച്ചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് രാജ്യദ്രോഹപ്രവര്‍ത്തനം തന്നെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. നോട്ട് നിരോധനത്തിനെതിരെ അക്ഷരം നിരത്തിയ ദേശാഭിമാനിയും ചര്‍ച്ച നയിച്ച കൈരളിയുമൊക്കെ നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കല്‍ മൂടിവയ്ക്കാനുള്ള കവറിംഗ്ഫയറാണ് നടത്തിയിരുന്നതെന്ന് ഇപ്പോള്‍ മലയാളികള്‍ക്ക് ബോധ്യമായെന്നു കരുതാം.
കരുവന്നൂരിനു പുറമെ അയ്യന്തോള്‍ സഹകരണ ബാങ്ക്, തൃശ്ശൂര്‍ സഹകരണ ബാങ്ക്, കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് എന്നിവയിലേക്കെല്ലാം ഇ.ഡിയുടെ അന്വേഷണമെത്തിയിരിക്കുകയാണ്. സിപിഎം സമുന്നത നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി.മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ സഹകരണ ബാങ്ക് കൊള്ളകളിലും പണാപഹരണത്തിലും കള്ളപ്പണം വെളുപ്പിക്കലിലുമൊക്കെ സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്തായിരിക്കുകയാണ്. മുന്‍ എം.പി പി.കെ.ബിജുവിനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നാണ് മനസ്സിലാകുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എം.കെ.കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി പരിശോധന നടത്തിക്കഴിഞ്ഞിരിക്കുന്നു. അഞ്ഞൂറു കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയതായി ഇഡി കണ്ടെത്തിയ വെളപ്പായ സതീശനുമായി കണ്ണന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മാര്‍ക്്‌സിസ്റ്റ് പാര്‍ട്ടി കൊട്ടിഘോഷിച്ച് ആരംഭിച്ച കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുകൂടിയാണ് കണ്ണന്‍. ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ തുടങ്ങി നിരവധി സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് സതീശനുള്ളത്. ഇ.ഡിയുടെ അന്വേഷണം പുരോഗമിച്ചാല്‍ അത് എ.കെ.ജി.സെന്ററിലെത്തിച്ചേരുമെന്ന് സാരം. അതുകൊണ്ടാണ് ഇ.ഡി. അന്വേഷണം നടത്തുന്ന ബാങ്കിലെ ജീവനക്കാര്‍ ഇ.ഡി ഉദ്യോഗസ്ഥരുമായി നിസ്സഹകരിക്കുന്നത്. എന്നു മാത്രമല്ല കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇ.ഡിയുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ ചോര്‍ത്തി മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ് വിവരം. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ അനധികൃതമായി എടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തിയ അനില്‍ സത്യത്തില്‍ ഉയര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ബിനാമിയാണ്.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടെ മേല്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടി കോലാഹലം സൃഷ്ടിച്ചതെന്തിനായിരുന്നു എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സഹകരണ നയത്തില്‍ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയര്‍ എന്ന സംവിധാനത്തില്‍ നിന്നും കേരളം മാറി നിന്നത് ഇഡി, ആദായ നികുതി വകുപ്പ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാനായിരുന്നു. എന്തായാലും ‘പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍’ എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. കേരളത്തിലെ സഹകരണ മേഖലയില്‍ പറ്റിക്കുടി നിക്ഷേപകരെ കൊള്ളയടിച്ച് തടിച്ചുകൊഴുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സഹകരണ മേഖലയെ രാജ്യവിരുദ്ധ സാമ്പത്തിക അട്ടിമറികള്‍ക്കുള്ള കേന്ദ്രം കൂടി ആക്കി മാറ്റിയിരിക്കുന്നു എന്നതാണ് അവസ്ഥ.