ജി 20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി നടത്തിയ അത്താഴവിരുന്നിന്റെ ക്ഷണപത്രം വിവാദമായിരിക്കുന്നു. അതില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നു വച്ചതാണ് കോണ്‍ഗ്രസ്സിന് അടക്കം അസ്വസ്ഥത ഉണ്ടാക്കിയത്. പ്രതിപക്ഷ കക്ഷികള്‍ക്ക് ഭാരതം എന്ന പരാമര്‍ശം സഹിക്കാവുന്ന കാര്യമല്ല. പുതുതായി തങ്ങള്‍ സൃഷ്ടിച്ചതാണ് ‘ഇന്ത്യ’ എന്ന അവകാശത്തെ തട്ടിത്തെറിപ്പിക്കുന്നതാണല്ലോ ഭാരതം എന്ന പേരുതന്നെ. നെഹ്‌റു കുടുംബമാണ് ‘ഇന്ത്യ’യുടെ സൃഷ്ടികര്‍ത്താക്കള്‍ എന്നു സ്ഥാപിക്കാന്‍ 1973 ആഗസ്റ്റ് 15 ന് ശ്രീമതി ഇന്ദിര നടത്തിയ ഹീനമായ ഗൂഢാലോചനയുടെ ഫലമായിരുന്നല്ലോ ഠശാല രമുൗെഹല അഥവാ കാലപത്രം! ചെങ്കോട്ടയില്‍ കുഴിച്ചിട്ട ചെമ്പ് ചുരുളുകളെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ഇന്ത്യയുടെ സ്രഷ്ടാക്കള്‍ നെഹ്‌റുവും ഇന്ദിരയും എന്നായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്.
പുതിയ ഭാരതവിരുദ്ധപ്രചാരത്തില്‍ മൂന്നു കാര്യങ്ങളാണ് ഐ.എന്‍.ഡി.ഐ.എ മുന്നണിക്കാര്‍ ആരോപിക്കുന്നത്. ഒന്ന്, സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, അതിനെ വിഭജിക്കുന്നു എന്ന് കോണ്‍ഗ്രസ്. രണ്ട്, ലോകം നമ്മെ അറിയുന്നത് ഇന്ത്യ എന്നാണ്, അതു മാറ്റുന്നത് ശരിയല്ല എന്ന് തൃണമൂല്‍. രാജ്യത്തിന്റെ പേരു മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്ന് എന്‍.സി.പി.
സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നത് നെഹ്‌റുവിന്റെ താല്‍പ്പര്യമായിരുന്നു. സോവിയറ്റ് ഭക്തനായ അദ്ദേഹം അവിടുത്തെ കാര്യങ്ങള്‍ അന്ധമായി കോപ്പി ചെയ്യുകയായിരുന്നു. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന മാതൃകയില്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ് എന്ന് ഭാരതത്തെയും വിശേഷിപ്പിച്ചു. മാത്രമല്ല ഭാഷാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ മാതൃകയില്‍ സംസ്ഥാനങ്ങളെയും നിശ്ചയിച്ചു. ജനസംഖ്യ, ഭൂപ്രദേശം, വിഭവങ്ങള്‍ ഒക്കെ നോക്കി വിഭജിക്കുന്നതാണ് സദ്ഭരണം ആഗ്രഹിക്കുന്നവര്‍ ചെയ്യുക. അതു ചെയ്തില്ല. കോണ്‍ഗ്രസ് ആണ് ഭാരതം (ഇന്ത്യ) എന്നതായിരുന്നല്ലോ അഹങ്കാരം. ഇപ്പോഴും ആ മനോഭാവം മാറിയിട്ടില്ല, വിലപ്പോകുന്നില്ലെങ്കിലും.
നെഹ്‌റു സംസ്ഥാനങ്ങളുടെ വിഭജനം അങ്ങനെ നടത്തിയതില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വാധീനവുമുണ്ടായിരുന്നു. അവരാണല്ലോ ഭാരതം വിഭജിക്കാന്‍ കോണ്‍ഗ്രസിന് താത്വികാടിത്തറ ഉണ്ടാക്കിക്കൊടുത്തത്. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രമനുസരിച്ച് ഓരോ ഭാഷയും പ്രത്യേക സംസ്‌ക്കാരമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക രാഷ്ട്രങ്ങളും! ആ നിലയ്ക്ക് ഭാരതത്തെ ഒരു രാഷ്ട്രമായി കാണാന്‍ കഴിയില്ല എന്ന് അവര്‍ സിദ്ധാന്തിച്ചു. 1940ല്‍ ഭാരതം വിഭജിക്കണമെന്ന് മുസ്ലീം ലീഗ് പ്രമേയം പാസ്സാക്കിയതിനെത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടി വിഷയം കൂലങ്കഷമായി ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രമേയം പാസ്സാക്കി. 1942 സപ്തംബര്‍ 19നാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രമേയം അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ 16 പ്രധാന ഭാഷകളുണ്ടെന്നും ഓരോ ഭാഷയും ഓരോ രാജ്യമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ഭാവിയില്‍ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ സോവിയറ്റു മാതൃകയില്‍ പതിനാറു സ്വതന്ത്ര രാജ്യങ്ങളുടെ യൂണിയന്‍ ആവാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് യൂണിയനില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്രമാവുകയും ചെയ്യാം. ഇതായിരുന്നു പ്രമേയത്തിന്റെ കാതല്‍. പ്രമേയത്തെത്തുടര്‍ന്ന് ഇ.എം.എസ്.- ഒന്നേകാല്‍ക്കോടി മലയാളികള്‍ (പിന്നീട് കേരളം മലയാളികളുടെ മാതൃഭൂമി), പി.സുന്ദരയ്യ-വിശാല ആന്ധ്ര, ഭവാനി സെന്‍- നൂതന്‍ ബംഗ്ലാ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിലൂടെ ഓരോ രാജ്യങ്ങള്‍ക്കും ചരിത്ര പശ്ചാത്തലമൊരുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതാണ് ‘യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ്’ എന്നു വാശിപിടിക്കുന്നതിന്റെ പിന്നാമ്പുറം.
രണ്ടാമത്തെ വാചകമടി, ലോകം നമ്മെ അറിയുന്നത് ഇന്ത്യ എന്നാണു പോലും! ലോകം എന്നാല്‍ കോണ്‍ഗ്രസ് എന്നു വായിക്കേണ്ടി വരും. 1947നു മുമ്പ് അനേകം വിദേശ സഞ്ചാരികളും വിജ്ഞാനദാഹികളും ഇവിടേയ്ക്കു വന്നിട്ടുണ്ട്. അവരും അവരിലൂടെ ലോകവും നമ്മെ അറിഞ്ഞിട്ടുണ്ട്. അത് പുതിയതായി ലോകത്തോട് കോണ്‍ഗ്രസ് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. തന്നെയല്ല, വിദേശികളല്ലല്ലോ നമ്മുടെ വിധാതാക്കള്‍! അതല്ല ഇന്ത്യയെന്നു പറഞ്ഞാലേ ഒക്കൂ എന്നാണെങ്കില്‍ പിന്നെന്തിനാണ് ഭരണഘടനയില്‍ ഭാരതം എന്നെഴുതിപ്പിടിപ്പിച്ചത്? പ്രശ്‌നം, ലോകത്തിന്റെയല്ല; ബ്രിട്ടീഷ് ഭക്തിയുടെയാണ്. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ദ്രാവിഡവാദികള്‍ക്കും ബ്രിട്ടീഷ് രക്തം പേറാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ രാജ്യം മുഴുവന്‍ അങ്ങനെതന്നെ വേണമെന്നു ശഠിക്കുന്നത് അവരിലെ മാടമ്പിത്തരംകൊണ്ടാണ്.
ഇന്ത്യ എന്ന പേര് ഇന്‍ഡസ് എന്നതില്‍ നിന്നാണെന്നാണ് ‘ഭാരത’ത്തെ എതിര്‍ക്കുന്നവരുടെ വാദം. ഇന്‍ഡസ് എന്ന വാക്കില്‍നിന്ന് ഇന്തു എന്നും അതില്‍നിന്ന് ഹിന്ദു എന്ന വാക്കും ഉണ്ടായി എന്നായിരുന്നു ഇതുവരെ ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാര്‍ ഇവിടെ വരുന്നതിനു മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നത് ഹിന്ദുസ്ഥാന്‍ എന്നും ഭാരതം എന്നും ആയിരുന്നു.
അനേകായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നമുക്ക് വിവിധ പേരുകള്‍ വന്നു ഭവിച്ചിട്ടുണ്ട്. ഋഷിമാരാല്‍ രൂപപ്പെടുത്തപ്പെട്ട ജനത എന്ന നിലയില്‍ ആര്‍ഷസംസ്‌ക്കാരം എന്ന പേരായിരുന്നു ആദ്യകാലത്ത്. മഹാഭാരതകാലം മുതലാണ് ദുഷ്യന്തന്റെ മകനായ ഭരതന്റെ പേരില്‍ നാം അറിയപ്പെടാന്‍ തുടങ്ങിയത്. അന്നുമുതല്‍ ഭാരതം എന്ന പേരും കിട്ടി. തുടര്‍ന്ന് ആര്‍ഷഭാരതസംസ്‌ക്കാരം എന്നത് ഉറച്ചുപോന്നു. പിന്നീടാണ് പേര്‍ഷ്യക്കാരും മറ്റും വന്നുതുടങ്ങിയത്. അവര്‍ സിന്ധുനദിയുടെ മറുകരയിലുള്ളവരെ സിന്ധുക്കളെന്നും പിന്നീട് മറ്റു പലരിലൂടെയും ഹിന്ദുക്കളെന്നും വിളിച്ചു. ചരിത്രപരമായിത്തന്നെ ഭാരതീയരെയാണ് ഹിന്ദുക്കളെന്നു പറയുന്നത്. ഇന്‍ഡസ് എന്ന പദത്തില്‍ നിന്ന് ഇന്ത്യ അല്ല ഉണ്ടായത്, ഹിന്ദു എന്ന സംജ്ഞയാണ്.
യൂറോപ്യന്മാര്‍ വന്നകാലംമുതല്‍ നമ്മെ കീഴടക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ആയുധത്താലല്ല എന്നു മനസ്സിലാക്കി. അതത്ര എളുപ്പവുമല്ല, ദീര്‍ഘകാലീനവുമല്ല. അതിനാല്‍ മാനസികമായി തകര്‍ക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഈ ഭൂപ്രദേശത്തെ ഹിന്ദുസ്ഥാന്‍ എന്നു വിളിക്കുന്നതും രാഷ്ട്രത്തെ ഭാരതം എന്ന് രേഖപ്പെടുത്തുന്നതും ഒഴിവാക്കി. മാത്രമല്ല, ഇവിടെയുള്ളവരെല്ലാം വരത്തന്മാരാണെന്നും ഈ നാടിന് സ്വന്തമായി ഒരു അസ്തിത്വമോ ചരിത്രമോ ഇല്ലെന്നും പഠിപ്പിച്ചു. അന്നും ഇന്നും ഇവിടെയുള്ള കുറേപ്പേര്‍ ബ്രിട്ടീഷ് പക്ഷപാതികളായതുകൊണ്ട് അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ എന്നത് ഉപയോഗിച്ചാല്‍ ഭാരതീയരില്‍ ആ ഒറ്റക്കാരണംകൊണ്ടുതന്നെ ഒന്നെന്ന വികാരം ഉണ്ടാകും. ജാതികളും മതങ്ങളും ഭാഷകളും ഒക്കെ വേറെയാണെങ്കിലും നമ്മള്‍ ഹിന്ദുക്കളാണ് എന്ന ബോധം രൂഢമായാല്‍ അത്തരമൊരു ജനതയെ, അത്ര ബൃഹത്തായ ഒരു ജനസഞ്ചയത്തെ എങ്ങനെ അടക്കിനിര്‍ത്തും? ഈ ആശങ്കയാണ് പേരുമാറ്റാന്‍ അവരെ പ്രേരിപ്പിച്ച ഒരു ഘടകം.
മറ്റൊന്ന്, ഭാരതം എന്ന പദം ഉപയോഗിക്കുമ്പോള്‍ ഒരു പ്രാചീന ജനതയാണ് നാം എന്ന ചിന്തയുണരും. പഴക്കം ചെന്ന ജനതയെങ്കില്‍ അവര്‍ക്കൊരു ചരിത്രവുമുണ്ടാകും. ഒരു ഉറച്ച അടിത്തറയില്ലാതെ സഹസ്രാബ്ദങ്ങള്‍ തുടര്‍ച്ചയായി ഒരു ജനതയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ല. ആ അടിത്തറ സംസ്‌ക്കാരവും അതിന്റെ ജീവിതദര്‍ശനവുമാണ്. അപ്പോള്‍ അതും ജനങ്ങള്‍ പഠിക്കാന്‍ തുടങ്ങും. ആക്രമിച്ചു വന്ന കടല്‍ക്കൊള്ളക്കാരേക്കഴിഞ്ഞും പാരമ്പര്യവും ഉന്നതമായ സംസ്‌ക്കാരവും ഉള്ളവരാണ് തങ്ങളെന്ന ബോധ്യത്തിലേക്ക് ഉണരുന്ന ജനത ലോകത്തിന്റെ മുമ്പിലേക്ക് കുതിച്ചുകയറും. ഇതു മൂന്നും, ചരിത്രവും സംസ്‌ക്കാരവും പ്രാചീനതയും, തിരിച്ചറിയുന്ന ജനങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കെട്ടുകെട്ടേണ്ടി വരും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് മുമ്പു പറഞ്ഞ പുതിയ പാഠങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. അവരെ സംബന്ധിച്ച് മറയ്‌ക്കേണ്ടതും മറക്കേണ്ടതുമാണ് ഈ രണ്ടു പേരുകളും, ഹിന്ദുസ്ഥാനും ഭാരതവും. അവരോടൊപ്പമാണോ ഇന്നത്തെ പ്രതിപക്ഷകക്ഷികളും?
സ്വന്തം നാടിനോടു കൂറുള്ളവര്‍ അതിന്റെ ചരിത്രസ്മരണകളുണര്‍ത്തുന്ന കാര്യങ്ങളെ വീണ്ടെടുക്കും. പൊടിതട്ടി, തുടച്ചുമിനുക്കി, പുതുക്കി അവതരിപ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അതിനോടുള്ള വികാരങ്ങളെ ഉദ്ദീപിപ്പിക്കും. അത് യഥാര്‍ത്ഥ നായകരുടെ ഉത്തരവാദിത്തമാണ്. തകര്‍ക്കപ്പെട്ട സ്മാരകങ്ങളെ വീണ്ടെടുക്കും; സംരക്ഷിക്കും. പുതിയ തലമുറയെ അതിന്റെ പ്രാധാന്യം പഠിപ്പിക്കും. രാഷ്ട്രജീവിതത്തില്‍ അതു വഹിച്ച പങ്കെന്ത് എന്ന് പറഞ്ഞുകൊടുക്കും. അതിനോടുള്ള ആദരവും ഭക്തിയും വളര്‍ത്തും. നാടിന്റെ സാംസ്‌ക്കാരികമായ പൈതൃകം എന്നും പറയുകയും കൈമാറുകയും ചെയ്യും. അതില്‍ കൊള്ളരുതാത്തത് എന്തായിരുന്നു, കൊള്ളാവുന്നവ എന്തൊക്കെയാണ്, പരിപോഷിപ്പിക്കേണ്ടവ ഏതാണ് എന്ന് ചര്‍ച്ച ചെയ്യും. തെറ്റിപ്പോയതിനെ തിരുത്താനും ആവശ്യമുള്ളതിനെ നിലനിര്‍ത്താനും പുതിയത് ആവശ്യമെങ്കില്‍ സൃഷ്ടിക്കാനും പരിശീലിപ്പിക്കും. കൊള്ളാവുന്ന സംസ്‌ക്കാരവും പാരമ്പര്യവും ഉള്ളവരൊക്കെ അങ്ങനെ ചെയ്യും. ചെയ്യാത്തവരൊക്കെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും. ഗ്രീസിനും റോമിനും ഈജിപ്തിനും പേര്‍ഷ്യക്കും ഒക്കെ പറ്റിയത് അതാണ്. ‘ഭാരത’ത്തെ എതിര്‍ക്കുന്നവരുടെ താല്‍പ്പര്യവും അതുതന്നെയാണ്; ഭാരതത്തെ പൂര്‍ണമായും ഇല്ലാതാക്കുക. അതു വകവെച്ചുകൊടുക്കാന്‍ തയ്യാറല്ല എന്നാണ് ജീവനുള്ള ഹിന്ദുസമൂഹം ഉറക്കെ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തുടച്ചുമാറ്റാന്‍ ശ്രമിച്ച പേരുകളും പറിച്ചെറിയാന്‍ തുനിഞ്ഞ സംസ്‌ക്കാരവും മറച്ചുകളയാന്‍ നിശ്ചയിച്ച ചരിത്രവും ഉയിര്‍ക്കൊണ്ട് ഉയര്‍ന്നുവരും. അതുകണ്ട് അലമുറയിടുന്നവരോട് സഹതാപം മാത്രം; കാരണം അവര്‍ അവരുടെ പൂര്‍വ്വികരെ അറിയുന്നില്ലല്ലോ എന്നോര്‍ത്ത്.
നമ്മുടെ ദേശീയഗാനമെങ്കിലും അവര്‍ക്ക് ഓര്‍ക്കാമായിരുന്നു. ‘പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്താ, ദ്രാവിഡ ഉത്ക്കല ബംഗാ, വിന്ധ്യ ഹിമാചല യമുനാ ഗംഗാ..’
കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് മുന്നണിക്കാര്‍ പറയുന്ന ഇന്ത്യയില്‍ ഈ സ്ഥലമെല്ലാം ഉണ്ടോ? ഇല്ലെങ്കില്‍ ഇത് ഇന്ത്യയുടെ ദേശീയഗാനമോ ഭാരതത്തിന്റെ ഗാനമോ? ഭാരതവിരുദ്ധ ആരോപണക്കാര്‍ ഇതിനെങ്കിലും ഉത്തരം തരുമെന്നു പ്രതീക്ഷിക്കട്ടെ.