സുഖമുണ്ടാവുക, ദു:ഖമില്ലാതിരിക്കുക. ഇതാണ് എല്ലാ ജന്തുജാലങ്ങളുടെയും ജീവിത ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ശ്രമത്തിലെന്തോ കുഴപ്പമുണ്ടെന്നറിയണം. ഭക്ഷണം കഴിച്ചാല്‍ വിശപ്പു മാറുന്നില്ലെങ്കില്‍ കഴിച്ചതിലെന്തോ കുഴപ്പുണ്ട് എന്നറിയണം.
ദുഃഖങ്ങളുടെ കാരണം കണ്ടെത്തി അതു മാറ്റാനുള്ള പരിശ്രമം വേണം. രണ്ടും പ്രധാനമാണ്. ശരിയായ കാരണം കണ്ടെത്തല്‍ ശാസ്ത്രമനുസരിച്ചാണെങ്കില്‍ അതു നന്മയിലേക്കു നയിക്കും. ഈ നന്മ, ഈ സുഖം, സ്ഥിരമാണോ അസ്ഥിരമാണോ എന്നും അറിയണം. ദേവന്മാര്‍ക്കു പോലും സുഖം സ്ഥിരമല്ലെന്ന് പുരാണങ്ങള്‍ പറയുന്നു. എന്തുകൊണ്ട്? അവരുടെ സുഖം കര്‍മ്മത്തില്‍ നിന്നുണ്ടായതാണ്. നശിക്കുന്നതാണ്. സ്ഥിരമല്ല. ജനിച്ചത് മരിക്കും. സ്ഥിരമായ സുഖമുണ്ടോ? അത് കിട്ടുമോ?
ഇത് കണ്ടെത്താന്‍ മനുഷ്യബുദ്ധിക്ക് തനിച്ചു സാധ്യമല്ല. കാരണം ബുദ്ധിയും പ്രകൃതിയുടെ ഭാഗമാണ്. ഇവിടെയാണ് ഗുരുവിന്റെ പ്രസക്തി. സുഖം തരുന്ന ധര്‍മത്തെ കുറിച്ചും ദുഃഖം തരുന്ന അധര്‍മത്തെക്കുറിച്ചും പറഞ്ഞു തരുന്ന ഒരു ഗുരു; സുഖദു:ഖങ്ങളുടെ ദാതാവായ ഈശ്വരനെ അറിയുന്ന ഗുരു; നമ്മെ അങ്ങോട്ടെത്തിക്കുന്ന ഗുരു. ഈശ്വരനെ തിരിച്ചറിയാന്‍ പോലും ഗുരുവേണം. ദുര്യോധനന് ശ്രീകൃഷ്ണനെ കണ്ടിട്ടു പോലും ഈശ്വരത്വം തിരിച്ചറിയാന്‍ കഴിഞ്ഞില്ലല്ലോ?
‘അന്നദാനം മഹാദാനം’ എന്ന ഒരു ചൊല്ലുണ്ട്. എന്താണ് അന്നദാനത്തിന് ഇത്ര പ്രാധാന്യം? ഭക്ഷണം കൊടുത്താല്‍ തൃപ്തിപ്പെടുത്താന്‍ കഴിയും. ‘മതിയായി’ എന്നു സമ്മതിക്കും. പിന്നെ കൊടുത്താല്‍ സ്വീകരിക്കില്ല. മറ്റൊന്നും കൊടുത്താല്‍ ‘മതി’ എന്നു പറയില്ല. പക്ഷെ ഭക്ഷണവും ദഹിച്ചു കഴിഞ്ഞാല്‍ വിശക്കും. വീണ്ടും വേണം.
ഒരിക്കല്‍ കൊടുത്താല്‍ ആ നിറവ് എന്നെന്നും നിലനില്‍ക്കുന്ന എന്തെങ്കിലും ലോകത്തിലുണ്ടോ? വീണ്ടും വേണമെന്ന ആഗ്രഹം പോലും തോന്നാത്ത വസ്തുവുണ്ടോ? ഉണ്ട്. അത്തരം ഒരു അനുഗ്രഹമാണ് അറിവ്, ജ്ഞാനം.
ദൃഷ്ടാന്തോ നൈവ ദൃഷ്ട:
ത്രിഭുവനജഠരേ സദ്ഗുരോര്‍ ജ്ഞാനദാതു:
സ്പര്‍ശശ്ചേത്തത്ര കല്പ്യ:
സ നയതി യദഹോ സ്വര്‍ണതാമശ്മസാരം
ന സ്പര്‍ശത്വം തഥാ ƒ പി
ശ്രിതചരണയുഗേ സദ്ഗുരു: സ്വീയശിഷ്യേ
സ്വീയം സാമ്യം വിധത്തേ
ഭവതി നിരുപമസ്‌തേന വാ ലൗകികോ ƒപി
ഒരു നല്ല ഗുരുവിനോട് ഉപമിക്കാന്‍ മറ്റൊരു വസ്തു ലോകത്തില്ല. സ്പര്‍ശമണിക്ക് ഇരുമ്പിനെ സ്വര്‍ണമാക്കാന്‍ കഴിയും. എന്നാല്‍ ആ സ്വര്‍ണത്തിന് മറ്റൊരു ഇരുമ്പുകഷണത്തെ സ്വര്‍ണമാക്കാനാവില്ല. എന്നാല്‍ ഗുരുവിന്? തന്നെ ശരണം പ്രാപിച്ച ശിഷ്യന് അറിവു കൊടുക്കാന്‍ കഴിയും. മാത്രമല്ല തനിക്കു തുല്യനാക്കാനും കഴിയും. സാമ്യം എന്നതിന് ബ്രഹ്‌മജ്ഞാനമെന്നു കൂടി അര്‍ഥമുണ്ട്. ‘ബ്രഹ്‌മവിദ് ബ്രഹ്‌മൈവ ഭവതി’ എന്നാണ്. ബ്രഹ്‌മത്തെ അറിഞ്ഞാല്‍ ഗുരുവും ശിഷ്യനും തുല്യരായി.
ഗുരു കരുണയുടെ കടലാണ്. കരുണ ഒന്നു മാത്രമാണ് ശിഷ്യനെ അനുഗ്രഹിക്കാന്‍ ഗുരുവിനെ പ്രേരിപ്പിക്കുന്നത്. ഗുരുവിനെ തേടിക്കണ്ടുപിടിക്കേണ്ടത് ശിഷ്യന്റെ കടമയാണ്.
തദ്വിദ്ധി പ്രണിപാതേന
പരിപ്രശ്‌നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്വദര്‍ശിന:
ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തില്‍ ശിഷ്യന്റേയും ഗുരുവിന്റേയും ലക്ഷണം വരും. പ്രണിപാതവും പരിപ്രശ്‌നവും സേവയും ശിഷ്യന്റെ ലക്ഷണം. ജ്ഞാനിത്വവും തത്വദര്‍ശിത്വവും ഉപദേശ സാമര്‍ഥ്യവും ഗുരുവിന്റെ ലക്ഷണവും.
ശിഷ്യന്‍ ഗുരുവിനെ നമസ്‌കരിക്കണം (പ്രണിപാതം). ശിഷ്യന്‍ വിനയവാനായിരിക്കണം. അറിവിന്റെ ലക്ഷണം വിനയമാണ്.’വിദ്യാ ദദാതി വിനയം’ എന്നാണ് വചനം. തനിക്കറിയാത്തത് ഗുരുവോട് ചോദിച്ചു (പരിപ്രശ്‌നേന) മനസ്സിലാക്കണം. എനിക്കെന്താണ് വേണ്ടത് എന്ന് ഗുരുവിന് അറിയുമല്ലോ! എന്നു കരുതരുത്. ഗുരു ശിഷ്യന്റെ ഇംഗിതത്തിന്നനുസരിച്ചാണ് കൊടുക്കുക. ഗുരുശുശ്രൂഷയും ശിഷ്യന്റെ കര്‍ത്തവ്യമാണ്. അതിലൂടെയാണ് ഗുരു പ്രീതനായി ശിഷ്യനെ അനുഗ്രഹിക്കുന്നത്. ശിഷ്യന് ഗുരു, ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനുമാണ്. ഗുരു സാക്ഷാല്‍ പരബ്രഹ്‌മം തന്നെയാണ്.
‘യദി തുഷ്ടോ ഗുരുരേക:
സ്വയമേവായാന്തി സിദ്ധയ: സര്‍വാ:’
ഗുരു ഒരാള്‍ പ്രസാദിച്ചാല്‍ എല്ലാ സിദ്ധികളും പിന്നാലെ വരും.
ഗുരു ജ്ഞാനിയായിരിക്കണം. ശാസ്ത്രങ്ങള്‍ അറിഞ്ഞിരിക്കണം. പോര, സത്യത്തെ കണ്ടറിഞ്ഞവനാവണം. അനുഭവസ്ഥനാവണം. അവര്‍ക്കേ ശിഷ്യന്റെ അവസ്ഥയെ തിരിച്ചറിയാന്‍ കഴിയൂ. അവന്റെ സംശയങ്ങളെ വേണ്ടുംവണ്ണം നിവാരണം ചെയ്യാന്‍ കഴിയൂ. പാഠന സാമര്‍ഥ്യവും ഗുരുവിനുണ്ടാവണം. ശിഷ്യനു മനസ്സിലാകത്തക്കവണ്ണം പറഞ്ഞു കൊടുക്കാന്‍ കഴിയണം.
ഗുരുവില്‍ പൂര്‍ണമായ വിശ്വാസവും ശ്രദ്ധയും ഉണ്ടാവണം. ബാക്കിയെല്ലാം തനിയേ വരും. ശങ്കരാചാര്യര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു സനന്ദനന്‍. ഒരു ദിവസം ഗംഗയുടെ മറുകരയിലുള്ള ശിഷ്യരോട് അടുത്തു വരാന്‍ പറഞ്ഞു. ശിഷ്യര്‍ തോണിയന്വേഷിച്ചു നടന്നു. സനന്ദനന്‍ മാത്രം ‘സംസാര സാഗരം കടത്തുന്ന ഗുരുവിന് ഈ ഗംഗ ഒരു വിഷയമാണോ?’ എന്നു ചിന്തിച്ച് ഗംഗയില്‍ കാലു വെച്ചു. ഗംഗാദേവി ആ പാദത്തെ താമരപ്പൂവാല്‍ താങ്ങി. സനന്ദനന്‍ പത്മപാദനായി തന്നിലേക്ക് നടന്നടുക്കുന്നത് സ്വാമിജി നിറകണ്ണുകളോടെ നോക്കി നിന്നു. തോടകാചാര്യന് സര്‍വശാസ്ത്രങ്ങളും സിദ്ധമായതും ഇതേ കരുണയാലാണ്.