ഭാരതത്തിലെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് നാട്ടുരാജ്യങ്ങളില്‍ നിന്ന് വലിയ തുക അവര്‍ കപ്പമായി വസൂലാക്കുമായിരുന്നു. നാട്ടുരാജ്യങ്ങളെ ആക്രമിച്ച് കീഴടക്കാതിരിക്കണമെങ്കില്‍ ഈ കപ്പം അനിവാര്യമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ മാര്‍ക്‌സിറ്റ് പാര്‍ട്ടിക്കും അവരുടെ സര്‍ക്കാരിനും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടിലായിരിക്കുന്നു. സംസ്ഥാനം സാമ്പത്തികമായി പാപ്പരായിപ്പോകാന്‍ പ്രധാനകാരണം മലയാളി വരിച്ച മാര്‍ക്‌സിസമെന്ന കാലഹരണപ്പെട്ട പ്രസ്ഥാനവും പ്രത്യയശാസ്ത്രവുമായിരുന്നു. കേരളത്തിന്റെ എല്ലാ മേഖലകളും സമ്പൂര്‍ണ്ണമായി തകരുന്നതിന് അതാത് മേഖലകളില്‍ പ്രവര്‍ത്തിച്ച മാര്‍ക്‌സിറ്റ് പോഷക സംഘടനകള്‍ വഹിച്ച പങ്ക് ചെറുതല്ല. തൊഴിലിടങ്ങളില്‍ സി.ഐ.ടി.യു എന്ന സംഘടന നടപ്പില്‍ വരുത്തിയ മുഷ്‌ക്കിന്റെ തൊഴില്‍ സംസ്‌കാരം കേരളത്തില്‍ നിന്ന് ഓരോ ചെറു സംരംഭങ്ങളെപ്പോലും നാടുകടത്തി. ഒന്നും സ്വന്തമായി ഉല്‍പ്പാദിപ്പിക്കാത്ത കേവലമൊരു ഉപഭോക്തൃ സംസ്ഥാനം മാത്രമാക്കി കേരളത്തെ മാറ്റുന്നതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പോഷക സംഘടനകളും വഹിച്ച പങ്ക് ചെറുതല്ല. തൊഴില്‍ ഇടങ്ങളില്‍ പണി എടുക്കാതെ നോക്കുകൂലി വാങ്ങുന്ന സി.ഐ.ടി.യു സംസ്‌കാരം കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മാര്‍ക്‌സിറ്റ് പാര്‍ട്ടി സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളെ സൃഷ്ടിച്ച് വീരസ്യം കാട്ടിയപ്പോഴും ഇന്നത്തെ മുഖ്യമന്ത്രി വിജയന്‍ തന്റെ മകള്‍ വീണയെ കോയമ്പത്തൂരിലുള്ള അമൃതാനന്ദമയി മഠത്തിന്റെ സ്വാശ്രയ കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. വീണ പിന്നീട് ഒരു സംരംഭകയായി മാറിയപ്പോള്‍ എന്തുകൊണ്ടോ സ്ഥാപനം ബാംഗ്ലൂരിലാണ് ആരംഭിച്ചത്. കേരളം സംരംഭക സൗഹൃദമല്ലാതായിട്ടുണ്ടെങ്കില്‍ അതിനു കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലതിരിഞ്ഞ സമീപനങ്ങളായിരുന്നു എന്ന് ഇനിയെങ്കിലും അവര്‍ സമ്മതിക്കണം. പക്ഷെ വീണാ വിജയന്റെ സംരംഭം പോലും മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുകൊണ്ട് നോക്കുകൂലി വാങ്ങാനുള്ള ഒരു കേന്ദ്രമായിരുന്നു എന്ന് ഇന്ന് മലയാളികള്‍ തിരിച്ചറിയുകയാണ്. മുഖ്യമന്ത്രി വിജയന്റെ രാഷ്ട്രീയ ജീവിതം അഴിമതിമുക്തമോ സംശുദ്ധമോ ആണെന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായ ലാവ്‌ലിന്‍ കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. പക്ഷെ ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നും വിജയന്‍ പണം വാങ്ങിയത് പാര്‍ട്ടിക്കുവേണ്ടിയായിരുന്നു എന്നു പറഞ്ഞ് അഴിമതിയെ ന്യായീകരിക്കുന്ന നിരവധി ന്യായീകരണ തൊഴിലാളികള്‍ പാര്‍ട്ടിക്ക് ഉണ്ട്. അഴിമതിയെ ആദര്‍ശവല്‍ക്കരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള സാമര്‍ത്ഥ്യം മറ്റാര്‍ക്കുമില്ല. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ച് രസിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. കേരളം എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ് ഖജനാവില്‍ പെരുച്ചാഴി പെറ്റു കിടക്കുമ്പോഴും മുഖ്യമന്ത്രിയുടെ മകള്‍ വീണ നോക്കുകൂലി വാങ്ങി നാട്ടുകാരെ കൊള്ളയടിക്കുന്നു എന്ന സാഹചര്യം പ്രബുദ്ധ കേരളത്തിന് അപമാനം തന്നെയാണ്.
2014-15 കാലത്ത് ബാംഗ്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ മുഖ്യമന്ത്രി വിജയന്റെ മകള്‍ വീണയുടെ എക്‌സലോജിക് എന്ന കമ്പനി 2022 വരെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന കമ്പനി 2017-20 കാലത്താണ് 1.72 കോടി രൂപ വീണയുടെ കമ്പനിക്ക് നല്‍കുന്നത്. എന്തെങ്കിലും സേവനത്തിന്റെ പ്രതിഫലമല്ല ഈ പണം എന്ന് ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സേവനത്തിന്റെ പ്രതിഫലമാണ് പ്രസ്തുത പണമെന്ന ന്യായവാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നിട്ടുണ്ട്. എ.കെ.ജി.സെന്റര്‍ മേല്‍വിലാസമാക്കി രജിസ്റ്റര്‍ ചെയ്ത് ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന വീണാ വിജയന്റെ കമ്പനിയെ ന്യായീകരിക്കാന്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിതമാണ്. കാരണം സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുടെ പേരാണ് ഇന്നത്തെ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. മാത്രമല്ല പാര്‍ട്ടിയെന്നാല്‍ പിണറായിക്കാരന്‍ വിജയന്‍ എന്ന് അര്‍ത്ഥ രൂപാന്തരം സംഭവിച്ച ആ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളും സമാനമായ നോക്കുകൂലികള്‍ കൊണ്ട് കാലക്ഷേപം ചെയ്തു പോരുന്നവരാണ്. മുഖ്യമന്ത്രി വിജയന്റെ ഓഫീസ് അഴിമതികളുടെ കൂത്തരങ്ങായി മാറിയിട്ടും പാര്‍ട്ടിയില്‍ ആര്‍ക്കും അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള കരുത്തില്ല എന്നതാണ് അവസ്ഥ. ഈത്തപ്പഴത്തില്‍ സ്വര്‍ണ്ണം കടത്തി, ബിരിയാണി ചെമ്പില്‍ സ്വത്ത് കടത്തി, കൈതോലപ്പായയില്‍ പണം കടത്തി തുടങ്ങിയ ഒട്ടനവധി ആരോപണങ്ങള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉയര്‍ന്നിട്ടും ഇതില്‍ ഒന്നില്‍പോലും തന്റെ നിരപരാധിത്വം തെളിയിക്കാനദ്ദേഹത്തിനായിട്ടില്ല എന്നതാണ് വസ്തുത. എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും മാറിക്കഴിഞ്ഞിരിക്കുകയാണ്.
2017ല്‍ വീണാ വിജയന്റെ എക്‌സലോജിക് കമ്പനിയും സി.എം.ആര്‍.എല്‍ എന്ന കമ്പനിയും തമ്മില്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടി കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും അതനുസരിച്ചുള്ള യാതൊരു സേവനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കരിമണല്‍ കമ്പനി ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. വീണാ വിജയന്‍ മുഖ്യമന്ത്രി വിജയന്റെ മകളും സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമാണ് എന്ന ഒറ്റക്കാരണത്താലാണ് കോടികള്‍ വീണയുടെ കമ്പനിക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനുള്ള പണമാണ് ഇതെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനുമവകാശമില്ല. കരിമണല്‍ കമ്പനി ഉടമയുടെ ഡയറിയില്‍ പണം നല്‍കിയവരുടെ ലിസ്റ്റില്‍ പി.വി. എന്ന ചുരുക്കപ്പേരുകാരന്‍ ആരാണെന്ന് അല്‍പ്പം ലോജിക്കുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതാക്കളും അഴിമതിയുടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രതിരൂപങ്ങളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.