മലയാളികള്‍ തിരഞ്ഞെടുത്ത ദുരന്തമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. എല്ലാ രംഗത്തും സമ്പൂര്‍ണ്ണ പരാജയമായ ഇതുപോലൊരു സര്‍ക്കാര്‍ കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം ഉണ്ടായിട്ടില്ല. എല്ലാ സംരംഭങ്ങളും സ്ഥാപനങ്ങളും തകര്‍ന്നടിഞ്ഞ് കടം കേറി മുടിഞ്ഞ സര്‍ക്കാര്‍ നാട്ടില്‍ മദ്യമൊഴുക്കി അതിന്റെ വരുമാനം കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ്. മദ്യവര്‍ജ്ജനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയം മലയാളികളോടുള്ള വെല്ലുവിളിയാണ്. കേരളീയരെ പരിഹസിക്കുംവിധമാണ് മദ്യനയ ഉത്തരവ് തുടങ്ങുന്നതു തന്നെ. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിനെതിരെ വാചാലമാകുന്ന സര്‍ക്കാര്‍ തന്നെ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാന്‍ കച്ചകെട്ടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ മദ്യനയം. ഐ.ടി.പാര്‍ക്കുകളിലും വ്യവസായ പാര്‍ക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വ്യാപകമായി മദ്യവിതരണം നടത്താന്‍ തീരുമാനമായിരിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെയും പ്രത്യേകിച്ച് പ്രൊഫഷണലുകളെയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കണമെന്ന് ഉറപ്പു വരുത്താന്‍ ശത്രുരാജ്യങ്ങളില്‍ നിന്ന് അച്ചാരം വാങ്ങിയതു പോലെയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തിലെ ക്രമസമാധാനനില പ്രതിദിനം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റ് രാസലഹരികളുടെയും ഉപയോഗം സാര്‍വ്വത്രികമായിരിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ബോധം നശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഇന്ന് പതിന്‍മടങ്ങായി വര്‍ദ്ധിച്ചിരിക്കുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും ഇടയില്‍ പോലും ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്ന വസ്തുത ഞെട്ടലോടെയാണ് നാം തിരിച്ചറിയുന്നത്.പുരുഷകേന്ദ്രീകൃതമായ സാമൂഹ്യ രചനയില്‍ ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വിവാഹമോചന നിരക്ക് പരിശോധിച്ചാല്‍ അതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്ന പ്രധാന വില്ലന്‍ മദ്യമാണെന്ന് കാണാന്‍ കഴിയും. ബാല-സ്ത്രീ പീഡനങ്ങളുടെയും എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുവാന്‍ കാരണം അമിതമായ മദ്യ, മയക്കുമരുന്ന് ഉപയോഗമാണെന്ന് കാണാം. ലഹരി ഉപയോഗത്തിനെതിരെ പ്രസ്താവനകളുടെ പെരുമ്പറ മുഴക്കുന്ന ഭരണകൂടംതന്നെ മുന്‍കൈ എടുത്ത് മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന വിരോധാഭാസം കേരളത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.
കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് പെരുകുന്ന ബാറുകളും കള്ളുഷാപ്പുകളുമെല്ലാം പാര്‍ട്ടിയുടെ ഫണ്ട് വര്‍ദ്ധിപ്പിക്കാനുള്ള കറവപ്പശുക്കളാണ്. ഇവയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതു മുതല്‍ പ്രതിമാസ വിഹിതം വരെ പാര്‍ട്ടിയെ സാമ്പത്തികമായി മെച്ചപ്പെടുത്തുന്ന രംഗങ്ങളാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യമോ മദ്യോപയോഗമുണ്ടാക്കുന്ന കുടുംബഛിദ്രങ്ങളോ ഒന്നും സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. പൊതുജനാരോഗ്യത്തെ ബലികഴിച്ചുകൊണ്ടുള്ള മദ്യനയം സംസ്ഥാനത്തിന് ചില താത്കാലിക നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും അവയെല്ലാം ഭാവികേരളത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിലേക്കുള്ള ഗതിയെ തടയാന്‍ പോന്ന നേട്ടങ്ങളല്ല.
ഇന്ന് കേരളത്തിന്റെ ഖജനാവിലേക്കുള്ള മുഖ്യ വരുമാന സ്രോതസ് മദ്യ വ്യാപാരത്തില്‍ നിന്നുള്ള ലാഭമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റായ സമീപനം കൊണ്ട് കേരളത്തിലെ കാര്‍ഷിക വ്യാവസായിക വിദ്യാഭ്യാസ മേഖലകളെല്ലാം സമ്പൂര്‍ണ്ണമായി തകര്‍ന്നു കഴിഞ്ഞു. അവസാനത്തെ സംരംഭകനും നാടുവിട്ടെന്ന് ഉറപ്പു വരുത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളം ഭരിക്കാനുള്ള പണം കണ്ടെത്താന്‍ മദ്യ വ്യാപാരമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ല. അവിടെ ജനങ്ങളുടെ ആരോഗ്യത്തിനും സ്ഥിര ബുദ്ധിക്കും അവര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അധികാര വാഴ്ച തകര്‍ന്നു വീണ എല്ലാ രാജ്യങ്ങളിലും അവര്‍ അവരുടെ ഭരണകൂടങ്ങളുടെ ആയുസ് നീട്ടിക്കിട്ടാന്‍ ജനങ്ങളുടെ സ്വബോധം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മദ്യപ്പുഴ ഒഴുക്കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ആ ചരിത്രം കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നു വേണം അനുമാനിക്കാന്‍. അതുകൊണ്ടാണ് മുതിര്‍ന്ന സി.പി.എം നേതാവ് തന്നെ കള്ള് ആരോഗ്യ പാനീയമാണെന്ന പ്രസ്താവന ഇറക്കിയത്. ഇതിലൂടെ ചെത്തരുത് കുടിക്കരുത് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകളെയാണ് ഇവര്‍ റദ്ദുചെയ്യാന്‍ ശ്രമിക്കുന്നത്.
ഇപ്പോള്‍ കേരളത്തില്‍ 559 വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി ഉള്ളത്. എന്നാല്‍ ഇതുവരെ 309 എണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.പുതുക്കിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാക്കി ഉള്ളവ കൂടി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. ഇതു കൂടാതെ കള്ള് കേരള ടോഡി എന്ന ബ്രാന്റ് നെയിമില്‍ വ്യാപകമായി വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ വൈനും ബിയറും ഏത് ഹോട്ടലിലും ലഭ്യമാക്കുവാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ലോക് ഡൗണ്‍ കാലത്ത് ഏതാണ്ട് 64 ദിവസം മദ്യമില്ലാതെ കഴിയാമെന്നു തെളിയിച്ച മലയാളിയെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മദ്യത്തില്‍ കുളിപ്പിച്ച് കിടത്തി അവന്റെ ഉദകക്രിയ ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ആരാധനാലയത്തിന്റെ തിരുമുറ്റത്തും പാഠശാലകളുടെ തിരുമുമ്പിലുമൊക്കെ ഇനി കേരളത്തില്‍ വ്യാപകമായി മദ്യമൊഴുക്കാന്‍ പോവുകയാണ്. നന്‍മയുടെ അവസാന വിത്തുകളെയും കടലെത്തുപോകുന്ന മദ്യത്തിന്റെ പ്രളയകാലമാണ് കേരളത്തില്‍ വരാന്‍ പോകുന്നത്. വിഷം വിറ്റ് അധികാരം നടത്തുന്ന ഇതുപോലെ വേറെ അധികം ഭരണകൂടങ്ങള്‍ ലോകത്തുണ്ടെന്ന് തോന്നുന്നില്ല. എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കുഞ്ഞുങ്ങള്‍ കഞ്ഞികുടിക്കേണ്ട കാശ് പിടിച്ചുപറിച്ച് അവരുടെ രക്ഷകര്‍ത്താക്കളെ അകാലമരണത്തിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിടാന്‍ പോവുകയാണ്. വിവേചനബുദ്ധിയുള്ളര്‍ ശേഷിക്കുന്നുണ്ടെങ്കില്‍ അവരുടെ സമ്മതിദാനാവകാശം അടുത്ത തിരഞ്ഞെടുപ്പില്‍ ബുദ്ധിപൂര്‍വ്വം പ്രയോഗിക്കുക എന്നതു മാത്രമാണ് കരണീയമായിട്ടുള്ളത്.