ആസ്‌ട്രേലിയന്‍ ടെലിവിഷന്‍, റേഡിയോ എഴുത്തുകാരി റോണ്ടാ ബയണ്‍ 2006ല്‍ ഒരു ഡോക്യുമെന്ററി യെടുത്തത് ചരിത്രപരമായ തീരുമാനമായി തീരുകയായിരുന്നു. അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായിരുന്ന ഫിനേസ് ക്വിംബി (1802-1866) യുടെ നവചിന്താ പ്രസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ കുറേപ്പേരെ അഭിമുഖം നടത്തിയതിന്റെ വിവരണമാണ് ആ ഫിലിമിലുണ്ടായിരുന്നത്. ദ സീക്രട്ട് (The Secret) എന്ന പേരിലാണ് ആ ഡോക്യുമെന്ററി പുറത്തുവന്നത്.
ഫിനോസ് ക്വിംബി ഒരു അദ്വൈതിയായിരുന്നു. സകലതിലും അനശ്വരവും ദൈവജന്യവുമായ ഒരേ പ്രഭാവമാണുള്ളതെന്ന ബ്രഹ്മവാദം തന്നെയാണിത്.
ഈ നവചിന്താപദ്ധതിയുടെ പ്രായോഗികരൂപമായി ക്വിംബി ഒരു രഹസ്യം മുന്നോട്ടു വച്ചിട്ടുണ്ടായിരുന്നു. ഒരാളുടെ ചിന്തയാണ് അയാളുടെ അനുഭവങ്ങള്‍ക്ക് നിദാനമാകുന്നത്. ഞാന്‍ ചിന്തിക്കുന്നതിനനുസരിച്ച് മാത്രമേ എനിക്കെന്തെങ്കിലും ആകാനൊക്കൂ. ഞാനൊരു ഗുസ്തിക്കാരനാകണമെന്നാഗ്രഹിക്കുകയും ഒരു പക്ഷിനിരീക്ഷനാകാന്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എനിക്ക് രണ്ടും ആകാന്‍ പറ്റില്ല. നമ്മള്‍ ആഗ്രഹിക്കുന്നത് നടപ്പാകണമെങ്കില്‍ ഒരു ഫലത്തില്‍ ഉറച്ച് വിശ്വസിക്കണം. അത് മനസ്സില്‍ മായാതെ നിലനിര്‍ത്തണം. മറ്റെല്ലാ ചീത്ത ചിന്തകളെയും ഒഴിവാക്കി വിട്ട്, അതിലേക്ക് തന്നെ മനസ്സിന്റെ ശക്തിയെ നയിക്കണം; ദുഷ്ചിന്തകള്‍ വന്ന് തടസ്സപ്പെടുത്താന്‍ പാടില്ല.
റോണ്ടാ ബയണ്‍ തന്റെ ഡോക്യുമെന്ററിയുടെ വിജയത്തെ തുടര്‍ന്ന് ദ സീക്രട്ട് എന്ന പേരില്‍ ഒരു പുസ്തകം എഴുതി. വിഷയം നവചിന്തയും അഭിമുഖങ്ങളും തന്നെ. ഇത് വന്‍വിജയമായി. 2006ല്‍ പുസ്തകം പ്രസിദ്ധീകരിച്ചശേഷം, ഒരു വര്‍ഷം കൊണ്ട് പത്തൊന്‍പത് ദശലക്ഷം കോപ്പികളാണ് വിറ്റുപോയത്; നാല്പത് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. തന്റെ കൃതിയില്‍ അഭിമുഖം ചെയ്യപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കിയ ജീവിത തത്ത്വത്തെ ‘ആകര്‍ഷണത്തിന്റെ നിയമം’ എന്ന് വിളിക്കാനാണ് റോണ്ട ബയണ്‍ ഇഷ്ടപ്പെടുന്നത്.
ചിന്തിക്കുന്നതെന്തോ അത് യാഥാര്‍ത്ഥ്യമാകുന്നു എന്നാണ് ഗ്രന്ഥകാരി പറയുന്നത്. നമ്മുടെ തീക്ഷ്ണമായ ആഗ്രഹങ്ങളും ചിന്തകളും നമ്മെ അവിടേക്ക് തന്നെ സ്വാഭാവികമായി എത്തിക്കുന്നു. ഇതിനായി പ്രപഞ്ച സംവിധാനത്തില്‍ എന്തോ പ്രവര്‍ത്തിക്കുന്നു. ഇതാണ് രഹസ്യം.
ദ സീക്രട്ട് എന്ന കൃതി എഴുതുന്നതിനുമുമ്പ് ബയണ്‍ വ്യക്തിപരമായി നാശത്തിന്റെ വക്കിലായിരുന്നു. അച്ഛന്റെ മരണവും ഡോക്യുമെന്ററികള്‍ എടുത്ത വകയിലുള്ള വന്‍ കടബാധ്യതയും അമ്മയുടെ നിരാശയും ബയണിനെ പതനത്തിന്റെ ആഴത്തിലെത്തിച്ചിരുന്നു. അപ്പോഴാണ് അവരുടെ മകള്‍ ഒരു പുസ്തകം വായിക്കാനായി കൊണ്ടുവന്ന് കൊടുത്തത്Wallace D Wattle എഴുതിയ The Science of getting rich; പണക്കാരനാകുന്നതിന്റെ ശാസ്ത്രം. അതിനുശേഷമാണ് ജീവിതത്തില്‍ വിജയിച്ചവരുടെ രഹസ്യം തേടാന്‍ ഒരു ഡോക്യുമെന്ററി എടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. അവരെല്ലാം തങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഫോക്കസും മുഖേന എങ്ങനെ ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമാക്കിയെന്ന് വിവരിച്ചു.
എന്നാല്‍ പുസ്തകരചനയ്ക്ക് ശേഷം ജീവിതം വല്ലാതെ മാറിപ്പോയെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ മനസ്സില്‍ വല്ലാത്ത ശാന്തതയുണ്ട്. പുറംലോകത്തെ നരകങ്ങളെപ്പറ്റി ആലോചിക്കാറില്ല. സമീപകാലത്ത് അവര്‍ വേറൊരു പുസ്തകമെഴുതി – How the secret changed my life. തന്റെ പുസ്തകം വായിച്ച് ജീവിതം മാറ്റിമറിച്ചവരെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
ലോകം ഊര്‍ജ്ജമാണെന്നിരിക്കെ അതിന്റെ തരംഗ ദൈര്‍ഘ്യങ്ങളുമായി മനുഷ്യമനസ്സ് സമ്പര്‍ക്കത്തിലാവുമ്പോഴാണ് കാര്യങ്ങള്‍ ചലിച്ചു തുടങ്ങുന്നത്. ഒരു വ്യക്തിയുടെ ഉള്ളിലെ ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യം സമാനമായ പ്രപഞ്ച ഊര്‍ജ്ജത്തിന്റെ തരംഗ ദൈര്‍ഘ്യവുമായി സമ്പര്‍ക്കത്തിലാകുന്നതിനെയാണ് ബയണ്‍ ‘ആകര്‍ഷണനിയമം’ എന്ന് വിളിക്കുന്നത്. ചിന്തകള്‍ മാറ്റുമ്പോള്‍ തരംഗദൈര്‍ഘ്യമാണ് മാറുന്നത്. മനുഷ്യന്‍ ഒരു ട്രാന്‍സ്മിറ്റര്‍ ആയി സ്വയം സങ്കല്പിക്കുക. അതിലൂടെ ഊര്‍ജ്ജത്തെ പുറത്തേക്ക് വിടുക. ഇതിനാണ് പ്രയത്‌നം വേണ്ടത്. ഒരു പക്ഷേ, ഭാരതീയ ഋഷികള്‍ പറഞ്ഞ തപസ്സ് എന്ന പ്രക്രിയയുടെ ഒരു ചെറിയഭാവം ഇവിടെ ദര്‍ശിക്കാനായേക്കും.
നമ്മളിലേക്ക് വരുന്ന ഊര്‍ജ്ജം കൂടുകൂട്ടുന്നത് നമ്മളില്‍ ഏറ്റവും ശക്തമായ ചിന്തകളുടെ തരംഗദൈര്‍ഘ്യവുമായിട്ടായിരിക്കും. അതായത്, നമ്മള്‍ നിരാശയെയോ ചീത്തചിന്തകളെയോ ആണ് മനസ്സില്‍ ശക്തിപ്പെടുത്തിയിട്ടുള്ളതെങ്കില്‍, അതായിരിക്കും പുറത്തേക്ക് വരുക. ഒരാളുടെ വികാരം എന്താണോ അതിനു തുല്യമായ ഊര്‍ജ്ജമാണ് പ്രപഞ്ചത്തില്‍ നിന്ന് ഉള്ളിലേക്ക് ആഗിരണം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകള്‍ നമ്മെ സ്ഥിരമായി നശിപ്പിച്ചുകൊണ്ടിരിക്കുകയേയുള്ളൂ.
ബയണിന്റെ The power, The Magic എന്നീ പുസ്തകങ്ങളും വലിയ ഹിറ്റായി.
റെനോയുടെ കലാതത്ത്വം
ഫഞ്ച് ചിത്രകാരനായ പിയറി ഓഗസ്റ്റേ റെനോ ആണ് ഇംപ്രഷണിസത്തിന്റെ പിറവിക്ക് കാരണമായത്. ഒരു രൂപം പൂര്‍ണമായി വരയ്‌ക്കേണ്ടതില്ലെന്നും അതിനെക്കുറിച്ചുള്ള ധാരണ കാണികളുടെ മനസ്സില്‍ എത്തിക്കുന്നത് നിറങ്ങളാണെന്നും പ്രഖ്യാപിക്കുകയാണ് ഇംപ്രഷണിസ്റ്റുകള്‍ ചെയ്തത്. 1874ലാണ് ആദി ഇംപ്രഷണിസ്റ്റിക് പ്രദര്‍ശനം (പാരീസ്) നടന്നത്. ക്ലോദ് മൊനെ, എഡ്ഗാര്‍ ദേഗാസ്, റെനോ തുടങ്ങിയവരുടെ സംയുക്ത പ്രദര്‍ശനമായിരുന്നു അത്.
റെനോ ലോകചിത്രകലയില്‍ സ്വന്തമായി ഒരു കലാവ്യവഹാരം എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. അപൂര്‍ണതയാണ് ചിത്രകലയുടെ മര്‍മ്മമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. റെനോ വരച്ചത് നിറങ്ങളുടെ പൂരമാണ്. ‘Umbrellas’ ഉദാഹരണം. The seine at Asnieres മറ്റൊരു വിസ്മയമാണ്. നിറങ്ങളാണ് രൂപങ്ങള്‍. അതിന്റെ പകുതി കാണികളുടെ മനസ്സിലാണുള്ളത്.
ജീവിതത്തില്‍ കാണാനും കേള്‍ക്കാനും കൊള്ളാത്തത് ധാരാളമുള്ളതിനാല്‍ അവയെയെല്ലാം തന്റെ കാന്‍വാസില്‍ നിന്ന് ഒഴിവാക്കണമെന്ന് റെനോയ്ക്ക് നിര്‍ബന്ധമായിരുന്നു. റെനോ ധാരാളം സ്ത്രീരൂപങ്ങള്‍ വരച്ചിട്ടുണ്ട്. കുളിക്കുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് ജീവനുണ്ടെന്ന് തോന്നും. ഇതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. ”ഞാന്‍ വരയ്ക്കുന്ന സ്ത്രീരൂപങ്ങള്‍ കാന്‍വാസില്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എനിക്ക് ആകര്‍ഷണം തോന്നണം. അവരെ സ്പര്‍ശിക്കാന്‍ എനിക്കു തോന്നണം.”
ഒരു ചിത്രകാരന്‍ അവന്റെ വളരെ അടുത്തുള്ളതോ, റെഡിമെയ്ഡ് ആയി മനസ്സില്‍ ഉള്ളതോ അല്ല വരയ്‌ക്കേണ്ടത്. അവന്റെ പരിധിക്കപ്പുറത്തേക്ക് പോകണം. നമ്മള്‍ കണ്ട് പഠിച്ചുവച്ച ഒരു വസ്തുവിനെയല്ല വരയ്‌ക്കേണ്ടതെന്ന് റെനോ പറഞ്ഞു. ആ വസ്തുവിന്റെ ഇനിയും അറിയപ്പെടാത്ത മുഖമാണ് വരയ്‌ക്കേണ്ടത്. ആ വസ്തുവിനെക്കുറിച്ചുള്ള മുന്‍ധാരണകള്‍ തനിക്ക് ഒഴിവാക്കേണ്ടിവരുമെന്നാണ് റെനോ പറഞ്ഞതിന്റെ സാരം.
വായന
കെ.കെ. രവീന്ദ്രനാഥ് അടൂര്‍ എഴുതിയ ലേഖനത്തില്‍ (സമഷ്ടി, ഭിലായ്) വീടിനുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീകളെക്കുറിച്ച് ഏറ്റവും വൈകാരികമായി എഴുതിയ കവി ആറ്റൂര്‍ രവിവര്‍മ്മയാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ആറ്റൂരിന്റെ മിതഭാഷിത്വം, വ്യക്തിശുദ്ധി എല്ലാം നല്ലതാണ്. ആറ്റൂര്‍ പലരെയും പോലെ വാരികകളുടെ എല്ലാ ലക്കങ്ങളിലും കവിതയുമായി വന്നിട്ടില്ല. അദ്ദേഹം സ്വന്തം മാധ്യമത്തോട് സത്യസന്ധനാവുക തന്നെ ചെയ്തു. പക്ഷേ, ആറ്റൂര്‍ മലയാളകവിതയില്‍ ഒരു സ്വാധീനമായിട്ടില്ല. അദ്ദേഹം വൈകാരികമായി എഴുതി എന്ന വാദം തെറ്റാണ്; തീരെ വികാരമില്ലാത്ത കവിയായിരുന്നു. അദ്ദേഹം കവിതയെ ബുദ്ധിയിലൂടെ ജപിച്ചു വരുത്തുകയായിരുന്നു. ഈ ദുശ്ശീലം, അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിലും കാണാം. കവിത വായിച്ചാല്‍ മനസ്സിന്റെ ഒരു കോണിനെപ്പോലും സ്പര്‍ശിക്കരുതെന്നുള്ള ശാഠ്യം പ്രകടമാണ്. ഒരു ഫീല്‍ തരാനാണ് എഴുതേണ്ടത്; ഫീല്‍ ഇല്ലെങ്കില്‍ എന്തിന് എഴുതണം?
നോവലിസ്റ്റ് അയ്യനേത്ത് ഒരു ദാര്‍ശനികനല്ലായിരിക്കാം. എങ്കിലും അദ്ദേഹം ‘വാഴ്‌വേമായം’ പോലുള്ള സിനിമകള്‍ക്ക് കാരണമായ കൃതികള്‍ എഴുതിയിട്ടുണ്ട്. അയ്യനേത്തിനെ മലയാളത്തിലെ ക്ലിക്കുകളും ഗ്രൂപ്പുകളും കണ്ടതേയില്ല. അദ്ദേഹം ഒരു കൂട്ടുമില്ലാതെ തിരുവനന്തപുരത്തെ റോഡില്‍ കൂടി നടക്കുമായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ നവമാധ്യമപ്രഭൃതികള്‍ ഒരു ചരമക്കോളത്തില്‍ സംസ്‌കരിച്ചു.
മലയാളമനോരമയില്‍ തോമസ് ജേക്കബ് കൊണ്ടുവന്ന പരിഷ്‌കാരത്തിന്റെ ദുരന്തമാണിത്. ഒരു സാധാരണ തൊഴിലാളിയോ അലക്കുകാരിയോ വീട്ടുമടമസ്ഥനോ ഓട്ടോ തൊഴിലാളിയോ തങ്ങളുടെ തൊട്ടടുത്തു താമസിക്കുന്ന ആള്‍ സാഹിത്യകാരനാണെങ്കില്‍ അറിയരുത്! മുപ്പതോ നാല്പതോ വര്‍ഷം സാഹിത്യമെഴുതിയ ആളെ പത്രവായനക്കാര്‍ അറിയരുതെന്ന ഈ തീരുമാനം ഒരു രാഹുകാലംപോലെ ഇപ്പോഴും മലയാളത്തെ വിഴുങ്ങി നില്‍ക്കുകയാണ്.
സംവിധായകന്‍ അരവിന്ദനെ കാണാന്‍ തിരുവനന്തപുരത്ത് പോയ കാര്യം വേണു.വി.ദേശം നീട്ടിപ്പരത്തി എഴുതിയിരിക്കുന്നു (എഴുത്ത്). എന്തിനാണ് ഇതൊക്കെ എഴുതുന്നതെന്ന് മനസ്സിലാകുന്നില്ല. വീട്ടില്‍ പോയി സിനിമാക്കാരെ കണ്ടതും ഊണുകഴിച്ചതും വായനക്കാര്‍ എന്തിന് അറിയണം? ഇതിനൊക്കെ എന്താണ് പ്രസക്തി? മലയാളത്തില്‍ ഓര്‍മ്മയെഴുത്തുകാര്‍ ഒരു വലിയ ഭീഷണിയാണ്. വേറൊരു പത്രത്തില്‍ യു.കെ.കുമാരന്‍ തനിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എ.കെ.ആന്റണി താമസിക്കാന്‍ മുറി തന്ന കാര്യം എഴുതിയിരിക്കുന്നു? ഇതൊക്കെ എത്ര തവണ എഴുതണം? ഇതുപോലുള്ള ചവറുകള്‍ എഴുതി സമയം പാഴാക്കുകയാണ് മലയാള എഴുത്തുകാര്‍ – ഓര്‍മ്മകള്‍ നല്ലതാണ്. പക്ഷേ, അത് മറ്റുള്ളവര്‍ക്ക് ശാപമാകരുത്.
സുകേതുവിന്റെ കവിത ‘അറവ്’ (എഴുത്ത്) ഉഗ്രമായി എന്നറിയിക്കട്ടെ. ”കശാപ്പുകാരന്‍ സമ്മതിച്ചു. കൊലയാളി തന്നെ. പക്ഷേ, നിന്നെപ്പോലെ കൊല്ലാക്കൊല ചെയ്യുന്നില്ല. ചിരിച്ചുകൊണ്ട് ആരുടേം കഴുത്തറക്കുന്നുമില്ല” – ഇതാണ് കവിത. ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദമായ ക്രൂരതയിലേക്ക് ആണ്ടിറങ്ങാന്‍ സുകേതുവിനു കഴിഞ്ഞു.
ഓരോ മാനവരൂപവും ഓരോ നാരായണരൂപമാണെന്ന് എഴുതി അക്കിത്തം (ചര്‍വ്വിത ചര്‍വ്വണം – കേരളകൗമുദി ഓണപ്പതിപ്പ്) ഏകത്വത്തിന്റെ ഒരു ഉണര്‍വ്വിനു തിരികൊളുത്തിയിരിക്കുന്നു.
എം.കൃഷ്ണന്‍ നായരെക്കുറിച്ച് എസ്.ഭാസുരചന്ദ്രന്‍ എഴുതിയ ലേഖനം നമ്മുടെ സമകാലീന കവിതയുടെയും പൊള്ളയായ, ഉപരിപ്ലവ സാഹിത്യരചനയുടെയും വിമര്‍ശനം കൂടിയാണ്. ”വയലാര്‍, പി.ഭാസ്‌ക്കരന്‍, ഒ.എന്‍.വി. എന്നിവരുള്‍പ്പെടെ എം.കൃഷ്ണന്‍നായര്‍ തള്ളിപ്പറഞ്ഞ കവികളുടെ എഴുത്തിന്റെ പൊതുവായ പ്രശ്‌നമെന്താണെന്ന് ചോദിച്ചാല്‍ ആദ്യം പറയേണ്ടത് ഒറ്റകാര്യമാണ്. പുറമേ എന്ത് കാണുന്നുവോ അതേയുള്ളു, അതിനപ്പുറം ഒന്നുമില്ല – ”അവരുടെ കവിതകളില്‍ അടുത്ത ബെല്ലിന് നാടകം ആരംഭിക്കുന്ന ഒരാന്തരിക ലോകമില്ല.” (സാഹിത്യവിമര്‍ശം) – ഭാസുരചന്ദ്രന്‍ എഴുതുന്നു.
മഹാപ്രസ്ഥാനത്തെ അനുസ്മരിപ്പിക്കുന്ന കഥയാണ് ശ്രീവരാഹം ബാലകൃഷ്ണന്റെ ദുര്‍ഗ (പ്രഭാവം). കുന്നുകയറുന്ന അഞ്ച് ആണുങ്ങളും ഒരു പെണ്ണും. ഏറ്റവും പിന്നിലായ് ഇളയവന്‍. അവന്‍ തളര്‍ന്ന് വീഴുമ്പോള്‍ താങ്ങായി അവളുണ്ട് – ദുര്‍ഗ
ബുദ്ധന്റെ രഹസ്യം
മനുഷ്യമനസ്സിന്റെ അപാരസിദ്ധികളെ കണ്ടെത്തിയ മഹാദാര്‍ശനികനാണല്ലോ ഗൗതമബുദ്ധന്‍. ബുദ്ധന്‍ ധ്യാനത്തിന്റെ രഹസ്യമാണ്. രാജന്‍ പെരുന്ന എഴുതിയ ‘ബുദ്ധനിലേക്ക് എത്ര ദൂരം’ എന്ന കൃതി ബുദ്ധന്റെ ആന്തരിക ശാസ്ത്രത്തെ അറിയാന്‍ സഹായിക്കുന്ന നല്ലൊരു പുസ്തകമാണ്. ഈ പുസ്തകത്തിലെ ഏതാനും വാക്യങ്ങള്‍ ചുവടെ:
- കാടുകയറുന്ന ചിന്തകള്‍ ചെയ്യുന്നിടത്തോളം ദ്രോഹം, നിങ്ങളുടെ ഏറ്റവും നീചനായ ശത്രുപോലും നിങ്ങള്‍ക്ക് ചെയ്യില്ല.
- ചെയ്യുന്നതെന്തിലും മനസ്സ് ചെലുത്തുകയാണ് ബുദ്ധപ്രകൃതം.
- നമ്മില്‍ ഒട്ടുമിക്കപേരിലും ഉറങ്ങുന്ന ബുദ്ധനാണുള്ളത്. കാരണം ആവര്‍ത്തിച്ചു ചെയ്യുന്ന പലതിലും മനസ്സിന്റെ ഇടപെടല്‍ ഉണ്ടാകുന്നേയില്ല.
- ഗൗതമബുദ്ധനുമുമ്പ് ധാരാളം ബുദ്ധന്മാരുണ്ടായിരുന്നു. അവരിലെ അവസാനത്തെ കണ്ണിയാണ് ഗൗതമബുദ്ധന്‍. തീക്ഷ്ണമായ ജ്ഞാനോദയം ഗൗതമബുദ്ധനു മാത്രം.
- ബോധോദയമുണ്ടായശേഷം അത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വേണ്ടി നാല്പത്തിയഞ്ച് വര്‍ഷക്കാലം ചെലവഴിച്ചു.
- സുഖം ദുഃഖമാണെന്നും അല്ലെങ്കില്‍ ദുഃഖം സുഖമാണെന്നുമുള്ള തിരിച്ചറിവ് യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഒന്നാമത്തെ പടവുമാത്രമാണ്.
- കലിംഗയുദ്ധത്തിനുശേഷം അശോകന്‍ രാജ്യത്ത് മാംസഭക്ഷണം നിരോധിച്ചു. ശിലാശാസനം ഒന്നില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
- ചിന്തകളുടെ അവസാനത്തില്‍ നിന്നാണ് ധ്യാനം ആരംഭിക്കുന്നത്.
- ബുദ്ധന്‍ പറഞ്ഞു: ആലോചിച്ചു നോക്കൂ, നിങ്ങള്‍ എത്രമാത്രം സന്തുഷ്ടരും സ്വതന്ത്രരുമാണെന്ന്. എന്താണ് കാരണം? നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒരു പശുപോലുമില്ല.
- ഒരേ കാര്യം പലവട്ടം ചെയ്ത് തഴക്കം വന്ന മനസ്സിന് വളരെ വേഗം വിശ്രാന്താവസ്ഥയിലെത്താനാവും.
നുറുങ്ങുകള്‍
-
വള്ളത്തോള്‍, ആശാന്‍ എന്നിവര്‍ക്ക് ശേഷം ചങ്ങമ്പുഴയെയാണ് മുണ്ടശ്ശേരി പ്രധാന കവിയായി കണ്ടത്.
-
കവിത്രയത്തിനും ചങ്ങമ്പുഴയ്ക്കും ശേഷം അലച്ചിലിന്റെ കവിയായ എ.അയ്യപ്പനാണ് ശ്രദ്ധ നേടുന്നത്. അയ്യപ്പന്റെ കവിത ബൗദ്ധമാര്‍ഗമാണ്.
-
ഭര്‍ത്താവ് സി.ജെ.തോമസിനേക്കാള്‍ നൂറ് മടങ്ങ് വലിയ എഴുത്തുകാരനാണ് തന്റെ അപ്പന്‍ എം.പി.പോള്‍ എന്ന് റോസി തോമസ് പറഞ്ഞു.
-
രാമായണത്തിലെ ഋഷിമൂകാചലം എന്ന നാമത്തില്‍ പോലും ഭാരതീയത നിറഞ്ഞിരിക്കുന്നു.
-
റഷ്യന്‍ സാഹിത്യകാരനായ ദസ്തയെവ്‌സ്‌കി കഥയല്ല പറയുന്നത്; കഥയ്ക്കുള്ളിലെ …..സത്തകളാണ്. എന്നാല്‍ മിഖായേല്‍ ഷൊളഖോവ് എല്ലാവര്‍ക്കും യഥാര്‍ത്ഥമായ കഥ പറയുന്നു.