ഭാരതത്തിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മണിപ്പൂരില്‍ നിന്ന് രണ്ടു മാസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ ദേശസ്‌നേഹികളില്‍ ഖേദം നിറയ്ക്കാന്‍ പോന്നവയാണ്. ഇവിടെയുള്ള ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും വീടുകളും സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്യുന്നു. നിരവധി ആള്‍ക്കാര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഭരണകൂടവും കേന്ദ്ര സര്‍ക്കാരും ആവുംവിധമെല്ലാം സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അമിത് ഷാ ഒന്നിലധികം തവണ കലഹിക്കുന്ന ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ നേതാക്കന്മാരുമായി ഒരുമിച്ചിരുന്ന് സമാധാന ധാരണയിലേക്കെത്തിയെങ്കിലും പൂര്‍ണ്ണമായി സമാധാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സുരക്ഷാ സേന ഒരു പരിധിക്കപ്പുറത്തേയ്ക്ക് ബലപ്രയോഗത്തിന് മുതിരാത്തത് ശാശ്വത സമാധാനമുണ്ടാക്കാനുള്ള നയപരമായ സമീപനം ഒന്നുകൊണ്ടു മാത്രമാണ്.
ചൈനയുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന മണിപ്പൂര്‍ എന്ന കൊച്ചു സംസ്ഥാനത്തിലെ വിഘടന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ നടക്കുന്ന അസ്വസ്ഥതകള്‍ക്കു പിന്നിലും ബാഹ്യ ഇടപെടലും വിഘടനവാദ ശക്തികളുടെ സാന്നിദ്ധ്യവും ഉണ്ട്. ഗോത്ര സമൂഹങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഉപയോഗിക്കുന്നത് അമ്പും വില്ലും ചാട്ടുളിയുമൊന്നുമല്ല. ചൈനീസ് നിര്‍മ്മിതമായ അത്യന്താധുനിക തോക്കുകളാണ്. കൃത്യമായ പരിശീലനമില്ലാതെ വനവാസികള്‍ക്ക് ഇത്തരം ആയുധം ഉപയോഗിക്കാന്‍ കഴിയില്ല. അവിടെയാണ് മണിപ്പൂരിലെ ഭീകരവാദ ചരിത്രം സുഷുപ്തി കൊള്ളുന്നത്.
മണിപ്പൂരില്‍ നടക്കുന്നത് ബി.ജെ.പി.യുടെ പിന്തുണയോടെയുള്ള ക്രിസ്ത്യന്‍ വേട്ടയാണ് എന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ മലയാള മാധ്യമങ്ങള്‍ കുറച്ച് ദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പിന്നിലുള്ള രാഷ്ട്രീയ അജണ്ട തേടി പാഴൂര്‍പടിപ്പുരവരെ യൊന്നും പോകേണ്ടതില്ല. താലിബാന്‍ വല്‍ക്കരിക്കപ്പെട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴില്‍ ലൗ ജിഹാദും ലാന്റ് ജിഹാദും ഹലാല്‍ ബിസിനസ്സുമെല്ലാമായി നീതി നിഷേധിക്കപ്പെടുന്ന ക്രൈസ്തവ സമൂഹം ബി.ജെ.പി.യോട് അടുക്കുന്നതിന്റെ അപകടം മണക്കുന്ന കമ്മ്യൂണിസ്റ്റ്-ജിഹാദി മാധ്യമ പ്രവര്‍ത്തകരാണ് നുണപ്രചരണത്തിനു പിന്നില്‍. മണിപ്പൂരിലെ സംഭവങ്ങളെ വളച്ചൊടിച്ച് വര്‍ഗ്ഗീയ സംഘര്‍ഷമായി വിളമ്പുന്ന മലയാള മാധ്യമങ്ങളുടെ ആഖ്യാനങ്ങള്‍ കേട്ടാല്‍ ഇവിടെ ആദ്യമായാണ് കലാപമുണ്ടായതെന്ന് തോന്നും.
സത്യത്തില്‍ മണിപ്പൂരില്‍ ഈ അടുത്ത കാലത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് സമാധാനവും വികസനവും എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ദശകങ്ങളായി അസ്വസ്ഥമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെല്ലാം ശാന്തമായതും അവിടേക്ക് വികസനം എത്തിനോക്കിത്തുടങ്ങിയതും ആ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണി അധികാരത്തില്‍ വന്നതിനു ശേഷമാണ്.
അതിര്‍ത്തിക്കപ്പുറം ലോകശക്തിയാണ് തങ്ങളെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ചൈനക്ക് ഒരിക്കല്‍ക്കൂടി നരേന്ദ്ര മോദി സര്‍ക്കാര്‍ ഭാരതത്തില്‍ അധികാരത്തില്‍ വരുന്നത് ചിന്തിക്കാനാവില്ല. നരേന്ദ്ര മോദിയെ അധികാര ഭ്രഷ്ടനാക്കാന്‍ ശത്രുരാജ്യങ്ങളുടെ വരെ സഹായം തേടി നടക്കുന്ന ചില പ്രതിപക്ഷ കക്ഷികളുടെ നിശ്ശബ്ദ പിന്‍തുണയും മണിപ്പൂരിലെ കലാപകാരികള്‍ക്ക് ലഭിക്കുന്നുണ്ട്. മണിപ്പൂരിലെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അല്‍പ്പം ചരിത്രം കൂടി മനസ്സിലാക്കണം.
രാജഭരണം നിലനിന്നിരുന്ന നാട്ടുരാജ്യമായ മണിപ്പൂര്‍ 1947 ആഗസ്റ്റ് 11 ന് ഭാരത യൂണിയനില്‍ ചേരാന്‍ തത്വത്തില്‍ സമ്മതിച്ചു. 1949 ലാണ് പൂര്‍ണ്ണമായ ലയനക്കരാറില്‍ ഒപ്പുവയ്ക്കുന്നത്. ചില വിഘടനശക്തികള്‍ മണിപ്പൂര്‍ ഭാരത യൂണിയനില്‍ ചേര്‍ന്നതിനെ അന്നുമുതല്‍ എതിര്‍ത്തു പോരുന്നു. 1964 ല്‍ രൂപീകൃതമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടന സ്വതന്ത്ര മണിപ്പൂരിനു വേണ്ടി പോരാട്ടം ആരംഭിച്ചു. വിവിധ ഗോത്ര സമൂഹങ്ങള്‍ തമ്മിലും ഏറ്റുമുട്ടലുകള്‍ നിത്യസംഭവമായിരുന്നു. 2009 നും 2018 നും ഇടയില്‍ നടന്ന കലാപങ്ങളില്‍ മാത്രം ആയിരത്തോളം ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്നൊന്നും കേരളത്തില്‍ ഇത് വലിയ വാര്‍ത്ത ആയിരുന്നില്ല.
1980 നും 2004 നും ഇടയില്‍ അസ്വസ്ഥ ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂരില്‍ പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കി. ഇതിനെതിരെയായിരുന്നു ഇറോം ശര്‍മ്മിള വര്‍ഷങ്ങള്‍ നീണ്ടു നിന്ന നിരാഹാര സമരം നയിച്ചത്. മണിപ്പൂരിലെ കുഴഞ്ഞുമറിഞ്ഞ സാഹചര്യങ്ങളെ നിസ്സംഗമായി വീക്ഷിക്കുകയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്. ഇപ്പോള്‍ കലാപബാധിത സ്ഥലങ്ങളില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സന്ദര്‍ശന പ്രഹസനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഘര്‍ഷഭരിത കാലഘട്ടങ്ങളില്‍ അധികാരത്തിലുണ്ടായിരുന്നത്.
ഇനി ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളുടെ ആരംഭം പരിശോധിക്കാം. മണിപ്പൂരിലെ ആകെ ജനസംഖ്യയുടെ 53% വരുന്ന മെയ്തികള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് ഗോത്രവര്‍ഗ്ഗക്കാരുടെ പട്ടികയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം വന്ന സര്‍ക്കാരുകള്‍ ഇവരെ ഗോത്രവര്‍ഗ്ഗക്കാരായി കണക്കാക്കിയില്ല. ഹിന്ദുമത വിശ്വാസികളായ മെയ്തികള്‍ ഈ അനീതിയെ ഇപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്തു. ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതി 2023 മാര്‍ച്ച് 27 ന് മെയ്തികള്‍ക്ക് ഗോത്രവര്‍ഗ്ഗ പദവി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് വിധിച്ചു. ഇതോടെ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തിതരായ കുക്കി ഗോത്ര വംശജരും നാഗന്മാരും ചേര്‍ന്ന് മെയ്തികളുടെ കോളനികള്‍ വ്യാപകമായി തീയിടുകയും നിരവധി പേരെ വധിക്കുകയും ചെയ്തു.
മെയ്തികളുടെ തിരിച്ചടിയില്‍ കുക്കികള്‍ക്കും നാഗന്മാര്‍ക്കും ആള്‍നാശവും വസ്തു നാശവും ഉണ്ടായിട്ടുണ്ട്. നിരവധി ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കലാപത്തില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ്-ജിഹാദി ശക്തികള്‍ കേരളത്തിലെ ചില മാധ്യമങ്ങളുടെ സഹായത്തോടെ മണിപ്പൂരില്‍ സംഘപരിവാറുകാര്‍ പള്ളി തകര്‍ക്കുന്നു എന്ന പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണ്. അമ്പത്തിമൂന്നു ശതമാനം വരുന്ന മെയ്തികള്‍ക്ക് മണിപ്പൂരിലെ ഭൂവിസ്തൃതിയുടെ പത്തു ശതമാനം വരുന്ന താഴ്‌വരയില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ എന്ന കിരാത നിയമം മാറ്റപ്പെടേണ്ടതു തന്നെയാണ്. പണ്ട് മെയ്തികള്‍ക്കുണ്ടായിരുന്ന ഗോത്രപദവി തിരിച്ചു കിട്ടിയാല്‍ സംസ്ഥാനത്തെവിടെയും അവര്‍ക്ക് താമസിക്കുകയും ഭൂമി വാങ്ങുകയും ചെയ്യാം. ഇതിനെതിരെ നില്‍ക്കുന്ന അന്താരാഷ്ട്ര മതപരിവര്‍ത്തന ശക്തികളാണ് സത്യത്തില്‍ മണിപ്പൂര്‍ കലാപത്തിന് പിന്നില്‍.
പരമാവധി രക്തച്ചൊരിച്ചില്‍ ഒഴിവാക്കി സമാധാനം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടു മാത്രമാണ് മണിപ്പൂരിലെ അസ്വസ്ഥതകള്‍ അല്‍പ്പം നീണ്ടു നില്‍ക്കുന്നത്. ശാശ്വത സമാധാനം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം. എന്തായാലും മണിപ്പൂരിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്ക് ഒടുക്കം നിരാശപ്പെടേണ്ടി വരും.