ഇവിടെ ഗൗതമ മഹര്‍ഷിയാല്‍ വിരചിതമായ ന്യായ ദര്‍ശനമാണ് ചര്‍ച്ചാ വിഷയം. സൂത്രരൂപമാണ് രചനാ രീതി. ‘നീയതേ, പ്രാപ്യതേ വിവക്ഷിത അര്‍ഥസിദ്ധി: അനേന.’ ഈ ന്യായത്തിന്റെ സഹായത്താല്‍ ഒരു വിഷയത്തിന്റെ ഉദ്ദേശിക്കപ്പെട്ട അര്‍ത്ഥം സിദ്ധിക്കും എന്നു താല്പര്യം.
തര്‍ക്കശാസ്ത്രം, പ്രമാണ ശാസ്ത്രം, ഹേതുവിദ്യ, വാദവിദ്യാ, ആന്വീക്ഷികീ എന്നൊക്കെ ഇതിനെ വിളിക്കും. എന്നാല്‍ ന്യായത്തിലും വൈശേഷികത്തിലും പണ്ഡിതനായ അന്നംഭട്ടന്റെ തര്‍ക്ക സംഗ്രഹം വേറെയാണ്.
‘പ്രമാണൈ: അര്‍ത്ഥ പരീക്ഷണം ന്യായ:’ – പ്രമാണങ്ങളെക്കൊണ്ട് അര്‍ത്ഥം കണ്ടെത്തുന്നതാണ് ന്യായം എന്നാണ് ന്യായ – ഭാഷ്യകാരന്‍ വിഷ്ണു ഗുപ്ത വാത്സ്യായന്‍ പറയുന്നത്.
ന്യായം ബുദ്ധിയെ തീവ്രവും പരിഷ്‌കൃതവും വിശദവുമാക്കുന്നു. മറ്റു ശാസ്ത്രങ്ങള്‍ പഠിക്കാനും ന്യായശാസ്ത്ര പഠനം അത്യന്താപേക്ഷിതമാണ്. അനേകം ന്യായശാസ്ത്ര ഗ്രന്ഥങ്ങളുണ്ട്. അവയില്‍ പ്രമേയത്തിനു പ്രാധാന്യം കൊടുക്കുന്നവയെ പ്രാചീന ന്യായമെന്നും പ്രമാണത്തിനു പ്രാധാന്യം കൊടുക്കുന്നവയെ നവ്യ ന്യായമെന്നും പറയും.
ഗൗതമന്റെ ന്യായ ദര്‍ശനത്തില്‍ അഞ്ച് അദ്ധ്യായങ്ങളും ഓരോ അധ്യായത്തിനും രണ്ടു വീതം ഭാഗങ്ങളും (ആഹ്നികങ്ങള്‍) ഉണ്ട്. ഓരോ ആഹ്നികത്തിലും പല എണ്ണത്തില്‍ സൂത്രങ്ങളും. ആകെ 530 സൂത്രങ്ങള്‍. ഇതില്‍ 84 പ്രകരണങ്ങള്‍ ഉണ്ട്.
16 തത്വങ്ങളാണ് ഇതില്‍ പ്രതിപാദ്യം. പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തര്‍ക്കം, നിര്‍ണ്ണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹ സ്ഥാനം. ഈ 16 തത്വങ്ങളും മോക്ഷസാധകമത്രേ.
പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം ഇവ നാലാണ് പ്രമാണങ്ങള്‍. അക്ഷമെന്നാല്‍ ഇന്ദ്രിയം. വിഷയങ്ങളും ഇന്ദ്രിയങ്ങളും അടുത്തു വരുമ്പോഴാണ് പ്രത്യക്ഷജ്ഞാനമുണ്ടാകുന്നത്. ഇന്ദ്രിയങ്ങള്‍ ബാഹ്യമായതിനാല്‍ ഇത് ബാഹ്യ പ്രത്യക്ഷമാണ്. മനസ്സാണ് ശരീരത്തിനകത്തിരുന്നുകൊണ്ട് ഇവയെ യോജിപ്പിക്കുന്നത്. അപ്പോള്‍ അത് ആന്തരിക പ്രത്യക്ഷം. അങ്ങിനെ ആറു തരം പ്രത്യക്ഷങ്ങള്‍ – അഞ്ചിന്ദ്രിയങ്ങളും മനസ്സും.
ഇന്ദ്രിയം കൊണ്ട് അറിയാന്‍ സാധിക്കുമെങ്കിലും ദൂരെയായതു കൊണ്ടോ തല്കാലം ഇല്ലാത്തപ്പോഴോ ലക്ഷണം വെച്ച് ഊഹിച്ചു പറയുന്നതാണ് അനുമാനം. അങ്ങകലെ കുന്നിന്മേല്‍ പുക കണ്ടാല്‍ തീയുണ്ടെന്ന് അറിയുന്നത് അനുമാന പ്രമാണത്തിലൂടെയാണ്. ഇത് തന്റെ സംശയം തീര്‍ക്കാനാണെങ്കില്‍ സ്വാര്‍ഥ അനുമാനം എന്നും മറ്റുള്ളവന്റെ സംശയനിവാരണത്തിനാണെങ്കില്‍ പരാര്‍ഥാനുമാനം എന്നും പറയും.
അനുമാനം മൂന്നു വിധം. പൂര്‍വവത്, ശേഷവത്, സാമാന്യതോ ദൃഷ്ടം. കാരണത്തില്‍ നിന്ന് കാര്യം അനുമാനിക്കുന്നത് പൂര്‍വവത്. മേഘം കണ്ടാല്‍ മഴയെ ഊഹിക്കുന്നതു പോലെ. കാര്യത്തില്‍ നിന്ന് കാരണം ഊഹിക്കുന്നത് ശേഷവത്. പുഴയില്‍ വെളളം പൊങ്ങിയാല്‍ മലയില്‍ മഴ പെയ്തിട്ടുണ്ടെന്നൂഹിക്കാം. രാവിലെ കിഴക്കു കണ്ട സൂര്യന്‍ വൈകുന്നേരം പടിഞ്ഞാറു കാണുന്നു. അപ്പോള്‍ സൂര്യന്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു എന്നനുമാനിക്കുന്നത് സര്‍വതോ ദൃഷ്ടം.
സാദൃശ്യജ്ഞാനമാണ് ഉപമാനം. ഗ്രാമത്തില്‍ പശുവിനെ കണ്ട ഒരുവന്‍ കാട്ടില്‍ ചെന്നപ്പോള്‍ അതുപോലെയുള്ള ഒരു മൃഗത്തെ കണ്ട് പശുവെന്നൂഹിക്കുന്നത് ഉപമാനം.
‘ആപ്‌തോപദേശ: ശബ്ദ:’ അറിവുള്ളവരില്‍ നിന്ന് പറഞ്ഞു കിട്ടിയ ജ്ഞാനമാണ് ശബ്ദ പ്രമാണം. വേദമാണ് ഇത്തരം പ്രമാണം. ഐതിഹ്യത്തേയും പുരാണങ്ങളെയും ചിലപ്പോള്‍ ശബ്ദ പ്രമാണമായെടുക്കാം.
പ്രമേയത്തില്‍ ആത്മ തത്വമാണ് പ്രധാനം.
ശരീരത്തില്‍ ആത്മാവിന്റെ സാന്നിദ്ധ്യം അറിയാന്‍ പല ചിഹ്നങ്ങളെ ഗൗതമന്‍ പറയുന്നുണ്ട്. ഇച്ഛ, ദ്വേഷം, പ്രയത്‌നം, സുഖം, ദു:ഖം, ജ്ഞാനം എന്നീ ചിഹ്നങ്ങള്‍ ജീവശരീരത്തിലേ കാണൂ. ജഡവസ്തുവിലില്ല. മൃതശരീരത്തിലില്ല.
ശരീരം, ഇന്ദ്രിയങ്ങള്‍, അര്‍ത്ഥം (വിഷയങ്ങള്‍), ബുദ്ധി, മനസ്സ്, പ്രവൃത്തി, ദോഷം, പ്രേത്യഭാവം, ഫലം, ദു:ഖം, അപവര്‍ഗം ഇവയാണ് മറ്റു പ്രമേയങ്ങള്‍.
കുഴഞ്ഞ മനസ്സിന്റെ ഉല്‍പ്പന്നമാണ് സംശയം.
ഓരോ പ്രവൃത്തിക്കും ഒരു പ്രയോജനമുണ്ടാവും. ആഗ്രഹിച്ചതു കിട്ടുക അഥവാ ഇഷ്ടപ്പെടാത്തത് കളയുക. ഒരു കാര്യം തെളിയിക്കാന്‍ ഒരു ഉദാഹരണം കൊടുക്കുന്നത് ദൃഷ്ടാന്തം. ഒരു തത്വ ശാസ്ത്രത്തിന് അടിസ്ഥാനമായ നിര്‍വിവാദമായ സത്യമാണ് സിദ്ധാന്തം. പരാര്‍ഥ അനുമാനത്തിനുപയോഗിക്കുന്ന അഞ്ച് അവയവങ്ങളാണ് പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയം, നിഗമനം. മനസ്സിലുണ്ടാകുന്ന വൈഷമ്യങ്ങളെയും തെറ്റിദ്ധാരണകളെയും അകറ്റാന്‍ ചോദ്യവും പ്രതിചോദ്യവും നിരത്തുന്നതാണ് തര്‍ക്കം.
കുതര്‍ക്കമാണ് ജല്പം. എതിരാളിയെ തോല്പിക്കാന്‍ വെറുതെ ചെയ്യുന്ന തര്‍ക്കമാണ് വിതണ്ഡം. വാദത്തില്‍ തോല്‍വി അംഗീകരിക്കുന്നതാണ് നിഗ്രഹ സ്ഥാനം.
മനുഷ്യന്റെ ദു:ഖത്തിനു കാരണം യഥാര്‍ഥ സത്യത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ്. ശരിയായ ജ്ഞാനം ഉണ്ടായാല്‍ ദു:ഖത്തില്‍ നിന്ന് മോചനം ലഭിക്കും. ന്യായം ഈ ജ്ഞാനത്തിന്റെ മാര്‍ഗമാണ്. ന്യായ ദര്‍ശനവും വൈശേഷികദര്‍ശനവും ഒത്തുപോകുന്നവയാണ്.