സോമലത ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുത്ത് മന്ത്രത്തോടെ അഗ്‌നിയില്‍ സമര്‍പ്പിക്കുന്നതാണ് സോമയാഗം. സ്വാഹാ എന്നവസാനിക്കുന്നതാണ് ഹോമമന്ത്രങ്ങള്‍. സ്വാഹാ എന്നത് അഗ്‌നിയുടെ പത്‌നിയാണെന്നാണ് സങ്കല്പം. അഗ്‌നിയിലേക്ക് നമുക്ക് നേരിട്ടു എത്താനാവില്ല. സ്വാഹായിലൂടെ എത്താം. സോമരസം സമര്‍പ്പിക്കുന്നത് അഗ്‌നിയിലാണെങ്കിലും എത്തിച്ചേരുന്നത് ദേവന്മാരിലാണ്. ‘ഇന്ദ്രായ സ്വാഹാ’ എന്ന് ഹോമിക്കും. പിന്നെ ഹോതാവ് പറയും -‘ഇന്ദ്രായ ഇദം’ ഇത് ഇന്ദ്രന്നാണ് ; ‘ന മമ’ എനിക്കല്ല. ഇതിന് ഉദ്ദേശത്യാഗമെന്നാണ് പേര്.
അച്ചിങ്ങ (പയര്‍) വള്ളിയുടെ തണ്ടു പോലുള്ളതാണ് സോമത്തണ്ട്. സോമനെന്നാല്‍ ചന്ദ്രന്‍ എന്നര്‍ത്ഥമുണ്ട്. സോമവളളിയില്‍ ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് ഓരോ ദിവസവും ഓരോ ഇല കിളിര്‍ക്കുമത്രേ. കറുത്ത പക്ഷത്തില്‍ ഇലകള്‍ നഷ്ടപ്പെടുകയു ചെയ്യും. ഇതിന്റെ ചവര്‍പ്പുള്ള ചാറ് കുടിച്ചാല്‍ ആനന്ദം (സുമദം) ലഭിക്കുമത്രേ. മത്തു (ദുര്‍മദം) പിടിക്കുകയുമില്ല. ഇതാണ് ദേവന്മാരുടെ ഇഷ്ടഭക്ഷണം.
ഈ സോമസമര്‍പ്പണത്തിനു മുമ്പായി ധാരാളം തയ്യാറെടുപ്പ് വേണം. സോമലതയെ സ്വീകരിക്കാന്‍ ഒത്ത ഇടമൊരുക്കണം. സ്വീകരിക്കുന്നവര്‍ ശിഷ്ടരാവണം. അത് വേണ്ടത്ര വില കൊടുത്തു വാങ്ങണം (സോമ ക്രയം). മന്ത്രസഹിതമായി അതിനെ ഇടിച്ചു പിഴിയണം (സുത്യം). പിന്നീട് അതിനെ മന്ത്രസഹിതമായി സ്വാഹായിലൂടെ അഗ്‌നിയിലൂടെ ഇന്ദ്രന്‍, അഗ്‌നി, വരുണന്‍ മുതലായ ദേവകളിലേക്കെത്തിക്കണം. വേദത്തില്‍ പറഞ്ഞ രീതിയില്‍ മാത്രം നടക്കുന്ന ചടങ്ങാണ് സോമയാഗം. വേദത്തില്‍ രണ്ടുതരം യജ്ഞങ്ങളുണ്ട് – ഹവിര്യജ്ഞം, സോമ യജ്ഞം. ഒന്നാമത്തേതില്‍ ഹവിസ്സിന്നാണ് പ്രാധാന്യം. പലതരം ഹോമദ്രവ്യങ്ങള്‍ (ഹവിസ്സുകള്‍) അഗ്‌നിയില്‍ അര്‍പ്പിക്കപ്പെടും.
അഗ്‌ന്യാധേയം ച അഗ്‌നിഹോത്രം
ദര്‍ശാദര്‍ശോദിതക്രിയ:
തഥൈവ ആഗ്രയണേഷ്ടിശ്ച
ചാതുര്‍മാസ്യാനി ച ക്രമാല്‍
നിരൂഢപശുബന്ധശ്ച
സൗത്രാമണ്യപി സപ്തധാ
അഗ്‌ന്യാധേയം, അഗ്‌നിഹോത്രം, ദര്‍ശപൂര്‍ണ മാസങ്ങള്‍, ആഗ്രയണേഷ്ടി, ചാതുര്‍മാസ്യങ്ങള്‍, നിരൂഢപശുബന്ധം സൗത്രാമണി എന്നിങ്ങനെ ഏഴ് ഹവിര്‍ യജ്ഞങ്ങള്‍.
സുത്യയജ്ഞങ്ങളും (സോമയാഗങ്ങള്‍) ഏഴുതരം.
അഗ്‌നിഷ്ടോമസ്തഥാത്യഗ്‌നി –
ഷ്ടോമ ഉക്ഥ്യശ്ച ഷോഡശീ
വാജപേയോതിരാത്രോപ്‌തോ –
ര്യാമസംസ്ഥാസ്തു സപ്തധാ
അഗ്‌നിഷ്ടോമം, അത്യഗ്‌നിഷ്ടോമം, ഉക്ഥ്യം, ഷോഡശീ, വാജപേയം, അതിരാത്രം, അപ്‌തോര്യാമം എന്നിങ്ങനെ ഏഴു സോമയാഗങ്ങള്‍.
ഇതില്‍ ആദ്യത്തേതായ അഗ്‌നിഷ്ടോമ സോമയാഗമാണ് ‘സോമയാഗം’ എന്ന പ്രസിദ്ധി നേടിയത്. അതില്‍ ചൊല്ലുന്ന 12 മന്ത്രസ്തുതികളില്‍ 12-ാമത്തേത് അവസാനിക്കുന്നത് ‘അഗ്‌നിഷ്ടോമ’ മെന്നാണ്. അതിനാലാണ് ഇതിന് അഗ്‌നിഷ്ടോമ – സോമയാഗമെന്നു പേരു വന്നത്. ഈ 12 മന്ത്രങ്ങള്‍ എല്ലാ സോമയാഗങ്ങളിലും സോമഹോമത്തിന് ഉപയോഗിക്കും.
അടുത്ത മൂന്നു മന്ത്രങ്ങള്‍ക്ക് (13, 14, 15) ഉക്ഥ്യമെന്നു പേര്‍. അപ്പോള്‍ ഒന്ന് മുതല്‍ 15 വരെ മന്ത്രങ്ങള്‍ ചൊല്ലുന്ന സോമയാഗം ഉക്ഥ്യ സോമയാഗം. 16-ാമത്തേത് ഷോഡശിയാണ്. അതായത് ഒന്നു മുതല്‍ 16 വരെ മന്ത്രങ്ങളായാല്‍ ഷോഡശീ സോമയാഗം.
ഉക്ഥ്യ (13, 14, 15) മൊഴിച്ചുള്ള ഷോഡശിയാണ് അത്യഗ്‌നിഷ്ടോമം. ഷോഡശിയോടൊന്നു കൂട്ടിയാല്‍ വാജപേയം. ഷോഡശിയോട് 13 മന്ത്രങ്ങള്‍ ചേര്‍ത്താല്‍ അതിരാത്രം. അതിനോട് 4 മന്ത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ അപ്‌തോര്യാമം. ഇങ്ങിനെ ഹോമത്തിനു ചൊല്ലുന്ന മന്ത്രസംഖ്യയുടെ വ്യത്യാസത്തിലാണ് ഏഴുതരം സോമയാഗങ്ങള്‍. കേരളത്തില്‍ ഇതില്‍ ആദ്യം പറഞ്ഞ അഗ്‌നിഷ്ടോമ സോമയാഗവും ആറാമതു പറഞ്ഞ അതിരാത്ര സോമയാഗവുമാണ് നടക്കുന്നത്.
യാഗം ചെയ്യുന്നവനെ യജമാനന്‍ എന്നാണ് പറയുക. വിവാഹം വരെയുള്ള ഷോഡശസംസ്‌കാരങ്ങള്‍ അനുഷ്ഠിച്ച ഗൃഹസ്ഥനായ (ഭാര്യ ജീവിച്ചിരിച്ചുള്ള) ബ്രാഹ്‌മണനേ യാഗത്തിനധികാരമുള്ളൂ. തീര്‍ന്നില്ല. അവന്‍ നിത്യ അഗ്‌നിഹോത്രിയാവണം.
സാധാരണ എല്ലാവരും ഒരഗ്‌നിയിലാണ് കര്‍മങ്ങള്‍ ചെയ്യുക. എന്നാല്‍ ഈ ഏകാഗ്‌നിയെ ത്രേതാഗ്‌നിയാക്കിയാലേ ശ്രൗതകര്‍മങ്ങള്‍ (ശ്രുതി – വേദം. ശ്രൗതം – വൈദികം) സാധ്യമാവൂ. ഗാര്‍ഹപത്യ അഗ്‌നി, ആഹവനീയ അഗ്‌നി, അന്വാഹാര്യ അഗ്‌നി (ദക്ഷിണാഗ്‌നി) ഇങ്ങിനെ ഒരഗ്‌നിയെ മൂന്നഗ്‌നിയാക്കുന്ന യജ്ഞമാണ് അഗ്‌ന്യാധാനം എന്ന ക്രിയ. ഇത് സോമയാഗത്തിനു മുമ്പ് നടക്കും. അത് രണ്ടു ദിവസത്തെ ചടങ്ങാണ്. ഈ മൂന്ന് അഗ്‌നിയുടേയും കുണ്ഡങ്ങളുടെ ആകൃതി വ്യത്യസ്തമാണ്. ഗാര്‍ഹപത്യം വൃത്താകൃതിയാണ് – പൂര്‍ണചന്ദ്രന്‍ (പടിഞ്ഞാറ്). ആഹവനീയം സമചതുരം (കിഴക്ക്). അന്വാഹാര്യം അര്‍ധചന്ദ്രന്‍ (തെക്ക്)- വടക്കേ പകുതി മുറിഞ്ഞതു പോലെ.
അഗ്‌ന്യാധാനം ചെയ്തവനെ ആഹിതാഗ്‌നി (അടിതിരി) എന്നു വിളിക്കും. ആ അഗ്‌നി സൂക്ഷിക്കുന്ന അഗ്‌നിഹോത്രി. അതി കഠിനമായ ഒരു ഉത്തരവാദിത്തമാണ് അഗ്‌നിഹോത്രി ഏറ്റെടുക്കുന്നത്. മൂന്ന് കുണ്ഡങ്ങളിലേയും തീ മരണം വരെ കെടാതെ സൂക്ഷിക്കണം. രാവിലെയും വൈകുന്നേരവും അതില്‍ പത്‌നീസമേതനായി ഹോമം (അഗ്‌നിഹോത്രം) ചെയ്യണം. കറുത്തവാവിനും (ദര്‍ശ) വെളുത്തവാവിനും (പൂര്‍ണമാസ) ചെറു യാഗം ( ഇഷ്ടി) ചെയ്യണം.
സോമയാഗം ചെയ്തവനെ സോമയാജി (ചോമാതിരി ) എന്നും അതിരാത്രം ചെയ്തവനെ അക്കിത്തിരി എന്നും വിളിക്കും. അപൂര്‍വമായി മാത്രം നടക്കുന്നവയാണ് സോമയാഗങ്ങള്‍. മലബാര്‍ ഭാഗത്തു പ്രത്യേകിച്ചും. ഒരു നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് കണ്ണൂര്‍ ജില്ലയില്‍ ഏപ്രില്‍ – മെയ് മാസങ്ങളിലായി ഒരു സോമയാഗം നടക്കാന്‍ പോകുന്നത്. അതും പ്രസിദ്ധമായ കൈതപ്രം ഗ്രാമത്തില്‍. ഈ ലേഖനത്തിനു കാരണവും അതു തന്നെ.