ഭാരതത്തെ ആന്തരികമായി ശിഥിലീകരിക്കുക എന്നത് വിധ്വംസകശക്തികളുടെയും വിഘടനവാദികളുടെയും പ്രഖ്യാപിതമായ പരിപാടിയും പദ്ധതിയുമാണ്. അതിനുവേണ്ടി രാജ്യത്തുടനീളം കലാപങ്ങളും സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തി ജനങ്ങളില്‍ വിഭജനവും അരാജകത്വവും സൃഷ്ടിച്ച് അതുവഴി ഭാരത ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഏതാനും ദിവസം മുന്‍പ് കോഴിക്കോട്ടെ എലത്തൂരില്‍ നടന്ന ട്രെയിന്‍ ആക്രമണവും ഇക്കഴിഞ്ഞ രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബംഗാളിലും ബീഹാറിലും ഉള്‍പ്പെടെ അരങ്ങേറിയ ഏകപക്ഷീയമായ കലാപങ്ങളുമൊക്കെ ഭാരതത്തിലെ നിയമസംവിധാനത്തെ നിശ്ചലമാക്കാനും രാജ്യത്ത് ആഭ്യന്തരകലാപങ്ങള്‍ അഴിച്ചുവിടാനുമുള്ള ആസൂത്രിതമായ നീക്കത്തിന്റെ അണിയറയൊരുക്കങ്ങളാണ്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂരില്‍ എത്തിയപ്പോഴാണ് യാത്രക്കാരുടെ മേലെ പെട്രോള്‍ തളിച്ച് ട്രെയിന്‍ കത്തിക്കാനുള്ള ശ്രമം നടന്നത്. ഈ സംഭവത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരണപ്പെടുകയും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കേസില്‍ പ്രതിയായ ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷഹറൂഖ് സെയ്ഫിയെ മൂന്ന് ദിവസത്തിന് ശേഷം കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന രത്‌നഗിരിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. ട്രെയിന്‍ ആക്രമണം നടത്താന്‍ തിരഞ്ഞെടുത്ത സ്ഥലവും സമയവുമെല്ലാം ഈ സംഭവത്തിന്റെ ആസൂത്രിത സ്വഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആക്രമണം നടന്ന എലത്തൂരിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ വലിയ ഇന്ധന സംഭരണ ടാങ്കുകളുണ്ട്. ട്രെയിനില്‍ കൊണ്ടുവരുന്ന ഇന്ധനം എതിര്‍വശത്തെ സംഭരണശാലയിലേക്കു കൊണ്ടുപോവുന്നത് ഇവിടുത്തെ പ്രധാന റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന പൈപ്പുകളിലൂടെയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണിതെന്നര്‍ത്ഥം. അതുകൊണ്ട് തന്നെ ട്രെയിനില്‍ നിന്ന് തീ ആളിപ്പടര്‍ന്നിരുന്നെങ്കില്‍ അവിടെ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. ആക്രമണം കഴിഞ്ഞ് ട്രെയിന്‍ കോരപ്പുഴ പാലത്തിന് മുകളിലെത്തിയപ്പോള്‍ പ്രതി ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു എന്നാണ് പുറത്ത് വന്ന വിവരം. അതായത് വലിയ തീപിടുത്തം ഉണ്ടായിരുന്നെങ്കില്‍ ട്രെയിനില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പലരും നേരിട്ട് പുഴയിലേക്ക് വീഴുമായിരുന്നു. ട്രെയിന്‍ പാലത്തിന് മുകളില്‍ നില്‍ക്കുന്നത് പിന്നീടുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയും ചെയ്യും. തികച്ചും ആസൂത്രിതമായ ആക്രമണമാണ് എലത്തൂരില്‍ നടന്നതെന്ന സംശയത്തെ ബലപ്പെടുത്തുന്ന ചില വസ്തുതകള്‍ മാത്രമാണിത്. കൂടാതെ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ പ്രതിയുടെ ഡയറിക്കുറിപ്പിലെ ചില വിവരങ്ങളും ദുരൂഹതയുളവാക്കുന്നതാണ്.
ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്ത് അടുത്തിടെ നിരോധിക്കപ്പെട്ട വിധ്വംസക സംഘടനയുടെ ദേശീയ ആസ്ഥാനം സ്ഥിതിചെയ്യുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ തന്നെയാണ് ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതിയായ ഷാരൂഖ് സെയ്ഫിയുടെ വീടും സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ആഭ്യന്തരകലാപം ലക്ഷ്യമിട്ട് സംഘടിപ്പിക്കപ്പെട്ട സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രവും ഷഹീന്‍ ബാഗായിരുന്നു. തന്റെ മകന്‍ ഒരിക്കല്‍ പോലും കേരളത്തില്‍ വന്നിട്ടില്ല എന്ന്പ്രതിയുടെ പിതാവ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി കേരളത്തിലെത്തിയ ഒരാള്‍ക്ക് ആക്രമണം നടത്തിയ ശേഷം പോലീസ് പിടിയിലാവാതെ സുരക്ഷിതമായി കേരളം വിടാന്‍ കഴിഞ്ഞതും സംശയാസ്പദമായ കാര്യമാണ്.
രാജ്യത്ത് ഭീകരവാദികള്‍ ട്രെയിന്‍ ആക്രമണം നടത്തുന്നത് ഇതാദ്യമായല്ല. 2017 മാര്‍ച്ച് ഏഴിന് കാണ്‍പൂര്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. അതിലെ ഏഴ് പ്രതികള്‍ക്ക് ലഖ്‌നൗ സ്‌പെഷ്യല്‍ കോടതി വധശിക്ഷ വിധിച്ചത് അടുത്തിടെയാണ്. ഇവര്‍ക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ കേസിലെ പ്രതികള്‍ 2016 ജൂണില്‍ പത്ത് ദിവസത്തോളം കോഴിക്കോട് താമസിച്ചിരുന്നു എന്നത് ഈ സംഭവവുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തെ നടുക്കിയ ഇരട്ടസ്‌ഫോടനം നടന്നത്. അടുത്ത കാലത്തായി വടക്കന്‍ കേരളത്തില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസൂത്രിതമായ ഒരു ആക്രമണത്തിന് വേണ്ടി ഭീകരവാദികള്‍ കേരളം തന്നെ തിരഞ്ഞെടുത്തതും യാദൃച്ഛികമല്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകര സംഘടനകളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ കേരളത്തില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഭീകരാക്രമണങ്ങള്‍ക്ക് പ്രാദേശിക പിന്തുണ ലഭിക്കാനുള്ള സാധ്യത ഇവിടെയുണ്ട്. മതഭീകരവാദികളെ വെള്ളപൂശുന്ന ഭരണപ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്. മുന്‍പ് സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഒരു സേന മതഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായിരുന്നല്ലോ. ഈ ആക്രമണം നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്ന തലവാചകവുമായി ‘കട്ടിംഗ് സൗത്ത്’ എന്ന പേരില്‍ സംസ്ഥാനത്ത് ഒരു മാധ്യമ ശില്പശാല നടന്നിരുന്നു. മതഭീകരവാദത്തിന് വളക്കൂറുള്ള മണ്ണാണ് കേരളമെന്ന വസ്തുതയാണ് ഈ ആക്രമണത്തിലൂടെ ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെടുന്നത്. ട്രെയിന്‍ ആക്രമണം നടന്ന ശേഷം പ്രതിയെ പിടികൂടുന്നതിലും കോടതിയില്‍ ഹാജരാക്കുന്നതിലും ഗുരുതരമായ വീഴ്ചയും അനാസ്ഥയുമാണ് കേരളത്തിന്റെ ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ഭാഗത്ത് നിന്നുണ്ടായത്.
എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന് തൊട്ടു മുന്‍പാണ് രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളും ബീഹാറും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടന്നത്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ റിഷ്ര റയില്‍വേ സ്റ്റേഷന് സമീപം കല്ലേറുണ്ടായി. കഴിഞ്ഞ വര്‍ഷവും രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അടുത്ത കാലത്ത് ഉണ്ടായ ദല്‍ഹി കലാപവും കര്‍ഷക സമരവും ഹിജാബ് പ്രക്ഷോഭവും കത്വ, ഹത്രാസ് സംഭവങ്ങള്‍ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളുമൊക്കെ രാജ്യത്ത് ആഭ്യന്തരകലാപം ഉണ്ടാക്കാനുള്ള വിധ്വംസക ശക്തികളുടെ ബോധപൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയരുകയും രാജ്യത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഗതിവേഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളിലൂടെ ഭാരതത്തിന്റെ വളര്‍ച്ച തടയാനുള്ള നീക്കങ്ങള്‍ ആഗോള തലത്തില്‍ തന്നെ ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്. ഭാരതം ജി-20 അദ്ധ്യക്ഷ പദവി കൂടി ഏറ്റെടുത്തതോടെ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ വ്യാപകമായിട്ടുണ്ട്. അടുത്തിടെ പുറത്ത് വന്ന ബിബിസി ഡോക്യുമെന്ററി ഇതിന്റെ ഭാഗമായിരുന്നു. വിദേശ മണ്ണില്‍ പോയി രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ അമൃതകാലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ആഭ്യന്തരകലാപങ്ങളുടെ അണിയറയൊരുക്കങ്ങളെ ഭരണകൂടവും ജനങ്ങളും കൂടുതല്‍ ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട്.