ദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയില്‍ ഭാരതത്തിന്റെ വീരാംഗനമാര്‍ പുതുചരിത്രമെഴുതി. കൈക്കരുത്തിന്റെ പെണ്‍നിലങ്ങളില്‍, തങ്ങളെ വെല്ലാന്‍ അധികമാരുമില്ലെന്ന് അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് വേദിയിലെ ഇടിക്കൂട്ടില്‍ അവര്‍ തെളിയിച്ചു. കൈവരിച്ച ലോകവിജയങ്ങളുടെ ഭാരവുമായെത്തിയ വന്‍പുകാര്‍ ഭാരതീയ വനിതകളുതിര്‍ത്ത ഇടിയുടെ പൂരത്തില്‍ വിസ്മയിച്ച് കാലിടറി, കൈയ്യൂക്ക് ചോര്‍ന്ന്, കിതച്ച് വീണു. നിഖാത്തും, നീതുവും, സ്വീറ്റിയും, ലവ്‌ലിനയും പവന്‍മാറ്റ് പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തി. അവര്‍ പൊലിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ തിളക്കത്തില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ന്നു. അവര്‍ നേടിയ വ്യക്തിഗത മികവുകള്‍ ഒത്തൊരുമിച്ചപ്പോള്‍ രാജ്യത്തിന് ആദ്യമായി ലോക ചാമ്പ്യന്‍ഷിപ്പ് വിജയവും സാദ്ധ്യമായി. നീതു ഗങ്ഗാസും(48 കി.) നിഖാത് സരിനും (50 കി) ലവ്‌ലിന ബൊര്‍ഗോയിനും (75കി.) സ്വീറ്റി ബോറയും (81 കി.) ഈ ആത്മനിര്‍ഭരവര്‍ഷത്തില്‍ കൈവരിച്ച നേട്ടത്തിന് അസാധാരണത്വമുണ്ടാകുന്നത് അവരുടെ പ്രകടനത്തിന്റെ സമഗ്രതയിലാണ്. റിങ്ങിന്റെ നിയതപരിധിക്കുള്ളില്‍ തുടക്കം മുതല്‍ ഒടുക്കംവരെ അവര്‍ കാട്ടിയ കണിശതയുടേയും ആവിഷ്‌കരിച്ച തന്ത്രങ്ങളുടേയും ആക്രമണോത്സുകതയുടേയും മികവിലാണ് ഈ നേട്ടം കൈവരിക്കാനായയത്. ഇതിഹാസതാരമായ മേരികോമിനൊഴികെ, സമീപകാലത്തൊന്നും ഇത്രയും ആത്മവിശ്വാസത്തികവ് ഭാരതീയ താരങ്ങളില്‍ ദൃശ്യമായിട്ടില്ല.
2006ല്‍ കേവലം പന്ത്രണ്ട് രാജ്യങ്ങളാണ് ലോകമത്സരത്തില്‍ പങ്കെടുത്തതെങ്കില്‍ ഇത്തവണ മുപ്പതിലധികം രാജ്യങ്ങളാണെത്തിയത്. അന്ന് മേരികോമും ആര്‍.എല്‍.ജന്നിയും, സരിതാദേവിയും കെ.സി.ലേഖയും സ്വര്‍ണം നേടുമ്പോള്‍ വനിതാ ബോക്‌സിങ്ങിന് ഇത്ര പ്രചാരമുണ്ടായിരുന്നില്ല. ഇന്നു കാണുന്ന മത്സരനിലവാരവുമില്ലായിരുന്നു. ഒളിമ്പിക്‌സില്‍ വനിതകള്‍ക്കായി മത്സരവും തുടങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്തവണത്തെ ലോകവിജയം മധുരതരവുംമഹത്തരവുമാകുന്നതും.
വനിതാ ബോക്‌സിങ്ങില്‍ ലോകശക്തികളെന്ന് കരുതപ്പെടുന്ന ചൈന, കസാഖിസ്ഥാന്‍, റഷ്യ, ജപ്പാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയവരെല്ലാം മത്സരത്തിനുണ്ടായിരുന്നു. പന്ത്രണ്ടിനങ്ങളിലായി മികച്ച താരങ്ങളുടെ വന്‍നിരതന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആദ്യറൗണ്ട് മുതല്‍ തന്നെ കടുത്ത മത്സരങ്ങളായിരുന്നു. ചുരുക്കത്തില്‍ മത്സരനിലവാരം ഉയര്‍ന്നതലത്തിലായിരുന്നു. ഇത്തരമൊരു വേദിയില്‍ നിന്നുമാണ് നാലുസ്വര്‍ണമെന്ന മികച്ച നേട്ടത്തിലേക്ക് ഭാരതത്തിന്റെ താരങ്ങള്‍ക്ക് എത്താനായത്. വിജയം വിശേഷപ്പെടുന്നത് ഇക്കാരണം കൊണ്ടുതന്നെയാണ്.
ഇരുപത്തിരണ്ടുകാരിയായ നീതു ഗങ്ഗാസിന്റെ നേട്ടം കൂട്ടത്തില്‍ ശ്രദ്ധേയമാകുന്നു. നേരിട്ട ആദ്യ മൂന്നു മത്സരങ്ങളിലും നിശ്ചിത സമയം വട്ടമെത്തുന്നതിന് മുമ്പ് തന്നെ എതിരാളികളെ നീതു കീഴ്‌പ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയയുടേയും താജികിസ്ഥാന്റേയും ജപ്പാന്റേയും മുന്തിയ താരങ്ങളായിരുന്നു എതിര്‍ഭാഗത്ത്. മൂവരേയും കൂടുതല്‍ പരിക്കേല്‍ക്കുന്നതിന് മുമ്പായി രക്ഷപ്പെടുത്താന്‍ റഫറിക്ക് ഇടപെടേണ്ടിവന്നു. കരുത്തിന്റെയും തന്ത്രങ്ങളുടേയും അതിശയിപ്പിക്കുന്ന മികവുകളാണ് ഈ ഇന്ത്യന്‍ താരം പുറത്തെടുത്തത്. സെമിയില്‍, ഏഷ്യന്‍ ചാമ്പ്യനായ കസാഖിസ്ഥാന്റെ ബെല്‍ക്കിബോവയെ തീര്‍ത്തുകളഞ്ഞ ആ കരുത്തുതന്നെയാണ് നീതുവിന്റെ വരുംകാല മത്സരങ്ങളുടെ കൈമുതല്‍. ഫൈനലില്‍ മംഗോളിയക്കാരി നന്നായി പോരാടിയെങ്കിലും ഇന്ത്യന്‍ താരത്തിന്റെ ക്ലീന്‍ ജാബുകള്‍ (clean jab) മതിയായിരുന്നു സുവര്‍ണ മുദ്ര സ്വന്തമാക്കാന്‍.
കഴിഞ്ഞ ഒരു ദശാബ്ദമായി ദേശീയ-അന്തര്‍ദ്ദേശീയ രംഗത്ത് മികവുമായി നില്‍ക്കുന്ന സ്വീറ്റി ബോറ കടുത്ത മത്സരങ്ങളെ എങ്ങനെയാണ് അതിജീവിക്കേണ്ടത് എന്ന പാഠമാണ് പകര്‍ന്നത്. ചൈന, ബലാറസ്, ആസ്‌ത്രേലിയ താരങ്ങളുമായുള്ള സ്വീറ്റിയുടെ മത്സരങ്ങള്‍ അത്യന്തം കടുപ്പമുള്ളതായിരുന്നു. നിലയ്ക്കാത്ത ആക്രമണം എന്ന ശൈലിയാണ് സ്വീറ്റി സ്വീകരിച്ചത്. ആ കടന്നാക്രമണങ്ങളിലൂടെയാണ് അവര്‍ എതിരാളികളുടെ താളം തെറ്റിച്ചത്. അതുതന്നെയാണ് സ്വര്‍ണത്തിലേക്ക് എത്തുന്നതിന് തുണയായതും.
ഇത്തവണത്തെ മത്സരങ്ങളിലെ ശ്രദ്ധാകേന്ദ്രം നിഖാത്ത് സരിനും ലവ്‌ലിന ബൊര്‍ഗോയനുമായിരുന്നു. നിഖാത്ത് സ്വന്തം വിഭാഗത്തില്‍ ലോകചാമ്പ്യനും ലവ്‌ലിന ഒളിമ്പിക് മെഡല്‍ ജേതാവും എന്ന നിലയിലായിരുന്നു പരിഗണന. ഒരു ലോകചാമ്പ്യന്‍ റിങ്ങില്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു, മത്സരങ്ങളിലുടനീളം നിഖാത് കാഴ്ചവെച്ചത്. ആക്രമണവും കരുതലും ഉചിതമായി സംയോജിപ്പിച്ചായിരുന്നു ഓരോ റൗണ്ടിനേയും അവര്‍ മറികടന്നത്. 50 കി. ഗ്രാം വിഭാഗത്തില്‍ ഒന്നാം സീഡായിരുന്ന അള്‍ജീരിയയുടെ റൗമസ്യ ബൗലാമിനേയും ഒളിമ്പിക് മെഡല്‍ ജേത്രിയായ കൊളംബിയയുടെ ഇന്‍ഗ്രിഡ് വലന്‍സിയയേയും അവര്‍ കീഴ്‌പ്പെടുത്തിയത് ഈ ശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയായിരുന്നു. കലാശമത്സരത്തില്‍ ആക്രമിച്ചടുത്ത വിയറ്റ്‌നാമിന്റെ ടാന്‍ഗുയനെ തളച്ചതും സ്വര്‍ണമുറപ്പിച്ചതും ഈ ഇരട്ടവിദ്യ ഉപയോഗിച്ച് തന്നെയായിരുന്നു. ഈ വിജയത്തോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ കീരിട നേട്ടമെന്ന മേരികോമിന്റെ ബഹുമതിക്കൊപ്പമെത്തി നിഖാത്.
ലോകതലത്തിലുള്ള ഒരു സ്വര്‍ണ മെഡലിനായുള്ള ലവ്‌ലിനയുടെ കാത്തിരിപ്പിന് ദല്‍ഹിയില്‍ സഫലതയുണ്ടായി. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടാനായെങ്കിലും, അതിന് മുന്‍പോ പിന്‍പോ ലോകചാമ്പ്യന്‍ഷിപ്പുകളില്‍ തിളങ്ങാന്‍ ലവ്‌ലിനയ്ക്കായിരുന്നില്ല. ഒളിമ്പിക്‌സിന് ശേഷമുണ്ടായ താല്‍ക്കാലിക ഫോം നഷ്ടം താരത്തെ വിഷമിപ്പിച്ചിരുന്നു. ലവ്‌ലിനക്ക് ഇത്തവണ നേരിടേണ്ടി വന്നത് മികച്ച താരങ്ങളെയായിരുന്നു. ലോക ജൂനിയര്‍ ചാമ്പ്യനായിരുന്ന മെക്‌സിക്കോയുടെ സിറ്റ് ലാലി ഓര്‍ട്ടിസ്, ഒന്നാം സീഡായിരുന്ന മൊസാമ്പിക്കിന്റെ റാഡി ഗ്രമാനേയ, രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായിരുന്ന ചൈനയുടെ ലീ ക്വിയാന്‍ എന്നിവരെയെല്ലാം തീഷ്ണമായ മത്സരങ്ങളിലാണ് അവര്‍ തോല്‍പിച്ചത്. ഒടുവില്‍ ചാമ്പ്യന്‍ഷിപ്പിലെ തന്നെ കടുത്ത മത്സരത്തില്‍ ആസ്‌ത്രേലിയയുടെ കാതലിന്‍ പാര്‍ക്കറെ, തന്റെ പരിചയസമ്പത്തിനാല്‍ കീഴ്‌പ്പെടുത്തിയാണ് ലവ്‌ലിന ആദ്യ ലോകകിരീടം നേടിയെടുത്തത്.
ലോകചാമ്പ്യന്‍ഷിപ്പ് ഭാരതത്തിന് നേടിത്തന്ന നാല്‍വര്‍ക്കൊപ്പം ഓര്‍ക്കേണ്ടുന്ന ചില താരങ്ങള്‍ കൂടിയുണ്ട്. ആകെയുള്ള പന്ത്രണ്ടിനങ്ങളിലും ഭാരതീയ താരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അവരില്‍ ജാസ്മിന്‍ ലംബോറിയ (60 കി.), സാക്ഷി ചൗധരി (52 കി.), മനീഷ മൗണ്‍(57 കി), നൂപുര്‍ ഷെറോണ്‍ (81+) എന്നിവര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. അവരുടെ മുഷ്ടി പ്രഹരങ്ങളേറ്റ് വീണവരില്‍ ലോക-കോമണ്‍വെല്‍ത്ത് – ഏഷ്യന്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയവരുമുണ്ടായിരുന്നു. നാലുപേരും നേരിയ വ്യത്യാസത്തിനാണ് മെഡല്‍ മേഖലയ്ക്ക് പുറത്തായത്. ഇവരെല്ലാം വരുംകാലത്ത് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഭാരതത്തിനായി നേട്ടമുണ്ടാക്കേണ്ടവരുമാണ്.
ഇന്ത്യന്‍ കായികരംഗത്ത് ഒരു ബോക്‌സിങ്ങ് വിപ്ലവം തന്നെ ആരംഭിക്കുന്നത് 2008 ബീജിങ്ങ് ഒളിമ്പിക്‌സോടുകൂടിയാണ്. അവിടെ വിജേന്ദര്‍സിങ്ങിലൂടെ ഭാരതം ആദ്യ ഒളിമ്പിക് വെങ്കലം നേടി. അതിനൊപ്പം അഖില്‍കുമാറും ദിനേശ്കുമാറും ജിതേന്ദറും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. പിന്നീട് ഒളിമ്പിക്‌സുകളില്‍ പുരുഷന്മാര്‍ പിന്നോട്ട് പോയെങ്കിലും 2012ല്‍ ലണ്ടനില്‍ മേരികോമും 2022 ടോക്കിയോയില്‍ ലവ്‌ലിനയും വെങ്കലം നേടി. ഇക്കാലത്ത് ഏഷ്യന്‍ കോമണ്‍വെല്‍ത്ത് – ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യന്‍ മികവ് പ്രകടമായി. അത് തുടരുമെന്നതിന്റെ സൂചനയാണ് ദല്‍ഹി – 2023 നല്‍കുന്നത്. ഇന്ത്യന്‍ ടീമിന്റെ പുതിയ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ബര്‍ണാഡ് ഡ്യൂണിന്റെ നേതൃത്വത്തില്‍ ഭാരതം തുടര്‍ന്നും അന്താരാഷ്ട്ര വേദികളില്‍ നിന്നും മികച്ച വിജയങ്ങള്‍ കൈവരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.