നിരന്തരം പരാജയപ്പെട്ടിട്ടും ഒരേ ഉല്‍പ്പന്നം തന്നെ പരസ്യവാചകം പോലും മാറ്റാതെ ആറാറു മാസം കൂടുമ്പോള്‍ വീണ്ടും വീണ്ടും വിപണിയിലേക്ക് ഇറക്കുകയാണ് കോണ്‍ഗ്രസ് എന്ന് രാഹുല്‍ഗാന്ധിയെപറ്റി പരിഹസിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാഹുല്‍ഗാന്ധിയുടെ കീഴില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ 54 പ്രധാന തിരഞ്ഞെടുപ്പുകള്‍ നേരിട്ട കോണ്‍ഗ്രസ് അമ്പതിലും ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് രാഷ്ട്രീയമായ പ്രസക്തി ഏറെയാണ്. എന്നാല്‍ പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും രാഹുല്‍ഗാന്ധിയെ തന്നെ തങ്ങളുടെ തുറുപ്പ് ചീട്ടായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ്് ശ്രമം. സൂറത്ത് കോടതിയില്‍ നിന്ന് അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം ശിക്ഷ ലഭിച്ച സംഭവത്തെ ഇരവാദമാക്കി ഉപയോഗിച്ച് വലിയ തോതില്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വിധി വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അപ്പീല്‍ പോലും നല്‍കാതെ, കോടതിയ വിധിയേയും ലോക്സഭാംഗത്വം റദ്ദാക്കിയതിനേയുമെല്ലാം തനിക്കെതിരായ സംഘടിത നീക്കമാണെന്ന് പ്രചരിപ്പിക്കുകയാണ് രാഹുല്‍ഗാന്ധി.
1977ല്‍ ഇന്ദിരാഗാന്ധിക്കെതിരെ ജനതാ സര്‍ക്കാര്‍ സ്വീകരിച്ച നിയമ നടപടികള്‍ ജനരോഷമുണ്ടാക്കിയെന്നും ഈ സഹതാപ തരംഗമാണ് ഇന്ദിരയെ അധികാരത്തിലേക്ക് തിരികെ എത്തിച്ചതെന്നും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ തന്ത്രം തന്നെ ഇന്ത്യയില്‍ സാധ്യമാണെന്നും അവര്‍ രാഹുല്‍ഗാന്ധിയോട് ഉപദേശിക്കുന്നു. എന്നാല്‍ 2023ലെ ഇന്ത്യയെ മനസ്സിലാക്കാനോ രാജ്യത്തെ പൗരന്മാരുടെ കാഴ്ചപ്പാടുകള്‍ മാറിയത് തിരിച്ചറിയാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല. രാഹുലിന്റെ ഇരവാദവും പ്രധാനമന്ത്രി മോദിയെ അപമാനിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രചാരണവും രാജ്യത്തെ ജനങ്ങളില്‍ ഏതു തരത്തിലാണ് സ്വാധീനിക്കുകയെന്നതു സംബന്ധിച്ച് മുന്‍ ഉദാഹരണങ്ങള്‍ തന്നെ ഏറെയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചായക്കടക്കാരന്‍ എന്ന വിളിയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെങ്കില്‍ 2019ല്‍ ചൗക്കീദാര്‍ ചോര്‍ ഹേ അഥവാ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ പ്രചാരണ മുദ്രാവാക്യം മോദിക്ക് അനുകൂലമായി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ‘മോദാനി’ വിളികളാണ് രാഹുലും കൂട്ടരും കരുതി വെയ്ക്കുന്നതെന്നാണ് സൂചനകള്‍. എങ്കില്‍ കൂടുതല്‍ വലിയ വിജയത്തിലേക്ക് മാത്രമേ ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും അതു സഹായിക്കൂ എന്നുറപ്പാണ്.
സൂറത്തിലെ അപകീര്‍ത്തി കേസ്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ സമ്മേളനത്തിലാണ് സൂറത്തിലെ അപകീര്‍ത്തി കേസിന് അടിസ്ഥാനമായ പ്രസംഗം അരങ്ങേറുന്നത്. ”നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി……എങ്ങനെയാണ് എല്ലാവര്‍ക്കും മോദി കുലനാമമായി വരുന്നത്? എല്ലാ കള്ളന്മാര്‍ക്കും വേണ്ടിയുള്ള കുലനാമമാണോ മോദി എന്നത്?”, രാഹുല്‍ പ്രസംഗിച്ചതിങ്ങനെ. കോലാര്‍ പ്രസംഗത്തിന്റെ പേരില്‍ രാജ്യത്തെ അഞ്ചിടത്താണ് രാഹുല്‍ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. സൂറത്ത് എംഎല്‍എ പൂര്‍ണ്ണേഷ് മോദി, ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ മോദി തുടങ്ങിയവരായിരുന്നു പരാതിക്കാര്‍. ഇതിലെ ആദ്യ കേസിലെ വിധിയാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് വന്നത്. ബീഹാര്‍ കോടതിയില്‍ ഏപ്രില്‍ പന്ത്രണ്ടിന് ഹാജരാവാന്‍ രാഹുലിന് നിര്‍ദ്ദേശമുണ്ട്. ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരം 2 വര്‍ഷത്തെ തടവും 15,000 രൂപ പിഴയുമാണ് രാഹുലിന് വിധിച്ച ശിക്ഷ. മേല്‍ക്കോടതിയെ സമീപിക്കാന്‍ ഒരുമാസത്തെ സാവകാശവും രാഹുലിന് കോടതി അനുവദിച്ചു.
2021 ജൂണില്‍ സൂറത്ത് കോടതിയില്‍ രാഹുല്‍ഗാന്ധി ഹാജരായിരുന്നു. പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് എനിക്കറിയില്ല എന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്. എതാണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും എനിക്കറിയില്ല എന്ന മറുപടിയാണ് നല്‍കിയത്. പ്രസംഗത്തിലെ ചില വാക്കുകളെപ്പറ്റി ചോദിച്ചപ്പോള്‍ താനങ്ങനെ പ്രസംഗിച്ചിട്ടില്ല എന്നും രാഹുല്‍ മറുപടി നല്‍കി. എന്നാല്‍ രാഹുലിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പെന്‍ഡ്രൈവിലാക്കി പരാതിക്കാരന്‍ നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് കോടതി അന്തിമ തീര്‍പ്പിലേക്ക് എത്തിയത്. മാര്‍ച്ച് 23ന് വിധി വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ കേസില്‍ ശിക്ഷ ഉറപ്പാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സൂറത്തിലേക്ക് നേതാക്കളെത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. കേസിലെ വിധി വന്നതിന് ശേഷം എന്തൊക്കെ ചെയ്യണമെന്നതടക്കം മുന്‍കൂട്ടി തിരക്കഥ തയ്യാറാക്കിയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും സൂറത്ത് കോടതി വിധിയെ നേരിട്ടത്.
രാഷ്ട്രീയ നാടകങ്ങള്‍
ഇന്ദ്രപ്രസ്ഥവും സൂറത്തും കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് മാര്‍ച്ച് 23 മുതല്‍ ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. സൂറത്ത് കോടതി ജഡ്ജിയെ മുതല്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനേയും ലോക്സഭാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വരം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ചു കഴിഞ്ഞു. താന്‍ വലിയ അനീതിക്ക് ഇരയായെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു രാഹുലിന്റെ ശ്രമം. സൂറത്ത് കോടതി വിധി വന്ന നിമിഷം മുതല്‍ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യത വന്നിട്ടും പിറ്റേദിവസം ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തെ വക്രീകരിച്ച് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുലിന്റെ ലോക്സഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ചുള്ള വിജ്ഞാപനത്തെ ജനാധിപത്യവിരുദ്ധമെന്ന് വരെ കോണ്‍ഗ്രസ് പ്രചരിപ്പിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതിന് മുകളിലോ ശിക്ഷ ലഭിച്ചാല്‍ അപ്പോള്‍ മുതല്‍ അയോഗ്യത നിലവില്‍ വരുന്നതാണ് നിലവില്‍ രാജ്യത്തുള്ള നിയമം. ഈ നിയമം അനുസരിച്ച് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ട ചുമതല ലോക്സഭാ സെക്രട്ടേറിയറ്റിനുണ്ട്.
പാര്‍ലമെന്റിലും പുറത്തും മുന്‍കൂട്ടി തയ്യാറാക്കിയ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറി. സഭയ്ക്കുള്ളിലും പാര്‍ലമെന്റ് വളപ്പിലും വിജയ് ചൗക്കിലും ജന്ദര്‍മന്തിറിലും ചെങ്കോട്ടയ്ക്ക് സമീപവും മലയാളി എംപിമാരുടെ നേതൃത്വത്തിലുള്ള സമരനാടകങ്ങള്‍ മലയാള മാധ്യമങ്ങള്‍ക്കായി അരങ്ങേറി. രാമനവമിക്കായി ബുധനാഴ്ച ഉച്ചയോടെ ഇരുസഭകളും പിരിഞ്ഞതോടെ രാഹുല്‍ഗാന്ധിക്ക് നീതി തേടിയുള്ള കോണ്‍ഗ്രസ് സമരവും അവസാനിച്ചു എന്നതാണ് രസകരം. നീതിപൂര്‍വ്വമായ ഒരാവശ്യത്തിന് വേണ്ടിയായിരുന്നു സമരമെങ്കില്‍ കോണ്‍ഗ്രസ് ദല്‍ഹിയിലെ സമരം തുടര്‍ന്നേനെ. ഇനി ഏപ്രില്‍ മൂന്നിന് സഭ സമ്മേളിക്കുമ്പോള്‍ മാത്രമേ കോണ്‍ഗ്രസ് എംപിമാര്‍ക്കും നേതാക്കള്‍ക്കും രാഹുല്‍ വിഷയം ഓര്‍മ്മ വരൂ എന്നതാണ് യഥാര്‍ത്ഥ്യം.
ലക്ഷദ്വീപില്‍ കോണ്‍ഗ്രസിന് മറ്റൊരു നിലപാട്
ഒഴിവു വന്ന ലോക്സഭാ മണ്ഡലത്തിലേക്ക് വേഗത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയുമാണ്. മണ്ഡലങ്ങള്‍ ഒഴിച്ചിടരുതെന്ന സുപ്രീംകോടതിയുടെ വിധി നിലവിലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കോടതി വിധിയില്‍ ലോക്സഭാ സെക്രട്ടേറിയറ്റും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടികള്‍ സ്വീകരിച്ചത്. അന്നു സ്വീകരിച്ച നടപടികളെ പിന്തുണച്ച കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിക്കെതിരെ നടപടി വരുമ്പോള്‍ അതെല്ലാം മറക്കുന്നതും വിചിത്രമാണ്. ലക്ഷദ്വീപ് മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എം സെയിദിന്റെ മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനും കൂട്ടുപ്രതികള്‍ക്കും പത്തുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്നത്. ജനുവരി 11ന് വിധി വന്നതിന്റെ രണ്ടാം ദിവസം ഫൈസലിന് അയോഗ്യത പ്രഖ്യാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയേയും കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു. ജനുവരി 18ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ആവേശം കോണ്‍ഗ്രസിനായിരുന്നു. കേവലം അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള അവസരമായാണ് കേസിലെ ശിക്ഷയേയും തുടര്‍ന്നുള്ള നടപടിക്രമങ്ങളേയും കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത്. ജനുവരി 25നാണ് കേരളാ ഹൈക്കോടതി ഫൈസലിനെതിരായ ശിക്ഷ സ്റ്റേ ചെയ്തത്. രണ്ടുമാസമായി ലോക്സഭാ സെക്രട്ടേറിയറ്റിനെ സമീപിച്ച് അയോഗ്യത പിന്‍വലിക്കാന്‍ ഫൈസല്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തീരുമാനം വരട്ടെയെന്ന നിലപാടിലായിരുന്നു ലോക്സഭാ സെക്രട്ടേറിയറ്റ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയം വന്നതോടെ സാഹചര്യങ്ങള്‍ മാറുകയും ഫൈസലിന് വേണ്ടി കോണ്‍ഗ്രസ് അടക്കം രംഗത്തെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചെങ്കിലും സുപ്രീംകോടതിയില്‍ വലിയ തിരിച്ചടിയാണ് ഫൈസലിന് ലഭിച്ചിരിക്കുന്നത്. ഫൈസലിനെതിരായ കുറ്റം ഗുരുതരമാണെന്നും ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ ഫൈസലിന് വീണ്ടും അയോഗ്യത വരാനുള്ള സാഹചര്യങ്ങളാണ് നിലവിലുള്ളത്.
അപ്പീല്‍ ഫയല്‍ ചെയ്യാതെ രാഹുല്‍
സൂറത്ത് കോടതി വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മേല്‍ക്കോടതിയെ സമീപിക്കാതിരിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളിയാണ് മൊത്തത്തില്‍ നടക്കുന്നതെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ഈ ഇരവാദ രാഷ്ട്രീയത്തെ തുറന്നുകാട്ടിയപ്പോള്‍ മലയാള മാധ്യമങ്ങള്‍ മാത്രമാണ് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും വേണ്ടി രംഗത്തെത്തിയത്. രാഹുല്‍ഗാന്ധിക്കെതിരെ വലിയ അനീതി നടക്കുന്നുവെന്ന് ചീത്രീകരിക്കാനാണ് വലിയൊരു വിഭാഗം മലയാള പത്രങ്ങളും ചാനലുകളും ബോധപൂര്‍വ്വം ശ്രമിച്ചത്. ഭരണഘടനാപരമായ നടപടിക്രമങ്ങളെയും രാജ്യത്തെ നിയമങ്ങളെയും അപമാനിച്ചുകൊണ്ടും, അതിനെല്ലാം ഉപരിയാണ് രാഹുല്‍ഗാന്ധിയെന്ന് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുമുള്ള അവസരമായും ചില മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങളെ കണ്ടു. തങ്ങള്‍ക്കില്ലാത്ത എന്തു പരിരക്ഷയാണ് രാഹുല്‍ഗാന്ധിക്ക് വേണ്ടതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ചോദിച്ചതും ഈ പശ്ചാത്തലത്തിലാണ് ഗൗരവകരമാകുന്നത്. ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യുകയും 90 ദിവസത്തോളം ജയിലിലിടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പേര് പറയണമെന്നതായിരുന്നു സിബിഐയുടെ ആവശ്യം. എന്നാല്‍ 90 ദിവസങ്ങള്‍ക്ക് ശേഷം യാതൊരു തെളിവുമില്ലെന്ന് കണ്ട് ബോംബേ ഹൈക്കോടതി തനിക്ക് ജാമ്യം നല്‍കുകയായിരുന്നുവെന്ന് അമിത് ഷാ ഓര്‍മ്മിച്ചെടുത്തു. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രിയെ അടക്കം ജയിലിലിട്ട് പീഡിപ്പിച്ചതിന് തങ്ങളാരും രാജ്യം സ്തംഭിപ്പിക്കുകയോ പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അമിത് ഷാ കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും ഓര്‍മ്മിപ്പിച്ചു. ആരും രാജ്യത്തെ നിയമങ്ങള്‍ക്കതീതരല്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശങ്ങളാണുള്ളതെന്നും സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വര്‍ഷത്തിലും കോണ്‍ഗ്രസിനും നെഹ്രു കുടുംബത്തിനും മാത്രം ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.