വേദ പുരുഷന്റെ കണ്ണുകളാണ് ജ്യോതിഷം. സ്‌കന്ധത്രയാത്മകമാണ് ജ്യോതിഷം. ഒരു വൃക്ഷത്തിന്റെ പ്രധാന ശാഖകളെയാണ് സ്‌കന്ധമെന്നു വിളിക്കുക. ജ്യോതിഷത്തിന് മൂന്നു ഭാഗങ്ങളുണ്ടെന്നര്‍ത്ഥം. സിദ്ധാന്ത സ്‌കന്ധം, ഹോരാ സ്‌കന്ധം, സംഹിതാ സ്‌കന്ധം.
ലഗധ മുനിയുടെ വേദാംഗ ജ്യോതിഷം വളരെ പഴക്കം ചെന്ന ഒരു ജ്യോതിഷ ഗ്രന്ഥമാണ്. വേദാംഗജ്യോതിഷത്തിന്റെ രചനാകാലത്ത് ദക്ഷിണായനാന്ത ബിന്ദു അവിട്ടത്തിന്റെ ആരംഭത്തിലും ഉത്തരായനാന്ത ബിന്ദു ആയില്യത്തിന്റെ മദ്ധ്യത്തിലും ആയിരുന്നു എന്ന് ഇതില്‍ പറയുന്നുണ്ട്.
നമുക്ക് കണ്ണു കൊണ്ട് ഇപ്പോഴത്തെ ആകാശ ഗോളങ്ങളെ കാണാം. എന്നാല്‍ അവയെല്ലാം 50 വര്‍ഷം മുമ്പ് എവിടെയായിരുന്നു, 50 വര്‍ഷങ്ങള്‍ക്കു ശേഷം എവിടെയായിരിക്കും എന്നറിയാന്‍ ജ്യോതിഷമെന്ന കണ്ണു വേണം.
വൈദികമായ ചടങ്ങുകള്‍ നടത്താന്‍ ശുഭമായ സമയം (മുഹൂര്‍ത്തം) അറിയണം. അങ്ങിനെ നല്ല കാലം കാട്ടിത്തന്ന് നയിക്കുന്നതിനാലുമാണ് ഇതിനെ നയനം (കണ്ണ്) എന്നു വിളിക്കുന്നത്. ആകാശത്ത് ചില പ്രത്യേക സമയങ്ങളില്‍ ചില ഗ്രഹസ്ഥിതികള്‍ രൂപപ്പെടും. അത്തരം സന്ദര്‍ഭങ്ങളില്‍ തുടങ്ങുന്ന കര്‍മ്മങ്ങള്‍ വിജയിക്കും എന്ന് വളരെ കാലത്തെ നിരീക്ഷണം കൊണ്ട് അറിഞ്ഞാണ് വൈദിക ജ്യോതിഷം രൂപപ്പെട്ടത്.
ജ്യോതിഷത്തില്‍ ഗണിതം അത്യാവശ്യമായ ഘടകമാണ്. സാധാരണ ഗണിതം, ത്രികോണമിതി (ട്രിഗ്‌ണോ മെട്രി), ക്ഷേത്രഗണിതം അഥവാ ജ്യാമിതി (ജ്യോമെട്രി), ബീജഗണിതം (ആള്‍ജിബ്ര) ഇവയെല്ലാം ചേര്‍ന്നതാണ് ജ്യോതിഷത്തിലെ സിദ്ധാന്ത സ്‌കന്ധം. സൂര്യ സിദ്ധാന്തം ഈ സ്‌കന്ധത്തില്‍ പെടും.
ആകാശ ഗോളങ്ങളുടെ ചലനങ്ങളും സ്ഥാനങ്ങളും മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും എന്ന വിഷയമാണ് ഹോരാ സ്‌കന്ധത്തിലെ പ്രതിപാദ്യം. മനുഷ്യന്‍ ജനിച്ച സമയത്തെ ഗ്രഹനില (ജാതകം) വെച്ച് അവന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അവനുണ്ടാകുന്ന അനുഭവങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്ന ശാസ്ത്ര ഖണ്ഡമാണിത്. മനുഷ്യനു മാത്രമല്ല സ്ഥാപനങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കും ഇതു ബാധകമാണ്. ജാതകം, പ്രശ്‌നം, മുഹൂര്‍ത്തം, നിമിത്തം മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഹോരാ സ്‌കന്ധത്തിലാണ്.
കലിയുഗത്തിന് 4,32,000 വര്‍ഷങ്ങളാണ്. ഇതിനെ 2 കൊണ്ട് ഗുണിച്ചാല്‍ (8,64,000) ദ്വാപരയുഗത്തിന്റെ ദൈര്‍ഘ്യം കിട്ടും. 3 കൊണ്ട് ഗുണിച്ചാല്‍ ത്രേതായുഗം. 4 ഇരട്ടിയായാല്‍ കൃതയുഗം. നാലും കൂടിയാല്‍ ഒരു മഹായുഗം. അങ്ങിനെയുളള 1000 മഹായുഗം ചേരുന്നതാണ് ബ്രഹ്‌മാവിന്റെ ഒരു പകല്‍. ഇതിനിടയില്‍ 14 മനുക്കള്‍ ലോകം ഭരിക്കും. അതായത് 14 മന്വന്തരങ്ങള്‍ കടന്നുപോകും. പിന്നീട് പ്രളയം. പിന്നെ 1000 മഹായുഗം ബ്രഹ്‌മരാത്രിയും. ഇതാണ് ഒരു ബ്രഹ്‌മ ദിനം. അത്തരം ദിനങ്ങള്‍ ചേര്‍ന്നാണ് ബ്രഹ്‌മാവിന്റെ ഒരു വര്‍ഷം ഉണ്ടാവുന്നത്. 100 ബ്രഹ്‌മ വര്‍ഷമാണ് ബ്രഹ്‌മാവിന്റെ ആയുസ്സ്. അതു കഴിയുമ്പോള്‍ മഹാപ്രളയം.
71 ചതുര്യുഗങ്ങളാണ് ഒരു മന്വന്തരം. നമ്മള്‍ ഇപ്പോള്‍ വൈവസ്വത മന്വന്തരത്തിലാണ് ഉള്ളത്. അതില്‍ 28 മത്തെ ചതുര്യുഗത്തിന്റെ അന്ത്യമായ കലിയുഗത്തിലാണ് നമ്മള്‍ ഇരിക്കുന്നത്. ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണം നടന്ന ദിവസത്തിലാണ് കലിയുഗം ആരംഭിക്കുന്നത്. ഇത് 3102 ബി.സിയാണ്.
നമ്മള്‍ പുണ്യകര്‍മ്മങ്ങള്‍ ആരംഭിക്കുമ്പോള്‍ അന്നത്തെ കലിവര്‍ഷവും അയനവും മാസവും തിഥിയും നക്ഷത്രവും തീയതിയും ഒക്കെ ഓര്‍മിക്കും. കര്‍മം നടക്കുന്ന സ്ഥലവും കൃത്യമായി സൂചിപ്പിക്കും. ഇതിനെ സങ്കല്പം ചെയ്യുക എന്നാണ് പറയുക.
എവിടെ കിണര്‍ കുഴിച്ചാല്‍ വെളളം കിട്ടും? എത്ര കുഴിച്ചാല്‍ വെള്ളം കിട്ടും? യാത്ര പുറപ്പെടുമ്പോള്‍ ഏതു ജന്തുവിനെ കണ്ടാല്‍ കാര്യസാധ്യമുണ്ടാവും? ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഭാഗമാണ് സംഹിതാ സ്‌കന്ധം. ശകുനം, നിമിത്തം, ലക്ഷണം മുതലായവ ഇതില്‍ വരും. ഇവയൊക്കെ ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കുമെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ട്. ശകുനമെന്നാല്‍ കഴുകന്‍ എന്ന പക്ഷിയാണ്. യാത്ര പുറപ്പെടുമ്പോള്‍ കാണുന്ന പക്ഷികളെ വച്ച് ഫലം പ്രവചിക്കുന്നതാണ് ശകുനം. മറ്റു ജന്തുക്കളോ വസ്തുക്കളോ ആണെങ്കില്‍ നിമിത്തമെന്നു പറയും.
ഒരു ഓലക്കുടിലില്‍ അതിന്റെ മേല്‍ക്കൂരയിലെ ദ്വാരത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മി നിലത്ത് പതിക്കും. വൃത്തത്തിലുള്ള ഒരു പ്രകാശ അടയാളം ഉണ്ടാക്കും. അതേ സ്ഥാനത്ത് അത്തരം പ്രകാശം പതിക്കുന്ന അടുത്ത സമയം ഏതായിരിക്കും. ഇതു കണ്ടുപിടിച്ചു പറയുന്നതിന് രാജാക്കന്മാര്‍ പന്തയം (സമ്മാനം) നിശ്ചയിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തിലൂടെ ഇതു കൃത്യമായി പ്രവചിക്കാന്‍ സാധിക്കും. മറ്റു ശാസ്ത്രങ്ങളില്‍ വാദത്തിലൂടെ ജയിക്കാം. ജ്യോതിശ്ശാസ്ത്രത്തില്‍ വ്യക്തമായ, പ്രതൃക്ഷമായ തെളിവു കാട്ടുക തന്നെ വേണം. ഗ്രഹണ സമയം കൃത്യമായി പ്രവചിക്കുന്നതു തന്നെ ഉദാഹരണം. പറഞ്ഞ സമയത്ത് ആകാശത്തു ഗ്രഹണം കാണാം. സൂര്യനും ചന്ദ്രനും തന്നെയാണ് ഇവിടെ സാക്ഷികള്‍.
ഭൂമി ഉരുണ്ടതാണ് എന്ന് പാശ്ചാത്യര്‍ അറിയുന്നതിന് എത്രയോ മുമ്പുതന്നെ ഇവിടെ ‘ഭൂഗോള’ ശാസ്ത്രമുണ്ടായിരുന്നു. ഭൂമി ഉരുണ്ട ഗോളാകൃതിയാണെന്ന് അറിയാമായിരുന്നു. അതേസമയം പ്രപഞ്ചം അണ്ഡാകൃതിയാണെന്നും (കോഴിമുട്ടയുടെ ആകൃതി). ബ്രഹ്‌മാണ്ഡം എന്നാണ് പ്രയോഗം, ബ്രഹ്‌മഗോളമെന്നല്ല. അത് ജഗത്ത് (ചലിച്ചു കൊണ്ടിരിക്കുന്നത്) ആണെന്നും പ്രസിദ്ധമാണ്.