ഒരു ഉച്ചയുറക്കത്തിന്റെ മനോഹാരിതയെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’. ക്ലാസിക് സ്‌റ്റൈല്‍ കൊണ്ട് കഥ പറയുകയും പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യുന്ന ‘പല്ലിശ്ശേരി ടെച്ച്’ നമുക്ക് ഈ ചിത്രത്തിലും കാണാം.
കുടുംബസമേതം വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങുന്ന മൂവാറ്റുപുഴക്കാരനായ ജെയിംസ് (മമ്മൂട്ടി) ഉച്ചമയക്കത്തിലായിരിക്കേ ഇടയ്ക്ക് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. വാഹനത്തില്‍ നിന്നിറങ്ങുന്ന അയാള്‍ നേരേ അടുത്തുള്ള തമിഴ് ഗ്രാമത്തിലേക്ക് നീങ്ങുകയും അവിടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട സുന്ദരം എന്ന തമിഴ് ഗ്രാമീണനായി പരകായപ്രവേശം നടത്തുകയും ചെയ്യുന്നതാണ് കഥാതന്തു.
വാക്കിലും നോക്കിലും നടപ്പിലുമൊക്കെ സുന്ദരമായി മാറുന്ന ജെയിംസിന് സുന്ദരത്തിന്റെ ജീവിതാനുഭവങ്ങള്‍ പോലും ചിരപരിചിതമാണ്. ഇങ്ങനെ സുന്ദരത്തിന്റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിച്ച ജെയിംസ് ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അയാളെ തിരിച്ചുകൊണ്ടുപോകാന്‍ കൂടെ വന്നവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
തമിഴ് ഭാഷ വശമില്ലാത്ത, തമിഴരോട് ചില ഒരുതരം വിരോധം പുലര്‍ത്തുന്ന ജെയിംസിന്റെ ഒരു തനി നാടന്‍ തമിഴനിലേക്കുള്ള ഭാവമാറ്റം അതിമനോഹരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നു. ജെയിംസിന്റെയും സുന്ദരത്തിന്റെയും ഭിന്നാംശങ്ങളെ പ്രതിഫലിപ്പിക്കാനും മമ്മൂട്ടിയിലെ പ്രതിഭാശാലിയായ നടന് അനായാസം കഴിയുന്നു. ജെയിംസിന്റെയും സുന്ദരത്തിന്റെയും ജീവിതത്തിലൂടെ രണ്ട് കുടുംബങ്ങളെ ബാധിച്ച അനിശ്ചിതത്വവും ഉദ്വേഗവും ആവിഷ്‌കരിക്കുകയാണ് ഈ സിനിമയില്‍. ജെയിംസിന്റെ അങ്ങേയറ്റം വിചിത്രമായ പെരുമാറ്റവും, അത് ചുറ്റുമുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ആശങ്കയും അസ്വസ്ഥതയും വൈകാരികമായി ഒപ്പിയെടുക്കുന്ന തരത്തിലുള്ള ഷോട്ടുകളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജീവിതത്തിന്റെയും മരണത്തിന്റെയും തത്വചിന്തയെ തിരുക്കുറലില്‍ നിന്നുള്ള വാക്കുകളിലൂടെ സിനിമയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. അശോകനും രാജേഷ് ശര്‍മ്മയും വിപിന്‍ അറ്റ്‌ലിയും തെന്നവനും അടക്കം വളരെ കുറച്ചു പരിചിത മുഖങ്ങളേ ഈ സിനിമയിലുള്ളൂ. അപരിചിതമായ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ഹൃദ്യമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്.ഹരീഷ് ആണ്.
ഓരോ രംഗങ്ങളിലും വികാസം പ്രാപിക്കുന്ന കഥാഗതിയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ബഹളമയമായ കഥപറച്ചില്‍ രീതിക്ക് പകരം ഒരു നിശ്ശബ്ദ സിനിമയുടെ സുഖാനുഭൂതിയാണ് ഈ ചിത്രം പകരുന്നത്. പഴയകാല ചില തമിഴ് സിനിമകളിലേതിന് സമാനമായ പാട്ടുകളും സംഭാഷണങ്ങളുമാണ് ഈ സിനിമയില്‍ പശ്ചാത്തല സംഗീതമായി അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലിറങ്ങിയ ഒരു തമിഴ് സിനിമ എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനരീതിയാണ് സംവിധായകന്‍ ഈ സിനിമയില്‍ സ്വീകരിച്ചിട്ടുള്ളത്. ജീവിതാലസ്യത്തിന്റെ മയക്കത്തില്‍നിന്നുണര്‍ന്ന് ഉണ്മയെ തേടാന്‍ ഈ സിനിമാ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.