വേദ പുരുഷന്റെ ശ്രോത്രങ്ങളാണ് നിരുക്തം. വേദത്തിന്റെ നിഘണ്ടുവാണ് നിരുക്തം. ഓരോ വാക്കും വിശകലനം ചെയ്ത് അതിന്റെ മൂലപദം അഥവാ ധാതുവറിഞ്ഞ് അര്‍ത്ഥം മനസ്സിലാക്കുന്ന രീതിയാണ് ഇതില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ഇതിനെ etymology എന്നാണ് പറയുക. ഇത്തരം dictionary ഇംഗ്ലീഷിലും ഉണ്ട്.
നിരുക്തം സാധാരണ നിഘണ്ടുവല്ല. വേദത്തിലെ പല വാക്കുകളും സാധാരണ ഭാഷയില്‍ പ്രയോഗത്തിലില്ലാത്തതാണ്; അപൂര്‍വ്വവുമാണ്. അവ എന്താണ്, എന്തുകൊണ്ടു പ്രയോഗിച്ചു ഏതു സന്ദര്‍ഭത്തില്‍ പ്രയോഗിച്ചു എന്നൊക്കെ നിരുക്തം വിസ്തരിക്കും. യാസ്‌കന്റെ നിരുക്തമാണ് പ്രസിദ്ധം.
വേദസംഹിതകളുടെ അര്‍ത്ഥം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെടാതിരിക്കാന്‍ നിരുക്തം ഒരു തടയാണ്. കശ്യപകൃതമായ വൈദിക പദസമൂഹമായ നിഘണ്ടുവിന്റെ വ്യാഖ്യാനമാണ് യാസ്‌കനെഴുതിയ നിരുക്തം.
നിഘണ്ടു എന്ന പദത്തെ തന്നെ നിഗന്തു എന്നും നിഗമയിതാ എന്നും പിരിച്ച് ‘ഗമ്’ ധാതുവാണ് നിഘണ്ടുവിന്റെ അടിസ്ഥാനമെന്ന് കണ്ടെത്തുന്നു, യാസ്‌കന്‍.
ആരാണ് ആചാര്യന്‍? യാസ്‌കന്‍ പറയുന്നു:- ആചാരം ഗ്രാഹയതി (ശിഷ്യര്‍ക്ക് ആചാരങ്ങളെ മനസ്സിലാക്കി കൊടുക്കുന്നു) ആചിനോതി അര്‍ഥാന്‍ (അര്‍ത്ഥങ്ങളെ ശേഖരിച്ചു നല്കുന്നു) ആചിനോതി ബുദ്ധിം (ബുദ്ധിയെ വികസിപ്പിക്കുന്നു) ‘ചര്’ എന്ന ധാതുവിനോട് ആ എന്ന ഉപസര്‍ഗവും ണ്യത് എന്ന പ്രത്യയവും ചേര്‍ത്ത് ആണ് ആചാര്യന്‍ എന്ന പദമുണ്ടായതെന്ന് യാസ്‌കന്‍ വിസ്തരിക്കുന്നു.
വര്‍ണാഗമോ വര്‍ണ വിപര്യയശ്ച
ദ്വൗ ചാപരൗ വര്‍ണ വികാരനാശൗ
ധാതോസ്തദര്‍ഥാതിശയേന യോഗ –
സ്തദുച്യതേ പഞ്ചവിധം നിരുക്തം.
അര്‍ത്ഥം കിട്ടാനായി പുതിയ വര്‍ണ്ണങ്ങള്‍ ചേര്‍ത്തും വര്‍ണ്ണങ്ങളുടെ സ്ഥാനം മാറ്റിയും ഒരു വര്‍ണ്ണം മാറ്റി മറ്റൊന്നാക്കിയും വര്‍ണം ലോപിപ്പിച്ചും ചില അര്‍ത്ഥത്തിനു പ്രത്യേക ഊന്നല്‍ നല്‍കിയും ഇങ്ങിനെ അഞ്ചു തരത്തില്‍ നിരുക്തി പറയാം.
ഹന് എന്ന ധാതുവിന് ഹിംസയെന്നും ഗതി എന്നും അര്‍ത്ഥം. ഹന് + സ = ഹംസ എന്ന പദത്തിന് ഗതി എന്ന അര്‍ത്ഥത്തിലൂടെ സുന്ദരമായി ഗമിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ഹംസമായി (സ എന്ന വര്‍ണ – ആഗമം )
ഹിംസ എന്ന പദം മറിച്ചിട്ട് (വിപര്യയം ) സിംഹമായി – ഹിംസിക്കുന്നത് എന്നര്‍ത്ഥം. ഇതുപോലെ മറ്റുളളവയും അറിയുക.
വേദങ്ങളുടെ ശബ്ദ പ്രാധാന്യവാദത്തെ യാസ്‌കന്‍ ഖണ്ഡിക്കുന്നുണ്ട്. അര്‍ത്ഥമറിയാതെ വേദം ചൊല്ലുന്നവന്‍ ചുമടുതാങ്ങി പോലെയാണ് എന്ന് അദ്ദേഹം കളിയാക്കുന്നു.
വാര്‍ഷ്യായണി, ഗാര്‍ഗ്യന്‍, ശാകല്യന്‍, ശാകടായനന്‍, കൗത്സന്‍, ഔദുംബരായണന്‍ തുടങ്ങി അനവധി ആചാര്യന്മാരെ യാസ്‌കന്‍ ഉദ്ധരിക്കുന്നുണ്ട്. ഭാരതത്തില്‍ പ്രാചീന കാലത്തു തന്നെ നിലനിന്നിരുന്ന ശക്തമായ ഭാഷാശാസ്ത്ര വിജ്ഞാന പാരമ്പര്യമാണ് ഇവിടെ വെളിപ്പെടുന്നത്.
ഹൃദയം എന്ന വാക്കു പരിശോധിക്കാം. ഹൃദി (ഹൃദയത്തില്‍) അയം (അവന്‍) അതായത് ഈശ്വരന്‍ ഇതില്‍ ഇരിക്കുന്നു. ഇവിടെ നമ്മുടെ സാധാരണ ഹൃദയം ആത്മീയമായ ഔന്നത്യം നേടുന്നു. എല്ലാ ശാസ്ത്രങ്ങളും ഈശ്വരനിലേക്കുള്ള പാതയത്രേ. ഇവിടെ പരമേശ്വരന്റെ വാസസ്ഥാനമാണ് ഹൃദയം. ഓരോ വാക്കിനും ഒരു ഉദ്ദേശ്യമുണ്ടെന്നര്‍ത്ഥം.
സംസ്‌കൃതത്തില്‍ എല്ലാ വാക്കുകള്‍ക്കും (നാമത്തിനും ക്രിയക്കും) ധാതുക്കള്‍ (മൂലരൂപങ്ങള്‍) ഉണ്ട്. മറ്റു പല ഭാഷകളിലും ഇതില്ല. കാഞ്ചിയിലെ പെരിയോര്‍ സ്വാമികള്‍ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. hour (മണിക്കൂര്‍) എന്ന വാക്കെടുക്കാം. ഇത് ഉച്ചരിക്കുന്നത് ‘അവര്‍’ എന്നാണ്. ‘വ’ ന് ഉച്ചാരണമില്ല. എങ്കിലും അത് നിലനിര്‍ത്തിയിരിക്കുന്നു. കാരണം ഈ വാക്ക് വന്നത് സംസ്‌കൃതത്തിലെ (ജ്യോതിഷത്തിലെ ) ഹോര എന്ന പദത്തില്‍ നിന്നാണ്. അഹോരാത്രം (പകലും രാവും) എന്ന പദത്തിലെ ‘അ’, ‘ത്രം’ എന്നിവ കളഞ്ഞതാണ് ഹോര. 24 കാല-ഹോരകളാണ് ഒരു ദിവസം. 60 വിനാഴികയാണ് ഒരു ഹോര. ദശാംശത്തില്‍ നിന്നും വ്യത്യസ്തമായി 24, 60 മുതലായ അളവുകള്‍ വന്നതും ഇന്ത്യന്‍ ജ്യോതിഷത്തില്‍ നിന്നാവാം. hourഎന്ന വാക്കിന് ഇംഗ്ലീഷില്‍ മൂലം (root) ഇല്ലാതാവാന്‍ ഇതാണ് കാരണമെന്നര്‍ത്ഥം.
അര്‍ത്ഥമറിയാതെ ഒരു ഭാഷ കേട്ടുകൊണ്ടിരുന്നാല്‍ ഒരു പ്രയോജനവുമില്ല. അവ ബധിര കര്‍ണങ്ങളിലാണ് പതിക്കുക. അതുകൊണ്ടാണ് ഓരോ വാക്കിനേയും പിരിച്ച് അതിന്റെ വ്യുല്‍പത്തി കണ്ടെത്തി അതിനെ മനസ്സിലാക്കിത്തരുന്ന നിരുക്തത്തെ വേദപുരുഷന്റെ ചെവിയായി കണക്കാക്കുന്നത്. വേദം തന്നെ ശ്രുതിയാണ്, കേട്ടു പഠിക്കുന്നതാണ്; കേട്ടറിഞ്ഞതുമാണ്. ഇംഗ്ലീഷുകാര്‍ കാശിയിലെ പണ്ഡിതന്മാരില്‍ നിന്ന് വ്യാകരണവും നിരുക്തവും പഠിച്ചു. അതിന്റെ വെളിച്ചത്തിലാണ് ഇംഗ്ലീഷില്‍ ഭാഷാശാസ്ത്രത്തില്‍ philology എന്ന വിഭാഗമുണ്ടായത്.
Comments