പൂര്‍വം എന്നാല്‍ ശരീരത്തിന്റെ മുന്‍ഭാഗവും പശ്ചിമം പിന്‍ഭാഗവുമാണ്. പിന്‍ഭാഗം വലിയുന്നത് പശ്ചിമ ഉത്താനാസനം. മുന്‍ഭാഗത്ത് വലിവു വരുന്നത് പൂര്‍വ ഉത്താനാസനം. സാധാരണയായി നാം മുന്നോട്ട് ധാരാളമായി കുനിയും. പിന്നോട്ടു വളയുന്നത് പ്രയാസമുണ്ടാക്കുന്നതിനാല്‍ അധികം ചെയ്യില്ല. ഈ കുറവ് ഈ ആസനം പരിഹരിക്കും.
ചെയ്യുന്ന വിധം
കാലു നീട്ടിയിരിക്കുക. കൈപ്പത്തികള്‍ ഇടുപ്പിന്റെ അല്പം പിറകിലായി ഇരുവശങ്ങളിലും നിലത്തു പതിച്ചു വെക്കുക. വിരലറ്റങ്ങള്‍ മുന്നോട്ടു നോക്കിയിരിക്കും. ഇരുകാലിന്റെ പെരുവിരലുകള്‍ ചേര്‍ന്നും മടമ്പുകള്‍ അല്പം അകന്നും ഇരിക്കും.
ശ്വാസമെടുത്തുകൊണ്ട് പൃഷ്ഠഭാഗം ഉയര്‍ത്തുക. തോള്‍പ്പലകകള്‍ പിന്നില്‍ ചേരും; നെഞ്ചു നിവരും. ശ്വാസം വിട്ടു കൊണ്ട് കാല്‍പ്പെരുവിരല്‍ നിലത്തു പതിക്കാന്‍ ശ്രമിക്കുക. തല പിന്നോട്ടു മലര്‍ത്തുക. ശരീരത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും നിവര്‍ന്നിരിക്കും. നാലഞ്ചു തവണ സാധാരണ ദീര്‍ഘശ്വാസത്തില്‍ നിന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
ശരീരത്തിലെ എല്ലാ പേശികളും വലിഞ്ഞു മുറുകുന്ന ആസനമാണിത്. കൈകാലുകള്‍ക്ക് ബലം നല്കും. മനസ്സ് ഏകാഗ്രമാവും. സാധാരണ അവസരങ്ങളില്‍ മുന്നോട്ടുള്ള മടങ്ങലാണ് കൂടുതല്‍. അത് ബാലന്‍സ് ചെയ്യാന്‍ ഇതു കാരണമാകും.
Comments