വേദാംഗങ്ങളില്‍ ശിക്ഷ, കല്പം എന്നിവയെക്കുറിച്ച് നാം ചര്‍ച്ച ചെയ്തു. ഇനി വ്യാകരണമാണ്. മന്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ വ്യാകരണം ആവശ്യമാണ്. വിവേചനം, വിശദീകരണം, വിശകലനം എന്നൊക്കെയാണ് വാക്കിന്റെ അര്‍ത്ഥം. ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിന് വ്യാകരിപ്പ് എന്നു പറയാറുണ്ട്. പതഞ്ജലി വ്യാകരണത്തെ ശബ്ദാനുശാസനം എന്നാണ് വിളിക്കുന്നത്.
വേദ പുരുഷന്റെ വായയാണ് വ്യാകരണം. വായയിലൂടെയാണല്ലോ ഭാഷ പുറപ്പെടുന്നത്.
ദക്ഷിണാമൂര്‍ത്തിയുടെ രൂപത്തിലുളള ശിവനാണ് ജ്ഞാന മൂര്‍ത്തി. അദ്ദേഹം സദാ മൗനിയാണ്. ശിവന്‍ നൃത്താവസാനത്തില്‍ തന്റെ ഡമരു 14 പ്രാവശ്യം കുലുക്കി ശബ്ദമുണ്ടാക്കി. അതാണ് മാഹേശ്വരസൂത്രങ്ങള്‍. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പാണിനിയുടെ സൂത്രങ്ങള്‍.
പാണിനിയുടെ അഷ്ടാധ്യായിയാണ് ഇതിലെ പ്രധാന ഗ്രന്ഥം. ഇതില്‍ എട്ട് അധ്യായങ്ങളാണ്. ഓരോ അധ്യായത്തിനും നാലു വീതം പാദങ്ങളും. ഓരോന്നിലും അനേകം സൂത്രങ്ങളും. നാലായിരത്തോളം സൂത്രങ്ങള്‍ ഇതിലുണ്ട്.
ഒന്നാം അധ്യായത്തില്‍ ഗ്രന്ഥത്തില്‍ ഉപയോഗിച്ച സാങ്കേതിക സംജ്ഞകളും വ്യാഖ്യാന നിയമങ്ങളും
രണ്ടാം അധ്യായത്തില്‍ നാമങ്ങളും നാമരൂപങ്ങളും
മൂന്നാമത്തേതില്‍ ക്രിയാധാതുക്കളും അവയോട് പ്രത്യയങ്ങള്‍ ചേരുന്ന വിധവും
നാലും അഞ്ചും അധ്യായങ്ങള്‍ നാമരൂപങ്ങളും പ്രത്യയങ്ങളും
ആറും ഏഴും അധ്യായങ്ങള്‍ പദരൂപീകരണ നിയമങ്ങള്‍
എട്ടാമധ്യായം വാക്യരൂപീകരണ നിയമങ്ങള്‍.
ഇതിന് പതഞ്ജലി മുനി ഭാഷ്യം രചിച്ചിട്ടുണ്ട്. വരരുചി (കാത്ത്യായനന്‍) വാര്‍ത്തികവും രചിച്ചു. ഇവ മൂന്നും പ്രധാനം തന്നെ.
വാക്യകാരം വരരുചിം
ഭാഷ്യകാരം പതഞ്ജലിം
പാണിനിം സൂത്രകാരം ച
പ്രണതോസ്മി മുനി ത്രയം
വാര്‍ത്തികകാരനായ വരരുചിയേയും ഭാഷ്യകാരനായ പതഞ്ജലിയേയും സൂത്രകാരനായ പാണിനിയേയും (മുനി ത്രയം) ഞാന്‍ നമസ്‌കരിക്കുന്നു.
മറ്റു ശാസ്ത്രങ്ങളും വ്യാകരണവും തമ്മില്‍ ഒരു പ്രധാന വ്യത്യാസം ഇതാണ്. ഒന്ന് വ്യാകരണത്തില്‍ സൂത്രങ്ങളോളമോ അതിലധികമോ പ്രാധാന്യം വാര്‍ത്തികത്തിനും ഭാഷ്യത്തിനുമുണ്ട് എന്നതാണത്. ഇതിന്റെ ഭാഷ്യത്തിനു മാത്രമാണ് മഹാഭാഷ്യമെന്നു പേര്.
മുടിയില്‍ ചന്ദ്രക്കല ഉള്ളതിനാല്‍ ശിവന് ചന്ദ്രശേഖരന്‍, ഇന്ദുശേഖരന്‍ എന്നൊക്കെ പേരുണ്ട്. ശബ്ദേന്ദു ശേഖരം എന്നും പരിഭാഷേന്ദുശേഖരമെന്നും രണ്ടു പ്രധാനപ്പെട്ട വ്യാകരണ ഗ്രന്ഥങ്ങളുണ്ട്. അവ രണ്ടും പഠിച്ചാല്‍ ‘ശേഖരാന്ത’ മായി, പ്രഗത്ഭനായി എന്നര്‍ത്ഥം.
ഭര്‍ത്തൃഹരിയുടെ ‘വാക്യപദീയ’ വും ഒരു പ്രധാന ഗ്രന്ഥം തന്നെ. ഒമ്പത് വ്യാകരണമുണ്ടെന്നും അവയെല്ലാം സൂര്യനില്‍ നിന്ന് ഹനുമാന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്നും കഥയുണ്ട്. ഹനുമാന്റെ ഭാഷണം കേട്ട് ഇദ്ദേഹം വൈയാകരണനാണെന്ന് ശ്രീരാമന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്.
ജയാദിത്യനും വാമനനും ചേര്‍ന്നു രചിച്ച കാശികാവൃത്തിയും പ്രധാനം തന്നെ. ക്ഷീര സ്വാമി, ഹരദത്തന്‍, മൈത്രേയ രക്ഷിതന്‍, കയ്യടന്‍, ഭട്ടോജി ദീക്ഷിതന്‍, കൊണ്ട ഭട്ട, നാഗേശ ഭട്ടന്‍, പ്രക്രിയാ സര്‍വസ്വം എഴുതിയ മേല്പുത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരും സ്മരണീയരാണ്.
വേദത്തില്‍ തന്നെയാണ് വ്യാകരണത്തിന്റെ തുടക്കം. ചത്വാരി വാക് പരിമിതാ പദാനി എന്ന് ഋഗ്വേദം. നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നിവയെപ്പറ്റി ഇവിടെ പരാമര്‍ശം വരുന്നു. അഥര്‍വവേദത്തിന്റെ ഗോപഥ ബ്രാഹ്‌മണത്തില്‍ വ്യാകരണത്തില്‍ ഉപയോഗിക്കുന്ന ധാരാളം സാങ്കേതിക പദങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ധാതു, പ്രാതിപദികം, ആഖ്യാതം, ലിംഗം, വചനം, വിഭക്തി, പ്രത്യയം, ഉപസര്‍ഗം, നിപാതം, വ്യാകരണം, വികാരം, വികാരീ, മാത്ര, വര്‍ണം, അക്ഷരം, പദം, സംയോഗം ഇവയൊക്കെ അവിടെ ഓങ്കാരത്തെ വെച്ച് വ്യാഖ്യാനിക്കുന്നുണ്ട്.
മധ്യപ്രദേശില്‍ ധാര്‍ എന്ന ഒരു പട്ടണമുണ്ട്. ഭോജ മഹാരാജാവിന്റെ തലസ്ഥാന നഗരിയായ ധാരാ നഗരം തന്നെയാണിത്. അവിടെ ഒരു മുസ്ലിം പള്ളി ഉണ്ട്. അതില്‍ ചില ശിലാലിഖിതങ്ങളുണ്ടെന്നറിഞ്ഞ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതു പരിശോധിച്ചു. അവിടെ ചുമരില്‍ ഒരു വലിയ ശിലാചക്രം ഉണ്ട്. അതില്‍ മുഴുവന്‍ വ്യാകരണ സൂത്രങ്ങളാണ്. അവ ചക്ര രൂപത്തില്‍ സംവിധാനം ചെയ്തിരിക്കുന്നു. പണ്ട് അത് ഒരു സരസ്വതീ ക്ഷേത്രമായിരുന്നു. ഒറ്റ നോട്ടത്തില്‍ വ്യാകരണം മനസ്സിലാക്കാന്‍ സ്ഥാപിച്ചതായിരുന്നു അത്. ശിലാലിഖിതവകുപ്പ് ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെറും പണ്ഡിതന്മാര്‍ മാത്രമല്ല സാധാരണ ജനങ്ങളും ഇതറിയണമെന്ന് ഭോജരാജാവ് ചിന്തിച്ചിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
Comments