ഭാരതം വന്‍തോതിലുള്ള റെയില്‍േവ വികസനത്തിന്റെ നാളുകളിലൂടെ കടന്നുപോവുകയാണ്. അതുകൊണ്ടുതന്നെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍, ബുള്ളറ്റ് ട്രെയിനുകള്‍ എന്നതൊക്കെ ഇപ്പോള്‍ സര്‍വ്വസാധാരണമായ പദങ്ങളാണ്. ഇവിടെ ഇപ്പോള്‍ ഉയരുന്ന ഒരു പ്രധാന ചോദ്യം, എന്നാണു ഭാരതത്തില്‍ മാഗ്ലെവ് ട്രെയിനുകള്‍ വരിക എന്നതാണ്.
എന്താണ് മാഗ്ലെവ് (Maglev-Magnetic Levitation)? മാഗ്‌നറ്റ് അഥവാ കാന്തത്തിനു തെക്ക്-വടക്ക് എന്നിങ്ങനെ രണ്ടു ധ്രുവങ്ങള്‍ ഉള്ളതായി നമുക്കെല്ലാം അറിയാം. സ്വതന്ത്രമായി തൂക്കിയിടുന്ന ഒരു കാന്തം തെക്കുവടക്കു ദിശകളില്‍ നില്‍ക്കും. അതുതന്നെയാണ് വടക്കുനോക്കിയന്ത്രത്തിന്റെ പ്രവര്‍ത്തനതത്വവും.
രണ്ടു കാന്തങ്ങളുടെ വിരുദ്ധധ്രുവങ്ങള്‍ ശക്തമായി ആകര്‍ഷിക്കുകയും സമാന ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും ചെയ്യുമെന്നും നാം പഠിച്ചിട്ടുണ്ട്. കാന്തങ്ങളുടെ സമാനധ്രുവങ്ങളുടെ വികര്‍ഷണം എന്ന തത്വമാണ് മാഗ്ലെവ് ട്രെയിനുകളുടെ അടിസ്ഥാനം.
ഈ ട്രെയിനുകള്‍ക്ക് ചക്രങ്ങള്‍ ഇല്ല. ഓടാനുള്ള സമയമാകുമ്പോള്‍ ട്രെയിനിന്റെ അടിയിലെയും പ്രത്യേകം നിര്‍മ്മിച്ച പാളങ്ങളിലേയും അതിശക്തമായ വൈദ്യുത കാന്തങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. അവയുടെ സമാനധ്രുവങ്ങള്‍ മുഖാമുഖം വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അപ്പോഴുണ്ടാകുന്ന ശക്തമായ വികര്‍ഷണം നിമിത്തം ട്രെയിന്‍ മുഴുവനായി തറനിരപ്പില്‍ നിന്നും ഒന്നോ രണ്ടോ അടി ഉയരും.
ഇങ്ങനെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ട്രെയിനിനു മുമ്പോട്ട് നീങ്ങാനുള്ള ഊര്‍ജ്ജം കൊടുക്കുകയാണ് അടുത്ത പടി. അവിടെയും കാന്തങ്ങളുടെ ഈ സ്വഭാവം തന്നെയാണ് ഉപയോഗിക്കുന്നത്. കാന്തങ്ങളുടെ ആകര്‍ഷണ വികര്‍ഷണ സ്വഭാവം ക്രമമായി ഉപയോഗിച്ചാണ് ട്രെയിനിനെ ചലിപ്പിക്കുന്നത്. ചക്രങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഘര്‍ഷണം മൂലമുള്ള ഊര്‍ജ്ജ നഷ്ടമോ വേഗതയുമായി ബന്ധപ്പെട്ട പ്രശ്ങ്ങളോ ഇല്ല. മുഴുവന്‍ ഊര്‍ജ്ജവും ട്രെയിനിന്റെ ചലനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാം. അതുകൊണ്ടുതന്നെ മാഗ്ലെവ് ട്രെയിനുകളുടെ വേഗത വളരെ വലുതാണ്, മണിക്കൂറില്‍ 400 കിലോമീറ്റര്‍ മുതല്‍ 600 കിലോമീറ്റര്‍ വരെ. ഓര്‍ക്കുക സാധാരണ വിമാനങ്ങളുടെ വേഗത 700 -800 കിലോമീറ്റര്‍ ആണ്.
1970 കളിലാണ് മാഗ്ലെവ് സാങ്കേതികവിദ്യ ജര്‍മ്മനിയും ജപ്പാനുമൊക്കെ ഗൗരവമായി വികസിപ്പിക്കാന്‍ ആരംഭിച്ചത്. ഇന്ന് ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ് മാഗ്ലെവ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നത്.
മാഗ്ലെവ് ട്രെയിനുകളുടെ പ്രധാന ഗുണം എന്തെന്നാല്‍ ഇതില്‍ ചലിക്കുന്ന ഭാഗങ്ങേളാ (Moving parts) അങ്ങനെയുണ്ടാകുന്ന തേയ്മാനങ്ങളോ ഇല്ല, ട്രെയിനും പാളങ്ങളും തമ്മില്‍ തൊടാത്തതു കൊണ്ട് ശബ്ദശല്യം ഇല്ല, ഇന്ധനങ്ങള്‍ എരിയാത്തത് കൊണ്ട് അന്തരീക്ഷമലിനീകരണവും ഇല്ല എന്നതൊക്കെയാണ്.
എന്നാല്‍ ഇവ സ്ഥാപിക്കാനുള്ള ചെലവ് പരമ്പരാഗത ട്രെയിനുകളെ അപേക്ഷിച്ച് അനേകമടങ്ങു കൂടുതലാണ്. പരമ്പരാഗത റെയില്‍വേ ലൈനുകളെ മാഗ്ലെവിലേക്ക് വികസിപ്പിക്കാന്‍ കഴിയില്ല. അത് പൂജ്യത്തില്‍ നിന്ന് തന്നെ തുടങ്ങേണ്ടി വരും.അതുകൊണ്ടുതന്നെ വലിയ റൂട്ടുകളില്‍ ഇവ നടപ്പാക്കുക എന്നത് ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ വന്‍ മുതല്‍മുടക്ക് ഈ സംരംഭത്തെ ലാഭകരമാക്കാന്‍ ഒരുപാട് വൈകിപ്പിക്കും. അതുകൊണ്ടാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ മാഗ്ലെവിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത്. പക്ഷെ ലാഭകരമായി ഓടിക്കുന്ന ചൈനയിലെ ഷാങ്ങ്ഹായ് മാഗ്ലെവ് വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്.
എന്തായാലും പ്രകൃതിയോട് ഇണങ്ങുന്ന ഏറ്റവും മികച്ച ഒരു യാത്രാസംവിധാനം എന്ന നിലയില്‍ ഭാവിയുടെ ട്രെയിന്‍ തന്നെയാണ് നിലം തൊടാതെ പായുന്ന മാഗ്ലെവ് എന്നതില്‍ സംശയമില്ല.