ഒടുവില്‍, ഖത്തറില്‍ മെസ്സി മിശിഹയായി; വാഴ്ത്തപ്പെട്ടവനായി. ദാനിയല്‍ പസറല്ലയ്ക്കും സാക്ഷാല്‍ മാറഡോണയ്ക്കും ശേഷം കാല്‍പന്തിന്റെ ലോകാധിപത്യത്തിലേക്ക് അര്‍ജന്റീനയെ ആനയിച്ച് ചരിത്രദൗത്യം നിറവേറ്റി. ഖത്തറിലെ ലൂസൈല്‍ ഐക്കോണിക്കില്‍ അവസാനപ്പോരില്‍ എംബാപ്പെയുടെ ഗോളടിമികവില്‍ ജ്വലിച്ചുയര്‍ന്ന ഫ്രഞ്ച് പെരുമയെ നിഷ്പ്രഭമാക്കി, തനിക്ക് മീതെ ഇഹലോകത്തില്‍ മറ്റൊരു പന്തടിക്കാരനില്ലെന്ന് നിസ്സംശയം ഉറപ്പിച്ചു.
ആദ്യവട്ടത്തില്‍ത്തന്നെ അവസാനിക്കുമെന്ന അമ്പരപ്പില്‍ നിന്നും യഥാര്‍ത്ഥചാമ്പ്യന്‍ എങ്ങനെ ഉയിര്‍പ്പ് നേടുമെന്ന്, മുന്നില്‍ നിന്നും നയിച്ച് മെസ്സി തെളിയിച്ചു. എടുത്തുകാട്ടാനും എണ്ണിപ്പറയാനും അധികമില്ലാതിരുന്ന ഒരു സാധാരണകളി സംഘത്തെ, പ്രതിഭാസമ്പന്നതയുടെ അതീന്ദ്രിയ സ്പര്‍ശത്താല്‍ ഒത്തുചേര്‍ത്ത് ജയിക്കാനായി പാകമാക്കുകയായിരുന്നു കാല്‍പന്തിന്റെ ഈ കലാകാരന്‍. ഫുട്‌ബോള്‍ ഇതിഹാസതാരത്തിന്റെ കേളീവൈഭവത്തിന് മുന്നില്‍, ലോകം നമിച്ച നാളുകളായിരുന്നു ഖത്തറില്‍ കടന്നുപോയത്. കളത്തില്‍ പന്ത് കൊടുത്തും വാങ്ങിയും ഗോളടിച്ചും അടിപ്പിച്ചും മെസ്സി കിരീട വഴിയിലേക്ക് അര്‍ജന്റീനയെ കൈപിടിച്ച് നടത്തി. പന്ത് വരുതിയിലാക്കി, പാദംകൊണ്ട് മെസ്സി നടത്തിയ പകര്‍ന്നാട്ടങ്ങള്‍ തടുക്കാന്‍ പോന്നവര്‍ ഖത്തറിലെ കളിയിടങ്ങളിലുണ്ടായിരുന്നില്ല.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ കയറിയുമിറങ്ങിയും നിന്ന കലാശക്കളിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന്റെ അഗ്നി പരീക്ഷ ജയിച്ചാണ്, പുതുചരിത്രമെഴുതാനെത്തിയ ഫ്രാന്‍സിനെ അര്‍ജന്റീന വീഴ്ത്തിയത്. തുടക്കത്തില്‍ പിന്നാക്കം പോയെങ്കിലും എംബാപ്പെയുടെ മിന്നുന്ന പ്രകടനത്തിലൂടെ തിരിച്ചുവന്ന ഫ്രഞ്ച് വീര്യത്തിന്, അര്‍ജന്റീനയ്ക്കും മെസ്സിക്കും അര്‍ഹമായത് തടയാനാവില്ല എന്നതായിരുന്നു നേര്.
ലോക ചാമ്പ്യന്മാരായി അര്‍ജന്റീന കപ്പ് സ്വന്തമാക്കുമ്പോഴും ഖത്തറിലെ കളിയിടങ്ങളില്‍ വിസ്മയം നിറച്ച നിരവധി രാജ്യങ്ങളുണ്ട്. അതിലൊന്ന് മോറോക്കോയാണ്. അവസാന നാലിലെത്തുന്നതുവരെ പരാജയമറിയാത്ത ഒരു പടയോട്ടം തന്നെയായിരുന്നു അത്. ആദ്യവട്ടത്തില്‍ ഞെട്ടലുണ്ടാക്കി പുറത്തു പോകുന്ന പിന്‍നിരക്കാരുടെ വിളയാട്ടം മാത്രമായി മൊറോക്കോയുടെ ആദ്യ ജയം കണ്ടവര്‍, പിന്നെ തുടരെത്തുടരെ ഞെട്ടി. ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധത്തിന്റെ പിന്‍ബലത്തോടെ യൂസുഫ് എന്‍ നസീരിയും ഹക്കിം സിയെച്ചും അഷ്‌റഫ് ഹക്കിമിയുമെല്ലാം ചേര്‍ന്ന് സെമി ഫൈനല്‍ വരെ എതിരാളികളെ നിശിതമായി എതിരിടുകയായിരുന്നു. ഏറ്റവും പിന്നില്‍ വന്‍മതില്‍ പോലെ പഴുതേതുമില്ലാതെ കവാടം കാത്ത യാസിന്‍ ബൗനോ കളിക്കാരിലേക്ക് പകര്‍ന്ന ആത്മവിശ്വാസം ചില്ലറയല്ലായിരുന്നു. വായുവില്‍ നീന്തിയും തുഴഞ്ഞും ഉയര്‍ന്നും അമര്‍ന്നും വലയ്ക്ക് മുന്നില്‍ വിസ്മയം പോലെ നിന്ന ബൗനോ തന്നെയായിരുന്നു മൊറോക്കന്‍ കരുത്തിന്റെ കാതല്‍.
കപ്പില്‍ കൈവയ്ക്കാനായില്ലെങ്കിലും ഖത്തറില്‍ ക്രൊയേഷ്യയും നെതര്‍ലാന്റസും കളിച്ച കളികള്‍, കണ്ടവരുടെ മനസ്സില്‍ മായാതെയുണ്ടാകും. ഇംഗ്ലണ്ടിനൊപ്പം, ആദ്യ റൗണ്ടിലെ അട്ടിമറികള്‍ അതിജീവിച്ചവര്‍ ക്രൊയേഷ്യയും നെതര്‍ലാന്റ്‌സും മാത്രമാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
ഖത്തറില്‍ ഒത്തിരി എതിര്‍പ്പുകള്‍ക്കിടയില്‍ ലോകകപ്പ് മത്സരങ്ങളുടെ ആദ്യവിസിലുയര്‍ന്നപ്പോള്‍ ചില സാമ്പിള്‍ വെടിക്കെട്ടുകള്‍ ലോകം പ്രതീക്ഷിച്ചിരുന്നു. കാരണം അതൊരു പതിവായിരുന്നു. പിന്നിട്ട ലോകകപ്പുകളില്‍ അര്‍ജന്റീനയും ജര്‍മ്മനിയും, ഫ്രാന്‍സും, ഇറ്റലിയുമെല്ലാം പല കാലങ്ങളിലായി തുടക്കത്തിലെ ആഘാതങ്ങളുടെ ചൂടേറ്റവരാണ്. അതുകൊണ്ടുതന്നെ എല്ലാക്കാലത്തുമെന്നതുപോലെ മേമ്പൊടിയെന്നവണ്ണം സംഭവിക്കുന്ന അട്ടിമറികള്‍ക്കപ്പുറത്ത്, നിശ്ചയങ്ങള്‍ക്ക് വിരുദ്ധമായി മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് പണ്ഡിതന്മാര്‍ക്കും ആശങ്കയുണ്ടായിരുന്നില്ല. കണക്കെടുപ്പുകളില്‍, കളിയെഴുത്തുകളില്‍ അങ്ങനെ സൂചനകളില്ലായിരുന്നു. പതിവുകള്‍ തെറ്റുമെന്നും പുതിയ വീരഗാഥകള്‍ പിറക്കുമെന്നുമുള്ള വെളിപാടുകളുമുണ്ടായിരുന്നില്ല.
ഗ്രൂപ്പ് സിയില്‍ ആദ്യം സൗദി അറേബ്യ അര്‍ജന്റീനയെ വീഴ്ത്തിയപ്പോഴും തുടര്‍ന്ന് ജപ്പാന്‍ ജര്‍മ്മനിയുടെ കഥകഴിച്ചപ്പോഴും അതൊരു മാലപ്പടക്കത്തിന്റെ തീകൊളുത്തലായി ഫുട്‌ബോള്‍ ലോകം കണ്ടില്ല. എന്നാല്‍ എഫ് ഗ്രൂപ്പില്‍ മൊറോക്കോ ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബല്‍ജിയത്തെ മുക്കിയപ്പോള്‍ പതിവുകള്‍ തെറ്റുകയാണല്ലോയെന്ന് ഫുട്‌ബോള്‍ നിരീക്ഷകന്മാര്‍ ആശങ്കപ്പെട്ടു തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആഫ്രിക്കന്‍ പ്രതിനിധികളായ ടുണീഷ്യ ഫ്രാന്‍സിനേയും ദക്ഷിണകൊറിയ പോര്‍ച്ചുഗലിനേയും പരാജയങ്ങളുടെ പാതാളത്തിലേക്ക് താഴ്ത്തിയപ്പോഴാണ് ഇത് നിര്‍ത്തില്ലാത്ത ഒരു വെടിക്കെട്ടായിരുന്നുവെന്ന് ലോകത്തിന് ബോധ്യം വന്നത്.
ഇനി ലോക ഫുട്‌ബോളില്‍ പിന്നാമ്പുറവാസികളില്ലെന്നും മേധാവിത്വത്തിന്റെ മേല്‍വിലാസങ്ങള്‍ മാറ്റിയെഴുതപ്പെടേണ്ടതാണെന്നും ഖത്തര്‍ തെളിയിക്കുന്നു. വീരാപദാനങ്ങളും വ്യക്തിഗതഗര്‍വ്വുകളും കൊണ്ട് ആരെയും കീഴ്‌പ്പെടുത്താനാകില്ലെന്നും, കളത്തില്‍ പന്ത് കൊണ്ട് കവിത രചിച്ച് മാത്രം കളി ജയിക്കാനാകില്ലെന്നും ഖത്തറിലെ കളിക്കളങ്ങള്‍ സാക്ഷ്യം പറയുന്നു. കൊറിയയും ജപ്പാനും മോറോക്കോയും അതുതന്നെയാണ് പറയുന്നത്. ടുണീഷ്യയും ഇറാനും സൗദി അറേബ്യയും കാമറൂണും കളത്തില്‍ കാട്ടിത്തന്നതും മറ്റൊന്നുമല്ല. ഗോള്‍ദിശയിലേക്ക് തുരുതുരാ പന്തുകള്‍ പറത്തുന്നതല്ല, പൊടുന്നെ തുറക്കുന്ന പഴുതുകളിലൂടെ വലയുടെ ചതുരത്തിലേക്ക് പന്തിനെ വഴികാട്ടുകയാണ് വിജയിക്കാന്‍ വേണ്ടതെന്ന് ആഫ്രിക്കയിലേയും ഏഷ്യയിലേയും ഈ ‘കുഞ്ഞന്മാര്‍’ പ്രയോഗത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.
ഖത്തറില്‍ ആദ്യഘട്ടത്തില്‍ അടിയറവ് പറയാത്ത ഒരേ ഒരു മുന്‍ചാമ്പ്യന്‍ ഇംഗ്ലണ്ട് മാത്രമായിരുന്നു. പങ്കെടുത്ത മറ്റ് ജേതാക്കളെല്ലാം അടിതെറ്റി വീണു. ബ്രസിലും അര്‍ജന്റീനയും ജര്‍മ്മനിയും സ്‌പെയിനും ഫ്രാന്‍സും ഉറുഗ്വേയും തോല്‍വി ഏറ്റുവാങ്ങി. പോര്‍ച്ചുഗലും ബെല്‍ജിയവും ഡന്മാര്‍ക്കും തങ്ങളില്‍ത്താണവരോട് കീഴ്‌പ്പെട്ടു. തോല്‍വിയുടെ ഞെട്ടലുണ്ടായിയെങ്കിലും ജര്‍മനിയും ഉറുഗ്വേയുമൊഴിച്ചുള്ള മുന്‍ചാമ്പ്യന്മാരെല്ലാം അടുത്ത റൗണ്ടിലേക്ക് കടന്നു പറ്റി.
ഒറ്റ മത്സരംപോലും തോല്‍ക്കാതെ മോറോക്കോ ഗ്രൂപ്പ് ജേതാക്കളായി തലയുയര്‍ത്തി. ജര്‍മ്മനിയേയും സ്‌പെയിനേയും പിന്തള്ളി ജപ്പാന്‍ ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ നിന്നും സെനഗലും ‘എച്ചി’ല്‍ നിന്ന് ദക്ഷിണ കൊറിയയും അടുത്തവട്ടം ഉറപ്പിച്ചപ്പോള്‍ ഏഷ്യാ-ഓഷിയാനാ മേഖലയില്‍ നിന്നും ആസ്‌ത്രേലിയയും ഫ്രീക്വാര്‍ട്ടര്‍ പിടിച്ചു. മധ്യ അമേരിക്കയില്‍ നിന്നും വെയില്‍സിനെ പിന്തള്ളി യു.എസ്.എ രണ്ടാം റൗണ്ടിലെത്തി. ഇതോടെ പുതിയൊരു ചരിത്രമാണ് ലോകകപ്പില്‍ കുറിക്കപ്പെട്ടത്; യൂറോപ്പ് – തെക്കെ അമേരിക്കന്‍ മേഖലകളില്‍ നിന്നുമല്ലാത്ത ആറ് രാജ്യങ്ങള്‍ ഒറ്റ ലോക കപ്പില്‍ ഫ്രീക്വാര്‍ട്ടറിലെത്തിയെന്ന ചരിത്രം. രണ്ടാംഘട്ടത്തിലേക്കുള്ള യുറോപ്യന്‍ പങ്കാളിത്തം എട്ടും തെക്കെ അമേരിക്കയില്‍ നിന്നും രണ്ടുമായി കുറഞ്ഞു.
ലോക ഫുട്‌ബോളിലെ വരുംകാല ഗതിവിഗതികളെ ഖത്തറിലെ പ്രകടനങ്ങള്‍ സാരമായി ബാധിക്കുമെന്നുറപ്പാണ്. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇരുപത്തിനാലില്‍ നിന്നും മുപ്പത്തിരണ്ടായി ഉയര്‍ത്താനുള്ള തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഖത്തറിലെ കളിയിടങ്ങളില്‍ കണ്ടത്. ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനെതിരെ അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ തുടങ്ങിയത്. കളിക്കളങ്ങളിലും പ്രതിഷേധങ്ങള്‍ തുടര്‍ന്നു കണ്ടു. ഇറാന്‍ ടീം ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ച്, സ്വന്തം ഭരണാധികാരികളുടെ അടിച്ചമര്‍ത്തലിനെതിരെയുള്ള നിലപാടറിയിച്ചു. ജര്‍മ്മനിയാകട്ടെ ഖത്തര്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വായ്‌പൊത്തി പ്രതിഷേധിച്ചു. ഇതെല്ലാം ലോകം കൗതുകത്തോടെ കണ്ടു. ഖത്തര്‍ ലോകകപ്പ് ചില പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നുണ്ട്. സാമ്പ്രദായിക മേധാവിത്വത്തിന്റെ വേലിക്കെട്ടുകള്‍ക്ക് ഇനി ലോക ഫുട്‌ബോളില്‍ സ്ഥാനമില്ലെന്നതാണ് അതിലൊന്ന്. ആദ്യവട്ടത്തില്‍ വമ്പന്മാരെ ഒന്നൊന്നായി വീഴ്ത്തിയ ഏഷ്യന്‍-ആഫ്രിക്കന്‍ ടീമുകള്‍ പുത്തനുയിര്‍പ്പിന്റെ ഞാണൊലിയാണ് മുഴക്കിയത്. ലോകഫുട്‌ബോളില്‍ പുതിയ ഭൂമിക പിറക്കുകയാണ്. ലാറ്റിനമേരിക്കന്‍ പെരുമയുടെയും യൂറോപ്യന്‍ ഗരിമയുടേയും പഴംപാട്ടുകളൊന്നും വരും കാലത്ത് വിലപ്പോകില്ലെന്നുറപ്പ്. കളിനിലവാരത്തിലും തന്ത്രങ്ങളിലും ഒരു ആഗോള ഏകീകരണത്തിന്റെ സൂചനകളാണ് ഖത്തറില്‍ ദൃശ്യമായത്.