ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ളത് ഭാരതത്തിലാണ്. ഭാരതത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിലേറെ യുവാക്കളാണ്. അതുകൊണ്ടുതന്നെ ഭാരതം യൗവനത്തിലേക്ക് കാലൂന്നി നില്‍ക്കുന്ന രാഷ്ട്രമാണെന്ന് പറയാറുണ്ട്. ഭാരതത്തിന്റെ യുവമനുഷ്യവിഭവശേഷി ശത്രുരാജ്യങ്ങള്‍ക്ക് അസൂയയുണ്ടാക്കുന്ന ഒന്നാണ്. യുവാക്കളുടെ കര്‍മ്മശേഷിയേയും ചിന്താശേഷിയേയും തകര്‍ത്താല്‍ ഭാരതത്തിന്റെ ഭാവി മുന്നേറ്റങ്ങളെ തകര്‍ക്കാം എന്നു മനസ്സിലാക്കുന്ന പ്രതിലോമശക്തികളാണ് ഭാരതീയ സമൂഹത്തില്‍ മയക്കുമരുന്നിന്റെ വ്യാപനത്തിന് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നിനെ ആയുധമാക്കി ഭാരതത്തിനെതിരെ നടത്തുന്ന യുദ്ധത്തിനു പിന്നില്‍ ചില ഇസ്ലാമിക രാജ്യങ്ങളും ഭീകര സംഘടനകളുമാണ് മുഖ്യമായി പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ പിന്‍തുണയുള്ള മാവോയിസ്റ്റ് വിഘടനവാദികളും ഭാരതീയ സാമൂഹ്യ സുസ്ഥിരതയെ തകര്‍ക്കാന്‍ കാര്യമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ കൈയിലെയും പ്രധാന ആയുധങ്ങളിലൊന്ന് മയക്കുമരുന്നാണ്. ഭാരത സാമൂഹ്യഘടനയില്‍ കുടുംബ സംവിധാനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുന്ന ഭാരതവിരുദ്ധ ശക്തികള്‍ ഈ കുടുംബഭദ്രതയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നിരവധി പരമ്പരാഗത സാംസ്‌ക്കാരിക ബോധ്യങ്ങളുടെയും മൂല്യങ്ങളുടെയും പശിമയുള്ള മണ്ണില്‍ കെട്ടി ഉയര്‍ത്തിയ നെടുങ്കോട്ടയാണ് ഭാരതീയ കുടുംബ വ്യവസ്ഥ. കുടുംബങ്ങളിലെ ഇളമുറയെ മയക്കുമരുന്നിനും ലഹരിയ്ക്കും അടിമയാക്കുന്നതിലൂടെ സമൂഹത്തിന്റെ തന്നെ കെട്ടുറപ്പിനെ തകരാറിലാക്കാന്‍ കഴിയും. മയക്കുമരുന്നിന്റെ വ്യാപനത്തിലൂടെ ശത്രുക്കള്‍ ലക്ഷ്യമിടുന്നത് ഇതൊക്കെയാണ്.
ഭാരതത്തിന്റെ വടക്ക് കിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി വഴി വന്‍തോതില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നുണ്ട്. ഭൂഗര്‍ഭ തുരങ്കങ്ങള്‍, ഡ്രോണുകള്‍, പരിശീലനം കൊടുത്ത മൃഗങ്ങള്‍ എന്നിവയെ എല്ലാം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച് വരുന്നു. ഇതു കൂടാതെ തുറമുഖങ്ങള്‍ വഴിയും, വിമാനത്താവളങ്ങള്‍ വഴിയും അതിവിദഗ്ദ്ധമായി മയക്കുമരുന്ന് കടത്തിക്കൊണ്ടു വരുന്ന സംഘങ്ങള്‍ സജീവമാണ്. ലോകത്തിലെ പ്രധാന മയക്കുമരുന്ന് വ്യാപാരികളായ മൂന്നു രാഷ്ട്രങ്ങള്‍ ഇസ്ലാമിക രാഷ്ട്രങ്ങളായത് യാദൃച്ഛികമല്ല. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ ത്രിരാഷ്ടഅച്ചുതണ്ടാണ് മയക്കുമരുന്ന് വ്യാപാരത്തിലെ നിയാമക ശക്തികള്‍. ഇസ്ലാമിന് മയക്കുമരുന്ന് ഹറാമാണെങ്കിലും അതിനെ ജിഹാദിന്റെ ആയുധമായി ഉപയോഗിക്കുമ്പോള്‍ ഹലാലായി മാറും. ഭാരതത്തെയും യൂറോപ്യന്‍ രാജ്യങ്ങളെയും കാഫിറുകളുടെ മണ്ണായി കാണുകയും ആ രാഷ്ട്രങ്ങളെ തകര്‍ക്കാന്‍ മയക്കുമരുന്ന് ജിഹാദ് നടത്തുകയും ചെയ്യുക എന്ന വിശുദ്ധമത മാര്‍ഗ്ഗ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇവിടെ മയക്കുമരുന്ന് കടത്തും വ്യാപാരവും. ലോകത്തിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉത്പാദക രാജ്യമായി താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ മാറിയിരിക്കുന്നു. ജിഹാദിന്റെ മൂലധനം ഒരിക്കല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരുന്നെങ്കില്‍ ആ സ്ഥാനം ഇന്ന് മയക്കുമരുന്നിനാണ് ഉള്ളത്. 2020ല്‍ താലിബാന്‍ ഭരണത്തിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലെ ഒപിയം കൃഷി 1.63 ലക്ഷം ഹെക്ടറായിരുന്നെങ്കില്‍ ഇന്നത് 2.24 ലക്ഷം ഹെക്ടറായി വര്‍ദ്ധിച്ചിരിക്കുന്നു. അമേരിക്കയിലെത്തുന്ന മയക്കുമരുന്നിന്റെ 60% വരുന്നത് താലിബാന്‍ വഴിയാണ്. യൂറോപ്പിന്റെയും ഭാരതത്തിന്റെയും ഉയര്‍ന്ന ബുദ്ധിക്ഷമതയെ തകര്‍ക്കാനുള്ള ആസൂത്രിത പരിശ്രമത്തിന് നാര്‍ക്കോട്ടിക് ജിഹാദെന്നാണ് രഹസ്യാന്വേഷണ വിഭാഗം പോലും പേരിട്ടിരിക്കുന്നത്.
എല്ലാത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെയും സൈദ്ധാന്തികമായി ന്യായീകരിക്കാന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടെന്നതു കൊണ്ടാണ് നാര്‍ക്കോട്ടിക് ജിഹാദ് കേരളത്തില്‍ പ്രതിദിനം പച്ചപിടിച്ചു വരുന്നത്. ഭാരതത്തില്‍ മയക്കുമരുന്ന് ഉപഭോഗത്തില്‍ പഞ്ചാബും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ മുന്നിട്ട് നില്‍ക്കുന്നത് കേരളമാണെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എന്നുമാത്രമല്ല മയക്കുമരുന്നിന് അടിമയായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി കേരളത്തിലേക്ക് എത്തിക്കുന്ന കഞ്ചാവ് വാറ്റി അതില്‍ നിന്ന് ഹഷീഷ് ഓയില്‍ ഉണ്ടാക്കുന്ന ലാബുകള്‍ കേരളത്തില്‍ പെരുകിവരുന്നു. ടൂറിസ്റ്റ് ബസുകളിലും ചരക്ക് ലോറികളിലും ഒളിച്ച് കടത്തിക്കൊണ്ടു വരുന്നത് ക്വിന്റല്‍ കണക്കിന് കഞ്ചാവാണ്. എം.ഡി.എം.എ തുടങ്ങിയ രാസ ലഹരികള്‍ ഉണ്ടാക്കുന്ന കെമിക്കല്‍ ലാബുകളും കേരളത്തില്‍ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഒരിക്കല്‍ കുരുമുളകും ഏലവും കയറ്റുമതി ചെയ്യുന്നതില്‍ പേരുകേട്ട കേരളം ആ രംഗങ്ങളിലെല്ലാം പിന്നോട്ടു പോയെങ്കിലും ഹഷീഷ് ഓയില്‍ പോലുള്ള മാരക മയക്കുമരുന്നിന്റെ കയറ്റുമതിയില്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ മകന്‍ ദീര്‍ഘകാലം മയക്കുമരുന്ന് വ്യാപാരത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് ഉണ്ടാക്കിയ ആസ്തി എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങളും ചില വിപ്ലവ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്തര്‍ധാര എത്രമാത്രം സജീവമാണെന്ന് നിരീക്ഷിച്ചാല്‍ രാജ്യത്തിന്റെ ഒറ്റുകാരെ തിരിച്ചറിയാന്‍ കഴിയും. കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പോറ്റി വളര്‍ത്തുന്ന ഗുണ്ടാസംഘങ്ങള്‍ക്ക് എതിര്‍ പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുക മാത്രമായിരുന്നില്ല പരിപാടി. മയക്കുമരുന്ന് വ്യാപാരത്തിന്റെ നേതൃത്വവും ഇത്തരം സംഘങ്ങള്‍ക്ക് ഉണ്ട്. ചില വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ കുത്തക ആധിപത്യമുണ്ടാക്കാന്‍ മയക്കുമരുന്ന് അധോലോക സംഘങ്ങളുടെ പിന്‍തുണയും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
കേരളത്തിലെ ഖജനാവിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗം തന്നെ മദ്യ വ്യാപാരമാണ്. അത്തരമൊരു സംസ്ഥാനത്ത് ലഹരി വ്യാപാരം നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. പക്ഷെ കേരളത്തിലെ സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ അതിവേഗം മയക്കുമരുന്നിന് അടിമകളായി നശിച്ചുപോകുന്നത് നിസ്സംഗമായി നോക്കി നില്‍ക്കാനാവില്ല. അധികൃതരുടെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടായാല്‍ മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് നമ്മുടെ ഭാവി തലമുറയെ രക്ഷിക്കാന്‍ കഴിയുന്നതേയുള്ളൂ. എന്നാല്‍ കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം മയക്കുമരുന്ന് ഉപയോഗവും അതിലൂടെ ഉരുത്തിരിയുന്ന അരാജകാവസ്ഥയും പ്രോത്സാഹിപ്പിക്കപ്പെടേണ്ട പ്രബുദ്ധതയായി പ്രചരിപ്പിക്കുന്നു എന്നതാണ് പ്രശ്‌നം. അതു കൊണ്ടാണ് ക്യാമ്പസുകളിലും സിനിമാ സെറ്റുകളിലുമൊക്കെ മയക്കുമരുന്ന് മാന്യസ്ഥാനം അലങ്കരിക്കുന്നത്. രാസ ലഹരി പോലെ മലയാളിയുടെ രാഷ്ട്രീയ ലഹരിയും നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ വസ്തുതകള്‍ തിരിച്ചറിയാന്‍ കേരള സമൂഹം വൈകുന്തോറും ഭാവി തലമുറയെ വീണ്ടെടുക്കുക എന്ന ദൗത്യം ശ്രമകരമാകും.